UPDATES

സിനിമ

കുമ്പളങ്ങി നൈറ്റ്‌സിലെ ഫിഷിംഗ് കൊറിയോഗ്രാഫര്‍ അഥവാ കുമ്പളങ്ങിക്കാരന്‍ സജി നെപ്പോളിയന്‍ സിനിമയ്ക്ക് പിന്നിലെ ജീവിതം പറയുന്നു

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലേക്ക് തന്നെ ലീഡ് ചെയ്യിക്കുന്നത് സുഹൃത്ത് സജി നെപ്പോളിയന്‍ ആണെന്നു ശ്യാം പുഷ്‌കരന്‍ പറയുമ്പോഴാണ് ഈ പേര് ആദ്യം എല്ലാവരും ശ്രദ്ധിക്കുന്നത്

ഏതെങ്കിലും സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ഫിഷിംഗ് കൊറിയോഗ്രാഫി എന്ന് കണ്ടിട്ടുണ്ടോ? കുമ്പളങ്ങി നൈറ്റ്‌സില്‍ ഉണ്ട്! ഫിഷിംഗ് കൊറിയോഗ്രാഫി സജി നെപ്പോളിയന്‍ എന്നു കാണാം! കുമ്പളങ്ങി നൈറ്റ്‌സിനെ കുറിച്ച് രചയിതാവ് ശ്യാം പുഷ്‌കരന്‍ സംസാരിക്കുമ്പോഴാണ് സജി നെപ്പോളിയന്‍ എന്ന പേര് ആദ്യം ശ്രദ്ധയില്‍ വരുന്നത്. തന്നെ ഇങ്ങനെയൊരു സിനിമയിലേക്ക് ലീഡ് ചെയ്യിക്കുന്നത് സുഹൃത്ത് കൂടിയായ സജി ആണെന്നാണ് ശ്യാം പറഞ്ഞത്. സിനിമ കണ്ടിറങ്ങിയപ്പോള്‍ ആദ്യം മനസിലേക്ക് വന്നപ്പേരും സജി നെപ്പോളിയന്റെതായിരുന്നു. ആരാണ് അയാള്‍? അല്ലെങ്കില്‍ ആരൊക്കെയാണിയാള്‍; മീന്‍ പിടുത്തക്കാരനോ? ഡാന്‍സറോ? ഡാന്‍സ് ടീച്ചറോ? കൊറിയോഗ്രാഫറോ? അതോ ഒരു സാധാ കുമ്പളങ്ങിക്കാരനോ? ചോദ്യചിഹ്നങ്ങളെക്കാള്‍ സജിയുടെ പേരിനൊപ്പം ചേര്‍ക്കേണ്ടത് ആശ്ചര്യ ചിഹ്നങ്ങളാണെന്നു മനസിലാക്കിയ നിമിഷം തൊട്ട്, ഇങ്ങനെയൊരു മനോഹര സിനിമയ്ക്ക് കാരണമായി തീരുക കൂടി ചെയ്ത ആ വ്യക്തിയെ കുറിച്ച് കൂടുതല്‍ അറിയണമെന്ന ആഗ്രഹം കൂടുകയായിരുന്നു. ഒടുവിലിതാ, തന്നെക്കുറിച്ചും കുമ്പളങ്ങിയെ കുറിച്ചും കുമ്പളങ്ങി നൈറ്റ്‌സിനെ കുറിച്ചും സജി നെപ്പോളിയന്‍ സംസാരിക്കുകയാണ്; സജിയുടെ ഭാഷയില്‍, കാഴ്ച്ചയില്‍…

കുമ്പളങ്ങി, അതെന്റെ നാടാണ്. ഞാന്‍ ജനിച്ച് ജീവിച്ച നാട്. എന്റെ ഫാദറ് ഫിഷിംഗ് മാനായിരുന്നു. ചെമ്മീക്കെട്ടൊക്കെ ഉണ്ടായിരുന്നു. സിനിമയിലെ ഫോര്‍ ബ്രദേഴ്‌സ് എന്നത് നമ്മടെ ലൈഫില്‍ നിന്നും എടുത്തൊരു സാധനമാണ്. ഞങ്ങള് ചേട്ടനനിയന്മാരൊക്കെ കൂടി കായലിന്റെ നടക്കുള്ളൊരു കെട്ടില് താമസിച്ചു പോരുന്നൊരു സിറ്റ്വേഷനൊക്കെയുണ്ടായിരുന്നു. ഫാദറിന്റെ ബിസിനസൊക്കെ ആകപ്പാടെ പൊളിഞ്ഞ് തകര്‍ന്ന സമയത്ത് ആകപ്പാടെ ഉണ്ടായിരുന്ന ആശ്രയം ചെമ്മീക്കെട്ടൊക്കെ ആയിരുന്നു. അക്കാലത്ത് പരിചയപ്പെട്ട് സുഹൃത്തുക്കളായവരാണ് ഞാനും ശ്യാമും. സിനിമയില്‍ വരുന്നതിനു മുമ്പ് ശ്യാം ഡിസൈനിംഗിന്റെ ഫീല്‍ഡിലായിരുന്നു. അന്ന് ഞങ്ങള്‍ ഒരുമിച്ച് ഈവന്റൊക്കെ നടത്തിയിരുന്നു. അക്കാലത്ത് ഞങ്ങള് ഞങ്ങടെ കെട്ടില്‍ കൂടാറുണ്ട്.

