UPDATES

സിനിമ

ജയസൂര്യ, നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ ക്യാപ്റ്റനും കോച്ചും എല്ലാം

മലയാള സിനിമയില്‍ കഠിനാദ്ധ്വാനം എന്ന വാക്കിന് മമ്മൂട്ടി എന്നു മാത്രമല്ല, ജയസൂര്യ എന്നൊരു അര്‍ത്ഥം കൂടിയുണ്ട്

ജയസൂര്യയെ കുറിച്ച് എഴുതാന്‍ മമ്മൂട്ടിയില്‍ നിന്നും തുടങ്ങുകയാണ്. സിനിമയെ തീവ്രമായി സ്‌നേഹിച്ചൊരാള്‍, അവസരത്തിനായി ഏറെയലഞ്ഞിട്ടുണ്ട്. പലയിടത്തു നിന്നും ഒഴിവാക്കപ്പെട്ടു. ഒടുവില്‍ കയറിക്കൂടിയപ്പോഴും തിരസ്‌കാരങ്ങള്‍ തുടര്‍ന്നു. ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ അത്ഭുതമായി തോന്നാം; ശബ്ദം കൊള്ളില്ല എന്ന പേരില്‍ വരെ മമ്മൂട്ടി ഒഴിവാക്കപ്പെട്ടിട്ടുണ്ട്. നടക്കാനറിയാത്ത, നൃത്തം ചെയ്യാന്‍ അറിയാത്ത, എന്നു തുടങ്ങി എത്രയെത്ര പരിഹാസങ്ങള്‍. അതെല്ലാം കടന്നാണ് ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേതാവായി അദ്ദേഹം മാറിയിയത്. ഇന്‍ ബോണ്‍ ആക്ടര്‍ അല്ല. അഭിനയിക്കണം എന്ന അടങ്ങാത്ത ആഗ്രഹമാണ് മമ്മൂട്ടിയെ അഭിനേതാവാക്കിയത്. തന്റെ പോരായ്മകളും, കുറവുകളും സ്വയം മറികടക്കുകയായിരുന്നു. ആ സിനിമ ജീവിതത്തിന്റെ ആദ്യഘട്ടം മുതല്‍ ഇങ്ങോട്ട് യാത്ര ചെയ്താല്‍ മനസിലാകും; കഠിനാദ്ധ്വാനം എന്ന വാക്ക് മമ്മൂട്ടിയുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്നു.

എന്നാല്‍ മലയാള സിനിമയില്‍ കഠിനാദ്ധ്വാനം എന്ന വാക്കിന് മമ്മൂട്ടി എന്നു മാത്രമല്ല, ജയസൂര്യ എന്നൊരു അര്‍ത്ഥം കൂടിയുണ്ട്. ഒരു മിമിക്രിക്കാരനില്‍ നിന്ന്, സിനിമ സെറ്റുകളില്‍ വേഷത്തിനായി അലഞ്ഞു നടന്ന്, പാസിംഗ് ഷോട്ടുകളില്‍ കൂടി അകത്തു കയറി, ശബ്ദവും രൂപവുമില്ലാത്ത ജൂനിയര്‍ ആര്‍ട്ടിസ്റ്റായി, സഹനടനായി പിന്നെ നായകനായി. തുടക്ക കാലത്ത് ഏറെ പരിഹാസങ്ങള്‍ കേട്ട നായകന്‍. ഒരു യുവതാരത്തിന് കിട്ടേണ്ട യാതൊരു പരിഗണനയോ പരിലാളനങ്ങളോ കിട്ടാതെ പോയൊരാള്‍. ഒരുഘട്ടത്തില്‍ എഴുതിതള്ളപ്പെട്ടവന്‍. അവിടെയെല്ലാം നിന്നാണ് ജയസൂര്യ കയറി വന്നത്.

