UPDATES

സിനിമ

പട്ടാളക്കാരുടെ തോക്കിന്‍ മുനയില്‍ നിന്നും രക്ഷപ്പെട്ട 16 കാരിയായ വയലാര്‍ സമര പോരാളി; കമ്യൂണിസവും നാടകവും സിനിമയും നിറഞ്ഞ കാഞ്ചനയുടെ ജീവിതം

എന്റെ ചോരയില്‍ അലിഞ്ഞതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചുവപ്പ് എന്നാണ് കാഞ്ചന പറഞ്ഞിരുന്നത്‌

പുന്നശേരി നാരായണന്റെ വീട്ടില്‍ പട്ടാളക്കാര്‍ ഇടയ്ക്കിടെ തിരച്ചിലിനെത്തും. ഞങ്ങള്‍ എവിടെയെങ്കിലും ഒളിയ്ക്കും. ഒരിക്കല്‍ അപ്രതീക്ഷിതമായി പട്ടാളക്കാരെത്തിയപ്പോള്‍ വീട്ടില്‍ ഞങ്ങള്‍ സ്ത്രീകളും പെണ്‍കുട്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നെ അവര്‍ക്കറിയാം. കണ്ടാല്‍ പിടിച്ചുകൊണ്ടുപോകും. മറ്റെങ്ങോട്ടെങ്കിലും പോയി ഒളിക്കാനുള്ള നേരം കിട്ടിയില്ല. അടുക്കളയോട് ചേര്‍ന്നുള്ള ചാര്‍ത്തില്‍ അടുപ്പില്‍ അരി തിളച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ അനങ്ങാതെ അടുപ്പില്‍ തീകത്തിയ്ക്കുന്ന വ്യാജേന ഒറ്റ ഇരിപ്പിരുന്നു. എന്തോ ഭാഗ്യം കൊണ്ട് പട്ടാളക്കാര്‍ ചാര്‍ത്തിലേക്ക് വന്നില്ല. മച്ചിലും അറകളിലുമെല്ലാം തിരച്ചില്‍ നടത്തിയ അവര്‍ തിരികെ പോയി. ആ സംഭവത്തിന് ശേഷം എന്നെ വീട്ടുകാര്‍ ദൂരെയുള്ള അമ്മായിയുടെ വീട്ടിലേക്കയച്ചു. അന്ന് പിടിക്കപ്പെട്ടിരുന്നെങ്കില്‍ അവരെന്നെ ജീവനോടെ ബാക്കിവയ്ക്കില്ലായിരുന്നു…

ജീവിതത്തിന്റെ അവസാന രംഗവുമൊഴിഞ്ഞ് യാത്രയായ പുന്നശ്ശേരി കാഞ്ചനയുടെ ജീവിതാനുഭവങ്ങളിലൊന്നാണ് മേല്‍പ്പറഞ്ഞത്. 86 ആം വയസില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ ഒരു സിനിമ അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല, കേരളം കാഞ്ചനയെ ഓര്‍ക്കേണ്ടത്. നാടകം, കഥാപ്രസംഗം, സിനിമ എന്നീ കലാമേഖലകളില്‍ പ്രവര്‍ത്തിച്ചതിനൊപ്പം കാഞ്ചനയെന്ന തൊഴിലാളി സ്ത്രീയെക്കുറിച്ചും വിപ്ലവകാരിയെക്കുറിച്ചും മലയാളം അറിഞ്ഞിരിക്കണം. ആ പെണ്‍ ജീവിതം ഏതെങ്കിലും തരത്തില്‍ പുനഃരവതരിപ്പിക്കപ്പെടുകയും വേണം.

