മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കുമ്പളങ്ങി നൈറ്റ്‌സിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയ റിയയെ പുതുമുഖമായാണ് പലരും കരുതിയിരുന്നത്
കുമ്പളങ്ങിക്കാരി സുമിഷയില്ലേ, അടിപൊളി മൈന്‍ഡുള്ള ആ പെങ്കൊച്ച്. അതിനെ കണ്ടപ്പോള്‍ എന്താ പറഞ്ഞത്, തുടക്കക്കാരിയാണെങ്കിലും കലക്കിയെന്ന്, അല്ലേ! ഷട്ടറിലെ നൈലയെ അറിയോ? 22 ഫീമെയ്ല്‍ കോട്ടയത്തിലെ ടെസയുടെ അനിയത്തി ടിസയെയോ! അതല്ലെങ്കില്‍ ‘എന്റെ ഉമ്മാന്റെ പേരി’ലെ നായിക സായി പ്രിയയുടെ ശബ്ദം ഓര്‍മയുണ്ടോ, നോര്‍ത്ത് 24 കാതത്തിലെയോ, മോസയിലെ കുതിര മീനുകളിലെയോ സ്വാതി റെഡ്ഡിയുടെ ശബ്ദമോ! ഉണ്ടെങ്കില്‍ നിങ്ങള്‍ ഇതിനു മുന്നെ കാണുകയും കേള്‍ക്കുകയുമൊക്കെ ചെയ്തിട്ടുള്ള റിയ സൈറ തന്നെയാണ് കുമ്പളങ്ങിയിലെ സുമിഷയും!
ഒരിടവേളയ്ക്കു ശേഷം സിനിമയിലേക്കുള്ള ഗംഭീര തിരിച്ചുവരാണ് കുമ്പളങ്ങി നൈറ്റ്‌സിലൂടെ റിയ നടത്തിയിരിക്കുന്നത്. അതിന്റെ സന്തോഷത്തോടെയാണ്, താനൊരു പുതുമുഖമാണെന്നു കരുതിയവരോടുള്‍പ്പെടെ റിയ സൈറ സംസാരിക്കുന്നത്.
കോട്ടയത്തും നിന്നും കൊച്ചി വഴി കുമ്പളങ്ങി
കോട്ടയം ഏറ്റുമാനൂരാണ് എന്റെ സ്വദേശം. ഇപ്പോള്‍ താമസിക്കുന്നത് കാക്കനാട്. കാക്കനാട് നിന്നും കുമ്പളങ്ങിയിലേക്ക് അധിക ദൂരമില്ലെങ്കിലും കുമ്പളങ്ങി നൈറ്റ്‌സിലേക്ക് കുറച്ചധികം ദൂരം സഞ്ചരിച്ച് തന്നെയാണ് ഞാന്‍ എത്തുന്നത്. ആ യാത്രയുടെ തുടക്കം അമ്മയുടെ മടിയില്‍ നിന്നാണെന്നു പറയാം. അമ്മയുടെ പേര് സൈറ. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ്. ഞാനും ചേട്ടനും കുട്ടികളായിരുന്ന സമയത്ത് അമ്മ ഡബ്ബിംഗിനു പോകുമ്പോള്‍ ഞങ്ങളെയും കൂടെ കൊണ്ടു പോകുമായിരുന്നു. അങ്ങനെയാണ് ഞാനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആകുന്നത്. ആദ്യമായി മറ്റൊരാള്‍ക്ക് ശബ്ദം കൊടുക്കുമ്പോള്‍ എനിക്ക് പ്രായം നാല് വയസ്. എന്താണ് ഡബ്ബിംഗ് എന്നുപോലും അറിയാത്ത പ്രായത്തില്‍ മടിയിലിരുത്തി അമ്മയാണ് എന്നെക്കൊണ്ട് ഡബ്ബിംഗ് ചെയ്യിച്ചത്. അഭിനേതാക്കളുടെ ചുണ്ടനക്കത്തിനനുസരിച്ച് ശബ്ദം കൊടുക്കാനും ഭാവങ്ങളും വികകാരങ്ങളും മനസിലാക്കാനുമൊക്കെ പഠിപ്പിച്ചതും അമ്മയാണ്. എവിടെയാണ് സംസാരിക്കേണ്ടത്, ചിരിക്കേണ്ടത്, കരയേണ്ടതെന്നൊക്കെ അമ്മ എന്റെ മേല്‍ വിരല്‍ തൊട്ട് അറിയിക്കും. ഞാനതുപോലെ ചെയ്യും. നാല് വയസില്‍ തുടങ്ങിയ ഡബ്ബിംഗ് പിന്നെ മുന്നോട്ടു കൊണ്ടുപോയി. കല്യാണരാമനിലെ കുട്ടികളുടെ ശബ്ദത്തില്‍ നിന്നും നോര്‍ത്ത് 24 കാതത്തിലേയും മോസയിലെ കുതിരമീനുകളിലേയും നായികമാരുടെ ശബ്ദമായി മാറി, ഏറ്റവുമൊടുവില്‍ എന്റെ ഉമ്മാന്റെ പേരിലെ നായികയ്ക്ക് വരെ ശബ്ദം കൊടുത്തു.