മലയാള സിനിമയിലേക്ക് ഒരു മേല്‍വിലാസവും ഇല്ലാതെയായിരുന്നു ജയസൂര്യ വരുന്നത്. സിനിമയിലെ കുടുംബ വാഴ്ച്ചക്കാരില്‍ ആരുടെയും ചാര്‍ച്ചക്കാരന്‍ പോലുമായിരുന്നില്ല, മറ്റ് ബന്ധങ്ങളും ഇല്ലായിരുന്നു. ഇങ്ങോട്ട് തേടി വന്ന് വിളിച്ചു കൊണ്ടു പോയി ആരും അയാളെ നടനാക്കിയതല്ല. നിര്‍ബന്ധപൂര്‍വം ചിലരെ സൂപ്പര്‍ സ്റ്റാറുകളാക്കുന്ന മലയാള സിനിമയില്‍, ജയസൂര്യ ഒരു സ്ഥാനം നേടിയിട്ടുണ്ടെങ്കില്‍, അതിന്റെ പിന്നില്‍ ഒരേയൊരു കാരണമെയുള്ളൂ; കഠിനാദ്ധ്വാനം. ഒപ്പം വന്നവരും, ശേഷം വന്നവരുമെല്ലാം വിശേഷണ പട്ടങ്ങള്‍ കിട്ടിയ താരങ്ങളായപ്പോഴും അധികം വാഴ്ത്തലുകള്‍ ജയസൂര്യയെ കുറിച്ച് ഉണ്ടായില്ല. ഒരുപക്ഷേ, ആ മാറ്റി നിര്‍ത്തല്‍ തന്നെയാകും അയാളിലെ നടന് ഗുണം ചെയ്തതും.

നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നടന്‍ എന്നാണ് ജയസൂര്യയെ കുറിച്ച് പറയേണ്ടത്. നായകനായി മാറിയ ശേഷമുള്ള അയാളുടെ കരിയര്‍ ശ്രദ്ധിക്കണം. ഒട്ടും മതിപ്പ് തോന്നിപ്പിക്കാത്ത അഭിനയമായിരുന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍ പരാജയം എന്ന് തോന്നിപ്പിച്ചു. എന്നാല്‍ പിന്നീടുണ്ടായ ട്രാന്‍സ്‌ഫോര്‍മേഷന്‍ അത്ഭുതപ്പെടുത്തുന്നതാണ്. സ്വയം നന്നാകാന്‍, അയാളിലെ നടനോളം ആവേശം കാണിക്കുന്ന മറ്റൊരു സമകാലികനെ കാണാന്‍ കഴിയില്ല. നിശ്ചയദാര്‍ഢ്യം എങ്ങനെ ഒരുവനെ പാകപ്പെടുത്തും എന്നതിനും മികച്ചൊരു ഉദാഹരണം വേറെയില്ല.

സ്വാര്‍ത്ഥനായ അഭിനേതാവ് കൂടിയാണ് ജയസൂര്യ. തനിക്ക് മികച്ച് ചെയ്യണം, തനിക്ക് മികച്ചയാളാകണം എന്ന അടങ്ങാത്ത ത്വര അയാളിലുണ്ട്. ആദ്യഘട്ടത്തിലെ വീഴ്ച്ചകളില്‍ നിന്ന് പഠിച്ച പാഠങ്ങളിലൂടെ ഉണ്ടായതാവാം. അയാള്‍ തെരഞ്ഞെടുക്കുന്ന സിനിമകള്‍ നോക്കൂ. കഥാപാത്രങ്ങളിലെ വൈവിദ്ധ്യതയില്‍ ഏതൊരു സൂപ്പര്‍ സ്റ്റാറും ജയസൂര്യയ്ക്ക് പിറകിലാണ്. അതിന്റെ പേരിലും പരിഹാസങ്ങള്‍ അയാള്‍ക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അവാര്‍ഡ് മോഹമാക്കി ആ പരിശ്രമങ്ങളെ പുച്ഛിച്ചവരുമുണ്ട്. ഒരു നടന്റെ വികാസം എങ്ങനെ സംഭവിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ജയസൂര്യ എന്ന് ഒരു ചര്‍ച്ചയും ഇവിടെ ഉണ്ടായിട്ടില്ല.

