UPDATES

സിനിമ

കുമ്പളങ്ങിയിലെ ആ വീട് കണ്ടില്ലെങ്കില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്ന് നിങ്ങള്‍ക്ക് നഷ്ടപ്പെടുകയാണ്

പ്രണയം പെയ്യുന്ന കുമ്പളങ്ങിയിലെ രാവുകൾ

അലസവും അരാജകവുമായ രാവുകൾ കൊണ്ടാടുന്ന ആണത്ത അചുംബിത അധികാരസീമയിലേക്ക് വള്ളം തുഴഞ്ഞു വരുന്ന മൂന്ന് പെണ്ണുങ്ങൾ. ഒരാൾ വിധവയാണ്, അമ്മയുമാണ്. ഒരാൾ ഇന്നാട്ടുകാരി പോലുമല്ല, ചെറിയ കണ്ണുകളും ചുരുണ്ട മുടിയുമുള്ളവൾ, കറുത്തവൾ. മീൻ പിടുത്തം അന്തസ്സുള്ള പണിയല്ലല്ലോ എന്ന ആശങ്കയാൽ സങ്കടത്തിലായ കാമുകനോട് ഇന്ന് രാവിലേം കൂടി മഞ്ഞക്കൂരി കൂട്ടി കഞ്ഞി കുടിച്ച എന്നോടോ ബാലാ എന്ന മറുപടിയാൽ ധീരയായവൾ ആണ് മൂന്നാമത്തെ കക്ഷി. പഞ്ചായത്തിലെ ഏറ്റവും മോശം വീടെന്ന് വീട്ടിലെ ആണുങ്ങളാൽ തന്നെ സാക്ഷ്യപ്പെടുത്തപ്പെട്ട അതേ വീട് സ്നേഹത്താൽ, സംഗീതത്താൽ അങ്ങേയറ്റം പ്രണയനിർഭരമാകുന്ന കാഴ്ചയാണ് കുമ്പളങ്ങിയിലെ രാത്രികളിൽ സംവിധായകൻ മധു സി നാരായണൻ തന്‍റെ ആദ്യ ചിത്രത്തിൽ വരച്ചിടുന്നത്.

നാല് സഹോദരന്മാർ, മൂത്തവൻ സജി, ഏറ്റവും ഇളയവൻ സ്ക്കൂൾ വിദ്യാർത്ഥി ഫ്രാങ്കി. ഇവർക്കിടയിൽ ബോണിയും ബോബിയും. വ്യത്യസ്ത സ്വഭാവക്കാർ. അവരുടെ സ്വഭാവം പോലും ഇവിടെ സൂചിപ്പിക്കുന്നത് ശരിയല്ല, അത് കണ്ടനുഭവിക്കേണ്ട ഒന്നാണ്, കഥയിലേക്കുള്ള സൂചനകളാണ്, കഥയാകട്ടെ നിരൂപണത്തിൽ പറയാൻ പാടില്ലാത്തതുമാണ്. സൗബിൻ ഷാഹിറിന്‍റെ സജി മലയാള സിനിമയിലെ അസാധാരണ കഥാപാത്രങ്ങളിൽ ഒന്നാണ്. കലഹിക്കുമ്പോഴും അയാൾ നമ്മെ കരയിപ്പിക്കുന്നുണ്ട്. വാതിൽ തുറന്ന് ഒരു കൈ ഉയർത്തി ശരീരം കുടഞ്ഞ് മുണ്ട് മടക്കിക്കുത്തി ഹാളിലേക്ക് കടന്നുവരുന്ന സജിയുടെ ആദ്യ ദൃശ്യം തന്നെ അമ്പരപ്പിക്കുന്ന മാനറിസങ്ങളിലേക്കുള്ള എൻട്രിയാണ്. പറവയും സുഡാനിയും കടന്ന് കുമ്പളങ്ങിയും പിന്നിട്ട് പടവുകളേറി പോവുകയാണ് സൗബിനിലെ പ്രതിഭ. ഒപ്പം, ഷെയിൻ നിഗം, ശ്രീനാഥ് ഭാസി, നാലാമൻ മാത്യു.