ശബ്ദത്തില്‍ നിന്നും രൂപത്തിലേക്ക്
അറിയപ്പെടുന്നൊരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആണെങ്കിലും അമ്മ ഒരിക്കലും തന്റെ പരിചയം വച്ച് എനിക്ക് അവസരങ്ങള്‍ക്കു വേണ്ടി ആരോടും സംസാരിച്ചിട്ടില്ല. സ്വന്തം കഴിവ് തെളിയിച്ച് നീ മുന്നോട്ടുപോകൂ എന്നായിരുന്നു അമ്മയുടെ നിലപാട്. അതുമതിയെന്നു ഞാനും തീരുമാനിച്ചു. ചാനല്‍ അവതാരികയായി പ്രവര്‍ത്തിക്കുന്ന സമയത്താണ് സൂര്യടീവിയിലെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. അഭിനയിക്കണമെന്നു തോന്നിയപ്പോള്‍ അതിനെനിക്കു കഴിവുണ്ടെന്നു മറ്റുള്ളവരെക്കൂടി ബോധ്യപ്പെടുത്തണമല്ലോ. ആ റിയാലിറ്റി ഷോയിലെ പ്രകടനമാണ് ജോയ് മാത്യു സാറിന്റെ ശ്രദ്ധയില്‍ ഞാന്‍ വരാന്‍ കാരണം. ഷട്ടര്‍ എന്ന ചിത്രത്തിലേക്കു ജോയി മാത്യു സാര്‍ എന്നെ വിളിച്ചു. ലാല്‍ സാറിന്റെ മകളായി നൈല എന്ന കഥാപാത്രം. ഷട്ടറിന്റെ ഷൂട്ടിംഗ് കഴിഞ്ഞു നിലല്‍ക്കുന്ന സമയത്താണ് മറ്റൊരു ചിത്രത്തിലേക്കു കൂടി വിളി വരുന്നത്.
ആഷിഖ് അബുവാണ് 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. റിമ ചെയ്ത ടെസയുടെ അനിയത്തി ടിസ എന്ന കഥാപാതത്തെ അവതരിപ്പിക്കാന്‍. ആദ്യം ചെയ്ത സിനിമ ഷട്ടര്‍ ആണെങ്കിലും റിലീസ് ചെയ്ത ആദ്യ സിനിമ 22 എഫ് കെ ആയിരുന്നു. അതിലെ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഷട്ടറിലെ കഥാപാത്രവും പ്രാധാന്യമുള്ളതായിരുന്നു. പിന്നീടു നിവിന്‍ പോളിക്കൊപ്പം ചാപ്‌റ്റേഴ്‌സ്, ദുല്‍ഖര്‍ സല്‍മാനൊപ്പം തീവ്രം, കുഞ്ചാക്കോ ബോബന്റെ കൂടെ ലോ പോയിന്റ്‌സ്, എന്നീ ചിത്രങ്ങളും ചെയ്തു. തുടര്‍ന്നും അവസരങ്ങള്‍ വന്നെങ്കിലും തത്കാലം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചു. പഠനത്തിനായി. മൂന്നു വര്‍ഷത്തോളം ആ ഇടവേള നീണ്ടു.