ബോണി ഞാനാണ്

സോള്‍ട്ട് ആന്‍ഡ് പെപ്പറിനെക്കാള്‍ മുന്നേ ശ്യാമിന്റെ മനസില്‍ കുമ്പളങ്ങി നൈറ്റ്‌സ് എന്ന പടം ഉണ്ട്. ശ്യാമിന് ശരിക്കും മണത്തറിയാവുന്ന ഒരു മണ്ണാണിത്. കുമ്പളങ്ങിയുടെ ശരിക്കുള്ള ഭംഗി ഇതല്ല, പക്ഷേ ഒരു സിനിമ എന്ന നിലയ്ക്ക് കാണിക്കാവുന്നതിന്റെ മാക്‌സിമം കാണിക്കാനായതും അതുകൊണ്ടാണ്. ഈ സിനിമ ഒമ്പത് വര്‍ഷം മുമ്പ് ശ്യാം പ്ലാന്‍ ചെയ്തപ്പോള്‍, അന്ന് എന്നോട് ചെയ്യാന്‍ പറഞ്ഞ ക്യാരക്ടറാണ് ശ്രീനാഥ് ഭാസി ചെയ്ത ബോണി. എന്റെ ക്യാരക്ടര്‍ പറിച്ചു വച്ചതാണ് അത്. സിനിമയില്‍ കാണിച്ചിരിക്കുന്ന ഡാന്‍സ് ക്ലാസ് എന്റെ ഡാന്‍സ് ക്ലാസ് തന്നെയാണ്. മീന്‍പിടുത്തവും ഡാന്‍സുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതായിരുന്നു എന്റെയും ക്യാരക്ടര്‍. ഞാന്‍ നേരത്തെ മുടിവളര്‍ത്തിയിരുന്നു. അതൊക്കെ ശ്യാമിന്റെ മനസല്‍ കറക്ടായി കിടപ്പുണ്ട്. ഈ പടത്തില് ലൊക്കേഷന്‍ മാനേജരായിട്ട് ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. കൊറിയോഗ്രാഫി ചെയ്തിരിക്കുന്നതും ഞാനാണ്. ഭാസിയുടെ ഫ്രണ്ട്‌സിന്റെ കൂട്ടത്തലൊരാളായി അഭിനയിച്ചിട്ടുമുണ്ട്. ശ്രീനാഥ് ഭാസയുടെ കഥാപാത്രത്തിന്റെ അപ്പിയറന്‍സ് പോലും എന്നോട് ചോദിച്ച് അതേപോലെയാണ് ചെയ്തിരിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ കഥാപാത്രം മുടികെട്ടുന്നത് ഞാന്‍ കെട്ടിയിരുന്നത് പോലെയാണ്. ഇങ്ങനെ തന്നെയല്ലേ നീ പണ്ട് കെട്ടാറ് എന്ന് ശ്യാം എന്നോട് ചോദിച്ചിട്ടാണ് അത് ചെയ്യിപ്പിച്ചത്.

"</p

ലൈഫിലെ ഡാര്‍ക്ക് സീന്‍

ഞാനൊക്കെ ജനിക്കുമ്പോള്‍ ഇവിടെ എല്ലാവരും മീന്‍പിടുത്തക്കാരാണ്. ഞാന്‍ വളരെ കൊച്ചിലെതൊട്ടെ ഡാന്‍സറാണ്. ഡാന്‍സിനോട് പാഷനായതുകൊണ്ട് മറ്റ് പണികള്‍ക്കൊന്നും പോകാന്‍ പറ്റില്ല. അതുകൊണ്ട് ഡാന്‍സിന് വേണ്ടീട്ടുകൂടിയാണ് ഞാനും മീന്‍പിടുത്തക്കാരനായത്. ഫാദിറിന് ചെമ്മീക്കെട്ടൊക്കെ ഉണ്ടായിരുന്നുവെന്നു പറഞ്ഞല്ലോ. പക്ഷേ 95-ല്‍ പത്തിരുപ്പത്തിയഞ്ച് ലക്ഷം രൂപ കടമൊക്കെയായി പെട്ടെന്ന് പിടിവിട്ടുപോയൊരു അവസ്ഥയായി. വീട്ടല് ഞങ്ങള്‍ അഞ്ച് മക്കള് ഉണ്ടായിരുന്നെങ്കിലും ഫാദറിന്റെ കൂട്ടത്തില് എല്ലാത്തിനും ഉണ്ടായിരുന്നത് ഞാനായിരുന്നു. ബിസിനസ് പൊളിഞ്ഞപ്പോള്‍ അതിന്റെ ഭാരം എനിക്ക് എടുക്കേണ്ടി വന്നു. ഡാന്‍സും മുറുക്കെ പിടിക്കണം. അതിന്റൊപ്പം മീന്‍പിടുത്തവും നടത്തേണ്ടി വന്നു. പിന്നീട് ഞാന്‍ കൊച്ചിന്‍ കലാഭവനില് ഡാന്‍സ് ടീച്ചറായിട്ട് കേറി. 2000 വരെ അവിടുത്തെ ട്രൂപ്പിന്റെ കൊറിയോഗ്രഫറും പെര്‍ഫോമറുമൊക്കെയായിരുന്നു. കൂടുതല്‍ സമയവും അവിടെ തന്നെയായിരുന്നു. 2015 ആയപ്പോള്‍ ദുബൈയ്ക്ക് പോയി. അവിടെയുള്ള കലാമണ്ഡത്തില് കുറച്ച് നാള്‍ ഡാന്‍സ് ടീച്ചറായി ജോലി ചെയ്തു. അവിടെ നിന്നും തിരച്ചു വന്ന സമയത്താണ് ലാല്‍ജോസിന്റെ മുല്ല എന്ന സിനിമയില്‍ വേഷം കിട്ടുന്നത്. പിന്നീട് ദുബൈയിലേക്കുള്ള പോക്ക് ക്യാന്‍സല്‍ ചെയ്തു. പന്നെ ഇവിടെ തന്നെ ഡാന്‍സ് ട്രൂപ്പൊക്കെയായി കൂടി. ഡി കമ്പനി എന്നായിരുന്നു ട്രൂപ്പിന്റെ പേര്. ശ്യാമൊക്കെ ഞങ്ങടെ ട്രൂപ്പിന് കുറെ പ്രമോഷന്‍ ചെയ്തു തന്നിരുന്നു. അന്നു തൊട്ടുള്ള ഫ്രണ്ട്ഷിപ്പ് ഇപ്പോഴും നല്ലരീതിയില്‍ പോകുന്നു. അക്കാലം തൊട്ട് ശ്യാം പറയുന്ന സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. ഇപ്പോള്‍ ഒമ്പത് വര്‍ഷം കഴിഞ്ഞു. ഇപ്പോഴായത് കൊണ്ട് ഇങ്ങനെ പിടിക്കാന്‍ പറ്റി.

