കുമ്പളങ്ങി നെറ്റ്‌സിലെ പ്രശാന്ത് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറിയിരിക്കുകയാണ് തേവര സ്വദേശിയായ സുരാജ്
തേവര കോളേജിന് അടുത്ത് തന്നെയാണ് കോന്തുരുത്തിയിലേക്ക് കയറുന്ന വാട്ടര്‍ ടാങ്ക് റോഡ്. ആ ചെറു റോഡിലൂടെ കുറെ വളവും തിരിവുമൊക്കെ പിന്നീട്ട് മുന്നോട്ട് നടന്ന് രണ്ട് മതില്‍ക്കെട്ടുകള്‍ക്കിടയിലെ മൂന്നടി വഴിയിലൂടെ കേറി ചെന്നാല്‍ ഹോളോബ്രിക്‌സ് കെട്ടിയ രണ്ട് മുറി വീട് ഉണ്ട്. ഒരടുക്കളയും പിന്നെയൊരു കിടപ്പു മുറിയും. അതിലാകെ ആഡംബരമെന്നു പറയാന്‍, ഫിലിപ്‌സിന്റെ 32 ഇഞ്ച് എല്‍സിഡി ടിവി മാത്രമാണുള്ളത്. ഈ വീടിരിക്കുന്നതിനു ചുറ്റും ഇരുനില മാളികകളുണ്ട്. അവയ്‌ക്കൊക്കെ നടുവിലെ ഈ ചെറിയ വീടിനുള്ളില്‍ രണ്ട് കൊച്ചു പെണ്‍കുട്ടികളുണ്ട്. ആ കുഞ്ഞുങ്ങളുടെ മനസിലെ വലിയൊരാഗ്രഹമാണ് ടെറസുള്ളൊരു വീട്! മക്കള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ കൊതിക്കുന്ന ആ അച്ഛന്‍ തന്റെ കുഞ്ഞുങ്ങളുടെ ആഗ്രഹം എങ്ങനെയെങ്കിലും നടത്തണമെന്ന ചിന്തയിലാണ്. പെയിന്റിംഗ് പണിക്കാരനാണ്. വലിയ കെട്ടിടങ്ങളില്‍ വടം കെട്ടി തൂങ്ങി നിന്ന് ജീവന്‍ കൈയില്‍ പിടിച്ചാണ് ജോലി. എങ്ങാനും താഴെ വീണാല്‍! പക്ഷേ, ആ അച്ഛന് ഒട്ടും ഭയമില്ല. ജീവിതത്തില്‍ എന്ത് റിസ്‌ക് എടുക്കാനും തയ്യാര്‍. തന്നെ വിശ്വസിച്ച് ഇറങ്ങി വന്നവള്‍ക്കും രണ്ടു കുഞ്ഞുങ്ങള്‍ക്കും ജീവിക്കാന്‍ ഏത്ര റിസ്‌കുള്ള പണിവേണമെങ്കിലും ചെയ്യും. കഷ്ടപ്പാടുകള്‍ മാത്രം ജീവിതത്തില്‍ അനുഭവിച്ചു വന്നവന് ഇനിയെന്തിനെ പേടിക്കാനാണെന്നാണ് ചോദ്യം. ചത്താല്‍ പുലിയായിട്ട് ചാകണം എന്നാണ് പറയുന്നത്. അതും ഒരു ചിരിയോടെ….
ഈ അച്ഛനെ നിങ്ങള്‍ അറിയും. സുരാജ്. കൂട്ടുകാര്‍ക്കിടയില്‍ പോപ്‌സ്. നിങ്ങള്‍ക്കയാളെ പരിചയം പ്രശാന്ത് എന്ന പേരിലായിരിക്കും; അതേ കുമ്പളങ്ങി നൈറ്റ്‌സിലെ ബോബിയുടെ ചങ്ക് ഫ്രണ്ടായ പ്രശാന്ത്. പ്രശാന്ത് എന്ന ക്യാരക്ടര്‍ ശ്യാം പുഷ്‌കരന്‍ ഉണ്ടാക്കുന്നത് തന്റെ സുഹൃത്തായ പോപ്‌സില്‍ നിന്നു തന്നെയാണ്. അതേ, ആ കഥാപാത്രം സാങ്കല്‍പ്പിക സൃഷ്ടിയല്ല. സിനിമയില്‍ പോപ്‌സ് നിങ്ങളെ ചിരിപ്പിച്ചില്ലേ, ചിന്തിപ്പിച്ചില്ലേ… എന്നാലിനി പോപ്‌സിന്റെ യഥാര്‍ത്ഥ ജീവിതകഥകള്‍ കേള്‍ക്കു…ചിരിക്കാനുമുണ്ട്, നൊമ്പരപ്പെടാനുമുണ്ട്.
ഈ ജീവിത കഥ തുടങ്ങുന്നത് കോന്തുരുത്തിയിലെ കോളനിയില്‍ നിന്നാണ്. അവിടെയാണ് ജനനം. അച്ഛന്‍ കല്‍പ്പണിക്കാരനായിരുന്നു. അത്യധ്വാനിയായ പണിക്കാരന്‍. പോപ്‌സിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ഒറ്റയ്ക്ക് നിന്നു വേണമെങ്കില്‍ ഒരു കെട്ടിട്ടം കെട്ടിക്കളയും, പക്ഷേ, അതേ അവേശം തന്നെയായിരുന്നു കൗട്ടടിയുടെ(മദ്യപാനം) കാര്യത്തിലും! അമ്മ വീട്ടു പണിക്കുപോകും. രണ്ട് മക്കളാണ്. പോപ്‌സിനൊരു അനിയനുമുണ്ട്. കൂട്ടുകാരായി ദാരിദ്ര്യവും കഷ്ടപ്പാടുകളും. രാവിലെ സ്‌കൂളില്‍ പോകാന്‍ നേരത്ത് മിക്കവാറും ഒന്നും കഴിക്കാന്‍ കാണില്ല, തലേന്നത്തെ എന്തേലും തണുത്തതോ വളിച്ചതോ ഉണ്ടേല്‍ വാരി വായിലിട്ടിട്ട്് പോകും. ഉച്ചയ്ക്ക് വീട്ടിലേക്ക് ഓടിവരും. പണിക്കു പോണ വീട്ടീന്ന് അവര് കൊടുക്കണ ഭക്ഷണം അമ്മ കഴിക്കാതെ തങ്ങള്‍ക്കായി കൊണ്ടുവരുമെന്ന് അറിയാം. അത് ചേട്ടനും അനിയനും കൂടി തിന്നും. വിശപ്പടക്കലൊക്കെ ഇങ്ങനെയായിരുന്നു. സ്‌കൂളില്‍ പോണ കാര്യം പറഞ്ഞല്ലോ. പക്ഷേ പഠനം എട്ടാം ക്ലാസ് കൊണ്ട് നിര്‍ത്തി. പോപ്‌സ് സ്വയമെടുത്ത തീരുമാനം. അതിനു പറയുന്ന കാരണം, പിന്നീടുള്ള ജീവിതം, സിനിമ; അതിനെക്കുറിച്ചൊക്കെ ഇനി പോപ്‌സാണ് സംസാരിക്കുന്നത്.