മൂന്നു വര്‍ഷത്തെ ഇടവേള കഴിഞ്ഞുള്ള തിരിച്ചുവരവ്
വലിയൊരു ഇടവേളയ്ക്കു ശേഷം സിനിമയില്‍ തിരിച്ചെത്തുന്നത് കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ്. പ്രേക്ഷകര്‍ക്ക് പെട്ടെന്ന് എന്നെ തിരിച്ചറിയാന്‍ കഴിയാതെ പോയതിന് ആ ഇടവേളയും കാരണമായിട്ടുണ്ട്. നായികയായോ, അതല്ലെങ്കില്‍ സിനിമയില്‍ മുഴുനീളമുള്ള ക്യാരക്ടറായോ മാത്രമേ അഭിനയിക്കൂ എന്നതായിരുന്നില്ല തുടക്കം മുതലുള്ള എന്റെ തീരുമാനം. ചെറുതെങ്കിലും പ്രേക്ഷകര്‍ ശ്രദ്ധിക്കുന്ന കഥാപാത്രമായിരിക്കണം. അതുകൊണ്ട് തന്നെ മുന്നില്‍ വന്ന പലവേഷങ്ങളും വേണ്ടെന്നു വയ്ക്കാന്‍ ഒരു മടിയും തോന്നിയില്ല. കാത്തിരുന്നതെന്തോ, അതു തന്നെ ഒടുവില്‍ സുമിഷയിലൂടെ എനിക്കു കിട്ടുകയും ചെയ്തു.
സുമിഷയാകാന്‍ പലരും വിസമ്മതിച്ചു
കുമ്പളങ്ങി നൈറ്റ്‌സിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിനു രണ്ടു മാസം മുമ്പാണ് സംവിധായകന്‍ മധു സി നാരായണന്‍ വിളിക്കുന്നത്. മധുചേട്ടനും ശ്യാം ചേട്ടനുമൊക്കെയായി 22 എഫ് കെ തൊട്ട് പരിചയമുണ്ട്. കഥാപാത്രം എന്താണെന്നു പോലും അറിയാതെ സമ്മതം പറഞ്ഞതും വിളിച്ചത് അവരായതുകൊണ്ടാണ്. എന്റെ കഥാപാത്രം എന്തായാലും മകിച്ചൊരു സിനിമ തന്നെയായിരിക്കും കുമ്പളങ്ങി നൈറ്റ്‌സ് എന്നു സംശയമില്ലായിരുന്നു.
ഞാന്‍ ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും സന്തോഷം നല്‍കുന്ന കഥാപാത്രമാണ് സുമിഷ. ആ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ തന്നെ ഒരുപാട് ഇഷ്ടം തോന്നി. പക്ഷേ, ശ്യാമേട്ടനും മധു ചേട്ടനുമൊക്കെ ഞാനത് ചെയ്യുമോ എന്നായിരുന്നു സംശയം. കാരണം എനിക്കു മുമ്പേ മറ്റു ചിലരെ ഈ കഥാപാത്രം ചെയ്യാന്‍ സമീപിച്ചിരുന്നെങ്കിലും അവരൊക്കെ അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. കഥാസന്ദര്‍ഭവും ജോടിയായി അഭിനയിക്കുന്നയാളെക്കുറിച്ചുമൊക്കെ പറഞ്ഞു തന്നിട്ട് മധുവേട്ടനും ശ്യാമേട്ടനും ആവര്‍ത്തിച്ചു ചോദിച്ചത് ഈ വേഷം ചെയ്യാന്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്നായിരുന്നു. ജീവിതത്തില്‍ സുമിഷയെ പോലെ ചിന്തിക്കുന്ന ഒരാളായ എനിക്ക് ഇങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. സുമിഷയെങ്ങനെയാണോ ചിന്തിക്കുന്നത് അങ്ങനെ തന്നെയാണ് ജീവിതത്തെ കുറിച്ചു ഞാനും ചിന്തിക്കുന്നത്. ഒരാളുടെ സൗന്ദര്യത്തിലല്ല കാര്യം, ഒരു വ്യക്തിയെ മനസിലാക്കുന്നതിന് സൗന്ദര്യം ഒരിക്കലും ഘടകമല്ല. പൊതുവില്‍ അത്തരം ചിന്താഗതികള്‍ വച്ചു പുലര്‍ത്തുന്ന സമൂഹത്തിനോടുള്ള പ്രതികരണം കൂടിയാണ് സുമിഷ. വലിയൊരു ഇടവേളയ്ക്കിപ്പുറം തിരിച്ചു വന്ന എനിക്ക് പ്രതീക്ഷച്ചതിനേക്കാള്‍ സ്വീകരണം പ്രേക്ഷകരില്‍ നിന്നും കിട്ടാന്‍ കാരണം ഇങ്ങനെയൊരു കഥാപാത്രം തന്നെയാണ്.
