UPDATES

സിനിമ

കെപിഎസി ലളിതയോടാണ്; ദിലീപ് മാന്യനാകുമ്പോള്‍ അടൂര്‍ ഭാസിയെങ്ങനെ ക്രൂരനാകും?

നസീറും ഉമ്മറുമൊക്കെ അടൂര്‍ ഭാസിക്കു മുന്നില്‍ നിശബ്ദരായെങ്കില്‍, പേരുകളെ മാറിയിട്ടുള്ളൂ ഇന്ന്. നിലപാടുകളൊക്കെ അന്നത്തേയും ഇന്നത്തേയും ഒന്നു തന്നേ!

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപ് എഎംഎംഎയുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ മാന്യമായതാണെന്നാണ്‌ മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേത്രിയായ കെ പി എ സി ലളിതയുടെ അഭിപ്രായം. കഴിഞ്ഞ ദിവസം വിമന്‍ കളക്ടീവ് അംഗങ്ങള്‍ വാര്‍ത്ത സമ്മേളനം നടത്തി പറഞ്ഞ കാര്യങ്ങള്‍ക്ക് എഎംഎംഎയുടെ വക്താക്കളായി സിദ്ദീഖിനൊപ്പം മാധ്യമങ്ങളെ കണ്ട് സംസാരിക്കുമ്പോഴായിരുന്നു കെ പി എ സി ലളിത ദിലീപിനെ പ്രശംസിച്ചത്‌. അതേ സമയം തന്നെ, ഡബ്ല്യുസിസി പ്രതിനിധികളുടെ നിലപാടുകള്‍ കുറ്റകരവും ഇനിയവര്‍ സംഘടനയിലേക്ക് തിരികെ എത്തണമെങ്കില്‍ മാപ്പ് പറയുക വേണമെന്നും ലളിത പറഞ്ഞു.

ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളെല്ലാം ഉള്ളി തൊലിച്ചത് പോലെയുള്ളുവെന്നാണ് ലളിത പറയുന്നത്. ഒരു പെണ്‍കുട്ടി നടുറോഡില്‍ ക്രൂരമായി ലൈംഗികാതിക്രമത്തിന് ഇരയായ പ്രശ്‌നത്തെയാണ് ലളിത ഉള്ളിത്തൊലി പൊലെ തൊലിച്ച് കളഞ്ഞെതെന്നോര്‍ക്കണം! ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടാനും കുറ്റാരോപിതനായ നടനെതിരെ സംഘടന നടപടികള്‍ സ്വീകരിക്കണമെന്നുമാവിശ്യപ്പെട്ടും കുറച്ച് സ്ത്രീകള്‍ മുന്നോട്ടു വന്നപ്പോള്‍ ഒരു സ്ത്രീയായ ലളിത അവര്‍ക്കുമേല്‍ ചാര്‍ത്തിയ കുറ്റങ്ങള്‍ എന്തൊക്കെയാണെന്നു കൂടി കേള്‍ക്കണം. സംഘടനയില്‍ പറയാനുളള്ളത് സംഘടനയില്‍ പറയാതെ പുറത്തു പറഞ്ഞ് സംഘടനയെ അപഹാസ്യമാക്കി! സംഘടനയുടെ കെട്ടുറുപ്പിനെ തകര്‍ക്കാന്‍ ശ്രമിച്ചു! പരസ്യ അധിക്ഷേപത്തിലൂടെ സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തി! സംഘടനയ്ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തു പറഞ്ഞു! മഹാന്മാരായ താരങ്ങളെ അധിക്ഷേപിച്ച് മറ്റുള്ളവര്‍ക്ക് അവരെ പരിഹസിക്കാന്‍ അവസരമുണ്ടാക്കി! ഇത്യാദി അപരാധങ്ങള്‍ ചെയ്തതിനെല്ലാം മാപ്പ് പറയണമെന്നാണ് ലളിതയുടെ ആവശ്യം.

ഇതേ കെ പി എ സി ലളിത തന്നെയാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഫ്ഌഷ് മൂവി എന്ന സിനിമ മാഗസിന് ഒരു അഭിമുഖം കൊടുത്തുകൊണ്ട് താന്‍ നേരിട്ട ദുരനുഭവങ്ങള്‍ പറഞ്ഞത്. അടൂര്‍ ഭാസിക്കെതിരേയായിരുന്നു ലളിതയുടെ വെളിപ്പെടുത്തല്‍. അടൂര്‍ ഭാസി ഒരു ക്രൂരനായിരുന്നുവെന്നാണ് ആരോപണം.