ഡാന്‍സും ചങ്ക്‌സും
എങ്ങനെയാണെന്നറിയില്ല, മച്ചാ… കൊച്ചിലെ മുതല്‍ ഡാന്‍സ് ക്രെയ്‌സ് ആയിരുന്നു. വീടിനടുത്തൊരു ബെന്നി ചേട്ടനുണ്ടായിരുന്നു. ബ്രേക് ഡാന്‍സര്‍. പുള്ളിയൊക്കെ റിഹേസല്‍ ചെയ്യുന്നത് നോക്കി നിന്നു ചിലതൊക്കെ പഠിച്ചു. സതീഷ് അന്നു മുതലെ ഫ്രണ്ടാണ്(സതീഷ് കൊറിയോഗ്രഫറാണ്. കുമ്പളങ്ങി നൈറ്റ്‌സില്‍ അഭിനയിച്ചിട്ടുമുണ്ട്). പിന്നീട് സതീഷിന്റെ നേതൃത്വത്തില്‍ സ്‌കള്‍ ബീറ്റേഴ്‌സ് എന്ന ട്രൂപ്പ് തുടങ്ങിയപ്പോള്‍, ഡാന്‍സില്‍ എനിക്ക് ടച്ചുണ്ടെന്നറിയാവുന്നതുകൊണ്ട് വിളിച്ചു. അങ്ങനെ ട്രൂപ്പിന്റെ ഭാഗമായി. ഡാന്‍സ് കളിയും സ്‌കൂളിലെ പഠിത്തവും ഒരുമിച്ച് പോകില്ലെന്നു മനസിലായപ്പോള്‍ രണ്ടാമത്തെ കാര്യം ഞാനങ്ങ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. പക്ഷേ, വീട്ടുകാര്‍ വീണ്ടും എന്നെക്കൊണ്ടുപോയി പഠിക്കാന്‍ ചേര്‍ത്തു. സ്‌കൂളിലല്ല, കല്‍പ്പണിക്കാരുടെ കൂട്ടത്തിലും പെയിന്റ് പണിക്കാരുടെ കൂട്ടത്തിലുമൊക്കെ. സ്‌കൂളില്‍ പോയില്ലെങ്കില്‍ വേലയെടുത്ത് ജീവിക്കടാന്നു പറഞ്ഞ്. പക്ഷേ, ഡാന്‍സില്‍ ഒഴിച്ച് വേറെയെല്ലായിടത്തും ഞാന്‍ ഭയങ്കര ഒഴപ്പായിരുന്നു. ഡാന്‍സ് കൊണ്ട് രക്ഷപ്പെടും എന്നായിരുന്നു പ്രതീക്ഷ.
പക്ഷേ, പ്രതീക്ഷച്ചപോലെ അങ്ങനെയങ്ങ് രക്ഷപ്പെടാന്‍ പോകുന്നില്ലെന്നു പിന്നെ മനസിലായി. എങ്കിലും ഡാന്‍സ് ജീവന്‍ തന്നെയായിരുന്നു. ഇവിടെയിനി രക്ഷപ്പെട്ടില്ലെങ്കിലും വേണ്ട, ഇത് വിട്ടുകളയാന്‍ തോന്നിയില്ല. ഭാവിയെന്താകുമെന്ന പേടിയൊന്നും എനിക്കില്ലായിരുന്നു. എന്തിനാണ് പേടിക്കണത്. ഭാവിയെക്കുറിച്ച് ചിന്തിക്കണവര്‍ക്കല്ലേ പേടി. നമുക്ക് ബാക്ക് ഗ്രൗണ്ട് സെറ്റെപ്പ് എന്നു പറയാന്‍ ഒന്നുമില്ല. വിദ്യാഭ്യാസോം ഇല്ല. പിന്നെന്ത് കണ്ടിട്ടാണ് ഭാവിയെക്കുറിച്ച് ചിന്തിക്കണത്.
ഇല്ലായിരുന്നേ ഞാനൊക്കെ വല്ല ക്വട്ടേഷനുമായേനെ മച്ചാനേ
പക്ഷേ, ഒരുഘട്ടായപ്പോള്‍ ഡാന്‍സ് ഉപേക്ഷിച്ചു. മച്ചാന്മാര്‍ വിളിച്ചാലും പോകാതായി. വേറെ ചില കൂട്ടുകാരെയൊക്കെ കിട്ടി. അവര്‍ക്കൊപ്പം കൂടി. ആ കൂടല്‍ അത്ര ശരിയല്ലായിരുന്നു. കുറച്ചു നാള്‍ അങ്ങനെയൊക്കെ പോയി. ഇങ്ങനെപോയാല്‍ ലൈഫ് ശോകാമെന്നു മനസിലായപ്പോള്‍ എല്ലാം വിട്ടു. വീണ്ടും തിരിച്ചു ഡാന്‍സിലേക്ക് വന്നു. ഞങ്ങ പറഞ്ഞു വിട്ടതലല്ലാ, നീ പോയതല്ലേ…നീ വാട മച്ചാ എന്നു വിളിച്ചു കൂടെ നിര്‍ത്താന്‍ ചങ്കുകള്‍ ഉണ്ടായതുകൊണ്ട് വീണ്ടും ഡാന്‍സില്‍ സജീവമായി. എന്റെയീ ചങ്കുകള്‍ തന്നെയാണ് എന്റെ ജീവിതവും. പത്തിരുപത്തിയെട്ട് കൊല്ലായിട്ടും ഞങ്ങളൊക്കെ ബെസ്റ്റ് ഫ്രണ്ട്‌സ് തന്നെയാണ്. കൂട്ടുകാരന്മാര്‍ ഇല്ലായിരുന്നെങ്കില്‍ ഞാനില്ല. സ്‌നേഹം കൊടുത്ത് സ്‌നേഹം തിരിച്ചുവാങ്ങണ ടീംസാണ് ഞങ്ങള്‍.
