UPDATES

സിനിമ

വെളിപ്പെടുന്ന ലാല്‍ജോസുമാര്‍

സ്‌പോണ്‍സേഡ് ആരാധകക്കൂട്ടത്തിന്റെ വിലയ്‌ക്കെടുക്കപ്പെട്ട അര്‍മാദങ്ങളെയാണോ നിങ്ങള്‍ ജനകീയ കോടതിയുടെ വിധിവാചകമായി വ്യാഖ്യാനിച്ചത്?

നിങ്ങള്‍ വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല(ലൂക്ക 6, 37)

26 വര്‍ഷത്തെ പരിചയമാണ് തനിക്കും ദിലീപിനുമിടയില്‍ എന്നാണ് ലാല്‍ജോസ് പറയുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ സംശയങ്ങള്‍ ദിലീപിനു നേരെ ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ആത്മാര്‍ത്ഥസുഹൃത്തിനുവേണ്ടി ലാല്‍ജോസ് ശബ്ദിച്ചു. 26 വര്‍ഷമായി എനിക്കറിയാം ദിലീപിനെ. ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ടെന്നും നിന്നെ വിശ്വസിക്കുന്നുമെന്നും ലാല്‍ജോസ് പറഞ്ഞു. രാമലീല എന്ന സിനിമ റിലീസ് ചെയ്യുന്നതിന്റെ തലേദിവസവും ലാല്‍ജോസ് ഉറപ്പിച്ച് ഞാന്‍ അവനോടൊപ്പമെന്ന്. വെറുമൊരു സുഹൃത്തോ സഹപ്രവര്‍ത്തകനോ അല്ല, സ്വപ്‌നങ്ങളും കഷ്ടപ്പാടുകളുമൊക്കെ ഒരുമിച്ച് പങ്കുവച്ച് ഒരുമിച്ചു മുന്നേറിവന്ന ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ തന്നെയാണവര്‍. അപ്പോള്‍ ലാല്‍ജോസ് അവനൊപ്പം തന്നെ നില്‍ക്കണം. യുക്തികള്‍ക്കുമേല്‍ വികാരം ആധിപത്യം സ്ഥാപിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ ഇന്നലെ വീണ്ടും അവനൊപ്പമൊന്ന് ഉറപ്പിച്ചു പറഞ്ഞപ്പോള്‍ ആരോ ചോദിച്ചു, അവള്‍ക്കൊപ്പമില്ലേയെന്ന്? അതിനുള്ള മറുപടി ഉണ്ട് എന്നായിരുന്നു. അവനൊപ്പം നില്‍ക്കുമ്പോഴും അവള്‍ക്കൊപ്പവുമെന്നു പറഞ്ഞപ്പോള്‍ കേള്‍ക്കാന്‍ സന്തോഷമുണ്ടായിരുന്നു.

പക്ഷേ, ഇനി താങ്കള്‍ അങ്ങനെ പറയരുത്. അവനൊപ്പം തന്നെ നില്‍ക്കുക, അവള്‍ക്കൊപ്പമെന്നു പറഞ്ഞു ആ പെണ്‍കുട്ടിയെ അപമാനിക്കരുത്.

നിങ്ങള്‍ക്കറിയാവുന്ന, നിങ്ങള്‍ വിശ്വസിക്കുന്ന ദിലീപ് കഴിഞ്ഞ 70 ദിവസത്തിനുമേലെയായി തടവറയിലാണ്. അവനങ്ങനെ ചെയ്യില്ലെന്നു നിങ്ങള്‍ പറഞ്ഞ അതേയാള്‍. ഒരു പെണ്‍കുട്ടിയെ, ക്രൂരമായി വേട്ടയാടാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കുറ്റത്തിന്. കോടതി വിധിക്കും വരെ ആരും കുറ്റവാളിയാകുന്നില്ലെന്ന പൊതുതത്വം വിസ്മരിക്കുന്നില്ല. പക്ഷേ ഒന്നല്ല, നാലുവട്ടം താങ്കള്‍ പറയുന്ന ആ നിരപരാധി സമര്‍പ്പിച്ച ജാമ്യഹര്‍ജി കോടതികള്‍ തള്ളി, പ്രഥമദൃഷ്ടിയാല്‍ കുറ്റം ചെയ്തിട്ടുണ്ടെന്നു ബോധ്യപ്പെടുന്നതിനാലാണ് കോടതികള്‍ മാറി മറി അയാളുടെ ജാമ്യം നിഷേധിച്ചത്. ഇവിടുത്തെ നീതിന്യായ സംവിധാനങ്ങളില്‍ സംശയമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സുഹൃത്തിനുമേലുള്ള വിശ്വാസം തുടരാം. പക്ഷേ, നിയമസംവിധാനങ്ങളില്‍ വിശ്വസിക്കുന്ന ഒരു വലിയവിഭാഗം നിങ്ങളുടെ സുഹൃത്തിനെയാണ് സംശയിക്കുന്നത്. വികാരങ്ങള്‍ യുക്തിക്കുമേല്‍ ആധിപത്യം സ്ഥാപിക്കുന്നത് വിവേകിയായ മനുഷ്യനു ഭൂഷണമല്ല.