ലളിതയെ അടൂര്‍ഭാസി വേട്ടയാടുന്ന കാലത്ത് ലളിത സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു വരുന്നേയുള്ളൂ. ഭാസിയാകട്ടെ മുന്‍നിര താരവും. ഭാസിയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തതുകൊണ്ട് താന്‍ ഒട്ടനേകം സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെടുകയും അന്ന് ഉണ്ടായിരുന്ന സംഘടനയായ ചലച്ചിത്ര പരിഷത്തില്‍ പരാതിപ്പെട്ടിട്ടും അതിന്റെ നേതൃത്വം പരാതി തള്ളിക്കളയുകയായിരുന്നുവെന്നും ലളിത ആരോപിക്കുന്നുണ്ട്. അന്നത്തെ സൂപ്പര്‍താരങ്ങളായ നസീര്‍, ഉമ്മര്‍ എന്നിവര്‍പോലും അടൂര്‍ ഭാസിക്കെതിരേ ശബ്ദിക്കാന്‍ ധൈര്യപ്പെട്ടില്ലെന്നു കൂടി ലളിത പറയുന്നുണ്ട്. ആ ആരോപണങ്ങള്‍ക്കിടയില്‍ ലളിതയുടെ ഒരു പവന്‍ മാര്‍ക്ക് ചോദ്യവും ഉണ്ട്: ഇത് വല്ലതും ഇന്നായിരുന്നു നടക്കുന്നതെങ്കില്‍ എന്തുണ്ടാവും?

കെ പി എ സി ലളിത കഴിഞ്ഞ നാലു തലമുറകള്‍ക്കൊപ്പമെങ്കിലും മലയാള സിനിമയില്‍ അഭിനയിക്കുന്നുണ്ടാവും. ലളിതയ്ക്ക് ഉണ്ടായ അനുഭവം അതിനു മുമ്പും പലര്‍ക്കു നേരെയും ഉണ്ടായിട്ടുണ്ട്, പിന്നീടും ഉണ്ടായിട്ടുണ്ട്, ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് ‘ ഇത് വല്ലതും ഇന്നായിരുന്നു നടന്നതെങ്കില്‍ എന്തുണ്ടാകും’ എന്ന ചോദ്യത്തിന് സാമാന്യ ബുദ്ധിയില്‍ മറുപടി പറയട്ടെ; അന്നെന്താണോ സംഭവിച്ചത് അത് ആവര്‍ത്തിക്കുക മാത്രം ചെയ്യും! ചലച്ചിത്ര പരിഷത്തിന്റെ സ്ഥാനത്ത് വന്നിരിക്കുന്ന എഎംഎംഎ അതിലെ അംഗമായിരുന്നു ഒരു പെണ്‍കുട്ടിക്ക് സംഭവിച്ച(ലളിതയുടെ ആരോപണങ്ങള്‍ ആ പെണ്‍കുട്ടിക്ക് സംഭവിച്ച ദുരന്തത്തിനേക്കാള്‍ എത്രയോ ചെറുത്) അത്യാഹിതത്തില്‍ എന്ത് നിലപാട് ആണ് എടുക്കുന്നതെന്ന് കേരളം കണ്ടുകൊണ്ടിരിക്കുകയാണല്ലോ! നസീറും ഉമ്മറുമൊക്കെ അടൂര്‍ ഭാസിക്കു മുന്നില്‍ നിശബ്ദരായെങ്കില്‍, പേരുകളെ മാറിയിട്ടുള്ളൂ ഇന്ന്. നിലപാടുകളൊക്കെ അന്നത്തേയും ഇന്നത്തേയും ഒന്നു തന്നേ!