മേരിക്കുട്ടി(ഞാന്‍ മേരിക്കുട്ടി), വി പി സത്യന്‍( ക്യാപ്റ്റന്‍), ഷാജി പാപ്പന്‍(ആട്), ജോയി താക്കോല്‍ക്കാരന്‍ (പുണ്യാളന്‍ അഗര്‍ബത്തീസ്), സുധീന്ദ്രന്‍ (സു..സു..സുധി വാത്മീകം), രഘുറാം (ലുക്ക ചുപ്പി), അങ്കൂര്‍ റാവുത്തര്‍ (ഇയ്യോബിന്റെ പുസ്തകം), സുബി ജോസഫ് (അപ്പോത്തിക്കരി), റോയി ഫിലിപ്പ് (ഫിലിപ്പ്‌സ് ആന്‍ഡ് മങ്കി പെന്‍), അബ്ദു (ട്രിവാന്‍ഡ്രം ലോഡ്ജ്), വെങ്കിടേഷ് (കോക്ക്‌ടെയ്ല്‍), സ്റ്റീഫന്‍ ലൂയിസ് (ബ്യൂട്ടിഫുള്‍)- കഴിഞ്ഞ ആറേഴു വര്‍ഷങ്ങളില്‍ ചെയ്ത ഈ കഥാപാത്രങ്ങള്‍ പറഞ്ഞു തരുന്നുണ്ട് ജയസൂര്യ എന്ന നടനെ. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ കാണിക്കുന്ന സൂക്ഷ്മത എത്രമാത്രം അഭിനന്ദനീയം ആണെന്ന് നോക്കുക! വാണിജ്യവശം നോക്കിയല്ല ഈ തെരഞ്ഞെടുപ്പുകളെന്ന് കാണാം. ഒരുപക്ഷേ, അങ്ങനെ ചെയ്യാത്തതുകൊണ്ടാകം, ജയസൂര്യയെ വില്‍പ്പന മൂല്യമുള്ളൊരു പ്രൊഡക്ട് ആയി സിനിമ പരിഗണിക്കാതിരിക്കുന്നത്. കോടി ക്ലബ്ബുകള്‍ക്ക് അയാളൊരു ചോയ്‌സ് അല്ലാതാകുന്നത്. ഫസ്റ്റ് ഡേ ഫസ്റ്റോ ഷോ ആരാധകര്‍ ഇല്ലാത്തത്. ആദ്യദിന കളക്ഷന്‍ കൊണ്ട് നിര്‍മാതാവിനെ സ്‌ന്തോഷിപ്പിക്കാനും കഴിയാത്തത്

പക്ഷേ, ഒരു ജയസൂര്യ സിനിമ ഇറങ്ങുമ്പോള്‍, അതൊരു നല്ല സിനിമ ആയിരിക്കും എന്നു പ്രേക്ഷകനെ കൊണ്ട് ചിന്തിപ്പിക്കാന്‍ അയാള്‍ക്ക് കഴിയുന്നുണ്ട്.

സിനിമയുടെ വാണിജ്യ സാധ്യതയല്ല, തനിക്ക് പെര്‍ഫോം ചെയ്യാന്‍ അവസരമുണ്ടോ എന്നാണ് ഒരു സിനിമ തെരഞ്ഞെടുക്കാന്‍ ജയസൂര്യ മാനദണ്ഡമാക്കുന്ന ഘടകം. കഥ കേട്ടാല്‍ അതില്‍ തന്നിലെ നടന്റെ സാധ്യതകളാണ് തിരയുന്നത്. അതൊരു തരം സ്വാര്‍ത്ഥതയാണ്. തന്നെ അടയാളപ്പെടുത്താന്‍ വേണ്ടി കാണിക്കുന്ന സ്വാര്‍ത്ഥത. ഇതേ സ്വാര്‍ത്ഥതയാണ് ഒരു പ്രൊഡക്ടിന്റെ ഭാഗമായി അയാള്‍ വരുമ്പോള്‍, അതിനൊപ്പം നില്‍ക്കാന്‍ പരമാവധി ശ്രമിക്കുന്നതിനു കാരണവും.

പരിമിതികള്‍ ഉള്ള നടന്‍ തന്നെയാണ് ജയസൂര്യ. എന്നാല്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം കിട്ടുമ്പോള്‍, അങ്ങനെയൊരു അഭിപ്രായം ജയസൂര്യയെ കുറിച്ച് ഉണ്ടാകുന്നില്ല. കാരണം, ആ പരിമിതികള്‍ക്കു മുകളില്‍ നില്‍ക്കുകയാണിപ്പോള്‍ അയാള്‍. ഈ അവാര്‍ഡ് കഴിവിനു മാത്രമല്ല, പരിശ്രമത്തിനു കൂടിയാണ്. ഇതയാള്‍ക്ക് കിട്ടിയതല്ല, നേടിയെടുത്തതാണ്. അനുവദിക്കപ്പെടാതെ പോയ ഗോളുകളെ കുറിച്ച് മറക്കുക, ഒറ്റയ്ക്കു മുന്നേറി ഇപ്പോള്‍ ലക്ഷ്യം കണ്ടിരിക്കുകയാണ്… ചുറ്റുമുയരുന്ന കൈയടികള്‍ക്ക് തീര്‍ച്ചയായും നിങ്ങള്‍ അര്‍ഹനാണ്… ജയസൂര്യ; നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ ക്യാപ്റ്റനും കോച്ചും എല്ലാം…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