സുമിഷ ഒരു തിരിച്ചറിവാണ്
സുരാജ് എന്നൊരാളാണ് ജോടിയായി അഭിനയിക്കുന്നതെന്ന് നേരത്തെ പറഞ്ഞിരുന്നു. കോസ്റ്റ്യൂം ട്രയലിനു വേണ്ടി എത്തിയപ്പോള്‍ ശ്യാമേട്ടനാണ് ഇതാണ് നിന്റെ പെയര്‍ എന്നു പറഞ്ഞു സുരാജിനെ പരിചപ്പെടുത്തി തരുന്നത്. അതു കഴിഞ്ഞ് വീണ്ടും ക്യാരക്ടറിനെ കുറിച്ച് ശ്യാമേട്ടന്‍ സംസാരിച്ചു. നിങ്ങള്‍ തമ്മില്‍ കോമ്പിനേഷന്‍ സീനുകളൊക്കെയുണ്ട്. നിനക്കതിനൊന്നും പ്രശ്‌നമില്ലെന്നു പ്രതീക്ഷിക്കുന്നു എന്നു വീണ്ടും വീണ്ടും എന്നോടു ചോദിക്കുകയാണ്. എനിക്ക് മുമ്പ് സമീപിച്ചവരെല്ലാവരും പറഞ്ഞത് ഇങ്ങനെയൊരു ക്യാരക്ടര്‍ ചെയ്യില്ലെന്നായിരുന്നു. ഞാന്‍ പക്ഷേ, ആ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ ആവേശം കൊള്ളുകയായിരുന്നു. കാരണം എന്റെ സ്വന്തം ക്യാരക്ടറോട് ചേര്‍ന്നു നില്‍ക്കുകയായിരുന്നു സുമിഷ. മനുഷ്യനെ വേര്‍തിരിവോടെ കണ്ട് ഇടപഴകാന്‍ എനിക്കറിയില്ല. ഇതുവരെ ചെയ്തിട്ടുമില്ല.
ഒരു പണിക്കും പോകാതെ, കൂട്ടുകാരനൊപ്പം വെറുതെ ചുറ്റിക്കറങ്ങി നടക്കുന്നവനായിരുന്നു പ്രശാന്തിന്റെ ജീവിതം മറ്റൊരു വഴിയിലേക്ക് തിരിച്ചു വിടുന്നത് സുമിഷയാണ്. ബാഹ്യസൗന്ദര്യത്തിലൊന്നും യാതൊരു കാര്യവുമില്ലെന്നു ബോബിയോട് മാത്രമല്ല, പൊതുസമൂഹത്തോട് മൊത്തത്തിലാണ് സുമിഷ പറഞ്ഞുവയ്ക്കുന്നത്. എന്താണ് പ്രണയം എന്നതിനുള്ളതിന് ഏറ്റവും മികച്ച മറുപടിയാണ് സുമിഷ. ഒരിക്കലും ഒരാളുടെ സൗന്ദര്യമോ പണമോ പ്രൗഢിയോ കണ്ടിട്ടാകരുത് സ്‌നേഹിക്കേണ്ടത്. ഒരാളുടെ വ്യക്തിത്വം എന്താണെന്നു തിരിച്ചറിയുക, അയാളുടെ ഉള്ള് എന്താണെന്നു മനസിലാക്കുക, നമ്മളെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്നു ബോധ്യപ്പെടുക; ഇതൊക്കെയാണ് പ്രശാന്തിനെ സ്‌നേഹിക്കുന്നതിലൂടെ സുമിഷ പറഞ്ഞു തരുന്നത്.