സിനിമയിലെ പ്രബലരന്മാര്‍ക്കെതിരേ ശക്തമായി നിലപാടുകള്‍ എടുക്കുന്നതുകൊണ്ട് തങ്ങള്‍ സിനിമയില്‍ നിന്നും ഒഴിവാക്കപ്പെടുകയാണെന്ന ഡബ്ല്യുസിസി അംഗങ്ങളുടെ പരാതിയെ അവരെപ്പോലെ തന്നെ ഒരു സ്ത്രീയായ കെ പി എ സി ലളിത എത്ര അപഹാസ്യമായാണ് തള്ളിക്കളയുന്നതെന്നോര്‍ക്കണം. പേരെടുത്ത് പറഞ്ഞില്ലെങ്കിലും രേവതിയെ ഉദ്ദേശിച്ച് ലളിത പറഞ്ഞതെന്താണ്! പ്രായമായാല്‍ കിട്ടുന്ന വേഷങ്ങള്‍ ഒക്കെ ചെയ്യണം. പണ്ട് ചെയ്തതുപോലെയുള്ള റോളുകളൊന്നും ഇപ്പോള്‍ തനിക്കും കിട്ടുന്നില്ല. കിട്ടുന്നത് കൊണ്ട് സ്ംതൃപ്തരാകണം’ എന്നാണ് ലളിതയുടെ ഉപദേശം. ആരോട്, രേവതിയോട്. ഇതേ രേവതിയെക്കാള്‍ പ്രായം ഉള്ളവരും രേവതിയുടെ നായകന്മാരായി അഭിനയിച്ചിട്ടുള്ളവരുമായ സൂപ്പര്‍ താരങ്ങള്‍ പ്രായത്തിന് അനുസരിച്ച വേഷങ്ങളാണോ ചെയ്യുന്നത്? അത്തരം വേഷങ്ങളില്‍ അവര്‍ സംതൃപ്തരാകുമോ എന്നൊക്കെ ചോദിച്ച് ലളിതയെ വിഷമിപ്പിക്കുന്നില്ല. ലളിതയെ പോലുള്ള കൊട്ടാരം വിദൂഷികളുടെ നിസ്സഹായത മനസിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ വേറെ ചിലത് ചോദിക്കട്ടെ… രേവതിയെ പോലൊരു സീനിയര്‍ അഭിനേത്രിക്ക്, പാര്‍വതിയെപോലെ അംഗീകരങ്ങളും വിവിധ ഭാഷകളിലായി പ്രേക്ഷക ശ്രദ്ധയും നേടിയ ഒരാള്‍ക്ക് മലയാള സിനിമയില്‍ ഒഴിവാക്കലിന് ഇരകളാകേണ്ടി വരുമ്പോള്‍ അവര്‍ക്ക് വേണ്ടി സംസാരിക്കാനായിരുന്നില്ലേ ലളിത തയ്യാറാകേണ്ടിയിരുന്നത്. ഇന്നിവര്‍ നേരിടുന്ന അനുഭവം മറ്റാരേക്കായിലും നന്നായി ലളിതയ്ക്ക് മനസിലാകേണ്ടതായിരുന്നില്ലേ! ഇന്നീ അഭിനേത്രികള്‍ ഉയര്‍ത്തുന്ന പരാതി തന്നെയല്ലേ കെ പി എ സി ലളിത വര്‍ഷങ്ങള്‍ക്കു മുന്നേ ഉയര്‍ത്തിയത്. അടൂര്‍ ഭാസിയുടെ ലൈംഗിക താത്പര്യത്തിന് വഴങ്ങാതിരുന്നതുകൊണ്ട് സിനിമകളില്‍ നിന്നും താന്‍ ഒഴിവാക്കപ്പെട്ടതിനെ കുറിച്ച് എത്രയനുഭവങ്ങളാണ് ലളിത പങ്കുവച്ചത്. അന്ന് തന്നെ സഹായിക്കാനോ ഒപ്പം നില്‍ക്കാനോ സിനിമ സംഘടനയോ പ്രമുഖ താരങ്ങളോ തയ്യാറായില്ലെന്നും ലളിത കുറ്റപ്പെടുത്തുന്നുണ്ടല്ലോ! ഇന്ന് തുറന്ന് സംസാരിക്കുന്ന അഭിനേത്രിമാര്‍ക്കൊന്നും സിനിമയില്‍ നിന്ന് ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഉണ്ടായിട്ടുണ്ടെങ്കില്‍ അവരത് സംഘടനയിലും ബന്ധപ്പെട്ടവരോട് പറയാതിരുന്നതെന്തുകൊണ്ടാണെന്നും ചോദിക്കുന്ന ലളിത സ്വന്തം കാര്യമായി പറയുന്നത് പല പടങ്ങളില്‍ നിന്നും താന്‍ ഒഴിവാക്കപ്പെട്ടപ്പോഴും ആരോടും പരാതി പറയാന്‍ പോയില്ലെന്ന്, പരാതി പറഞ്ഞിട്ടും വലിയ കാര്യമുണ്ടാവില്ല എന്നു മനസിലായതുകൊണ്ടാണ് ആരോടും ഒന്നും മിണ്ടാതിരുന്നതെന്നു പറയുന്ന ലളിതയ്ക്ക് തന്റെ മക്കളുടെ പ്രായമുള്ള അഭിനേത്രിമാരുടെ അവസ്ഥ മനസിലാക്കിക്കൂടേ? അന്നായാലും ഇന്നായാലും സിനിമയിലെ സത്രീകള്‍ അവര്‍ നേരിടുന്ന പീഡനങ്ങള്‍ ആരോട് പറഞ്ഞാലാണ് പ്രതിവിധി ഉണ്ടാവുക?