ഞാനിപ്പോള്‍ കൂത്താട്ടുകുളത്ത് മേരിഗിരി സ്‌കൂളില്‍ ഡാന്‍സ് ടീച്ചറായി വര്‍ക്ക് ചെയ്യുകയാണ്. താമസവും ഇവിടെ തന്നെയാണ്. സിനിമയ്ക്ക വേണ്ടി രണ്ടുമാസം ലീവ് എടുത്ത് ഫുള്‍ കൂട്ടത്തിലുണ്ടായിരുന്നു. മീന്‍ പിടിക്കുന്നതെല്ലാം ഞാന്‍ പറഞ്ഞുകൊടുത്തതാണ്. ടൈറ്റില്‍ ശ്രദ്ധിച്ചാല്‍ കാണാം ഫിഷിംഗ് കൊറിയോഗ്രാഫി സജി നെപ്പോളിയന്‍ എന്ന്. വേറെ ഒരു സിനിമയിലും അങ്ങനെ കണ്ടിട്ടില്ല. മീന്‍ പിടിക്കുന്നതുപോലും ആര്‍ട്ടിഫിഷ്യല്‍ ആകരുതെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാണ് സിനിമ തുടങ്ങിയപ്പ മുതല്‍ കൂടെ നില്‍ക്കണമെന്ന് എന്നോട് പറഞ്ഞതും.

കുമ്പളങ്ങിയിലെ മനുഷ്യര്

ഈ സിനിമ കുമ്പളങ്ങിയില്‍ തന്നെ ചെയ്യണം. വേറെ എവിടെ ചെയ്താലും കിട്ടൂല. ടൂറിസം വന്നതിനു ശേഷം കുമ്പളങ്ങിയുടെ ഭംഗി പോയിക്കൊണ്ടിരിക്കുകയാണ്. ശ്യാം സിനിമ എഴുതുന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന ഹോം സ്‌റ്റേകള്‍, ഫുട്‌ബോള്‍ ഗ്രൗണ്ടുകളൊക്കെ ഇപ്പ വന്നപ്പ ഇല്ലായിരുന്നു. അതേപോലത്തെ സ്ഥലങ്ങള്‍ അന്വേഷിച്ച് നടക്കേണ്ടി വന്നു. ശ്യാം നേരത്തെ ഇവിടെ വന്ന് കണ്ടറിഞ്ഞ സാധനങ്ങള്‍ വച്ചാണ് സിനിമ എഴുതിയത്. ത്രെഡ് മാത്രമാണ് ഞങ്ങള്‍ ഫോര്‍ ബ്രദേഴ്‌സില്‍ നിന്നും എടുത്തത്. പക്ഷേ, ആ ഇത്തിരി സമയം കൊണ്ട് ഒരുപാട് കഥകള്‍ അതിനകത്ത് ശ്യാം പറയുന്നുണ്ട്. അതൊക്കെ അവന്റെ മനസില്‍ നിന്നും എഴുത്തുകാരന്‍ എന്ന നിലയില്‍ ഉണ്ടാക്കിയെടുത്തിട്ടുള്ളതാണ്. സൗബിന്റെ കഥാപാത്രത്തിന് സജി എന്ന പേര് കൊടുക്കും മുമ്പ് ശ്യാം എന്നോട് പറഞ്ഞത്, എടാ നിന്റെ പേരും കൊടുക്കും ചിലപ്പോള്‍ നിന്റെയാ കാറും എടുക്കും കേട്ടാ എന്നായിരുന്നു. പണ്ടെനിക്കൊരു 800 കാര്‍ ഉണ്ടായിരുന്നു. പക്ഷേ കാറിന്റെ ആവശ്യം വന്നില്ല.

കുമ്പളങ്ങിയിലെ മനുഷ്യര് അങ്ങനെ തന്നെയാണ്. എല്ലാവര്‍ക്കും ചെറിയ ചെറിയ പിണക്കങ്ങള് അങ്ങോട്ടുമിങ്ങോട്ടുമൊക്കെ ഉണ്ടെങ്കിലും ഒരാള്‍ക്കൊരു ആവശ്യം വന്നാല്‍ എല്ലാവരും ചങ്കോടുകൂടി ചേര്‍ന്നു നില്‍ക്കും. എന്റെ ജീവിതത്തില്‍ ഇതുവരെയുള്ള പോക്കില് ഏറ്റവും കൂടുതല്‍ കൂടെ നിന്നിട്ടുള്ളത് കൂട്ടുകാര്‍ തന്നെയാണ്. നമുക്കൊക്കെ എന്തു വന്നെന്നാലും വീട്ടുകാര് അറിയും മുന്നേ കൂട്ടുകാര്‍ അറിഞ്ഞിരിക്കും. ഫ്രണ്ട്ഷിപ്പിന് അത്രയ്ക്ക് പ്രാധാന്യം ഉണ്ടവിടെ. കുമ്പളങ്ങിയുടെ വേറൊരു പശ്ചാത്തലം എന്നു പറഞ്ഞാല്‍, അവിടെ ഏതൊരു ഫാമിലിക്കും വന്ന് താമസിക്കാം. ഏതു പാതിരാത്രിക്കും ഒരു പെണ്ണ് ഒറ്റയ്ക്ക് ഇറങ്ങി നടന്നാലും ആരും ഒരാനാവശ്യം വിളിച്ചു പറയുകയോ പ്രവര്‍്ത്തിക്കുകയോ ഉണ്ടാവില്ല. അവിടെയുള്ള എല്ലാവരും തന്നെ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും അറിയാവുന്നവരാണ്. ഇപ്പഴാണ് കുറച്ച് ആള്‍ക്കാര് പുറത്തു നിന്നും വന്നിരിക്കുന്നത്. ഒരു വീട്ടുകാര്‍ക്ക് പത്ത് സെന്റ് സ്ഥലമുണ്ടെങ്കില്‍ അവിടെ തന്നെ മുന്നാല് വീട് കാണും. കുടുംബത്തിലുള്ളവര് പുറത്തേക്കൊന്നും അധികം പോയി താമസിക്കാറില്ല. അത്രയ്ക്ക് ഇഴുകി ചേര്‍ന്ന് ജീവിക്കുന്ന ആള്‍ക്കാരാണാവിടെ. അതുപോലെ എല്ലാവരും വേറെ വേറെ ജോലിക്കു പോണവരാണെങ്കിലും എല്ലാവര്‍ക്കും മത്സ്യബന്ധനവുമായി ഒരു കണക്ഷനുണ്ട്.