മേല്‍പ്പറഞ്ഞ ആ വലിയ വിഭാഗമുണ്ടല്ലോ, അവരാണ് രാമലീല എന്ന സിനിമ അവളോടുള്ള ഐക്യദാര്‍ഢ്യമെന്നോണം ബഹിഷ്‌കരിക്കുമെന്ന് ആഹ്വാനം ചെയ്തത്. ഒരു സിനിമയാണ്, കുറേപ്പേരുടെ അധ്വാനമാണ്, സ്വപ്‌നമാണ് എന്നൊക്കെയാണ് അതിനെതിരായി പറഞ്ഞവര്‍ പറഞ്ഞത്. ആ കൂട്ടത്തില്‍ ഒരാള്‍ ലാല്‍ ജോസ് നിങ്ങളായിരുന്നു. അപ്പോഴും ബാക്കിയുള്ളവര്‍ പറഞ്ഞത്, ഈ ചിത്രം ദിലീപ് എന്ന കുറ്റാരോപിതനെ വെള്ളപൂശാന്‍ ഉപയോഗിക്കുമെന്ന്. ആരാണ് ശരിയായതെന്ന് ഇന്നത്തെ ദിവസം വ്യക്തമാക്കിയിരിക്കുകയാണ്.

ലാല്‍ജോസ്, ഇതിനെയാണ് ഇരട്ടത്താപ്പ് എന്നു പറയുന്നത്. സിനിമയെ സിനിമയായി കാണണം എന്നു പറഞ്ഞു, ഇപ്പോഴിതാ സിനിമയെ നിങ്ങള്‍ ഒരു കുറ്റാരോപിതനായുള്ള ജാമ്യഹര്‍ജിയായി മാറ്റിയിരിക്കുന്നു. തിയേറ്ററുകളെ കോടതി മുറികളാക്കിയിരിക്കുന്നു, അവിടെയുയര്‍ന്ന ആര്‍പ്പു വിളികള്‍ ന്യായവാദങ്ങളാക്കിയിരിക്കുന്നു.സ്വന്തം സുഹൃത്തിനെ ഏതുരീതിയിലും പിന്തുണയ്ക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്, എന്നു കരുതി ജനത്തിനെ അപമാനിക്കാന്‍ നിങ്ങളാര്? ജനത്തെ വിധിക്കാന്‍ നിങ്ങളാര്?

സ്‌പോണ്‍സേഡ് ആരാധകക്കൂട്ടത്തിന്റെ(അതങ്ങനെ മൊത്തമായി പറയാമോ എന്നും സംശയം) വിലയ്‌ക്കെടുക്കപ്പെട്ട അര്‍മാദങ്ങളെയാണോ നിങ്ങള്‍ ജനകീയ കോടതിയുടെ വിധിവാചകമായി വ്യാഖ്യാനിച്ചത്? ഇന്നീ കണ്ടവരെല്ലാം തന്നെ ആ നടന്‍ ജയില്‍വാതില്‍ കടന്ന് ഉള്ളിലേക്ക് പോകുമ്പോള്‍ തൊട്ട് നടത്തിയിട്ടുള്ള പോര്‍വിളികളും ആഹ്വാനങ്ങളും കണ്ണീരൊലിപ്പക്കലുമെല്ലാം കണ്ടും കേട്ടുമിരിക്കുന്നവരാണ് കേരളസമൂഹം. പ്രിയ ലാല്‍ ജോസ്, ദിലീപ് എന്ന താരത്തിന് വലിയൊരു ആരാധകൂട്ടമുണ്ടായിരിക്കാം, പക്ഷേ അവരാണ് കേരളം എന്നങ്ങ് പ്രഖ്യാപിച്ചേക്കരുത്.

ജനകീയ കോടതിയുടെ വിജയം, കേരളം ദിലീപിനൊപ്പം എന്നൊക്കെയങ്ങ് പറയുന്നത് ഞാനവനൊപ്പം എന്നു പറയുന്നതുപോലെയല്ല. നിങ്ങള്‍ക്ക് അവനൊപ്പം നില്‍ക്കാം, അത് വ്യക്തിപരം. ആരും എതര്‍ക്കില്ല. പക്ഷേ ഒരാള്‍ക്കൂട്ട ആഘോഷത്തിന്റെ പുറത്ത് കേരളത്തിന്റെ കൈയില്‍ നിന്നും സ്വഭാവസര്‍ട്ടിഫിക്കറ്റ് എഴുതി വാങ്ങി സുഹൃത്തിനു കൊടുക്കുന്ന ബ്രോക്കര്‍ പണി എതിര്‍ക്കപ്പെടുക തന്നെ ചെയ്യും.

