UPDATES

സിനിമ

മലയാള സിനിമയ്ക്ക് അവിശ്വസനീയ ഷോക്ക്; കെ ജി എഫ് ചാപ്റ്റർ വൺ എന്ന ബ്രഹ്മാണ്ഡ കന്നഡ ചിത്രമാണ്‌ കാരണം

ചരിത്രത്തിൽ ആദ്യമായാണ് ഒരു കന്നഡസിനിമ അഞ്ചു ഭാഷകളിൽ ഇൻഡ്യയിലുടനീളം പ്രദർശനത്തിനെത്തുന്നത്

ശൈലന്‍

ശൈലന്‍

ക്രിസ്മസ് പടങ്ങളിൽ ഒന്നിന് മാത്രം രണ്ടുപ്രാവശ്യം പോയിട്ടും ടിക്കറ്റ് കിട്ടിയില്ല. ഒടുവിൽ തലേന്ന് തന്നെ ബുക്ക് മൈ ഷോയിൽ റിസർവ് ചെയ്ത് പോവേണ്ടിവന്നു. പൊതുവെ ഞാൻ പോവുന്ന തിയേറ്ററുകളിലൊന്നും അങ്ങനെയൊരു അഡ്വാൻസ് ബുക്കിംഗിന്റെ ആവശ്യമുണ്ടാവാറില്ല. പക്ഷെ കെ ജി എഫ് ചാപ്റ്റർ വൺ എന്ന കന്നഡ സിനിമയ്ക്കാണ് പതിവ് മുൻ_വിധിയുമായി ഷോടൈമിൽ കേറിച്ചെന്നപ്പോൾ പണി കിട്ടിയത്. പടവും അതിന് കേരളത്തിൽ കിട്ടിയിരിക്കുന്ന സ്വീകാര്യതയും പ്രതീക്ഷകളെ കടത്തിവെട്ടുന്നതും ഞെട്ടിക്കുന്നതുമാണ്.

കെ ജി എഫ് എന്നത് കോലാർ ഗോൾഡ് ഫീൽഡ്സ് എന്നതിന്റെ ചുരുക്കാക്ഷരങ്ങൾ ആണ്. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ ബാഹുബലിയെ പോലൊരു ബ്രഹ്മാണ്ഡചിത്രം എന്ന് കന്നഡ സംവിധായകനായ പ്രശാന്ത് നീലും റോക്കിംഗ് സ്റ്റാർ മെൽവിൻ യാഷും അവകാശവാദം നടത്തിയപ്പോൾ അതിന് ഡിസംബർ 21ന് മുൻപ് ആരും കാര്യമായ വില കൊടുത്തിട്ടുണ്ടാവില്ല. കാരണം സൗത്തിന്ത്യയിൽ എന്നല്ല ഇന്ത്യയിൽ തന്നെ ദയനീയം പിടിച്ച മൂവി ഇൻഡസ്ട്രികളിൽ ഒന്നാണ് സാൻഡൽ വുഡ് ഇൻഡസ്ട്രി. സബ്സ്റ്റാൻഡേർഡ് എന്നുപറയാവുന്ന ഉരുപ്പടികളേ അവിടുന്ന് ഇതുവരെ ഉണ്ടായിട്ടുള്ളൂ. സംവിധായകൻ ഇതിനുമുന്നെ ഒറ്റപ്പടം മാത്രമേ ചെയ്തിട്ടുള്ളൂ.. എങ്ങനെ വിശ്വസിക്കും.. പക്ഷെ, ചുള്ളന്മാർ വാക്കുപാലിക്കുന്ന കാഴ്ചയാണ് ഇപ്പോൾ ഇന്ത്യയൊട്ടുക്കുള്ള തിയേറ്ററുകളിൽ കാണാനാവുന്നത്.

