UPDATES

ബ്ലോഗ്

കുമ്പളങ്ങിയിലെ നെപ്പോളിയന്റെ മക്കളുടെ വീട്; ഇക്കാലത്തിനിടയില്‍ മലയാള സിനിമയില്‍ കണ്ടിട്ടില്ല ഇതുപോലെ ജെനുവിനായൊരു വീട്

കുമ്പളങ്ങി നൈറ്റ്‌സില്‍ രണ്ട് വീടുകളുണ്ട്. നെപ്പോളിയന്റെ മക്കളുടെ വീടും പിന്നെ ഷമ്മിയുടെയും. രണ്ടാമത്തെ മട്ടിലുള്ള വീടുകളാണ് സമൂഹത്തില്‍ കൂടുതല്‍.

ഫ്രാങ്കീ… കൂട്ടുകാര്‍ വീട്ടിലേക്ക് വരുമെന്നു പറഞ്ഞപ്പോള്‍ പേടിച്ച നിന്റെ മനസ്, കള്ളം പറഞ്ഞ് അവരെ ഒഴിവാക്കിയശേഷമുള്ള നിന്റെ മുഖഭാവം; നെപ്പോളിയന്റെ മക്കളുടെ ആ വീട് നിന്നില്‍ നിന്നും മനസിലാക്കി തുടങ്ങിയപ്പോള്‍ ഉണ്ടായ പൊള്ളലിന്റെ നീറ്റലാണ് കുമ്പളങ്ങി നൈറ്റ്‌സ്. ഒത്തിരി ചിരിച്ചു, കണ്ണു നനഞ്ഞു, സന്തോഷത്തോടെ തന്നെയാണു തിയേറ്റര്‍ വിട്ടിറങ്ങിയതെങ്കിലും, ആ നീറ്റല്‍ അതിപ്പോഴുമുണ്ട്. നിന്നെപ്പോലെ തന്നെ ഓരോരോ കാലത്തും കൂടെപ്പഠിച്ചവര്‍ ഉള്‍പ്പെടെയുള്ള കൂട്ടുകാരെ വീട്ടിലേക്ക് കൊണ്ടു വരാതിരിക്കാന്‍ എത്രയെത്ര കള്ളം പറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളില്‍ പോകുമ്പോള്‍ സ്വന്തം വീടിനെക്കുറിച്ച് ഓര്‍ത്ത് എത്രത്തോളം വേദനിച്ചിട്ടുണ്ട്, നിരാശപ്പെട്ടിട്ടുണ്ട്, അരിശപ്പെട്ടിട്ടുണ്ട്…

മലയാളത്തില്‍ വീട് കേന്ദ്രമാകുന്ന കുടുംബകഥകള്‍ നിരവധി ഉണ്ടായിട്ടുണ്ട്. എംടിയും ലോഹിതദാസും വീടെന്ന വൈകാരിതയെ എത്ര തവണ പ്രേക്ഷകന്റെ ഹൃദയത്തില്‍ തൊട്ട് വരച്ചിട്ടിരിക്കുന്നു. മാറിയ കാലത്തില്‍ സിനിമയും ആ മാറ്റത്തിന് അനുസൃതമായി വീട്ടില്‍ നിന്നും ഫ്ലാറ്റുകളിലേക്ക് താമസം മാറ്റി. കുടുംബ സിനിമകളെന്നു പറയാന്‍ ഒന്നില്ലാതെയായി. ഗ്രാമീണതയുടെ അറുബോറന്‍ രംഗപടം ഒരുക്കി വന്നുപോകുന്ന സിനിമകള്‍ ഉണ്ടാകുന്നില്ലെന്നല്ല. അതൊരു സേഫ് റൂട്ട് ആണെന്നു വിശ്വസിക്കുന്ന ചിലര്‍ ഇപ്പോഴുമുണ്ട്! അവര്‍ നന്മ മര സംരക്ഷണ കേന്ദ്രങ്ങളാക്കിയാണ് വീടുകള്‍ നിര്‍മിക്കുന്നത്.

