UPDATES

സിനിമ

ഹരികൃഷ്ണയും ജൂനിയര്‍ എന്‍ടിആറും പിന്നെ സാക്ഷാല്‍ നന്ദമൂരി താരകരാമ റാവുവും; സിനിമാപോലൊരു കുടുംബകഥ

ഒരേപോലെ മൂന്ന് അപകടങ്ങള്‍; ജാനകി റാമിനും ജൂനിയര്‍ എന്‍ടിആറിനും ഹരികൃഷ്ണയ്ക്കും. അച്ഛനും മക്കളും ഏതാണ്ട് ഒരേപോലെ അപകടത്തില്‍പ്പെട്ടപ്പോള്‍ അതില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ജൂനിയര്‍
എന്‍ടിആര്‍ മാത്രമാണ്

തെലുഗു സിനിമാലോകത്തിന്റെ ചക്രവര്‍ത്തി, ആന്ധ്രാപ്രദേശ് രണ്ട് തവണ ഭരിച്ച മുഖ്യമന്ത്രി: നന്ദമൂരി താരകരാമ റാവു എന്ന എന്‍ടിആറിന് വിശേഷണങ്ങള്‍ നിരവധിയുണ്ട്. കൃഷ്ണ എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നു വന്ന് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടനും രാഷ്ട്രീയക്കാരനുമൊക്കെയായി തീര്‍ന്ന എന്‍ടിആറിന് തന്റെ എല്ലാ നേട്ടങ്ങളെക്കാള്‍ പ്രിയം എന്നും സ്വന്തം കുടുംബം തന്നെയായിരുന്നു. 12 മക്കളായിരുന്നു താരകരാമ റാവുവിന്. വലിയൊരു കുടുംബമായിട്ടും അതിന്റെ കണ്ണികള്‍ തമ്മില്‍ അകലാതിരിക്കാന്‍ എന്നും ശ്രദ്ധിച്ചിരുന്നു എന്‍ടിആര്‍. കുടുംബ ബന്ധങ്ങളില്‍ കാണിച്ച ആ ശ്രദ്ധയും താതപര്യവുമായിരുന്നു തന്റെ നാലാമത്തെ മകനായ ഹരികൃഷ്ണയുടെ രഹസ്യ ഭാര്യയേയും ആ ബന്ധത്തിലുണ്ടായ മകനെയും തന്റെ സ്വന്തം മരുമകളും പേരക്കുട്ടിയുമായി സ്വീകരിക്കാന്‍ തന്റെ ഇമേജുകളൊന്നും വകവയ്ക്കാതെ അദ്ദേഹം തയ്യാറായതും. ബുധനാഴ്ച പുലര്‍ച്ചെ നല്‍ഗൊണ്ടയില്‍ നടന്ന വാഹനാപകടത്തില്‍ മരണപ്പെട്ട ഹരികൃഷ്ണയുടെ രഹസ്യബന്ധത്തിലുണ്ടായ മകനാണ് ഇന്ന് മലയാളികള്‍ക്ക് ഉള്‍പ്പെടെ പ്രിയങ്കരനായി ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന താരമായ ജൂനിയര്‍ എന്‍ടിആര്‍.