കൂട്ടുകാരന്മാരും ഡാന്‍സും കാരണമാണ് ഞാനിപ്പോള്‍ ഇവിടെയിങ്ങനെയുള്ളത്. അല്ലാരുന്നേല്‍ പണ്ടേ നമ്മള്‍ വഴിതെറ്റിപ്പോയേനേ. വല്ല ക്വട്ടേഷനുമായേനേ. ഇവിടെയെങ്ങും കാണത്തുപോലുമില്ലായിരുന്നു. എത്ര ബുദ്ധിമുട്ട് വന്നാലും ഒരു പാട്ട് വച്ച് നാലഞ്ച് സ്റ്റെപ്പ് കളിക്കമ്പം എല്ലാം മറക്കും. ഡാന്‍സിനെക്കാള്‍ വലിയ ലഹരി വേറെയില്ല. അതുപോലെ നമ്മ്‌ടെ ചങ്ക് മച്ചാന്മാരെക്കാളും. നമ്മടെക്കെ ലൈഫ് വലിയ ഡാര്‍ക്ക് ആയിരുന്നേ…ഒറ്റപ്പെടലും ഇല്ലായ്മയും അവഗണനയുമൊക്കെയായി. വീട്ടിലൊന്നും വരാറില്ലായിരുന്നു. കൂട്ടുകാരന്മാര്‍ക്കൊപ്പം കൂടും. അവര്‌ടെ കൂടെ ഭക്ഷണം കഴിക്കും കിടന്നുറങ്ങും. അതല്ലാതെ വേറെന്ത് സന്തോഷം. അച്ഛന്‍ മരിച്ചു പോയി. അമ്മയും പോയി.
ജീവിതം ഇങ്ങനെ തട്ടിത്തെറിച്ച് പോകുന്നതിനിടയില്‍ പോപ്‌സ് ഒന്നു റൊമാന്റിക് ആയി. ആ കഥയിലേക്ക് കുമ്പളങ്ങി വഴി കയറി വരാം, എങ്കിലെ ഒരു ത്രില്‍ ഉള്ളൂ.
കുമ്പളങ്ങി ഡേ ആന്‍ഡ് നൈറ്റ്‌സ്
ഞാനൊരു കുമ്പളങ്ങിക്കാരനല്ല. അല്ലായെന്നു തീര്‍ത്തു പറയാനും പറ്റില്ല. കഴിഞ്ഞ എട്ടൊമ്പത് വര്‍ഷങ്ങളായിട്ട് കുമ്പളങ്ങിയും കുമ്പളങ്ങിക്കാരെയും എനിക്ക് ശരിക്കും അറിയാം. അവിടാരുന്നു ഞാന്‍. ഡാന്‍സ് തന്നെയാണ് അവിടേക്ക് എത്തിക്കുന്നതും. സതീഷിന്റെ പരിചയക്കാരനായിരുന്നു സജി നെപ്പോളിയന്‍. സജിയാശാന്‍ വഴിയാണ് സതീഷ് കലാഭവനില്‍ എത്തുന്നത്. ആ വഴിയിലൂടെ രണ്ടു വര്‍ഷത്തോളം ഞാനും കലാഭവനില്‍ ഉണ്ടായിരുന്നു. ബാക്ക് കളിക്കാന്‍ പോകും. കൊറിയോഗ്രാഫിയൊന്നും നമുക്ക് പറ്റില്ലല്ലോ! കലാഭവന്റെ മുന്നില്‍ വച്ചാണ് ഞാന്‍ വിനായകന്‍ ചേട്ടനെ ആദ്യമായി കാണുന്നത്. അന്ന് കാവി മുണ്ടൊക്കെ ഉടുത്ത് കൈയില്‍ രുദ്രാക്ഷമൊക്കെ കെട്ടി വേറൊരു ലൈവല്‍ ആണ്. പരിചയമൊന്നുമില്ല. മാത്രമല്ല, ഞങ്ങളൊക്കെ അന്ന് എതിരാളികളുമാണല്ലോ! വിനായകന്‍ ചേട്ടനെ പരിചയപ്പെടുന്നത് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. അത് പ്രത്യേകം പറയാം. സജിയാശാനുമായുള്ള പരിചയമാണ് സ്‌കള്‍ ബീറ്റേഴ്‌സ് ഡി കമ്പനിയായി മാറുന്നത്. എല്ലാവരും ഡി കമ്പനിയായി കഴിഞ്ഞപ്പോള്‍ കുമ്പളങ്ങിയിലും ഡാന്‍സ് ക്ലാസ് തുടങ്ങി. അങ്ങനെയാണ് കുമ്പളങ്ങിയുമായുള്ള ബന്ധം തുടങ്ങുന്നത്. ശ്യാമിനെ പരിചയപ്പെടുന്നതും അപ്പോഴാണ്. ശ്യാമപ്പോള്‍ ഈവന്റ് കമ്പനിയും പോസറ്റര്‍ ഡിസൈനിംഗുമൊക്കെയാണ്. ഡി കമ്പനിക്കു വേണ്ടി ശ്യാം പോസ്റ്റര്‍ ഡിസൈന്‍ ചെയ്യും. ആ പരിചയങ്ങളാണ് കുമ്പളങ്ങി നൈറ്റ്‌സില്‍ എത്തിക്കുന്നതും. ശരിക്കും എന്റെ ജീവിതം താങ്ങി നിര്‍ത്തിയ രണ്ട് നെടുംതൂണുകളാണ് സജിയും സതീഷും. ഒരു വീടുപോലെ ഞങ്ങള്‍ കഴിഞ്ഞു. അവരോടൊക്കെ എങ്ങനെ നന്ദി പറയാനാണ്.