ഷമ്മിയെന്ന മുഖംമൂടിയും പ്രശാന്ത് എന്ന പെര്‍ഫെക്ട് മാനും
സാധാരണ പ്രശാന്തുമാരെ നാം മാറ്റി നിര്‍ത്തും. പകരം ഷമ്മിയെ പോലുള്ളവരെ കുറിച്ചു സംസാരിക്കും. ഷമ്മി നീറ്റാണ്. നല്ല വസ്ത്രം ധരിച്ച്, എപ്പോഴും വൃത്തിയായി നടക്കും. അവര്‍ കുടുംബത്തെയും സ്റ്റാറ്റസിനെ കുറിച്ചും സംസാരിക്കും. അതിലവര്‍ അഭിമാനിക്കും. മറ്റൊരാളുടെ മുന്നില്‍ തന്നെ അവതരിപ്പിക്കുമ്പോള്‍ എങ്ങനെയാകണമെന്ന് അയാള്‍ക്ക് കണക്കു കൂട്ടലുകളുണ്ട്്. പക്ഷേ, അതൊക്കെ അവര്‍ വയ്ക്കുന്ന മുഖം മൂടിയാണ്. അതഴിച്ചു മാറ്റപ്പെടുമ്പോള്‍ മാത്രമാണ് എത്രമാത്രം അപകടകാരികളാണെന്ന് അറിയുന്നത്. പക്ഷേ, പ്രശാന്തിന് മുഖം മൂടിയില്ല. താന്‍ എന്താണോ അത് ഒരു ഒളിവും മറവുമില്ലാതെ പ്രകടിപ്പിക്കും. അയാള്‍ ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നു വരുന്നവനാണ്. അയാളെ ആരും മനസിലാക്കിയിട്ടില്ല, സ്‌നേഹിച്ചിട്ടില്ല. അതുകൊണ്ടാണ് സുമിഷ കടന്നു വന്നപ്പോള്‍ അയാളുടെ ജീവിതം മാറിയതും. അതുവരെ എങ്ങനെയായിരുന്നോ അതില്‍ നിന്നു മാറാന്‍ അയാള്‍ തയ്യാറാകുന്നതിന്റെ പ്രധാന കാരണം ബോബിയോട് അയാള്‍ പറയുന്നൊരു ഡയലോഗിലുണ്ട്. എന്റെ ജീവിതത്തില്‍ എനിക്കിത്രയും വാല്യു തന്നിട്ടില്ലെന്ന്! കൂടെ നടക്കുന്ന കൂട്ടുകാരന്‍ പോലും ഒരു വില തരാന്‍ തയ്യാറിയിട്ടില്ല, എന്നാല്‍ സുമിഷ തനിക്കൊരു വാല്യൂ തന്നെന്ന അയാളുടെ ബോധ്യമാണ് ജോലിയെടുത്ത് ജീവിക്കാന്‍ അയാളെ തയ്യാറാക്കുന്നത്. എന്റെ അഭിപ്രായത്തില്‍ പെര്‍ഫെക്ട് മാന്‍ എന്നു വിളിക്കാവുന്നത് പ്രശാന്തിനെയാണ്. പ്രശാന്തിനെയും ഷമ്മിയേയും സമൂഹത്തിനു മനസിലാക്കിച്ചു കൊടുക്കുകയാണ് ഈ സിനിമ. നമ്മള്‍ വിചാരിച്ചു വച്ചിരിക്കുന്നതല്ല യഥാര്‍ത്ഥ്യങ്ങളെന്നാണ് സിനിമ പറയുന്നത്. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ എത്ര ലളിതമായാണ് കുമ്പളങ്ങി നൈറ്റ്‌സില്‍ പറയുന്നത്. അതു തന്നെയാണ് ആ സിനിമയുടെ മൂല്യവും. പല കാര്യങ്ങളും പൊളിച്ചടുക്കിയിരിക്കുകയാണ്.