സ്വർണഖനിയെ ബെയ്സ് ചെയ്ത് ഇവന്മാർ എന്ത് കൊമേഴ്സ്യൽ സിനിമ ഉണ്ടാക്കാനാ എന്ന് ചിന്തിച്ചവർക്ക് ബഹുകാതം മുന്നെയാണ് പ്രശാന്ത് നീലും യാഷും സഞ്ചരിക്കുന്നത്. 1951ൽ കോളാറിൽ സ്വർണനിക്ഷേപം ഉണ്ടെന്ന് കണ്ടുപിടിക്കപ്പെട്ട അന്നേദിവസം ജനിച്ച ഒരു ദരിദ്ര ബാലന്റെ ജീവിതവും സ്വർണഖനിയുടെ ചരിത്രത്തിന്റെ നാൾവഴികളും പാരലലായി അടയാളപ്പെടുത്തിപ്പോവുകയാണ് സിനിമ ചെയ്യുന്നത്. ചരിത്രം, അടയാളപ്പെടുത്തൽ എന്നൊക്കെ കേൾക്കുമ്പോൾ ആരും തെറ്റിദ്ധരിക്കണ്ട. സംഗതി പക്കാ തട്ടുപൊളിപ്പൻ തന്നെ.

1951, 1961, 1980, 1972, 1978 എന്നിങ്ങനെയുള്ള പല പതിറ്റാണ്ടുകളിലുള്ള കാലഘട്ടങ്ങളിലൂടെ തലങ്ങും വിലങ്ങും ഫാസ്റ്റ്കട്ട് ചെയ്ത് നോൺ ലീനിയർ ആയി അവതരിപ്പിച്ച് പോകുന്ന കെ ജി എഫിന്റെ ഇന്റർവെൽ വരെ എന്താണ് നടക്കുന്നതെന്ന് പോലും മനസിലാക്കിയെടുക്കാൻ കഴിയാത്തത്ര സ്പീഡിലാണ് കാര്യങ്ങൾ നടക്കുന്നത്. ചിന്തിക്കാൻ സമയം കൊടുത്താലല്ലേ ആളുകൾക്ക് നെഗറ്റീവും പോസിറ്റീവും വേർതിരിച്ച് കുറ്റം പറയാനാവൂ. ലൂസ് എന്ന് പറയാവുന്ന ഒറ്റ നൊടിപോലും പടത്തിൽ ഇല്ല. നോൺ ലീനിയർ ലിങ്കുകൾ കിട്ടുന്ന സമയത്ത് കൂട്ടിയോജിപ്പിച്ചെടുക്കാൻ പാടുപെടുന്ന സമയത്ത് സംവിധായകൻ സിനിമയുമായി ഉസൈൻ ബോൾട്ടിനെപ്പോലെ കുതിക്കുകയാണ്.

നേരത്തെ പറഞ്ഞ ബാലനോട് ദാരിദ്ര്യത്തിന്റെ ഒരു ദയനീയനിമിഷത്തിൽ അമ്മ പറയുകയാണ്. നിന്റെ മാർഗം ഏതെന്ന് എനിക്കറിയേണ്ട, ലക്ഷ്യത്തിലെത്തുമ്പോൾ നീ ലോകത്തെ നിർണയിക്കുന്ന ഒരു പ്രബലനായിത്തീരണം എന്ന്. അമ്മയുടെ വാക്ക് നൽകുന്ന വിൽപവറുമായി അവൻ ഭാവിയിൽ നടത്തുന്ന തേരോട്ടമാണ് കെ ജി എഫ് എന്ന സിനിമ. അത് സ്വാഭാവികമായും ആദ്യം ബോംബെ അധോലോകത്തിൽ തുടങ്ങുന്നു. പിന്നീട് ബാംഗ്ലൂർ വഴി കോളാർ സ്വർണഖനികളുടെ അധികാരത്തർക്കങ്ങളുമായി ബന്ധപ്പെട്ട വടംവലികളിൽ ഭാഗഭാക്കാകുന്നു. രണ്ടാം പകുതിയുടെ രണ്ടാം പാദമാവുമ്പോഴാണ് കാര്യങ്ങളൊക്കെ പ്രേക്ഷകനൊന്ന് നെല്ലും പതിരും വേർതിരിഞ്ഞ് കിട്ടുക. നമ്മൾ കൂടി കളത്തിലിറങ്ങി പോരാടാൻ തുടങ്ങുന്നത്രയ്ക്കും വലിഞ്ഞുമുറുകി ത്രസിച്ചു നിൽക്കുന്ന ഒരു മുഹൂർത്തത്തിൽ വച്ച് രോമാഞ്ചിപ്പിക്കുന്ന ഒരു താൽക്കാലിക ക്ലൈമാക്സ് തന്നുകൊണ്ട് ആദ്യചാപ്റ്ററിന് അന്ത്യമാവുന്നു. ഓർത്തുനോക്കുമ്പോൾ ,വരാനിരിക്കുന്ന രണ്ടാം ചാപ്റ്ററിന്റെ പരസ്യചിത്രമായിരുന്നോ ഇതെന്ന് പോലും ഇറങ്ങി പോരുമ്പോൾ നമ്മൾക്ക് തോന്നും.