മച്ചാനേ…സിനിമയിലേക്കൊരു വിളി
സിനിമയുടെ കാസ്റ്റിംഗ് നടക്കണ സമയം. സജി എന്നെ വിളിക്കുകയാണ്. എടാ, നമ്മ്‌ടെ ശ്യാം ഒരു സിനിമ ചെയ്യണുണ്ട്. നീ അതിന്റെ ഓഡീഷനൊന്നു പോണം. ഓഡീഷനെന്നൊക്കെ കേട്ടപ്പോള്‍ ആദ്യമെനിക്കൊരു സംശയമൊക്കെ തോന്നി. സജി പക്ഷേ നിര്‍ബന്ധിച്ചു. അങ്ങനെ നിര്‍ബന്ധിക്കാനൊരു കാര്യമുണ്ട്. എന്നോട് പറയേണ്ടെന്നു പറഞ്ഞു ശ്യാം സജിയോട് പറഞ്ഞ കാര്യം. പ്രശാന്ത് എന്ന കഥാപാത്രം എന്നെ കണ്ടാണ് ശ്യാം എഴുതിയത്. എന്റെ കഥകളൊക്കെ ശ്യാമിന് അറിയാം, പിന്നെ സജിയോടും മറ്റും ചോദിച്ചറിയുകയും ചെയ്തു. ഞാന്‍ തന്നെ ആ കഥാപാത്രം ചെയ്താല്‍ നന്നാകുമെന്നു ശ്യാം സജിയോട് പറഞ്ഞു. എനിക്കത് പറ്റില്ലെങ്കില്‍ മാത്രം വേറെയാരെയെങ്കിലും നോക്കാമെന്നായിരുന്നു. ഇത് സജിയെന്നോട് പറഞ്ഞു. നീ ചെയ്യെടാ…നീ പോയി നന്നായിട്ട് ചെയ്യടാ…എന്നു സജി പറഞ്ഞപ്പോള്‍ ഞാന്‍ പോയി.
പോത്തണ്ണന്റെ കലിപ്പ്
കുമ്പളങ്ങിയില്‍ വച്ചായിരുന്നു ഒഡീഷന്‍. മച്ചാനെ തകര്‍ക്കെന്നു പറഞ്ഞിട്ട് ശ്യാം മുകളിലേക്ക് പോയി. അസിസ്റ്റന്റ് ഡയറക്ടേഴ്‌സായിരുന്നു ഓഡീഷന്‍ നടത്തിയത്. ആദ്യം ചെയ്തു കാണിക്കാന്‍ പറഞ്ഞ സീന്‍ എന്നെ ഞെട്ടിച്ചു. ഒരു ഗ്യാങ്ങിലെ അംഗമാണ് ഞാന്‍. ഒരാഴ്ച്ചയോളം മാറി നിന്നിട്ട് ഞാന്‍ പിന്നെ കൂട്ടുകാരെ കാണാന്‍ എത്തുന്നത് കൂടെയൊരു പെണ്ണുമായിട്ടാണ്. ഈ വിവരം കൂട്ടുകാരോട് പറയുന്നതാണ് സീന്‍. വല്ല കലിപ്പ് സീനുമായിരുന്നെങ്കില്‍ തകര്‍ക്കായിരുന്നു. ഇതിപ്പം ഈ മുഖത്ത് റൊമാന്‍സൊക്കെ എങ്ങനെ വരാനാണ്! പക്ഷേ, ഞാന്‍ ചെയ്തു. അതവര്‍ക്ക് ഇഷ്ടാവുകയും ചെയ്തു. പിന്നെയൊരു കലിപ്പ് സീന്‍ കൂടി ചെയ്തു കാണിച്ചു. നന്നായി ചെയ്‌തെന്നു അസിസ്റ്റന്‍സ് ശ്യാമിനോടും പറഞ്ഞു. വിളിക്കാമെന്നു പറഞ്ഞു വിട്ടു. പിന്നെ വിളിക്കുന്നത് അസോസിയേറ്റ് ഡയറക്ടര്‍ രഞ്ജിത്താണ്. സിനിമയില്‍ ഷെയ്‌ന്റെ കഥാപാത്രം കമ്പനിയില്‍ ജോലിക്കു പോകുമ്പോള്‍ ചാടിച്ചാടി നിന്നു ജോലിയെടുക്കാന്‍ പറയുന്ന കഥാപാത്രമില്ലേ, അതാണ് രഞ്ജിത്ത്. മച്ചാനെ ഒരു ഒഡീഷന്‍ കൂടിയുണ്ടല്ലോ മച്ചാന്‍ വരണം എന്നായിരുന്നു രഞ്ജിത്ത് വിളിച്ചു പറഞ്ഞത്. അത് കേതാരത്തില്‍ വച്ചായിരുന്നു. മച്ചാനെ പോത്തണ്ണനുണ്ട്. നീ ഒന്നു കൂടി പെര്‍ഫോം ചെയ്യണം, ശ്യാം പറഞ്ഞു. പോത്തണ്ണനെ കൂടാതെ ശ്യാമും മധു ചേട്ടനും ഉണ്ണിമായയുമൊക്കെയുണ്ട്. നിന്റെ വൈഫിനെ ചിലര്‍ കബൂറാക്കാന്‍ നോക്കുമ്പോള്‍ നീ അവര്‍ക്ക് വാണിംഗ് കൊടുക്കണതാണ് സീന്‍, ചെയ്ത് കാണിക്കാന്‍ പോത്തണ്ണന്‍ പറഞ്ഞു. പുള്ളിയത് പറയുന്നതേ കലിപ്പിലാണ്. ഞാന്‍ ചെയ്ത് കാണിച്ചപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടായി. നന്നായി ചെയ്‌തെന്നു പോത്തണ്ണനും പറഞ്ഞു. പേടിക്കേന്നും വേണ്ട, ഞങ്ങളൊക്കയുണ്ടെന്നു പറഞ്ഞ് സമാധാനിപ്പിച്ച് ധൈര്യം തന്നു. ശ്യാമിനും സന്തോഷായി. മച്ചാനെ പൊളിക്കണമെന്നു ശ്യാം, പൊളിക്കാം മച്ചാനേന്നും ഞാനും. അതു കഴിഞ്ഞിട്ടും പ്രതീക്ഷയുണ്ടെങ്കില്‍ കൂടി വേഷം കിട്ടുമോയെന്ന സംശയവുമുണ്ട്. വേണമെങ്കില്‍ എന്നെ ഒഴിവാക്കാല്ലോ. പക്ഷേ, വിഗ് റെഡിയാക്കാന്‍ തലയുടെ അളവ് വേണമെന്നു പറഞ്ഞു വിളിച്ചപ്പോഴാണ് ഉറപ്പായത്. ലൊക്കേഷനില്‍ വന്നപ്പോള്‍ ശ്യാം പറഞ്ഞത്, താന്‍ അഭിനയിക്കയൊന്നും വേണ്ട, എങ്ങനാണോ താന്‍ അങ്ങനെയങ്ങ് പെരുമാറിയാല്‍ മതിയെന്നാണ്. എന്നിട്ടും ഞാന്‍ ശ്യാമിനെ ഒന്നു പേടിപ്പിച്ചു.
