UPDATES

സോഷ്യൽ വയർ

ദിലീപിനെ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും ഡബ്ല്യൂസിസി നേതാവുമായ ബിനാ പോള്‍ വെട്ടിനിരത്തി: ആരോപണവുമായി ഫാന്‍സ് അസോസിയേഷന്‍ പേജ്

ദിലീപിന് അവാര്‍ഡ് കൊടുത്താല്‍ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാകുമെന്ന് പറഞ്ഞതാരെന്ന് ചോദ്യം

താരതമ്യേന പരാതികള്‍ കുറഞ്ഞ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനമാണ് ഇത്തവണത്തേത് എന്നാണ് പൊതുവെയുള്ള അഭിപ്രായം. ജയസൂര്യയും സൗബിനും അവാര്‍ഡ് അര്‍ഹിക്കുന്നുവെന്നും ജോജുവിനെ സ്വാഭാവിക നടനായെങ്കിലും പരിഗണിച്ച് ആദരിച്ചതും പലരും അഭിനന്ദിക്കുന്നുണ്ട്. നിമിഷ സജയനും അര്‍ഹിക്കുന്ന പുരസ്‌കാരം നേടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കമ്മാര സംഭവത്തിലെ അഭിനയത്തിന് ദിലീപിന് അവാര്‍ഡ് നല്‍കണമായിരുന്നുവെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ദിലീപിനെതിരെയുണ്ടായത് രാഷ്ട്രീയ വെട്ടിനിരത്തലാണെന്ന ആരോപണവുമായി ദിലീപിന്റെ ഫാന്‍സ് പേജായ ദിലീപ് ഓണ്‍ലൈന്‍ ആണ് രംഗത്തെത്തിയത്. ദിലീപ് ഓണ്‍ലൈനിലെ ചില ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇങ്ങനെയാണ്.

‘ദിലീപിന് അവാര്‍ഡ് കൊടുക്കരുത് എന്ന് ആദ്യം മുതല്‍ തന്നെ ശക്തമായ നിര്‍ദേശം നല്‍കിയ ചലച്ചിത്ര അക്കാഡമിയിലെ പ്രമുഖ ആര്? ദിലീപിന് അവാര്‍ഡ് കൊടുത്താല്‍ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാകും എന്നാണ് പറഞ്ഞ കാരണം. കമ്മാര സംഭവം മത്സരിച്ചു ഒന്നാം സ്ഥാനത്തു എത്തിയത് 4 ക്യാറ്റഗറിയില്‍. മികച്ച ഛായാഗ്രഹണം, മികച്ച പുതുമുഖ സംവിധയകാന്‍, മികച്ച വസ്ത്രാലങ്കാരം, മികച്ച കല സംവിധാനം. എന്നാല്‍ കമ്മാര സംഭവത്തിന് 4 അവാര്‍ഡുകള്‍ നല്‍കിയാല്‍ അത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കും എന്ന് പറഞ്ഞു 2 അവാര്‍ഡുകള്‍ വെട്ടി നിരത്തി. മികച്ച നടനുള്ള അവാര്‍ഡിന് പരിഗണിക്കപ്പെട്ട ആള്‍ മികച്ച സഹനടന്‍ ആയി. ജൂറിയില്‍ നടന്ന ഈ വെട്ടിനിരത്തലുകളും വീതം വെപ്പുകളും എന്ന് പുറത്തു വരും?’ എന്നാണ് ഒരു പോസ്റ്റില്‍ ചോദിക്കുന്നത്.

‘ദിലീപേട്ടനോട് ചിലര്‍ക്കുള്ള വിരോധം കാരണം അവാര്‍ഡ് നിഷേധിക്കപെട്ടവര്‍. ഈ അവഗണനക്കു എതിരെ കമ്മാര സംഭവത്തിന്റെ നിര്‍മാതാവ് കോടതിയില്‍ പോയി മറ്റൊരു നിഷ്പക്ഷ ജൂറിയില്‍ വീണ്ടും അവാര്‍ഡ് നിര്‍ണയം നടത്തണം എന്ന് അഭ്യര്‍ത്ഥിക്കണം’ എന്നാണ് മറ്റൊരു പോസ്റ്റില്‍ പറയുന്നത്.