നെപ്പോളിയന്റെ മക്കളുടെ വീട് അങ്ങനെയല്ല. അതൊരു വ്യാജ നിര്‍മിതിയല്ല. സിമന്റ് പൂശാത്ത, ചുവന്നിഷ്ടിക ചുമരുകളും വാതില്‍പ്പാളികളികളുടെ അടച്ചുറപ്പിനു പകരം കാറ്റിലുയര്‍ന്നിപ്പൊങ്ങിപ്പോകുന്ന സാരിയും യാഥാര്‍ത്ഥ്യങ്ങളാണ്. അതിനുള്ളില്‍ താമസിക്കുന്നവരാണ് സജിയും ബോണിയും ബോബിയും ഫ്രാങ്കിയും. ഗര്‍ഭത്തില്‍ നിന്നും പുറത്തു വരുന്ന ലാവയായി മനുഷ്യനെ കാണാമെങ്കില്‍, അതിനൊരു രൂപം കൊടുക്കുന്നത് അവന്റെ/അവളുടെ വീടാണ്; അതൊരു തീട്ടപ്പറമ്പിന് അടുത്താണെങ്കില്‍ പോലും!

ഇക്കാലത്തിനിടയില്‍ കണ്ട സിനിമകളിലെല്ലാം വച്ച് ഏറ്റവും ജെനുവിന്‍ ആയൊരു വീട് എന്നു തന്നെ നെപ്പോളിയന്റെ വീടിനെ കുറിച്ച് പറയേണ്ടത്, അതെന്റെയും കൂടിയായതുകൊണ്ടാണ്, എന്നെപ്പോലെയുള്ളവരുടെ വീടായതുകൊണ്ടാണ്. നിസ്സഹായതയുടെ, നഷ്ടങ്ങളുടെ, നിരാശയയുടെ പ്രതികരണങ്ങളാണ് ആ വീട്ടില്‍ ഉണ്ടാകുന്നത്. സജിക്കും ബോണിക്കും ബോബിക്കും ഫ്രാങ്കിക്കും ഇടയില്‍ ബന്ധങ്ങളില്ലെന്നു പറയാന്‍ കഴിയുമോ? സിനിമ പകുതിയാകും വരെ അതിനുള്ള ഉത്തരത്തിന് കാത്തിരിക്കേണ്ട. ആദ്യ രംഗങ്ങളില്‍ തന്നെയതിനു സാധിക്കും. ബന്ധങ്ങള്‍ എന്നാല്‍ ചങ്ങലക്കണ്ണികളല്ല. പരസ്പരം കൊളുത്തിയിടുമ്പോഴാണ് വിഘടിച്ചുപോകാന്‍ തോന്നലുണ്ടാകുന്നത്. സജിയും സഹോദരങ്ങളും പരസ്പരം കൊളുത്തപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ അവര്‍ ഇക്കാലമത്രയും വേര്‍പെട്ടു പോകാന്‍ ആഗ്രഹിച്ചുമില്ല. തമ്മില്‍ത്തല്ലുമായിരിക്കും, കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുമായിരിക്കും. പക്ഷേ, ആ വീട്; കാഴ്ച്ചയില്‍ നമുക്ക് വികൃതമായതെന്നു തോന്നുന്ന ആ വീട്; അതാണാ സഹോദരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് നിര്‍ത്തിയിരിക്കുന്നത്. ആ ബന്ധത്തില്‍ നിന്നും വിട്ടുപോകാന്‍ അവര്‍ക്ക് കഴിയുകയുമില്ല, അവരത് ചെയ്യുകയുമില്ല.