മച്ചാനേ… ഇത് കബൂറായാല്‍ താനും തോക്കും ഞാനും തോക്കും
അതാ ബാറിലെ സീനാണ്. ആ സീന്‍ ഞാന്‍ ചെയ്യുമോ അതോ വലിപ്പിക്കുമോ എന്നൊരു പേടി ശ്യാമിനുണ്ടായിരുന്നു. എടോ ഇത് കബൂറായാല്‍ താനും തോക്കും ഞാനും തോക്കും. തന്നെ എടുത്തത് അബദ്ധായോന്നു ചോദിക്കും. ശ്യാം പറഞ്ഞ കേട്ടപ്പം ഞാനും ടെന്‍ഷനായി. ബാര്‍ സീന്‍ എന്നു പറഞ്ഞപ്പോല്‍ വല്ല തല്ലുപിടിയായിരിക്കുമെന്നാണ് കരുതിയത്. മുഖത്ത് ഭാവമൊക്കെ വരുത്തി ചെയ്യേണ്ട സീരിയസ് സീന്‍ ആണെന്നു അപ്പോഴല്ലേ മനസിലായത്. പക്ഷേ, മൂന്നാമത്തെ ടേക്കില്‍ ഒക്കെയാക്കി. ആദ്യമായി എനിക്ക് സെറ്റില്‍ നിന്നും ക്ലാപ്പടി കിട്ടി. അടിപൊളിയായി പോപ്‌സേന്നു മധൂ ചേട്ടനും പറഞ്ഞു. അതാണവര്‍. എല്ലാവരേയും പ്രോത്സാഹിപ്പിക്കും. നമ്മളെക്കൊണ്ട് ചെയ്യിപ്പിക്കും. കൂടെ ചേര്‍ത്തു നിര്‍ത്തും. അവരുടെ വിജയവും അതാണ്. ഒറ്റക്കെട്ടാണ്. എല്ലായിടത്തും അങ്ങനെയല്ല. ക്യാമാറ ചെയ്ത ഷെജു ചേട്ടനൊക്കെ കൂട്ടുകാരനെ പോലെയാണ് കണ്ടത്.
ആക്ച്വലി കുമ്പളങ്ങി എന്റെ ആദ്യ സിനിമയല്ല
കുമ്പളങ്ങി നൈറ്റ്‌സ് എന്റെ ആദ്യ സിനിമയല്ല. ഞാനിതിനു മുമ്പ് മൂന്നു സിനിമയില്‍ മുഖം കാണിച്ചിട്ടുണ്ട്. മുഖം മാത്രം, ഒരക്ഷരം മിണ്ടീട്ടില്ല. ഏഷ്യാനെറ്റ് പ്ലസില്‍ ഒരു ഡാന്‍സ് പ്രോഗാമിന്റെ ജഡ്ജായി ലാല്‍ ജോസ് സാര്‍ വന്നിരുന്നു. അന്ന് ഞങ്ങളെല്ലാവരും മുടി വളര്‍ത്തിയിട്ടുണ്ട്. സാര്‍ മുല്ല സിനിമ ചെയ്യാന്‍ പോണ സമയമാണ്. സജിയേയും മൈക്കിളിനേയും വിളിച്ച കൂട്ടത്തില്‍ എന്നേയും സാര്‍ മുല്ലയിലേക്ക് വിളിച്ചു. കാരക്കോട് കോളനി കാണിക്കുന്നത് എന്റെ മുഖത്തു നിന്നാണ്. ഒരു മിന്നലുപോലെ വന്നു പോകുന്നു. പിന്നെ ചെയ്യണത് ഇയ്യോബിന്റെ പുസ്തകമാണ്. വിനായകന്‍ ചേട്ടന്റെ കൂടെ നില്‍ക്കണത്. ഒന്നു രണ്ടു സീനിലുണ്ട്. പക്ഷേ ഡയലോഗ് ഒന്നുമില്ല. വിനായകന്‍ ചേട്ടനെ പരിചയപ്പെടണത് അവിടെ വച്ചാണ്. നേരത്തെ ഡാന്‍സ് സ്‌കൂളിലെ പിള്ളേര് പറയുമായിരുന്നു എനിക്ക് വിനായകന്‍ ചേട്ടന്റെ കട്ട് ഉണ്ടെന്നു. ഞാനിക്കാര്യം പറഞ്ഞപ്പോള്‍, ഒന്നു പോയെടാ.. നീ എന്നെപ്പോലെയോ എന്നു പറഞ്ഞ് ഓടിക്കയാര്ന്നു. തമാശയ്ക്കാണ് കേട്ട… പിന്നൊരു തമിഴ് സിനിമയിലും മുഖം കാണിച്ചു. ബോബി സിംഹ നായകനായ ഉറുമീന്‍. ബ്രിട്ടീഷുകാരടെ കാലത്തെ കഥയാണ്. അതിലൊരു ട്രൈബായിട്ട്…
ജീവിതത്തില്‍ ആദ്യമായി സ്യൂട്ട് ഇട്ടപ്പോള്‍
ജീവിതത്തില്‍ ആദ്യായിട്ട് ഞാനൊരു വെല്‍ ഡ്രസ് ഇടണത് കുമ്പളങ്ങിയുടെ ഷൂട്ടിംഗില്‍ ആണ്. ആ സിനിമയില്‍ ഏറ്റവും നല്ല ഡ്രസ് ഇടണതും ഞാന്‍ മാത്രമാണ്! കല്യാണ സീനില്‍ ഞാന്‍ സ്യൂട്ട് അല്ലേ ഇട്ടിരിക്കണത്! ഡാന്‍സിനൊക്കെ ചിലപ്പോള്‍ ഓവര്‍ കോട്ടുപോലെ എന്തെങ്കിലും ഇട്ടിട്ടുള്ളതല്ലാതെ നമുക്കെവിടുന്നാണ് അത്തരം ഡ്രസൊക്കെ ഇടാന്‍ പറ്റണത്. വല്ല കാലത്തൊക്കെയാണ് കൊച്ചിലെ ഒരു പുതിയ ഉടുപ്പ് തന്നെ കിട്ടിയിരുന്നത്. മൂട്ടില്‍ തുളയുള്ള നിക്കറൊക്കെയിട്ടല്ലേ നമ്മള് വളര്‍ന്നത്. ആ ഞാനാണ് സ്യൂട്ടില്‍! മൂന്ന് സ്യൂട്ട് ആണ് എനിക്ക് വേണ്ടി കൊണ്ടുവന്നത്. ആദ്യത്തേത് ഇട്ടപ്പോള്‍ എന്നെ പെട്ടിയടിച്ച് കൂട്ടിയപോലെയായിരുന്നു. രണ്ടാമത്തേത് ഇട്ട് കണ്ടപ്പോള്‍ വെയ്റ്ററെ പോലെയുണ്ടെന്നാണ് ഷൈജു ചേട്ടന്‍ പറഞ്ഞത്. മൂന്നും വേണ്ട, ഇവന്റെ അളവ് എടുത്ത് സ്യൂട്ട് പുതിയത് തയ്പ്പിക്കാന്‍ ശ്യാം പറഞ്ഞു. എന്റെ അളവിന് തയ്പ്പിച്ച സ്യൂട്ടാണ് ആ സീനില്‍ ഞാനിട്ടിരിക്കുന്നത്. സത്യം പറഞ്ഞാല്‍ കണ്ണ് നിറഞ്ഞുപോയി.