നാലാളും ചേർന്ന് തീർക്കുന്ന ഒരു ലോകമുണ്ടല്ലോ, ആമേൻ കണ്ടിറങ്ങിയപ്പോൾ എന്നതുപോൽ ആ ലോകമിങ്ങ് കൂടെപ്പോരും നമുക്കൊപ്പം. ഫഹദിന്‍റെ ഷമ്മി എളുപ്പം പിടിതരാത്ത മറ്റൊരു ഐറ്റം. അവന്‍റെ ബുള്ളറ്റും ഹെൽമെറ്റും വെട്ടിയൊതുക്കിയ കൃത്യം മീശയും പോലും ഓരോരോ കഥാപാത്രമായി അവനൊപ്പം ചേരുമ്പോഴും മാറിയങ്ങ് നിൽക്കും. അവന്‍റെ ചിരിക്ക് പിന്നിലെന്തെന്ന് അറിയാതെ ഭാര്യ സിനി മാത്രമല്ല, കാണുന്ന നമ്മളും കുഴങ്ങുന്നിടത്താണ് ഷമ്മി എന്ന കഥാപാത്രത്തിന്‍റെ വിജയം.

നേരത്തെ പറഞ്ഞവൾ ഉണ്ടല്ലോ, ബോബിയുടെ കാമുകി ബേബി മോൾ. അവളാണ് താരം. ഒരു വിധത്തിലും കെട്ട് നടക്കൂല എന്ന ഘട്ടത്തിൽ അവളുടെയൊരു നിൽപ്പും നോട്ടവും അപ്പോൾ പിന്നെ നാട്ടുനടപ്പെന്താ എന്നൊരു ചോദ്യവും ഉണ്ട്. ഒളിച്ചോട്ടം എന്നവൻ പറയുമ്പോൾ ഇരുളിൽ തെളിയുന്ന ഇത്തിരി വെട്ടത്തിൽ അവനെ കെട്ടിപ്പിടിച്ചൊരുമ്മയുണ്ട്. ആ ചുംബനത്തിൽ വിടരുന്നൊരു ലോകമുണ്ട്. ഒരിക്കൽ ഉമ്മ വെയ്ക്കാൻ തുനിഞ്ഞപ്പോൾ അവന്‍റെ കരണത്തടിച്ചവൾ ആണ്. അന്ന ബെൻ എന്ന നടിയെ മലയാള സിനിമക്ക് മാറ്റി നിർത്താനാകില്ല എന്ന മട്ടിൽ ബേബി മോൾ അത്യുജ്ജ്വലം.

ഷൈജു ഖാലിദിന്‍റെ ക്യാമറയിൽ എത്ര മനോഹരമാണ് കുമ്പളങ്ങി. വീശുവലകളും കെട്ടുവള്ളങ്ങളും കായൽപ്പരപ്പിലെ നിലാവും ഇണ ചേരുന്ന ജലാനുരാഗിയായ രാവുകൾ. ആലോലം അതിലലിഞ്ഞ് സുഷിൻ ശ്യാമിന്‍റെ സംഗീതം. ഭാഷയെ പോലും സംഗീതമാക്കുന്ന ശ്യാം പുഷ്ക്കറിന്‍റെ തിരക്കഥ. ഒന്നൊന്നായി ചേർത്തുവെച്ച് മലയാളത്തിന് മനോഹരമായ ദൃശ്യാനുഭവം സമ്മാനിച്ചു ആദ്യ ശ്രമത്തിൽ തന്നെ സംവിധായകൻ മധു സി നാരായണൻ. അല്ലേലും മോശമാകില്ലല്ലോ, വരവ് ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ ക്ളബ്ബിൽ നിന്ന് തന്നെയാണല്ലോ.

ആർക്കും വേണ്ടാത്ത ദ്വീപിലാണ് സിമന്‍റ് തേക്കാത്ത അവരുടെ വീട്. തെരുവുപട്ടികളേയും പൂച്ചകളേയും തള്ളുന്നിടം. തീട്ടപ്പറമ്പിലൂടെ വേണം അവിടേക്ക് പോകാൻ. പക്ഷെ, കഥ തീരുമ്പോൾ അവിടമാകെ പ്രകാശിക്കുകയാണ്. ബോബി ബേബിയെ പ്രണയത്താൽ പുണരുകയാണ്. ടിക്കറ്റെടുത്ത് ധൈര്യമായി നിങ്ങൾക്കും ഇനിയാ വീട്ടിലേക്ക് പോകാം. മധു ഒരുക്കിയ ആ മനോഹരമായ വീട് കണ്ടില്ലെങ്കിൽ ഒരുപക്ഷെ, ഈ വർഷത്തെ ഏറ്റവും മികച്ച ഒരു സിനിമ നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം.

സുബീഷ് തെക്കൂട്ട്

സുബീഷ് തെക്കൂട്ട്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