അച്ഛന്‍ അടക്കിവാണ തെലുഗ് സിനിമാലോകത്തേക്ക് ബാലതാരമായാണ് ഹരികൃഷ്ണ എത്തുന്നത്. ബാലതാരമെന്ന നിലയില്‍ നന്ദമൂരി ഹരികൃഷ്ണ തെലുഗില്‍ ശ്രദ്ധേയനുമായി. എന്നാല്‍ ഒരു നായകനായി ശോഭിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. സഹവേഷങ്ങളാണ് തേടിയെത്തിയത്. ചലച്ചിത്രതാരമായിരുന്നപ്പോള്‍ ദൈവമായി ആഘോഷിച്ച എന്‍ടിആറിനെ രാഷ്ട്രീയക്കാരനായി എത്തിയപ്പോഴും തെലുഗ് ജനത കൈവിട്ടില്ല. എന്‍ടിആര്‍ തെലുഗു ദേശം പാര്‍ട്ടി രൂപീകരിച്ച് അന്ധ്രയുടെ ഭരണനേതൃത്വം ഏറ്റെടുത്ത് മുന്നോട്ടു പോയപ്പോള്‍ സിനിമയെക്കാള്‍ തനിക്ക് ശോഭിക്കാന്‍ കഴിയുക രാഷ്ട്രീയത്തിലായിരിക്കുമെന്ന് വിശ്വസിച്ചു ചുവടു മാറ്റം നടത്തിയ ഹരികൃഷ്ണയ്ക്ക് അവിടെയും അത്രകണ്ട് തിളങ്ങാന്‍ കഴിഞ്ഞില്ലെന്നതാണ് നേര്. രാജ്യസഭ എംപിയാകാന്‍ കഴിഞ്ഞതിനപ്പുറം ഒരു വളര്‍ച്ചയ്ക്ക് സാധ്യതയില്ലാതായി പോയി. സിനിമയില്‍ തന്റെ അനിയനായ ബാലകൃഷ്ണയ്ക്ക് ഉണ്ടായ വളര്‍ച്ചയോ രാഷ്ട്രീയത്തില്‍ തന്റെ സഹോദരി ഭര്‍ത്താവായ ചന്ദ്രബാബു നായിഡുവിന് ഉണ്ടായ വളര്‍ച്ചയോ ഹരികൃഷ്ണയ്ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞില്ല. രാഷ്ട്രീയത്തില്‍ നിന്നും വീണ്ടും സിനിമയിലെത്തി അച്ഛന്‍ വേഷങ്ങള്‍ ചെയ്തപ്പോഴും നന്ദമൂരി താരകരാമ റാവുവിന്റെ മകന് പാരമ്പര്യത്തിന്റെ യശ്ശസിനപ്പുറം സ്വന്തമായി ഒരു സിംഹാസനമൊന്നും പണിയാന്‍ കഴിഞ്ഞില്ല. പക്ഷേ, ഹരികൃഷ്ണയ്ക്ക് ആകാന്‍ കഴിയാതെപോയത് മകന് കഴിയുന്നുണ്ട്; ജൂനിയര്‍ എന്‍ടിആറിന്.

ഹരികൃഷ്ണയുടെ വിവാഹം ലക്ഷ്മിയുമായി കഴിഞ്ഞതിനുശേഷമാണ് ഒരു മുസ്ലിം സ്ത്രീയുമായി രഹസ്യബന്ധം തുടങ്ങുന്നത്. ആ ബന്ധത്തില്‍ അവര്‍ക്കൊരു ആണ്‍മകനും പിറന്നു. മകന്‍ പിറന്നശേഷം ഹരികൃഷ്ണ ആ സ്ത്രീയെ വിവാഹം കഴിച്ചെങ്കിലും ബന്ധം രഹസ്യമാക്കി വച്ചു. വിവാഹത്തോടെ ഹിന്ദുമതത്തിലേക്ക് മതം മാറിയ രണ്ടാം ഭാര്യ ശാലിനി എന്നു പേരും സ്വീകരിച്ചു. പക്ഷേ, അധികം വൈകാതെ ഈ ബന്ധത്തെ കുറിച്ച് സിനിമാലോകത്തില്‍ പലര്‍ക്കും അറിയാന്‍ കഴിഞ്ഞു. വിവരം സാക്ഷാല്‍ നന്ദമൂരി താരകരാമ റാവും അറിഞ്ഞു. എന്നാല്‍ എല്ലാ അധികാരവും കൈകകളില്‍ ഉണ്ടായിരുന്നിട്ടും തന്റെ മകന്റെ രഹസ്യഭാര്യയേയും അതിലുണ്ടായ മകനേയും അപ്രത്യക്ഷരാക്കാനല്ല എന്‍ടിആര്‍ ശ്രമിച്ചത്. അവരെ തന്റെ സ്വന്തമായി തന്നെ ഏറ്റെടുക്കുകയായിരുന്നു. ശാലിനിയില്‍ ഹരികൃഷ്ണയ്ക്ക് ഉണ്ടായ മകന് അദ്ദേഹം താരകരാമ റാവു എന്നു പേരിട്ടു. തന്റെ സ്വന്തം പേര്. അതോടെ ആ കൊച്ചുമകന്‍ നന്ദമൂരി താരകരാമ റാവു ജൂനിയര്‍ ആയി. ഇന്ന് നമ്മള്‍ അറിയുന്നത് ജൂനിയര്‍ എന്‍ടിആര്‍ എന്ന്. ബാലരാമായണം എന്ന സിനിമയില്‍ തന്റെ അച്ഛനെ പോലെ തന്നെ ബാലതാരമായിട്ടായിരുന്നു ജൂനിയര്‍ എന്‍ടിആറിന്റെയും സിനിമപ്രവേശനം. പിന്നീട് നായകനിലേക്ക് എത്താന്‍ കൗമാരം പോലും പിന്നിടേണ്ടി വന്നില്ല. അദ്യ പരാജയങ്ങള്‍ക്കുശേഷം രാജമൗലിയെപോലുള്ളവരുടെ കൈകളിലൂടെ ജൂനിയര്‍ എന്‍ടിആര്‍ തെലുഗ് സൂപ്പര്‍ താരമായി വളര്‍ന്നു. സാക്ഷാല്‍ എന്‍ടിആറിന്റെ യഥാര്‍ത്ഥ പിന്‍ഗാമി എന്ന് തെലുഗ് സിനിമാലോകം വാഴ്ത്തലുകളും നല്‍കി. ആ വളര്‍ച്ചയില്‍ ജൂനിയര്‍ എന്‍ടിആറിന് തന്റെ അപ്പുപ്പന്റെ അനുഗ്രവും പിന്തുണയും ഉണ്ടായിരുന്നു. ജൂനിയര്‍ എന്‍ടിആറിനെയും അമ്മ ശാലിനിയേയും തന്റെ കുടുംബത്തിന്റെ ഭാഗമായി തന്നെയാണ് എന്‍ടിആര്‍ കരുതിയതും സംരക്ഷിച്ചതും.