ക്രെയ്‌സാണ് മീന്‍ പിടുത്തവും ഡാന്‍സും

നമ്മള് പറയാറില്ലേ നമ്മടെ അപ്പനെ കണ്ട് പഠിക്കണമെന്ന്. അവരെ കണ്ട് പഠിക്കണമെന്നു പറഞ്ഞാല്‍ അവരെപ്പോലെ ആകുക എന്നല്ല. അവരില്‍ കുറച്ച് നന്മകളുണ്ട്. കുറച്ച് മോശങ്ങളുമുണ്ട്. നന്മകള് നമ്മള് എടുക്കുക, മോശം കളയുക. എന്റെ ഫാദറ് എന്നു പറഞ്ഞാല്‍ എല്ലാവരോടും ഭയങ്കര സ്‌നേഹപ്രിയനാണ്. ഫാദറ് കോണ്‍ഗ്രസ് പാര്‍ട്ടിക്കാരാനാണ്. മത്സ്യത്തൊഴിലാളി സംഘടയുടെ ജില്ല സെക്രട്ടറിയാണ്. വീട്ടില് ഒത്തിരിപ്പേര് വരാറുണ്ട്. അതിലെല്ലാ പാര്‍ട്ടിക്കാരും കാണും. ഞങ്ങക്ക് ചൊവ്വേ നേരെ വീടില്ലാഞ്ഞിട്ടും മറ്റുള്ളവര്‍ക്ക് വീടിനുവേണ്ടീട്ട് ഫാദറ് റെക്കമന്‍ഡ് ചെയ്യുകയും വാങ്ങിച്ചുകൊടുക്കകയുമൊക്കെ ചെയ്തിട്ടുണ്ട്. നമുക്കില്ലെങ്കിലും മറ്റുള്ളവനെ സഹായിക്കാന്‍ പറ്റിയാ ചെയ്യണോന്നാണ് പറയാറ്. ഞാനതൊക്കെ കണ്ടാണ് വളര്‍ന്നത്. പക്ഷേ അപ്പന്‍ കള്ള് കുടിച്ച് കഴിഞ്ഞാ ഇച്ചിരി റോങ്ങാണ്. അങ്ങനെ നമ്മള് ആകരുതെന്നും തീരുമാനിച്ചിരുന്നു. ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ രാഷ്ട്രീയ വഴക്കില്‍പ്പെട്ട് അപ്പന്‍ ആക്‌സിഡന്റായിട്ടുണ്ട്. മരിച്ച് പോകുമെന്ന അവസ്ഥയായിരുന്നു. ആറാം ക്ലാസില്‍ പഠിക്കമ്പം തൊട്ട് ഞാന്‍ മീന്‍ പിടിത്തക്കാരനായതുമാ. എന്റെ വീട്ടില്‍ അനിയനുണ്ട്. പെങ്ങന്മാരുണ്ട്. ഇവരെയൊക്കെ പഠിപ്പിക്കണം, നോക്കണം. അതുകൊണ്ട് ആറാം ക്ലാസില്‍ പഠിക്കുമ്പം പങ്കായം മുറുക്കെ പിടിച്ച് ഇറങ്ങീതാ. 95 ല്‍ അപ്പന് 25 ലക്ഷം കടം വന്നപ്പോള്‍ 17 വയസുള്ള എന്റെ തലയിലായിരുന്നു ആ കടത്തിന്റെ പ്രാരാബ്ദവും വന്നത്. കടം വീട്ടണം. അനിയനെ പഠിപ്പിക്കണം. പെങ്ങന്മാരെ കെട്ടിക്കണം, കുടുംബം നോക്കണം എല്ലാം ഞാന്‍ ചെയ്യണം. എനിക്ക് അറിയാവുന്ന തൊഴില് വെള്ളത്തിലെ പരിപാടിയാണ്, മീന്‍ പിടുത്തം. അത് ചെയ്തു. പക്ഷേ ഇതിനിടയില്‍ ഡാന്‍സ് വിടാതെ ജോലിയും കലയും ഒരുപോലെ കൊണ്ടുപോകാന്‍ എനിക്ക് സാധിച്ചു എന്നുള്ളതാണ്. ഇത് രണ്ടും എനിക്ക് ക്രെയ്‌സ് ആണ്. ജീവനുള്ള മീനിനെ പിടിക്കുക എന്നുള്ള സംഭവം ഒരു ക്രെയ്‌സാണ്. തക്കം നോക്കി നിന്ന് പിടിക്കും. എതു സമയത്ത് പിടിക്കാന്‍ പറ്റും. മീന്‍ പിടുത്തത്തില്‍ നിന്നാണ് ഞാന്‍ പിടിച്ചു കേറിയത്. ഡാന്‍സ് എനിക്ക് ഇഷ്ടമാണ്. അതില്‍ ഞാന്‍ മുന്നോട്ടുപോയെന്നാലും ഇപ്പോള്‍ സ്‌കൂളില്‍ വര്‍ക്ക് ചെയ്യുമ്പോഴും രണ്ട് മാസത്തെ അവധി വരുമ്പോള്‍ ഞാന്‍ മീന്‍പിടിക്കാന്‍ പോകും. ഞാന്‍ ഗള്‍ഫില്‍ ആയിരുന്നപ്പോഴും നാട്ടില്‍ വരുന്ന സമയത്ത് കൂട്ടുകാര്‍ വീട്ടില്‍ വരും മീന്‍ പിടിക്കാന്‍ വിളിക്കാന്‍. നല്ല മീന്‍ കറി കൂട്ടി ചോറു തിന്നിട്ട് കുറെ നാളായടാന്നു പറയും. അമ്മ നന്നായിട്ട്് പാചകം ചെയ്യും. നമ്മള് മീന്‍ പിടിച്ചോണ്ട് വന്ന് കുളിച്ച് വരുമ്പോഴേക്കും ടേബിളില് ചോറും കറിയും റെഡിയായിരിക്കും.