ഷെയ്ന്‍ നമ്മടെ പഴയ മച്ചാനല്ലേ…
ഷെയ്‌നെ എനിക്ക് നേരത്തെ അറിയാം. കുമ്പളങ്ങിയിലെ ഡാന്‍സ് ക്ലാസില്‍ ഷെയ്ന്‍ പഠിക്കാന്‍ വന്നിട്ടുണ്ട്. ഹീറോയൊക്കെ ആകണതിനു മുന്നെയാണ്. പക്ഷേ ഇപ്പോഴും ആ സ്‌നേഹം ഷെയ്‌നുണ്ടായിരുന്നു. ഡ്യൂഡേ..മച്ചാനെ എന്നൊക്കെ വിളിച്ച് നമ്മളെ കൂടെ നിര്‍ത്തും. അവര്‍ക്കൊക്കെ വേണമെങ്കില്‍ എന്നെ മൈന്‍ഡ് ചെയ്യാതെ പോകാം. പക്ഷേ അവര് അത് ചെയ്യൂലാ…ശ്യാമിന് തന്നെ എന്നെ ഓര്‍ക്കേണ്ടതും വിളിക്കേണ്ടതും ഉണ്ടായിരുന്നോ… അതാണ് ഫ്രണ്ട്ഷിപ്പ്.
ടെക്‌നിക്ക് പറഞ്ഞു തന്ന സൗബിനിക്ക
സൗബിനിക്കയായിട്ട് സീനൊന്നും ഇല്ലായിരുന്നെങ്കിലും പുള്ളീടേം നല്ല മനസ് കാണാന്‍ ചാന്‍സ് കിട്ടി. എന്റെ സീന് എടുക്കുമ്പം പലപ്പോഴും ഷെയ്‌ന്റെ പിറകില്‍ പോകും. സൗബിനിക്കയാണ് പറഞ്ഞു തന്നത്, നീ അങ്ങനെ മറഞ്ഞു നിന്നാല്‍ ക്യാമറയില്‍ കിട്ടില്ല, ലെന്‍സ് നോക്കി നമ്മളെ കാണാന്‍ പറ്റണുണ്ടോയെന്നു നോക്കിവേണം ചെയ്യാനെന്ന്. നമുക്ക് ഈ ടെക്‌നിക്കൊന്നും അറിയത്തില്ലായിരുന്നല്ലാ.. ഡാന്‍സ് കളിച്ചു നടക്കുമ്പോള്‍ പോലും സിനിമയില്‍ വരണമെന്നു സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടില്ല. നമ്മളൊക്കെ സിനിമേല്‍ വന്നിട്ട് എന്തിനാണെന്നായിരുന്നു!
ശരിക്കും കരഞ്ഞുപോയി ബ്രോ…
വരാപ്പുഴയിലെ എം സിനിമാസില്‍ എല്ലാവര്‍ക്കുമൊപ്പാണ് സിനിമ കണ്ടത്. നമ്മക്ക് കൈയടിയക്കെ കിട്ടണത് കേട്ടപ്പോള്‍ ഞാന്‍ വേറെയേതോ ലോകത്തേക്ക് പോയി. ഇന്റര്‍വെല്ലിന് പുറത്തിറങ്ങിയപ്പോള്‍ കുറെ പിള്ളേര്‍ ചുറ്റും കൂടി…സെല്‍ഫിയെടുക്കലും കൈ തരലും കെട്ടിപ്പിടിക്കലുമൊക്കെ..ഞാനാകാതെ പൂത്തുകോരിപ്പോയി. കണ്ണ് നിറഞ്ഞു. മധു ചേട്ടന്‍ അത് കണ്ടു. എന്താ പോപ്‌സേ കരയാണോ എന്നു ചോദിച്ചു. സന്തോഷം കൊണ്ടാണെന്നു പറഞ്ഞപ്പോള്‍, കഷ്ടപ്പെട്ട് ചെയ്തതിനു കണ്ണുനിറഞ്ഞ് തന്നെ സന്തോഷിക്കണം പോപ്‌സേ എന്നാണ് മധു ചേട്ടന്‍ പറഞ്ഞത്. എന്റെ ഭാര്യേം പിള്ളേര്‌ടേം സന്തോഷം കണ്ടപ്പോഴും ഞാന്‍ കരഞ്ഞുപോയി. അച്ചന്‍ പൊളിച്ചെന്നാണ് എന്റെ മകള് പറഞ്ഞത്. ഇതൊക്കെ കേള്‍ക്കണതിലും കാണണതിലും വലുതായി വേറെന്താണ് ബ്രോ നമ്മടേക്കെ ജീവിതത്തില്‍ വേണ്ടത്!
ഇനിയാണ് ഇടയ്ക്ക് പറഞ്ഞ ആ റൊമാന്‍സ് കഥ പോപ്‌സ് പറയുന്നത്…
പ്രശാന്ത് ഞാന്‍ തന്നെയാണ്, അതെന്റെ സ്വന്തം ലൗവ് സ്‌റ്റോറിയാണ് ബ്രോ!