അപ്പോഴും പിതാവുമായി അത്രമേല്‍ ഹൃദയബന്ധം ജൂനിയര്‍ എന്‍ടിആറിന് ഉണ്ടായി തുടങ്ങിയിരുന്നില്ല. അച്ഛനെക്കാള്‍ അപ്പൂപ്പനായിരുന്നു എല്ലാം. പിന്നീട് സിനിമയില്‍ സജീവമായശേഷമാണ് അച്ഛനും മകനും തമ്മില്‍ ആത്മബന്ധം ഉടലെടുത്ത് തുടങ്ങുന്നത്. മകന്റെ വളര്‍ച്ച ശരിക്കും ഹരികൃഷ്ണയെ അത്ഭുതപ്പെടുത്തിയെന്നു പറയാം. തന്റെ പിതാവ് സ്ഥാപിച്ച പാര്‍ട്ടിയില്‍(തെലുഗ് ദേശം പാര്‍ട്ടി) നന്ദമൂരി കുടുംബത്തിന് സ്വാധീനം നഷ്ടമായി തുടങ്ങുന്നതും ചന്ദ്രബാബു നായിഡു ടിഡിപിയുടെ സര്‍വതുമായി മാറുന്നതിന്റെയും യാഥാര്‍ത്ഥ്യം ഒരു രാഷ്ട്രീയക്കാരന്‍ കൂടിയായ ഹരികൃഷ്ണ മനസിലാക്കിയിരുന്നു. വരും നാളുകലില്‍ നന്ദമൂരി കുടുംബത്തിലെ താരകരാമ റാവുവിന്റെ നേരവകാശികള്‍ക്ക് ആര്‍ക്കും ടിഡിപിയിലോ ആന്ധ്രാപ്രദേശിലോ വലിയ സ്ഥാനങ്ങളൊന്നും കിട്ടാന്‍ പോകുന്നില്ലെന്ന ആ തിരിച്ചറിവില്‍ ഹരികൃഷ്ണ കളത്തില്‍ ഇറക്കാന്‍ തീരുമാനിച്ചുറപ്പിച്ച ആയുധം കൂടിയായിരുന്നു ജൂനിയര്‍ എന്‍ടിആര്‍. അതിരുകള്‍ കടന്നു വളരുന്ന മകനില്‍ സാക്ഷാല്‍ എന്‍ടിആറിനെ തന്നെ കാണാന്‍ കൊതിക്കുന്ന തെലുഗ് ജനതയെ ഹരികൃഷ്ണ ലക്ഷ്യം വച്ചിരുന്നു. മകനിലൂടെ നന്ദമൂരി കുടുംബത്തിലേക്ക് പാര്‍ട്ടിയും അധികാരവും തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന വിശ്വാസം ഹരികൃഷ്ണയ്ക്ക് ഉണ്ടായിരുന്നു.