നസീര്‍ താരരാജാവ് നിന്നിരുന്ന കാലത്ത്, അദ്ദേഹത്തിന് പോലും കിട്ടാതിരുന്ന സ്ഥാനമായിരുന്നു അടൂര്‍ ഭാസിക്ക് ഉണ്ടായിരുന്നതെന്നും അതിനാലാണ് തനിക്കൊപ്പം ആരും നില്‍ക്കാന്‍ ഇല്ലാതെ പോയതെന്നു വിലപിച്ച ലളിതയോട്, അന്നത്തെ അവസ്ഥ തന്നെയാണ് ഇന്നുള്ളതും. നസീറിന്റെയും ഭാസിയുടെയും സ്ഥാനത്ത് മറ്റു ചിലര്‍ വന്നെന്നു മാത്രം.

ആളുകള്‍ തമ്മില്‍ കടപ്പാടുകള്‍ ഉണ്ടായിരിക്കാം. ആവശ്യമായ ഘട്ടത്തില്‍ ആത്മാര്‍ത്ഥ കാണിക്കുകയും ആവാം. പക്ഷേ, സ്വന്തം വ്യക്തിത്വവും ജിവിതാനുഭവങ്ങളും മറന്നുകൊണ്ട് വിഡ്ഡിവേഷം കെട്ടരുത്. കണ്ടുകൊണ്ടിരിക്കുന്നവര്‍ക്ക് ആരോചകമായിരിക്കും. ഒരാളോട് നന്ദി കാണിക്കാന്‍ ബാക്കിയുള്ളവരെ നിന്ദിക്കരുത്. പഴയ സ്റ്റുഡിയോ കോട്ടേജുകളിലെ മുറികളിലുണ്ടായിരുന്നതിനേക്കാള്‍ സ്വാതന്ത്ര്യം ഇന്നും മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് ലഭിച്ചിട്ടില്ല. ഇരുണ്ട മുറികളിലെ ദുരനുഭവങ്ങളില്‍ നിന്നും മോചനം നേടാന്‍ എണ്ണത്തില്‍ ചെറുതെങ്കിലും കുറച്ച് പെണ്ണുങ്ങള്‍ മുന്നിട്ടറങ്ങുമ്പോള്‍, അവര്‍ക്കൊപ്പം നില്‍ക്കുക എന്നത് കെ പി എ സി എന്ന ചരിച്ര പ്രസ്ഥാനത്തിന്റെ സംഭാവനയായ ലളിതയ്ക്ക് അഭിമാനമെ ആകുമായിരുന്നുള്ളൂ.

അടൂര്‍ ഭാസിയില്‍ നിന്നും നിരന്തരമായി നേരിടേണ്ടി വന്ന ഉപദ്രവങ്ങളില്‍ മടുത്ത് ചലച്ചിത്ര പരിഷത്ത് സെക്രട്ടറിയായിരുന്ന ഉമ്മറിന് പരാതി നല്‍കിയപ്പോള്‍ നിനക്ക് ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടായിരുന്നോ എന്നാണ് ഉമ്മര്‍ തന്നോട് ചോദിച്ചതെന്ന് ലളിത പറയുന്നുണ്ട്. കുറെയായി സഹിക്കുന്നുവെന്നും അതുകൊണ്ടാ പരാതി നല്‍കുന്നത്, എന്തെങ്കിലും നടപടി എടുക്കാന്‍ സാധിക്കുമോ എന്ന് ചോദിച്ചപ്പോള്‍ പറ്റില്ലെന്നാണ് ഉമ്മര്‍ മറുപടി പറഞ്ഞതെന്നു കൂടി ലളിത വെളിപ്പെടുത്തുന്നുണ്ട്. അന്ന് നിങ്ങള്‍ എന്തായിരുന്നു ഉമ്മറിന് തിരിച്ച് മറുപടി കൊടുത്തത്; നട്ടെല്ലില്ലാത്തവര്‍ അവിടെ ഇരുന്നാല്‍ ഇങ്ങനെയ പറ്റൂ’ എന്നല്ലേ! നിങ്ങള്‍ ആ കാണിച്ച ധൈര്യത്തിന്റെ ഇരട്ടി കാണിക്കുന്നവരാണ് ആക്രമിക്കപ്പെട്ട ആ നടിയും അവരുടെ കൂടെ നില്‍ക്കുന്നവരും. അവര്‍ക്കും ലളിതയെ ഓര്‍മിപ്പിക്കാനുള്ളത് അതേ നട്ടെല്ലിന്റെ കാര്യം തന്നെയായിരിക്കും.

മലയാള സിനിമയിലെ ഔദാര്യങ്ങളുടെയും സഹായങ്ങളുടെയും കഥകള്‍; ലളിതയെ പോലുള്ളവര്‍ പറയുന്ന പുതുകഥകളും

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