കുമ്പളങ്ങി നൈറ്റ്‌സില്‍ രണ്ട് വീടുകളുണ്ട്. നെപ്പോളിയന്റെ മക്കളുടെ വീടും പിന്നെ ഷമ്മിയുടെയും. രണ്ടാമത്തെ മട്ടിലുള്ള വീടുകളാണ് സമൂഹത്തില്‍ കൂടുതല്‍. ഈ വീട്ടിലുള്ളവരാണ് ഈ സമൂഹത്തിന്റെ നിയന്ത്രിതാക്കള്‍. അവര്‍ക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ് നെപ്പോളിയന്റെ മക്കളുടെ വീട്. ചെന്നുകയറാന്‍ കൊള്ളാത്തത് എന്നാണവരതിനെ ആക്ഷേപിക്കുന്നത്. അകറ്റി നിര്‍ത്തേണ്ടതെന്നു പറഞ്ഞു പറഞ്ഞു അകറ്റി നിര്‍ത്തുന്ന എത്രയെത്ര പേരാണ് നെപ്പോളിയന്റെ മക്കളെപ്പോലെ ഈ സമൂഹത്തില്‍ ഉള്ളത്. അത്തരം എത്രയെത്ര വീടുകളാണ്. എന്നാല്‍ പെയിന്റ് അടിച്ചു ഭംഗിയാക്കിയ, എല്ലാ സൗകര്യങ്ങളുമുള്ള വീടുകള്‍ വികലമനോഭാവക്കാരുടെ കെണിപ്പെട്ടികളാണെന്ന യാഥാര്‍ത്ഥ്യം സമൂഹം ബുദ്ധിപൂര്‍വം മറച്ചുവയ്ക്കുകയാണ്. വച്ചുകെട്ടിയ ഒരു ചിരിയോടെ. അവിടെയല്ല യഥാര്‍ത്ഥബന്ധങ്ങള്‍. അവിടെയല്ല യഥാര്‍ത്ഥ സ്‌നേഹം. അവിടെ കയറി ചെന്നാല്‍ അവിടെയുള്ളവര്‍ക്കൊപ്പമിരിക്കാന്‍ നമുക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കേണ്ടി വരും. നെപ്പോളിയന്റെ മക്കളുടേതുപോലുള്ള വീടുകളില്‍ അതുവേണ്ട. അവിടെ വന്നു കയറുന്നവര്‍ ആരുമായിക്കോട്ടെ, കറുത്തത്തോ വെളുത്തതോ, തമിഴനോ വിദേശിയോ; ആരുമായിക്കോട്ടെ;ഇറക്കി വിടില്ല. കഴിയുന്നത്ര കാലം താമസിക്കാം. ഇതിനേക്കാള്‍ മുടിഞ്ഞ മറ്റൊരിടം ഇല്ലെന്നു പറയുമ്പോഴും ഇത് നിന്റേതാണ് എന്നാണവര്‍ അര്‍ത്ഥമാക്കുന്നത്. ഇവിടെ നിന്ന് ആരും നിന്നെ ശപിച്ച് ഇറക്കി വിടില്ലെന്നാണ് പറയുന്നത്. അത്തരം നന്മകളാണ് ഒടുവിലത്തെ സന്തോഷം നെപ്പോളിയന്റെ മക്കളുടെ വീടുകളുടേതാക്കുന്നത്.

ഫ്രാങ്കി…നീ നിന്റെ കൂട്ടുകാരെ അങ്ങോട്ട് ക്ഷണിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന ദിവസം ഉടന്‍ ഉണ്ടാകും. കാട്ടാളന്‍ മാമുനിയാകുന്ന മാറ്റമല്ലത്. നമുക്ക് കാട്ടാളന്മാരായി തന്നെയിരിക്കാം. കാട്ടാളന്മാരുടെയും മനുഷ്യന്റെയും വ്യത്യാസം എന്താണെന്ന് ഷമ്മിയുടെ വീട്ടില്‍ നിന്നും മനസിലാക്കിയിട്ടുണ്ടാവുമല്ലോ! അതുകൊണ്ട് നെപ്പോളിയന്റെ മക്കള്‍, അവരെങ്ങനെയോ അങ്ങനെ തന്നെ ജീവിക്കട്ടെ…നീ ചിരിക്കാന്‍ തുടങ്ങൂ…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