വയലാര്‍ വിപ്ലവത്തിന്റെ ഭാഗമായ 16 കാരി
കാഞ്ചനയുടേത് ഒരു വിപ്ലകാരിയുടെ ജീവിതമായിരുന്നു. എന്റെ ചോരയില്‍ അലിഞ്ഞതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചുവപ്പ് എന്നായിരുന്നു കാഞ്ചന പറഞ്ഞിരുന്നത്. 16 കാരിയായ ഒരു പെണ്‍കുട്ടിയെ വര്‍ഗസമരത്തിന്റെ വഴിയിലേക്ക് ഇറക്കിയതും ഉള്ളിലെ ചുവപ്പായിരുന്നു. കുടുംബത്തില്‍ നിറഞ്ഞു നിന്ന കമ്യൂണിസമായിരുന്നു കാഞ്ചനയിലും പടര്‍ന്നത്. അമ്മാവനായിരുന്ന പുന്നശ്ശേരി നാരായണന്‍ വയലാര്‍ സമരത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായിരുന്നു. സമരസേനാനികളുടെ താവളങ്ങളില്‍ പ്രധാന ഇടമായിരുന്നു കാഞ്ചനയുടെ വീടിന്റെ പരിസരങ്ങള്‍. ഒരു വലിയ വിപ്ലവത്തിന് തയ്യാറെടുക്കന്നവര്‍ക്ക് കിട്ടുന്ന വിശ്രമ വേളകളില്‍ കാഞ്ചന അവര്‍ക്കു വേണ്ടി പാട്ടുകള്‍ പാടി, നാടകം കളിച്ചു. ഒരു പോരാളിയില്‍ നിന്നും ഒരു കലാകാരി പിറക്കുന്നതും അങ്ങനെയായിരുന്നു. പാട്ടും നാടകവും മനസില്‍ നിറഞ്ഞതിനൊപ്പം വര്‍ഗ സമരത്തിന്റെ ഭടന്മാര്‍ക്കൊപ്പം നിന്നു പോരാടാനുള്ള ആവേശവും ആ കൊച്ചു പെണ്‍കുട്ടിയില്‍ വ്യാപിച്ചിരുന്നു. അതോടെ പട്ടാളക്കാരുടെ തോക്കിന്‍ മുനകളും കാഞ്ചനയെ തേടി നടക്കാന്‍ തുടങ്ങി. അവരുടെ പിടിയില്‍ പെട്ടു പോകുമായിരുന്ന ഒരു സന്ദര്‍ഭത്തെ കുറിച്ചാണ് ആദ്യം പറഞ്ഞിരിക്കുന്നത്.

സമര രംഗത്തു നിന്നും കലാരംഗത്തേക്ക്
കാഞ്ചനയുടെ കലാമികവുകള്‍ ആദ്യം മനസിലാക്കിയത് പാര്‍ട്ടിക്കാര്‍ ആയിരുന്നു. അവര്‍ നാടകത്തില്‍ അഭിനയിക്കാന്‍ പ്രോത്സാഹിപ്പിച്ചു. കുഞ്ഞന്‍ ഭാഗവതര്‍ എന്ന സംഗീതജ്ഞനില്‍ നിന്നും പാട്ടു പടിച്ചിരുന്ന കാഞ്ചനയെ നാടകത്തിന്റെ വേദിയിലേക്ക് കൈപിടിച്ചു കൊണ്ടു പോകുന്നതും അദ്ദേഹമാണ്. ആദ്യ നാടകം ഓച്ചിറ പരബ്രഹ്മോദയത്തിന്റെ ‘അരുണോദയം’. ആ വിപ്ലവകാരിക്ക് ചെയ്യാന്‍ ആദ്യം കിട്ടിയ വേഷം ബുദ്ധന്റെതായിരുന്നു! വാസവദത്തയുടെ കഥ പറയുന്ന അരുണോദയം പല വേദികള്‍ അവതരിപ്പിക്കപ്പെട്ടതോടെ കാഞ്ചനയും ശ്രദ്ധിക്കപ്പെട്ടു. പരബ്രഹ്മോദയത്തില്‍ നിന്നും പിന്നീട് മറ്റു പല നാടക സമിതികളിലേക്കും പോയി.