അവാര്‍ഡ് പ്രഖ്യാപനത്തിന് മുമ്പുള്ള ചില പോസ്റ്റുകളില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെയും വൈസ് ചെയര്‍മാന്‍ ബിനാ പോളിനെയും അടച്ചാക്ഷേപിക്കുന്നുമുണ്ട്. ‘ചലച്ചിത്ര അവാര്‍ഡ് ജൂറിയെ തീരുമാനിക്കുന്നത് ആരാണ്? ചലച്ചിത്ര അക്കാദമി. ഈ ചലച്ചിത്ര അക്കാഡമിയുടെ ചെയര്‍മാന്‍ ആരാണ്? കമല്‍. വൈസ് ചെയര്മാനോ? ബീന പോള്‍. ഏത് ബീന പോള്‍? ആ WCCയുടെ തലപ്പത്തു ഉള്ള ബീനാപോള്‍ ആണോ? അതെ അല്ലാതെ ആര്. ആഹാ അവര്‍ പണ്ട് ദിലീപിന് എതിരെ പബ്ലിക്കായി രംഗത്തു വന്നതായിരുന്നല്ലോ. അപ്പോള്‍ അവര്‍ വൈസ് ചെയര്‍മാന് ആയിരിക്കുന്ന ഒരു അക്കാദമി തിരഞ്ഞെടുത്ത ജൂറിയില്‍ അവരുടെ സ്വാധീനം ഉണ്ടാവില്ലേ? തീര്‍ച്ചയായും ഉണ്ടാവുമല്ലോ ഉണ്ടാവുമല്ലോ. അപ്പൊ ദിലീപിനോ ദിലീപ് അഭിനയിച്ച ഏതേലും ചിത്രത്തിനോ, അതില്‍ പ്രവര്‍ത്തിച്ചവര്‍ക്കോ അവാര്‍ഡ് കൊടുക്കാന്‍ എന്തേലും സാധ്യത ഉണ്ടോ? തീരെ ഇല്ല. അതൊക്കെ പോട്ടേ. അവാര്‍ഡിന് മത്സരിക്കുന്ന മറ്റു ചിത്രങ്ങള്‍ ഏതൊക്കെ ആണ്? ഒരെണ്ണം ആമി. അതിന്റെ സംവിധായകന്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാന് അല്ലെ? അതെ. അപ്പോള്‍ അവാര്‍ഡ് നിര്‍ണയത്തില്‍ ചെയര്‍മാന്റെ സ്വാധീനം ഉണ്ടാവില്ലേ? തീര്‍ച്ചയായും, മാത്രമല്ല അവാര്‍ഡിന് മത്സരിക്കുന്ന മറ്റൊരു ചിത്രം ആണ് കാര്‍ബണ്‍. ഇതിന്റെ സംവിധായകന്‍ ആരാണെന്നു അറിയാമോ? ഛായാഗ്രാഹകന്‍ വേണു അല്ലെ? അതെ, ഈ വേണു ആണ് വൈസ് ചെയര്മാന് ബീന പോളിന്റെ ഭര്‍ത്താവ്. ഈ കാര്‍ബണ്‍ എന്ന പടത്തിന്റെ എഡിറ്റര്‍ ആരാ? വൈസ് ചെയര്മാന് ബീനാപോള്‍. ആഹാ അടിപൊളി. അപ്പൊ ഒട്ടും നീതികരിക്കാവുന്ന അവാര്‍ഡ് നിര്‍ണയം അല്ല ഈ തവണത്തേതു അല്ലെ? എല്ലാം തമ്മില്‍ തമ്മില്‍ ഉള്ള ഒരു വീതം വെപ്പാണ് അല്ലെ… അതെ…. ബാക്കി അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം…’ എന്നായിരുന്നു ആ പോസ്റ്റ്.

‘രണ്ടര മണിക്കൂര്‍ ദൈര്‍ഖ്യമുള്ള ഒരു ചിത്രം. അതില്‍ ഒരു പകുതിയില്‍ നായകനായും മറു പകുതിയില്‍ വില്ലനായും ഉള്ള അരങ്ങു തകര്‍ക്കല്‍. യുവാവായും പടു വൃദ്ധനായും ഉള്ള വേഷ പകര്‍ച്ചകള്‍. കുശാഗ്രബുദ്ധിയുള്ള പേടിത്തൊണ്ടനായും ആരെയും കൂസാത്ത തട്ടുപൊളിപ്പന്‍ നായകനായും ഉള്ള അഭിനയം. മൂന്നു വ്യെത്യസ്ത രീതിയില്‍ ഉള്ള ഡബ്ബിങ്.

ഒരു മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കാന്‍ ഇതൊന്നും പോരാ എങ്കില്‍ പിന്നെ എന്താണ് അഭിനയത്തിന്റെ മാനദണ്ഡം എന്ന് അറിയാന്‍ സിനിമ പ്രേക്ഷകര്‍ക്ക് അവകാശമുണ്ട് സര്‍. ദിലീപിന് അവാര്‍ഡ് കിട്ടരുത് എന്ന് ആര്‍ക്കാണ് വാശി? ദിലീപിന് അവാര്‍ഡ് കിട്ടാതിരിക്കാന്‍ പിന്നില്‍ കളിക്കുന്നത് ആരാണ്?’ എന്നാണ് മറ്റൊരു പോസ്റ്റ്.

‘ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഉടന്‍ ഉണ്ട് എന്നാണ് മാധ്യമങ്ങളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്. ദിലീപേട്ടനെയും കമ്മാരനെയും മികച്ച നടനുള്ള അവാര്‍ഡ് നിര്‍ണയത്തില്‍ പരിഗണിച്ചുപോലും ഇല്ല എന്ന് ചില റിപോര്‍ട്ടുകള്‍ കണ്ടു. കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമകളിലെയും ദിലീപേട്ടന്റെ കരിയറിലെയും തന്നെ ഏറ്റവും മികച്ച അഭിനയങ്ങളില്‍ ഒന്നായ കമ്മാരനെ മറ്റു നടന്മാരുടെ മികച്ച അഭിനയങ്ങളോട് താരതമ്യപ്പെടുത്തി മറ്റുള്ളവരെ വിജയികളായി പ്രഖ്യാപിച്ചാല്‍ അതിലൊരു ന്യായം ഉണ്ട്. എന്നാല്‍ മത്സരിക്കാന്‍ ഒരു അവസരം പോലും നല്‍കാതെ ദിലീപേട്ടനെ തഴഞ്ഞു മറ്റുള്ളവര്‍ക്ക് അവാര്‍ഡ് കൊടുത്താല്‍ ആ അവാര്‍ഡ് ഒറ്റന്‍മലയില്‍ കമ്മാരന്‍ നമ്പ്യാരുടെ ഔദാര്യം മാത്രം…’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