ഷെയ്‌ന് മീന്‍ പിടിക്കുന്നത് ഞാന്‍ പിടിക്കുന്ന രീതി തന്നെയാണ്. ഞാന്‍ തന്നെയാണ് ട്രെയിനിംഗ് കൊടുത്തതും. കടലില്‍ നിന്നും മീന്‍ കേറി വരുമ്പ തക്കം നോക്കി നിന്ന് മീന്‍ പിടിക്കുന്നൊരു വ്യക്തിയാണ്. ഫുള്‍ ടൈം നോക്കി നിക്കണ്ട, നമ്മക്ക് അറിയാം എപ്പളാ മീന്‍ വരണതെന്ന്. ഷെയ്‌ന്റെ പോലെ സ്പീക്കറുമായിട്ട് മീന്‍ പിടിക്കണടത്ത് പോയി നിന്നിട്ട് പാട്ടുംകേട്ടിരുന്നോണ്ട് മീന്‍ പിടിക്കണൊരു ക്യാരക്ടറാണ് ഞാന്‍. ആ സിനിമയിലെ രണ്ടു മൂന്നു കഥാപാത്രങ്ങള്‍ക്ക് എന്റെ ക്യാരക്ടറിനോട് ബന്ധമുണ്ട്.

ഞാനിപ്പം താമസിക്കുന്നത് കുത്താട്ടുകുളത്താണ്. ഇവിടെ പുഴയില്ല. പക്ഷേ വീടിനു മുന്നില്‍ കൂടി ഒരു ആറ് പോണണ്ട്. ഞാനവിടെ മീന്‍ പിടിക്കും. എന്റെ മക്കള് ഫ്രഷ് മീന്‍ തിന്നണം. അവര് അമോണിയം കേറിയ മീന്‍ തിന്നണ്ട എന്നൊരാഗ്രഹം എനിക്കുണ്ട്. നമ്മള് നല്ല ഒന്നാന്തരം മീന്‍ തിന്ന് ശീലിച്ചവരാണ്. അതുകൊണ്ട് പുറത്തൊന്നുള്ള മീന്‍ പറ്റില്ല. ഞങ്ങള് വാങ്ങിക്കാറില്ല. നമ്മക്ക് ഇഷ്ടപ്പെടൂലാ.

"</p

സിനിമയിലെ സജിയും ഞാനും

ആ കഥാപാത്രം ശ്യാം എഴുതിയുണ്ടാക്കിയതാണ്. ഞങ്ങള് പടം പകുതിയായപ്പള്, ഫഹദ് ഫാസില് എന്‍ട്രി ചെയ്യണതിനു മുമ്പായിട്ട് ഒരു പാര്‍ട്ടി നടത്തിയിരുന്നു. വൈറ്റ് ഫോര്‍ട്ടില്. എല്ലാരും ഉണ്ടായിരുന്നു. ഒന്നു റിഫ്രഷ്‌മെന്റ് ആകാന്‍ വേണ്ടീട്ട്. അന്ന് രാത്രീല് ഞങ്ങള് റൂമിലിരുന്ന പാട്ടക്കെ പാടിയിരിക്കുമ്പോള്‍ ശ്യാം പറഞ്ഞത്, എടാ ശരിക്കുള്ള കുമ്പളങ്ങിക്കാരുടെ നന്മയെന്നു പറഞ്ഞാല്‍ ഇതല്ല, ഇതിന്റപ്പുറത്തേക്കാണ്. ഇതിലും സ്‌നേഹമുള്ളവരാണ്. എന്നേമായിട്ടുള്ള ബന്ധത്തിന്റെ പുറത്ത് അവന്റെ മനസിലുള്ള കാര്യങ്ങളാണ് പറയുന്നത്. അവന്റെ മനസില്‍ ഉള്ളതൊക്കെ വച്ച് ഉണ്ടാക്കിയെടുത്ത ക്യാരക്ടറാണ് സജി എന്നാണ് തോന്നണത്. സഹോദരങ്ങളോടാണെങ്കിലും സുഹൃത്തുക്കളോടാണെങ്കിലും സ്‌നേഹമുള്ളവനാണ് സജി. അതവന്‍ എഴുതിയെടുത്തിരിക്കണതാണ്. ശ്യാമിന് വേറൊരു കാര്യമുണ്ട്. എവിടെയെങ്കിലും കാണണ കാര്യം അവന്റെ മനസില്‍ ഇരിക്കും. എത്ര വര്‍ഷം കഴിഞ്ഞാലും. ആ പടത്തില്‍ കണിക്കുന്ന കവര് വരണ സീനില്ലെ. അതൊക്കെ എത്ര വര്‍ഷം മുന്നേ ശ്യാമിന്റെ മനസില്‍ കേറിയതാണ്. എന്റെ ഫ്രണ്ട്‌സ് വരമ്പം ഞങ്ങള് കാണാന്‍ പോകാറുണ്ട്. ഇരുട്ട് കൂടിയ ഏരിയായില്‍, കണ്ടല്‍ കാടുകള്‍ നിറഞ്ഞിരിക്കണ സ്ഥലം. ഉപ്പു കൂടിയ സമയാകുമ്പോള്‍, ഡിസംബര്‍ ജനുവരി മാസങ്ങളിലാണ് കായലില്‍ ഉപ്പ് കൂടുന്നത്. ഈ ഉപ്പാണ് ഇരുട്ടുള്ള സമയത്ത് ഫ്ലൂറസന്റ് പോലെ കാണണത്. കടലില് ഇതെപ്പോഴും ഉണ്ടാകാറുണ്ട്. കടലിലുള്ളപോലെ ഉപ്പ് കായലില് ഇല്ലല്ലോ. കടലില് കവര് കണ്ട് മീന്‍ പിടിക്കാന്‍ പോകാറുണ്ട്. കയാലില്‍ പക്ഷേ മീന്‍ കിട്ടൂല. വല വച്ചാലും മീനിനു കാണാന്‍ പറ്റും.