എന്റെ പിറന്നാള്‍ ആഘോഷിക്കരുത്, ആ പണം കേരളത്തിന് നല്‍കണം; ഹരികൃഷ്ണ ആരാധകരോടും കുടുംബത്തോടും പറഞ്ഞിരുന്നു

ഹരികൃഷ്ണയ്ക്ക് ഔദ്യോഗിക വിവാഹത്തില്‍ മൂന്നു മക്കളായിരുന്നു. ജാനകി റാം, കല്യാണ്‍ റാം, നന്ദമൂരി സുഹാസിനി. തന്റെ അനിയനായ ജൂനിയര്‍ എന്‍ടിആറിനെയും അവന്റെ അമ്മയേയും തങ്ങളുടെ കുടുംബത്തിലേക്ക് ക്ഷണിച്ച് എല്ലാവര്‍ക്കും ഒരുമിച്ച് കഴിയണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചയാളായിരുന്നു ഹരികൃഷ്ണയുടെ മൂത്തമകനായ ജാനകി റാം. പക്ഷേ, മറ്റ് സഹോദരങ്ങളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും വേണ്ടത്ര പിന്തുണ കിട്ടിയില്ല. ജാനകിയുടെ ഇളയ സഹോദരങ്ങള്‍ ജൂനിയര്‍ എന്‍ടിആറിനെ തങ്ങളുടെ അനിയനായി പരിഗണിക്കാന്‍ ആദ്യം തയ്യാറായില്ല. നടക്കാതെ പോയ ആ ആഗ്രവുമായി 2014 ല്‍ ഒരു വാഹാനാപകടത്തില്‍ ജാനകി റാം മരിച്ചു. ഇപ്പോള്‍ പിതാവ് ഹരികൃഷ്ണയുടെ ജീവനെടുത്ത അപകടം നടന്ന നല്‍ഗൊണ്ടയില്‍ തന്നെയായിരുന്നു ആ അപകടവും നടന്നത്. ജാനകി റാമിന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ സഹോദരങ്ങളായ കല്യാണിനും സുഹാസിനിക്കും മനംമാറ്റം ഉണ്ടാവുകയും അവര്‍ ജൂനിയര്‍ എന്‍ടിആറിനെ തങ്ങളുടെ സഹോദരനായി സ്വീകരിക്കുകയും ചെയ്തു. തന്റെ ഭാര്യക്കും അമ്മയ്ക്കും ഒപ്പം മറ്റൊരു വീട്ടിലാണ് താമസമെങ്കിലും ഇപ്പോള്‍ ജൂനിയര്‍ എന്‍ടിആറും അമ്മയും നന്ദമൂരി താരകരാമ റാവു എന്ന എന്‍ടിആറിന്റെ വലിയ കുടുംബത്തിന്റെ ഭാഗം തന്നെയാണ്. ആകസ്മികമായ മരണങ്ങളും അതില്‍ ആരാലും ചര്‍ച്ച ചെയ്യപ്പെടാതെ മൂടിക്കിടക്കുന്ന ചില സംശയങ്ങളുമൊക്കെ എന്‍ടിആര്‍ കുടുംബത്തില്‍ സംഭവിച്ചിട്ടുണ്ട്. എന്‍ടിആറിന്റെ മരണം ഉള്‍പ്പെടെ. ഇവിടെ ഹരികൃഷ്ണയുടെ മരണത്തില്‍ അസ്വഭാവികതയൊന്നും ഇല്ലെങ്കിലും ഒരേപോലെ മൂന്ന് അപകടങ്ങള്‍; ജാനകി റാമിനും ജൂനിയര്‍ എന്‍ടിആറിനും ഹരികൃഷ്ണയ്ക്കും. അച്ഛനും മക്കളും ഏതാണ്ട് ഒരേപോലെ അപകടത്തില്‍പ്പെട്ടപ്പോള്‍ അതില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ടിഡിപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനുപോയി മടങ്ങുമ്പോള്‍ ഉണ്ടായ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ജൂനിയര്‍ എന്‍ടിആര്‍ മാത്രമാണ്. പക്ഷേ, ആദ്യം ചേട്ടനേയും ഇപ്പോള്‍ അച്ഛനേയും ജൂനിയര്‍ എന്‍ടിആറിന് ഒരേ രീതിയില്‍ നഷ്ടപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