സിനിമയിലെ പ്രശാന്ത് എന്ന കഥാപാത്രം എന്നെ കണ്ടാണ് ശ്യാം എഴുതിയതെന്നു പറഞ്ഞല്ലോ…എന്റെ ജീവിതം തന്നെയാണത്. 2010 ലാണ് നില്‍സണ്‍ കണ്ണമാലി ചെയ്ത അയ്യപ്പ ഭക്തിഗാനത്തിനായി പാലക്കാട് പോകുന്നത്. സജിയും സതീഷുമൊക്കെയാണ് കൊറിയോഗ്രഫി ചെയ്യുന്നത്. ആകൂടെയാണ് ഞാനും പോകുന്നത്. അന്ന് ഷൂട്ടിംഗ് കാണാന്‍ വന്നവരടെ കൂട്ടത്തില്‍ മഞ്ജുവും ഉണ്ടായിരുന്നു. മഞ്ജൂന്റെ ചേച്ചീടെ കുഞ്ഞിനെ ഡാന്‍സ് പഠിപ്പിക്കുമോയെന്ന് ചോദിച്ചാണ് അവള്‍ സതീഷിനെ പരിചയപ്പെടണതും ഫോണ്‍ നമ്പര്‍ കൊടുക്കുന്നതും. ആ നമ്പര്‍ ഞാന്‍ വാങ്ങിച്ച് വിളിച്ചു. ഒന്നെറിഞ്ഞു നോക്കാന്നു വിചാരിച്ച് ഇഷ്ടാണെന്നു ഞാനങ്ങോട്ട് പറഞ്ഞു. നോ പറഞ്ഞില്ല. പിന്നെ ഫോണ്‍ വിളിയായി. രണ്ടു മൂന്നു തവണ നേരില്‍ കണ്ടു. ഫോണ്‍ വിളി വീട്ടില്‍ പിടിച്ചു. ചേച്ചീടെ ഭര്‍ത്താവ് കലിപ്പായി. വിളിച്ചോണ്ട് പോണോന്നു അവള്‍ പറഞ്ഞപ്പോഴാണ് ഞാനും ശരിക്കും സീരിയസായത്. എനിക്ക് വലിയ വീടൊക്കെയുണ്ടെന്നായിരുന്നു തള്ളിവച്ചിരുന്നത്. കാര്യത്തോട് അടുത്തപ്പോഴാണ് സത്യം പറഞ്ഞത്. വീടൊന്നൊക്കെ പറഞ്ഞാല്‍ ശോകാണെന്നു പറഞ്ഞപ്പോള്‍ അവള്‍ തിരിച്ചു പറഞ്ഞത്. എന്നെ മര്യാദയ്ക്ക് നോക്കിയാ മതി, മൂന്നു നേരം എന്തേലും തിന്നാന്‍ തന്നാ മതീന്നാ… മഞ്ജൂന്റെ കാര്യം ഞാന്‍ വീട്ടില്‍ പറഞ്ഞു. വിളിച്ചോണ്ടു വരികയാണെന്നു പറഞ്ഞപ്പം വീട്ടുകാര്‍ക്ക് എന്നെ ഒറ്റയ്ക്ക വിടാന്‍ പേടി. അങ്ങനെ ഞാനും അച്ഛന്റെ ഒരു പെങ്ങളും അമ്മേം കൂടി പാലക്കാട് പോയി. മഞ്ജൂനോട് റെഡിയായി വരാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെ അവളേം വിളിച്ചോണ്ടു പോന്നു. വീട്ടുകാരുമായി പോയി ഒരു തട്ടിക്കൊണ്ടു പോരല്‍. ഇപ്പം അവള്‌ടെ വീട്ടുകാരുമൊക്കെയായി ടേംസിലാണ്.
ബാഹ്യഭംഗിയിലൊന്നും ഒരു കാര്യോമില്ല മച്ചാനേ…
ശരിക്കും മഞ്ജു വന്നതോടെയാണ് ഞാന്‍ ജീവിക്കാന്‍ തുടങ്ങിയത്. അതിനു മുമ്പ് വീട്ടില്‍പോലും വരില്ലായിരുന്നു. കൂട്ടുകാരുടെ കൂടെ എവിടെയെങ്കിലും കൂടും. കല്യാണം കഴിഞ്ഞിട്ട് ഡാന്‍സിന് അധികം പോയില്ല. ജീവിക്കണ്ടേ… പരിപാടിക്ക് പോയാല്‍ വലിയ മെച്ചമൊന്നും ഇല്ല. മാത്രമല്ല, റിഹേഴ്‌സിലിനു വേണ്ടി കുറെ ദിവസം നില്‍ക്കണം. പണിക്കു പോയില്ലെങ്കില്‍ വീടു മുന്നോട്ടു പോകില്ല. എല്ലാ പണിക്കും പോകാന്‍ തുടങ്ങി. കല്‍പ്പണിയും പെയിന്റിംഗും എല്ലാം. കല്യാണം കഴിച്ചിട്ട് ആന്റീടെ വീട്ടിലാണ് കുറെ നാള്‍ തങ്ങിയത്. പിന്നെയാണ് ഈ വീട്ടിലേക്ക് പോന്നത്. ഇത് കുടുംബാണ്. പക്ഷേ, ഇതിന് പട്ടയോന്നുമില്ല. അത് ഒരു കൊച്ചാപ്പന്‍ പണ്ട് കൗട്ട് അടിക്കാന്‍ വേണ്ടി എവിടെയോ കൊണ്ടുപോയി പണയം വച്ചതാണ്. ഞാനൊക്കെ കൊച്ചായിരിക്കുമ്പോഴാണേ..പക്ഷേ എവിടെയാണ് കൊടുത്തതെന്നു പുള്ളി മറന്നുപോയി. എന്റെ കുഞ്ഞുങ്ങള് വേറെ വീടൊക്കെ കാണുമ്പം ഇപ്പോള്‍ പറയണത് നമുക്കും ഒരു ടെറസുള്ള വീട് വേണം അച്ചാന്നാണ്. എങ്ങനയെങ്കിലും ഒരെണ്ണം ഉണ്ടാക്കണം. കൊച്ചുങ്ങളും മഞ്ജുവുമാണ് എനിക്കെല്ലാം. ഞാന്‍ അനുഭവിച്ചത് എന്റെ പിള്ളേര് അനുഭവിക്കരുത്. അതുങ്ങള്‍ക്ക് നല്ലൊരു ജീവിതം വേണം. നല്ല വീട് വേണം. പഠിത്തം വേണം. ഡ്രസ് വേണം. അതുപോലെ മഞ്ജൂനേം ഇനി നല്ലോണം നോക്കണം. കുറെ കഷ്ടപ്പെട്ടതാണ്. എന്റെകൂടെ നടക്കണ കാണുമ്പം അവളെ കളിയാക്കിയിട്ടുണ്ട്. എന്തേലും കുഴപ്പം ആ പെണ്ണിനു കാണും അല്ലേല്‍ അവനെ കെട്ടുമോന്നൊക്കെ ആളുകള്‍ ചോദിച്ചിട്ടുണ്ട്. എനിക്കവളെ എവിടേലും കൊണ്ടുപോകാന്‍ തന്നെ പേടിയാരുന്നു. ഈ ബന്ധം അധികാലമൊന്നും പോകില്ല, അവള് പോകുമെന്നു പലരും പറഞ്ഞു. വീടൊന്നും ഇല്ലാരുന്നല്ലാ…അപ്പോള്‍ എന്റെ ബന്ധുക്കള് തന്നെ അവളോട് അവള്‌ടെ വീട്ടിപ്പോയി നില്‍ക്കാന്‍ പറഞ്ഞിട്ടുണ്ട്. സുരാജ് ചേട്ടന്റെ കൂടെ ജീവിക്കാനാണ് ഞാന്‍ വന്നത്. ചേട്ടന്‍ എവിടെയാണോ അവിടെ ഞാനും എന്നാണ് അവള് പറഞ്ഞത്. ഇപ്പം ഒമ്പത് വര്‍ഷം കഴിഞ്ഞു. അവളാണ് എന്റെ ശക്തി.