നെപ്പോളിയന്റെ മക്കളുടെ വീട്

ശ്യാം വന്നുപോകുന്ന സമയത്ത് കായലിന്റെ നടുക്ക് ഒരു ചെറിയ ഷെഡിലായിരുന്നു ഞങ്ങള് താമസിച്ചിരുന്നത്. താമസിക്കുന്നിടത്തേക്ക് വള്ളത്തില്‍ വരണം. ഫാദറിന്റെ ബിസിനസൊക്കെ പൊളിഞ്ഞ് ഡാര്‍ക്ക് ആയൊരു കാലഘട്ടം ആയിരുന്നു. ഒരാറ് വര്‍ഷത്തോളം ആ ഷെഡില്‍ തന്നെയായിരുന്നു. ചെമ്മീന്‍ കെട്ടിനോട് ചേര്‍ന്നാണ് ഷെഡ്. കെട്ട് നമ്മടെ സ്വന്തമല്ലായിരുന്നു. പഞ്ചായത്തിന്റെ കെട്ട് ലേലത്തിനെടുത്തിട്ട് അവിടെ ഷെഡ്ഡ് വയ്ക്കുമല്ലോ, കാവല്‍ മാടം പോലെ. ഞങ്ങള് ശരിക്കും മീന്‍പിടുത്തക്കാരയതുകൊണ്ട് ആ കെട്ട് ശരിക്കും ഉപയോഗപ്പെടണത് ഞങ്ങള്‍ക്ക് തന്നെയാണ്. വേറെ ആരെടുത്താലും അവര്‍ക്കത് മുതലാകാറില്ല. മീന്‍പിടുത്തമെല്ലാം നമ്മള് തന്നെയാതുകൊണ്ട് കുഴപ്പമില്ല. ശ്യാം വരുമ്പോള്‍ അക്കരെ നിന്നു കൂവി വിളിക്കും. ഞാന്‍ വള്ളത്തെപ്പോയി കൊണ്ടു വരും. ഇതില്‍ നിന്നാണ് സിനിമയിലെ നായകന്മാരുടെ വീട് എങ്ങനെയുള്ളതായിരിക്കണം എന്നു ശ്യാം മനസില്‍ ആലോചിക്കുന്നത്. സിനിമയിലെ വീട് പള്ളിത്തോട്ടിലാണ്. പക്ഷേ, അതേപോലെ വള്ളത്തില്‍ വരണരീതിയിലാണ് എടുത്തിരിക്കുന്നത്. കുമ്പളങ്ങയില്‍ നമ്മള് കണ്ടേച്ച മൊത്തം ലൊക്കേഷനുകളും ആളുകൂടി മൊത്തോം കെട്ടിപൂട്ടി ഇട്ടേച്ചും പോയിരിക്കയാണ്. ഇപ്പം അതേപോലത്തെ ഏരിയാകള് കുമ്പളിങ്ങീല് ഇല്ല. ആളുകള് തിങ്ങിപ്പാര്‍ത്ത് ജീവിക്കയാണ്. നേരത്തെ അങ്ങനെ ഒറ്റപ്പെട്ട ഏരിയാകള് ഉണ്ടായിരുന്നു. ഇപ്പം കുറെക്കൂടി വഴിയായെന്നു പറയണില്ലേ സിനിമേല്‍, അതപോലെ മാറി.

പെട്ടെന്ന് തീര്‍ന്നുപോയ സിനിമ

എനിക്കതിന്റെ ഓരോ സീനും എന്താണെന്നും എങ്ങനെയാണെന്നും അറിയാമായിരുന്നിട്ടുപോലും സിനിമ തീര്‍ന്നു പോയല്ലോ എന്നൊരു സങ്കടമായിരുന്നു. മോന്‍ വിശക്കണെന്നു പറഞ്ഞിട്ടുപോലും എനിക്ക് എഴുന്നേല്‍ക്കാന്‍ തോന്നിയില്ല. എന്റെ നാലാമത്തെ കുട്ടി ജനിച്ചിട്ട് ഇരുപത്തിയഞ്ച് ദിവസം പോലും തികഞ്ഞിട്ടില്ല. സാധാരണ ജ്ഞാനസ്‌നാനം കഴിയാതെ ഒരിടത്തും പോകാറില്ലാത്തതാണ്. എന്നിട്ടും കുഞ്ഞിനെയും കൊണ്ടാണ് ഞാന്‍ സിനിമ കാണാന്‍ പോയത്. തിയേറ്ററില്‍ വരുന്നതിന് മുന്നേ കാണാന്‍ വിളിച്ചിട്ടും ഞാന്‍ പോയിരുന്നില്ല. എനിക്കത് ഒരു സിനിമയായിട്ട് തിയേറ്ററില്‍ തന്നെ കാണണം എന്നുണ്ടായിരുന്നു. പടം തീര്‍ന്ന് ഡയറക്ടറ്‌ടെ പേര് എഴുതി കാണിച്ചപ്പം മധൂന്റെ ചിരിയാണ് ഞാന്‍ സ്‌ക്രീനില്‍ കണ്ടത്. മധൂന്റെ മുഖത്ത് എപ്പഴും ഒരു ചിരി കാണും. അത്ര തൃപ്തിയോടെയാണ് സിനിമ തീര്‍ന്ന് എഴുന്നേറ്റത്.