കൂട്ടിക്കിഴിച്ചാലോചിച്ചുനോക്കുമ്പോൾ പഴയ ബോംബുകഥ തന്നെയെങ്കിലും പ്രശാന്ത് നീൽ എന്ന സംവിധായകന്റെ അസാധ്യമായ മെയ്കിംഗ് സ്റ്റൈലും യാഷ് എന്ന മുപ്പത്തിരണ്ടുകാരന്റെ സ്ക്രീൻ പ്രെസൻസും ആണ് കെജിഎഫിനെ വേറെ ലെവലാക്കുന്നത്. ഛായാഗ്രഹണം, പശ്ചാത്തലസംഗീതം, ആക്ഷൻ കോറിയോഗ്രാഫി, നോൺ ലീനിയർ ഫാസ്റ്റ് കട്ടിംഗ് എന്നിവയെല്ലാം പടത്തെ വേറിട്ട അനുഭവമാക്കുന്നു. രാജമൗലി ആണ് സംവിധായകന്റെ മാനസഗുരു. ഛത്രപതിയിലെ ചില പോർഷനുകളുടെ ടോൺ ആണ് ഗോൾഡ് ഫീൽഡിൽ ഉടനീളം കാണാനാവുന്നത്. അതൊരു കുറ്റമായൊന്നും പറയാനാവില്ലെങ്കിലും.

ഏതായാലും കന്നഡ സിനിമാ ഇൻഡസ്ട്രിക്ക് കെ ജി എഫ് നൽകുന്ന ഉണർവ്വ് ചില്ലറയൊന്നുമാവില്ല. ചരിത്രത്തിൽ ആദ്യമായാണ് ഒരു കന്നഡസിനിമ അഞ്ചു ഭാഷകളിൽ ഇന്ത്യയിലുടനീളം പ്രദർശനത്തിനെത്തുന്നത്. അഞ്ചു ഭാഷകളിലും വിതരണത്തിനെടുത്തിരിക്കുന്നതും അതാതിടങ്ങളിലെ ലീഡിംഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ആണെന്നതും ശ്രദ്ധിക്കേണ്ടതാണ്. കോഴിക്കോട്ടെ തിയേറ്ററിൽ ഒരു കന്നഡസിനിമയ്ക്ക് മലയാളികൾ ആർപ്പുവിളിക്കുന്നത് ഈ ജന്മത്ത് കാണുമെന്ന് പ്രതീക്ഷിച്ച ഒരു കാഴ്ചയല്ല. അടുത്ത ആഴ്ചകളിൽ ക്രിസ്മസ് ചിത്രങ്ങൾ കൊഴിഞ്ഞുപോകുന്ന കൂടുതൽ കൂടുതൽ സ്ക്രീനുകളിലേക്ക് കെ ജി എഫ് ചിറക് വിരിച്ച് കേറുമെന്നുറപ്പ്.

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