ലാല്‍ ജോസ്, നമുക്കിവിടെ നീതിന്യായ കോടതികളുണ്ട്. താങ്കള്‍ ആ സംവിധാനത്തെ പീലാത്തോസായും അവിടെ ഹാജരാക്കപ്പെട്ടവനെ നസ്രേത്തുകാരനായും സങ്കല്‍പ്പിക്കുകയരുത്. ശബ്ദമുയര്‍ത്തുന്ന വിഭാഗത്തെ റോമാക്കാരായും. ഒന്നുകില്‍ അവന്‍; അല്ലെങ്കില്‍ ഞാന്‍ എന്ന തെരഞ്ഞെടുപ്പിനു കീഴടങ്ങേണ്ടി വന്ന റോമാക്കാരുടെ സ്ഥാപനപതിയെപ്പോലെ കുറ്റമെന്ന കുരിശെടുത്ത് നിങ്ങളുടെ സുഹൃത്തിന്റെ ചുമലില്‍ വച്ചുകൊടുക്കയാണ് കോടതികളും പൊലീസും ചെയ്യുന്നതെന്ന ധാരണയാണ് ജനകീയ കോടതി എന്നൊക്കെയുള്ള മോഹവിചാരങ്ങള്‍ നിങ്ങളിലുണ്ടാകുന്നത്. സുഹൃത്‌സ്‌നേഹത്തിന്റെ അന്ധതയിലാണ് ഇത്തരം കിനാവുകള്‍ ഉണ്ടാവുന്നത്. യാഥാര്‍ത്ഥ്യം ആ പെണ്‍കുട്ടിയാണ് ലാല്‍ജോസ്, അവളില്‍ നോക്കൂ. രണ്ടക്ഷരത്തില്‍ പറഞ്ഞുതീര്‍ക്കുന്ന പിന്തുണയല്ലാതെ, അവള്‍ക്കൊപ്പം പൂര്‍ണനായി നിന്നാലെ അതു മനസിലാകൂ. ഞാനെന്തിനു സഹിക്കണം, ഞാന്‍ നിരപരാധിയാണെന്നു പറയുന്ന നിങ്ങളുടെ സുഹൃത്ത് നിരപരാധിയാണെങ്കില്‍ അയാള്‍ക്ക് ഇപ്പോള്‍ ചുമക്കുന്ന ഭാരം ഇറക്കിവയ്ക്കാന്‍ അവസരം വരും. എന്നാല്‍ അതിനുള്ള ഉപായമെന്നോണം അയാളെ മാന്യനാക്കാന്‍ ഇത്തരത്തില്‍ മത്സരിക്കരുത്.

"</p

ലാല്‍ജോസ്, കുരിശിന്റെ വഴിയില്‍ പറയുന്നുണ്ട്; തളര്‍ന്ന ഈശോയുടെ നടപ്പിന്റെ വേഗം കുറഞ്ഞതോടെ ധൃതി ബാധിച്ച പട്ടാളക്കാര്‍ വയല്‍വേല കഴിഞ്ഞു വരികയായിരുന്ന ശിമയോനോട് കുരിശു ചുമക്കാന്‍ പറഞ്ഞു. അയാള്‍ ക്ഷീണിതനും വിശപ്പുള്ളവനുമായിരുന്നു. മാത്രമല്ല, കുരിശ് ചുമന്ന് താനും ഈ കുറ്റവാളിയുടെ കൂട്ടാണെന്നു മറ്റുള്ളവര്‍ സംശയിക്കുമോയെന്ന ഭയവും അയാള്‍ക്കുണ്ടായിരുന്നു. പക്ഷേ പട്ടാളക്കാരുടെ ഭീഷണി അയാള്‍ക്ക് മറികടക്കാന്‍ കഴിഞ്ഞില്ല. ഒരു പട്ടാളക്കാരന്‍ നിന്നോട് ഒരു വ്യവസ്ഥവയ്ക്കുമ്പോള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കരുത്, പകരം നിനക്ക് ലഭിക്കുന്നത് ചുട്ട അടിയായിരിക്കും…

നിരപരാധിയായിട്ടും കുരിശു ചുമക്കേണ്ടി വന്ന ക്രിസ്തുവിനോടാണ് ലാല്‍ജോസിന്റെ സുഹൃത്തിനെയും ചിലര്‍ ഉപമിക്കുന്നതെങ്കില്‍ ലാല്‍ജോസ് ഇന്നു പറഞ്ഞ ജനകീയ കോടതിയെ ശിമയോനുമായി ഉപമിക്കാനും കഴിയും. മുന്നില്‍വച്ച വ്യവസ്ഥയെ സ്വീകരിച്ച അഭിനവ ശിമയോനന്മാരായ ഒരാള്‍ക്കൂട്ടത്തിനിടയില്‍ നിന്നുകൊണ്ട് അവന്റെ മേല്‍ ചാര്‍ത്തിയിരിക്കുന്ന കുറ്റത്തിന് ഏകപക്ഷീയമായ വിധി പറച്ചിലുകള്‍ നടത്തുമ്പോള്‍, ലാല്‍ ജോസ് ഒരിക്കല്‍ കൂടി ഓര്‍ക്കുക; നിങ്ങള്‍ വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല…

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