അടിപൊളി സുരാജ്
ആദ്യമായാണൊരു സിനിമ ചെയ്യുന്നതെങ്കിലും എത്ര ഭംഗിയായിട്ടാണ് സുരാജ് അഭിനയിച്ചിരിക്കുന്നത്. അഭിനയിച്ചെന്നു പറയാന്‍ പറ്റില്ല, പ്രശാന്തായി പെരുമാറുകയായിരുന്നു. സുരാജ് ഡയലോഗ് പറയുന്നതൊക്കെ കേട്ടപ്പോള്‍, ഷൂട്ടിംഗിനിടയില്‍ എനിക്ക് ചെറിയ സംശയമൊക്കെയുണ്ടായിരുന്നു. ഇതെങ്ങനെയാകും സ്‌ക്രീനില്‍ വരുമ്പോള്‍ ഉണ്ടാവുകയെന്നൊക്കെ ചിന്തിച്ചിരുന്നു. പക്ഷേ ഞെട്ടിച്ചു കളഞ്ഞു. എത്ര നല്ല മനുഷ്യരാണ് അവരൊക്കെ. സുരാജിന്റെ ലൈഫ് തന്നെയാണ് പ്രശാന്ത് എന്ന കഥാപാത്രവും. ഇതുവരെ എന്തായിരുന്നോ അതില്‍ നിന്നും ഏറെ മാറും സുരാജിന്റെ ഇനിയുള്ള ജീവിതം. പ്രേക്ഷകര്‍ക്ക് അത്രയേറെ ഇഷ്ടപ്പെട്ടു. നടന്‍ എന്ന നിലയില്‍ മാത്രമല്ല, ഒരു നല്ല മനുഷ്യന്‍, സാധാരണക്കാരനായ മനുഷ്യനായും സുരാജിനോട് ഏറെയിഷ്ടമായി.
അഭിനയിക്കേണ്ട, പെരുമാറിയാല്‍ മതി
കുമ്പളങ്ങി നൈറ്റ്‌സില്‍ അഭിനയിച്ച എല്ലാവരും തന്നെ, അതൊറ്റ സീനില്‍ വന്നുപോകുന്നവരായാല്‍ പോലും പ്രേക്ഷകരുടെ ശ്രദ്ധ നേടുകയും ഗംഭീരം എന്നു അവര്‍ പറയുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിനു കാരണം മധു ചേട്ടനും ശ്യാമേട്ടനും ഷൈജു ചേട്ടനുമൊക്കെയാണ്. എനിക്കിത് അവര്‍ക്കൊപ്പമുള്ള രണ്ടാമത്തെ സിനിമയായതുകൊണ്ട് വളരെ കംഫര്‍ട്ടായിരുന്നു. എന്റെ കാര്യം മാത്രമല്ലത് ഓരോരുത്തര്‍ക്കും അങ്ങനെ തന്നെയായിരുന്നു. അഭിനേതാക്കളെ ഒരിക്കലും ഫോഴ്‌സ് ചെയ്യില്ല. നമ്മളെ യൊരു കംഫര്‍ട്ട് സോണില്‍ നിര്‍ത്തും. എന്താണോ വേണ്ടത് അതവര്‍ നമ്മള്‍പോലും അറിയാതെ വാങ്ങിച്ചെടുക്കും. ഒരു സിറ്റ്വേഷന്‍ പറഞ്ഞു തന്നിട്ട് ഇത് നീ കൈകാര്യം ചെയ്യെന്നു പറയും. വളരെ സ്വാഭാവികമായി ചെയ്താല്‍ മതിയെന്നും പറയും. അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു എല്ലാവരും എന്നു പറയുന്നതിനു പിന്നിലെ രഹസ്യവും ഇതൊക്കെയാണ്.
മനുഷ്യരെയും പ്രകൃതിയേയും ഇത്രയ്ക്ക് നിരീക്ഷണം നടത്തുന്ന മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. ശ്യാമേട്ടനോട് സംസാരിക്കുന്നത് തന്നെ പോസിറ്റീവ് എനര്‍ജിയാണ്. സീനും സിറ്റ്വേഷനുമൊക്കെ നേരത്തെ എഴുതി വച്ചിരിക്കുന്നതാണെങ്കിലും സംഭാഷണങ്ങള്‍ ശ്യാമേട്ടന്‍ ചിത്രീകരണത്തിനിടയിലാണ് എഴുതുന്നത്. അതുപോലെ ഓരോ സീനും അതാത് സമയത്ത് എത്രത്തോളം മെച്ചപ്പെടുത്തി ചെയ്യാമോ അതിനു വേണ്ടി ശ്രമിക്കും. നമ്മളോടും അതു പറയും. ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. സീന്‍ എടുത്തുകൊണ്ടിരിക്കുമ്പോള്‍ ശ്യാമേട്ടന്‍ അവിടെയെവിടെയെങ്കിലും ഇരിക്കുന്നുണ്ടായിരിക്കും. കണ്ണടിച്ചിരിക്കുന്നത് കാണുമ്പോള്‍ തോന്നും ഉറങ്ങുവായിരിക്കുമെന്നു. കൈയില്‍ കടലാസും പേനയും കാണും. ആ സിനിമയിലെ സംഭാഷണങ്ങളൊക്കെ അത്രമേല്‍ ഹൃദ്യമായി തീരാന്‍ കാരണം ശ്യാമേട്ടന്റെ നിരീക്ഷണ പാടവമാണ്. ഓരോ മനുഷ്യനെയും എത്ര ആഴത്തിലാണ് മനസിലാക്കുന്നത്.