നമ്മളിപ്പഴും പെയിന്റ് പണിക്കാരനാണ് ഡ്യൂഡേ…
അവള് പറയണതെല്ലാം കേള്‍ക്കാന്‍ പറ്റാറില്ല. പ്രധാന പരാതി ഞാന്‍ കുഞ്ഞുങ്ങളേം കുടുംബത്തേക്കാളും വലുതായി കൂട്ടുകാരെ കാണണെന്നാണ്. അതു ശരിയുമാണ്. പൈസയൊന്നും സൂക്ഷിക്കാന്‍ എനിക്കറിയില്ല. പണിക്കാശ് പോലും ചോദിച്ചു വാങ്ങാന്‍ അറിയില്ല. തന്നാല്‍ വാങ്ങും. ആ സിനിമേല്‍ ഞാന്‍ ഞാന്‍ പണിക്ക് പോകാന്‍പോണെയാണെന്ന് ഷെയ്‌നോട് പറയുന്നതുപോലെ ഒരു നൂറു തവണയെങ്കിലും മഞ്ജൂനോടു പറഞ്ഞിട്ടുണ്ട്. ഷെയ്‌ന് പണിക്കുപോകാന്‍ മടിയാണല്ലാ..അതുപോലെയായിരുന്നു ഞാനും. എവിടെ പോയാലും നിക്കത്തില്ല. എന്റെയൊരു സീന്‍ കട്ട് ചെയ്തിട്ടുണ്ട്. കല്യാണം കഴിഞ്ഞ് ഞാന്‍ പെയിന്റ് പണിക്കണ പോണ സീനാണ്. അവിടെ ഷെയ്ന്‍ എന്നെ കാണാന്‍ വരും. ഞാനാണവനോട് കമ്പനിയില്‍ ജോലിക്കു പോകാന്‍ പറയണത്. പണിക്കു പോകാനോ എന്നാണ് അപ്പോള്‍ അവനെന്നോട് ചോദിക്കുന്നത്. അത് ഞാനും പലവട്ടം ചോദിച്ചിട്ടുള്ളതാണ്. പക്ഷേ ഇപ്പം നമ്മ അങ്ങനെയല്ല കേട്ടാ…പണിക്കു പോണുണ്ട്. ബോറടിക്കുമ്പോള്‍ ഒരു പാട്ടങ്ങോട്ട് കേള്‍ക്കും. പാട്ടുംകേട്ടോണ്ടാണ് ഞാനിപ്പഴും പണിയെടുക്കണത്.
ആഗ്രഹങ്ങളോ…പറയട്ടേ!
ഷൂട്ടിംഗ് കഴിഞ്ഞപ്പം ശ്യാം എന്നോട് പറഞ്ഞത് മച്ചാനെ ഇനി പെയിന്റ് പണിക്കൊന്നും പോകേണ്ടി വരില്ലെന്നാണ്. ഞാന്‍ പക്ഷേ, ഷൂട്ടിംഗ് കഴിഞ്ഞതിന്റെ പിറ്റേന്നു തൊട്ട് പണിക്കു പോയി തുടങ്ങി. സിനിമയില്‍ പിടിച്ചു നിക്കാന്‍ പറ്റിയാല്‍ ഭാഗ്യം. സിനിമ ചെയ്യണോന്ന് ആഗ്രമുണ്ട്. കിട്ടിയാലല്ലേ പറ്റൂ. ഞാനായിട്ട് ഉഴപ്പില്ല. രക്ഷപ്പെടണെങ്കില്‍ രക്ഷപ്പെടട്ടേ. അല്ലേല്‍ ഇപ്പം ചെയ്യണതൊക്കെയായി അങ്ങ് പോകും.
ഇപ്പം മനസിലുള്ള ആഗ്രഹം കുമ്പളങ്ങി നൈറ്റ്‌സ് ഒരു ലോക്കല്‍ തിയേറ്ററില്‍ പോയി ഒന്നൂടെ കാണണം എന്നാണ്. മള്‍ട്ടിപ്ലെക്‌സിലൊക്കെ മസില് പിടിച്ച് ഇരുന്നാണ് സിനിമ കാണണത്. ഈ സിനിമയൊക്കെ ഫുള്‍ എന്‍ജോയ് ചെയ്ത് തന്നെ കാണണം… അതാണ് ത്രില്ല്. ഇത്രോക്കെയുള്ളൂ മച്ചാനെ നമ്മ്‌ടെ ആഗ്രഹങ്ങള്‍…
ആ പിന്നെ ഒരാഗ്രഹം വേറെയുണ്ട്. അത് നമ്മ്‌ടെ തലതൊട്ടപ്പന്റെ കൂടെ നിന്നൊരു ഫോട്ടോയാണ്. തലതൊട്ടപ്പനെന്നു വച്ചാല്‍ ഡാന്‍സിന്റെ. പ്രഭുദേവ. കാതലിനിലെ പുള്ളീടെ പെര്‍ഫോമന്‍സ് കണ്ട് തലയില്‍ കയറിയ ക്രെയ്‌സ് ആണ്. കൊടും ഡാന്‍സറല്ലേ…എന്നെങ്കിലും ഒരുമിച്ച് നിന്നൊരു ഫോട്ടോ എടുക്കണം. മഴവില്‍ മനോരമയിലെ ഡാന്‍സ് പ്രോഗ്രാമില്‍ പുള്ളി വരുമെന്നു പറഞ്ഞപ്പോള്‍ കാത്തിരുന്നതാ..പക്ഷേ വന്നില്ല…പുള്ളൂടെ കൂടെ അഭിനയിക്കണമെന്ന മോഹമൊന്നുമില്ല. അതൊക്കെ നടന്നാല്‍ ദൈവഭാഗ്യം. ഒരുമിച്ചു നിന്നൊരു ഫോട്ടോ മതി…നമ്മള് ഹാപ്പി…