ആളെ കണ്ടെഴുതുന്ന ശ്യാം

ശ്യാം എഴുതണത് എങ്ങനെയാണെന്നു വച്ചാല്‍, ആരാണോ ഒരു കഥാപാത്രം ചെയ്യണത് അവരെ അവന് അറിയാം. ഞാനാണ് ഇന്ന കഥാപാത്രം ചെയ്യാന്‍ പോണതെങ്കില്‍ അവന്‍ എനിക്കു വേണ്ടി എഴുതും. ശ്യാം എല്ലാ സീനികളും ആദ്യം എഴുതിയിടും. ഫുള്‍ ടൈം ലൊക്കേഷനില്‍ കാണും. ലൊക്കേഷനില്‍ ഇരുന്ന് ഓരോ സിറ്റ്വേഷനിലാണ് ഡയലോഗ് എഴുതി കൊടുക്കുന്നത്. എടുക്കുന്ന ഷോട്ടിന് വേണ്ടീട്ട്. എല്ലാവര്‍ക്കും സീന്‍ അറിയാം. സീനിന് അനുസരിച്ച് അസിസ്റ്റന്റസ് എല്ലാം പ്ലാന്‍ ചെയ്തു വയ്ക്കണതല്ലാണ്ട് സ്‌ക്രിപ്റ്റ് ഉണ്ടാവില്ല. ആരാണോ ക്യാരക്ടറുകള്‍ ചെയ്യാന്‍ പോണത് അവരെ കണ്ടോണ്ടായിരിക്കും ഡയലോഗ് എഴുതണത്. ഡാന്‍സ് ക്ലാസിലെ ഒരു സീനുണ്ട്. ശ്രീനാഥ് ഭാസിയുടെ കഥാപാത്രം മൗത്ത് ഔര്‍ഗണ്‍ വായിച്ചു കഴിയമ്പം എന്റെയൊരു ഡയലോഗുണ്ട്, ആദ്യമായിട്ടാണ് ഇവന്റെ വായീന്നൊരു നല്ല സൗണ്ട് കേക്കണതെന്ന്. അപ്പോള്‍ എല്ലാവരും ചിരിക്കമ്പം ആ ലേഡി നോക്കണുണ്ട് എന്താ സംഭവമെന്ന് അറിയാന്‍. അപ്പം ഇംഗ്ലീഷില്‍ മറുപടി പറയണത് എന്റെ ഫ്രണ്ട് മനുവാണ്. മനുവിന് നന്നായിട്ട് ലാംഗ്വേജില്‍ പറയാന്‍ അറിയാമെന്ന് ശ്യാമിന് അറിയാം. സിനിമയില്‍ എടുത്തവര്‍ക്കെല്ലാവര്‍ക്കും ന്യായമായ രീതിയില്‍ പെര്‍ഫോം ചെയ്യാനുള്ള സ്‌പേസ് കൊടുത്തു. അതൊക്കെ ശ്യാമിന്റെ കഴിവ് തന്നെയാണ്.

"</p

വെറുതെയങ്ങ് എടുത്ത സിനിമയല്ലിത്

വെറുതെ വന്നങ്ങ് എടുത്ത സിനിമയല്ലിത്. ഒരു വര്‍ഷത്തോളം കുമ്പളങ്ങിയില്‍ വന്ന് താമസിച്ച്, അവിടെത്തെ കുറിച്ച് കൊച്ചുകൊച്ച് ഡോക്യുമെന്ററികളൊക്കെ എടുത്ത്. ഇവരുടെ അസിസ്റ്റന്റസും അസോസിയേറ്റുമൊക്കെ ഉഗ്രന്‍ പണിക്കാരാണ്. കൂടെ നിക്കണത് കട്ടപ്പിള്ളേരാണ്. ഞാന്‍ വേറെ എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ പോലും ഈ പിള്ളേര് വന്ന് വിളിക്കുമ്പോള്‍ എല്ലാം മാറ്റിവച്ച് അവരുടെ കൂടെപ്പോയിപ്പോകും. കാരണം, അവര്‌ടെ ഇന്ററസ്റ്റ് അങ്ങനെയാണ്. രാവിലെ ഇറങ്ങിയാല്‍ വൈകിട്ടായാലും വീട്ടില്‍ കേറാന്‍ പറ്റില്ല. ഓരോ കാര്യങ്ങളും അവര് കൃത്യമായി പഠിക്കും. മീന്‍ പിടിത്തക്കാര് തന്നെ പലരീതിയിലുണ്ട്. വീശി പിടിക്കണവരുണ്ട്. ചീനവലക്ക് പിടിക്കണവരുണ്ട്. ഇവരുടെയൊക്കെ അനുഭവങ്ങള്‍ പലതായിരിക്കും. ഇതൊക്കെ ഇവര് ഷൂട്ട് ചെയ്യുകയും കേട്ടറിഞ്ഞ് മനസിലാക്കുമൊക്കെ ചെയ്ത് ഒരു ഡോക്യുമെന്ററി പോലെ ആക്കിയിട്ടാണ് നേരെ മോളിലോട്ട് പാസ് ചെയ്യുന്നത്. അങ്ങനെ എന്താണ് ഈ നാടിന്റെ കള്‍ച്ചറെന്നും രീതികളുമെന്നൊക്കെ അവര്‍ക്ക് നന്നായി മനസിലാക്കാന്‍ കഴിയും. പല പല നാട്ടില്‍ നിന്ന് വന്നവരാണെങ്കിലും അവരെല്ലാവരും തന്നെ വള്ളം തുഴയാന്‍ പഠിച്ചു, വലവീശാന്‍ പഠിച്ചു. വീശി മീന്‍ പിടിച്ച് അത് കഴിച്ച് ജീവിച്ചൊക്കെയാണ് അവര്‍ കഴിഞ്ഞത്. പിന്നെ ശ്യാമിന് കുറെ കാര്യങ്ങള്‍ അവന്‍ തന്നെ നേരിട്ട് മനസിലാക്കിയതും അറിയാലോ. അതിന്റെതായൊരു സാധാനം ആ സിനിമയില്‍ വരികയും ചെയ്തു.

ഒമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്യാം ഈ സിനിമ പിടിച്ചിരുന്നെങ്കില്‍ ബോണിയുടെ ക്യാരക്ടര്‍ ഞാനാകുമായിരിക്കും. പക്ഷേ ഇത്രേം വലിയ സിനിമ ആകൂലായിരുന്നു. കാരണം, ശ്യാമിന് അത്രേം ബന്ധങ്ങളെ അന്നുള്ളൂ. അന്നവന്‍ പറഞ്ഞത്, എടാ ഈ കഥ മറ്റുള്ളവരോട് പറഞ്ഞാല്‍ പെട്ടെന്ന് ദഹിക്കണോന്നില്ല എന്നായിരുന്നു. ആഷിഖ് അബൂനൊപ്പം പടം ചെയ്യണ സമയത്താണ് മധൂനോട് ഈ കഥ പറയണത്. ഈ കഥ ശ്യാമിന് ഡയറക്ട് ചെയ്യണോന്നായിരുന്നു. എന്നോടും പറഞ്ഞിരുന്നത് അങ്ങനെയാണ്. പിന്നെയാണവന്‍ പറയണത്, എടാ ഞാനല്ലടാ അത് ചെയ്യണത്, മധൂന്ന് പറയണ ആളാണെന്ന്. കൂട്ടത്തില്‍ നില്‍ക്കണവരെ സപ്പോര്‍ട്ട് ചെയ്യണ സ്വഭാവം ഇവര്‍ക്കുണ്ടല്ലാ… ഞങ്ങളെ തമ്മില്‍ പരിചയപ്പെടുത്താനായിട്ട് ഒരുദിവസം മധൂനേം കൂട്ടി ഇവിടെ വന്നു. രണ്ടു വര്‍ഷം മുമ്പത്തെ കാര്യാണ്. ഞങ്ങളന്ന് ഇവിടെ കുറെ കറങ്ങി നടന്നു, ലൊക്കേഷനുകളൊക്കെ കാണിച്ചു കൊടുത്തു. മധൂ അന്നു മുതല്‍ ഈ സംഭവത്തിന് വേണ്ടി നില്‍ക്കുകയായിരുന്നു. ഈ നാട്ടില്‍ വന്ന് എല്ലാം അറിഞ്ഞ് ആണ് ആ സിനിമ പിടിച്ചിരിക്കണത്. വെറുതെ ഒരു പടം ഡയറക്ട് ചെയ്തു പോകുവല്ലായിരുന്നു. മധൂ അത്രത്തോളം പരിശ്രമിച്ചിട്ടുണ്ട്. ആ ക്രൂവിലുള്ള എല്ലാവരും. ഷെയ്ന്‍ കമ്പനിയില്‍ ജോലിക്ക് പോകുമ്പം ചാടി ചാടി നില്‍ക്കാന്‍ പറയണ ഒരു കഥാപാത്രമുണ്ടല്ലോ, അത് അസോസിയേറ്റ് ഡയറക്ടര്‍ രഞ്ജിത്താണ്. രഞ്ജിത്ത് ആ സിനിമയ്ക്ക് വേണ്ടിയും ചാടി ചാടി നിന്നു ജോലി ചെയ്തവനാണ്. രഞ്ജിത്തിനെ കുറിച്ചൊക്കെ പറയാന്‍ കുറേയുണ്ട്. ഒരു ലൊക്കേഷന്‍ ഉണ്ടെന്നു പറഞ്ഞ് ശ്യാമിനെ കിലോമീറ്ററുകള്‍ നടത്തിക്കൊണ്ടു പോയിട്ടുണ്ട്. പോയിടത്ത് നിന്നും പിന്നെ ഓട്ടോ പിടിച്ചാണ് തിരിച്ചു വന്നത്. ഓരോ ചെറിയ സീനിനു പോലും അതിനു പറ്റിയ ലൊക്കേഷന്‍ കണ്ടു പിടിക്കാന്‍ എത്ര കഷ്ടപ്പാട് സഹിക്കാനും അവരൊക്കെ തയ്യാറായിരുന്നു. എന്തെങ്കിലും ആവശ്യം ശ്യാമോ മധുവോ പറഞ്ഞാല്‍ രഞ്ജിത്ത് അത് എങ്ങനെയും സാധിച്ചു കൊടുത്തിരിക്കും. കുമ്പളങ്ങിയെ എന്നെക്കാള്‍ കൂടുതല്‍ ഇപ്പോള്‍ രഞ്ജിത്തിന് അറിയാം.

ഷമ്മിയോ?

അങ്ങനെയൊരാള്‍ കുമ്പളങ്ങിയില്ല. ശ്യാം തന്നെ പറഞ്ഞിട്ടില്ലേ, ഷമ്മി ഞാന്‍ തന്നെയാണെന്നു കൂട്ടിക്കോളാന്‍. അത്രയ്ക്കങ്ങനെ സംഭവായിട്ടുള്ളൊരാള്‍ ഉണ്ടെന്നു പറയാന്‍ പറ്റില്ല. പക്ഷേ ആ ക്യാരക്ടറെ കുറിച്ച് ശ്യാം ഡിസ്‌കസ് ചെയ്തിട്ടുണ്ട്. ആശ്രയ എന്നൊരു കൗണ്‍സില്‍ സെന്റര്‍ കാണിക്കുന്നണ്ടല്ലോ. ഞാനവിടെമായിട്ട് അസോസിയേറ്റ് ചെയ്യണുണ്ട്. ഫാദര്‍ ഷെല്‍ട്ടണ്‍ ആണ് അവിടുത്തെ ഡോക്ടര്‍. മരുന്നൊന്നും ഇല്ലാത്തെ അസുഖങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഫാദറാണ്. അവിടെ ആര്‍ട്ട് തെറാപ്പിയുണ്ട്. അതിന്റെ ഭാഗമായുള്ള ഡാന്‍സ് തെറാപ്പി ഞാനാണ് ചെയ്യുന്നത്. ഫാദറിനെ കുറിച്ച് എന്നില്‍ നിന്നും മനസിലാക്കിയിട്ട് ശ്യാം സൗബിന്റെ ക്യാരക്ടര്‍, ഫഹദിന്റെ ക്യാരക്ടര്‍ എന്നിവരെ കുറിച്ച് അദ്ദേഹവുമായി ചര്‍ച്ച ചെയ്യുമായിരുന്നു. പല ഏരിയായില്‍ നിന്നും അച്ചന്റെയടുത്ത് കൗണ്‍സിലിംഗിന് പലരും വരാറുണ്ടല്ലോ. അതൊക്കെ അച്ചന്‍ പറഞ്ഞുകൊടുത്തു. അതില്‍ നിന്നൊക്കം ശ്യാം ഉണ്ടാക്കിയെടുത്തതാകണം ഷമ്മിയെ.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