കണ്ടുമറന്ന മുഖത്തില്‍ നിന്നും എല്ലാവരും തിരിച്ചറിയുമ്പോള്‍
കുമ്പളങ്ങി നൈറ്റസ് ആദ്യം കാണുന്നത് അതില്‍ അഭിനയിച്ച ഒരാള്‍ എന്ന നിലയിലാണ്. അതിന്റെയൊരു എക്‌സൈറ്റ്‌മെന്റും ഉണ്ടായിരുന്നു. ആ കഥാപാത്രം എത്രമാത്രം ഇത്രയ്ക്ക് ശ്രദ്ധ നേടുമെന്നു പോലും ഞാന്‍ കരുതിയില്ല. അധികം സീനുകളൊന്നുമില്ല. ഫസ്റ്റ് ഹാഫില്‍ കുറച്ചു നേരം ഉണ്ടെന്നു മാത്രമായിരുന്നു ശ്യാമേട്ടന്‍ പറഞ്ഞിരുന്നത്. പക്ഷേ, സുമിഷ എന്നെ ഇങ്ങനെ സഹായിക്കുമെന്നു കരുതിയില്ല. ഞാന്‍ പുറത്തു പോകുന്ന സമയത്ത് ചിലയാളുകള്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന സംശയത്തോടെ നോക്കുമായിരുന്നു. കുമ്പളങ്ങി നൈറ്റ്‌സ് ഇറങ്ങിയതോടെ എല്ലാവരും ഇങ്ങോട്ടു വന്നു സന്തോഷം പ്രകടിപ്പിക്കുകയാണ്. ഞാന്‍ ആദ്യമായിട്ടാണ് സിനിമയില്‍ അഭിനയിക്കുന്നതെന്നാണ് പലരുടെയും വിചാരം. കുറച്ചുപ്പേര്‍ ഇപ്പോള്‍ ഓര്‍ത്തെടുത്ത് വളരെ അത്ഭുതത്തോടെ മുന്‍പ് ചെയ്ത സിനിമകളൊക്കെ പറഞ്ഞ് വിളിക്കുന്നുണ്ട്. സിനിമയില്‍ തുടരാന്‍ ഈ അംഗീകരങ്ങളും തിരിച്ചറിയലുകളും നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, നായിക വേഷമോ ത്രൂ ഔട്ട് വേഷമോ ഒന്നുമല്ല, ഇതുപോലെ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളാണ് കിട്ടാന്‍ ആഗ്രഹിക്കുന്നത്. എനിക്ക് ഈ കഥാപാത്രവും പ്രേക്ഷകര്‍ക്ക് ഇതുപോലൊരു സിനിമയും നല്‍കിയതിന് ശ്യാമേട്ടനോടും മധു ചേട്ടനോടുമൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഒരു പ്രേക്ഷകയായി മാത്രം രണ്ടാമതീ സിനിമ കണ്ടപ്പോഴാണ് ശരിക്കും അത്ഭുതപ്പെട്ടത്.
അഭിനയവും ഡബ്ബിംഗും
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നത് അഭിനേത്രിയെന്ന നിലയില്‍ ഒരുപാട് സഹായിക്കുന്നുണ്ട്. ഡയലോഗ് പറയുമ്പോഴുള്ള ടൈമിംഗിന് അതെനിക്ക് വളരെ ഉപകാരപ്പെടുന്നുണ്ട്. ഒരാള്‍ പറഞ്ഞ് നിര്‍ത്തുമ്പോള്‍ നമ്മള്‍ എപ്പോള്‍ തുടങ്ങണം, എത്ര ഗ്യാപ്പിട്ട് വേണം തിരിച്ചു സംസാരിക്കാനെന്നൊക്കെ മനസിലാക്കാന്‍ ഡബ്ബിംഗിലെ അനുഭവം ഗുണം ചെയ്യും. ശരിക്കും അഭിനയത്തേക്കാള്‍ ബുദ്ധിമുട്ടാണ് ഡബ്ബിംഗ്. ഞാന്‍ ചെയ്ത ക്യാരക്ടറിനു തന്നെ ശബ്ദം കൊടുക്കാന്‍ എളുപ്പമാണ്. എന്നാല്‍ മറ്റൊരു ആര്‍ട്ടിസ്റ്റിനു വേണ്ടി ശബ്ദം കൊടുക്കുക എന്നത് പ്രയാസമേറിയ ജോലിയാണ്. ഒരു കഥാപാത്രത്തിനു വീണ്ടും ജീവന്‍ കൊടുക്കയാണ് ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ചെയ്യുന്നത്. ആ കഥാപാത്രമായി നമ്മളും മാറണം. വികരങ്ങളെല്ലാം ഉള്‍ക്കൊള്ളണം. നമുക്ക് പിഴവ് വന്നാല്‍ ആ കഥാപാത്രത്തെ സാരമായി ബാധിക്കും. അതുകൊണ്ട് തന്നെ ഏറെ സൂക്ഷ്മതയോടെ ചെയ്യേണ്ടതാണ്. അതുപോലെ വെല്ലുവിളിയോടെയും. ഇതരഭാഷയില്‍ നിന്നും വരുന്നവര്‍ക്കു വേണ്ടി ചെയ്യുമ്പോഴാണ് ഈ വെല്ലുവിളി കൂടുന്നത്. അവര്‍ക്ക് മുഖത്ത് ഭാവം വരുമെങ്കിലും പറയുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ പാതിയില്‍ നിര്‍ത്തിയോ, അല്ലെങ്കില്‍ വിഴുങ്ങിക്കളയുകയോ ഒക്കെ ചെയ്യും. ചുണ്ട് തുറക്കാതെ പോലും ചിലര്‍ അഭിനയിച്ചു കളയും. അതൊക്കെ ഡബ്ബിംഗ് സമയത്ത് നമ്മളെയാണ് ബുദ്ധിമുട്ടിക്കുന്നത്. എന്തെങ്കിലും ചെയ്ത് ശരിയാക്കാന്‍ മാത്രമെ സംവിധായകന്‍ പറയൂ. എക്‌സ്പ്രഷനൊക്കെ ഇട്ട് അത് ശരിയാക്കിയെടുക്കുക എന്നത് നമ്മുടെ മാത്രം ഉത്തരവാദിത്വമായിരിക്കും.
ഇനിയുമൊരു സുമിഷയേയല്ല ഞാന്‍ കാത്തിരിക്കുന്നത്
നല്ല സിനിമകള്‍ ചെയ്യുക എന്നതു മാത്രമാണ് ആഗ്രഹം. വലിയൊരു ഇടവേളയ്ക്ക് ശേഷം ഇങ്ങനെയൊരു തിരിച്ചു വരവിന് കഴിഞ്ഞത് ഭാഗ്യം. ഈ അവസരം ഉപയോഗപ്പെടുത്തണം. ചെയ്ത വേഷങ്ങളുടെ ആവര്‍ത്തനംപോലെയുള്ള കഥാപാത്രങ്ങള്‍ തേടി വന്നപ്പോഴാണ് പലതും വേണ്ടെന്നു വച്ചത്. വീണ്ടുമൊരു നൈലയോ ടിസയോ ആകാന്‍ ഞാനാഗ്രഹിച്ചില്ല. അതുപോലെ, ഇനിയുമൊരു സുമിഷയും വേണ്ട. വ്യത്യസ്തമായ കഥാപാത്രങ്ങള്‍, വലുതല്ലെങ്കിലും പെര്‍ഫോം ചെയ്യാന്‍ പറ്റുന്നത്. അതാണ് ഒരു അഭിനേത്രിയെന്ന നിലയില്‍ എന്റെ നിലപാട്.
Read More: ലോക സിനിമയുടെ അതിരിലേക്ക് കുമ്പളങ്ങി നൈറ്റ്സ് ഒരു കസേര വലിച്ചിട്ടിരിക്കുമ്പോള്‍/ റിവ്യൂ