നാടകാഭിനയം ശ്രദ്ധേയമായി പോകുന്നതിനിടയിലാണ്, അന്ന് അരൂരിലാണ് കളി. തട്ടില്‍ കേറുന്നതിനു മുമ്പ് പരിചയക്കാരനായ പി എ തോമസ് അടുത്ത് വന്ന് സ്വകാര്യമായി ഒരു കാര്യം പറഞ്ഞു;’ നീ നാടകം നന്നായി ചെയ്‌തോളണം. തമിഴ്‌നാട്ടില്‍ നിന്നും സിനിമാക്കാര്‍ എത്തിയിട്ടുണ്ട്. നന്നായി അഭിനയിച്ചാല്‍ നിനക്ക് സിനിമേല്‍ കേറാം’. തോമസ് പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. പ്രസന്ന എന്ന ചിത്രത്തിലൂടെ കാഞ്ചന സിനിമ നടിയായി. പിന്നാലെയും ചിത്രങ്ങള്‍ കിട്ടിയെങ്കിലും നാടകം ഉപേക്ഷിക്കാന്‍ കാഞ്ചനയ്ക്ക് മടിയായിരുന്നു. സിനിമയെക്കാള്‍ മുന്‍ഗണന നാടകത്തിനാണ് കൊടുത്തത്. സിനിമ സെറ്റില്‍ നിന്നു വരെ നാടകം കളിക്കാന്‍ പോയിരുന്നു. അതിന്റെ പേരില്‍ ഒരിക്കല്‍ കുഞ്ചാക്കോ കാഞ്ചനയെ ഗേറ്റില്‍ തടഞ്ഞു വച്ചിട്ടുമുണ്ട്. നാടകത്തോട് കാണിച്ച ആ താത്പര്യം സിനിമയിലെ അവസരങ്ങളെ ബാധിച്ചു. എന്നാല്‍ കാഞ്ചനയ്ക്കതില്‍ വിഷമം തോന്നിയില്ല. തനിക്കെന്നും പ്രിയപ്പെട്ടത് നാടകം തന്നെയാണെന്നും അതില്‍ അഭിനയിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം മറ്റൊന്നിനും നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കാഞ്ചന പറഞ്ഞിരുന്നത്.

സിനിമ നടിയില്‍ നിന്നും കയറുപിരിത്തൊഴിലാളിയിലേക്ക്
നാടകത്തിലും സിനിമയിലും തിളങ്ങി നിന്നിടിത്തു നിന്നും ജീവിതത്തിന്റെ വറുതിയിലേക്ക് തിരിച്ചിറങ്ങിപ്പോകേണ്ടി വന്ന അനുഭവങ്ങളും കാഞ്ചനയ്ക്കുണ്ടായി. വിവാഹത്തിനു പിന്നാലെയായിരുന്നു രംഗം മാറുന്നത്. സഹപ്രവര്‍ത്തകനായിരുന്നു കുണ്ടറ ഭാസിയാണ് കാഞ്ചനയെ വിവാഹം ചെയ്യുന്നത്. നാടക സിനിമ നടനും കാഥികനുമായിരുന്നു കുണ്ടറ ഭാസി. ഒരുമിച്ച് അഭിനയിക്കുന്ന കാഞ്ചനയോട് തോന്നിയ ഇഷ്ടം ഭാസി തുറന്നു പറയുകയും അത് വിവാഹത്തില്‍ എത്തുകയും ചെയ്തു. എതിര്‍പ്പുകള്‍ക്കിടയിലായിരുന്നു ഭാസി കാഞ്ചനയെ വിവാഹം ചെയ്യുന്നത്. എതിര്‍പ്പിനു കാരണം ജാതിയായിരുന്നു. ഭാസി നായരും കാഞ്ചന ഈഴവയുമായിരുന്നു. മിശ്ര വിവാഹം അത്യപൂര്‍വമായി മാത്രം നടന്നിരുന്നൊരു കാലത്ത് എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചാണ് കാഞ്ചനയും ഭാസിയും ഒന്നായത്.

രണ്ടുപേര്‍ക്കും കലാമേഖലകളില്‍ നിന്നും മോശമില്ലാത്ത വരുമാനം കിട്ടിക്കൊണ്ടിരുന്നതാണെങ്കിലും ഭാസിയുടെ സഹായമനസ്ഥിതിയും സൗഹൃദങ്ങളില്‍ കാണിച്ചിരുന്ന അന്ധമായ വിശ്വാസവും ഇരുവരുടെയും ജീവിതത്തില്‍ തിരിച്ചടികള്‍ ഉണ്ടാക്കി. വരുമാത്തില്‍ ശ്രദ്ധിയില്ലാതെ, മറ്റുള്ളവരെ സഹായിക്കുന്നതില്‍ പിശുക്ക് കാണിക്കാതെ ഭാസി ഗൃഹനാഥന്റെ ഉത്തരവാദിത്വം മറന്നപ്പോള്‍ കുടുംബത്തിന്റെ ചുമതല കാഞ്ചന ഏറ്റെടുത്തു. ആ സമയത്ത് കഥാപ്രസംഗ രംഗത്തും കാഞ്ചന കാലുറപ്പിച്ചിരുന്നു. കുടുംബം പോറ്റാന്‍ വേണ്ടി ഒരു ദിവസം മൂന്ന് കഥാപ്രസംഗങ്ങള്‍ വരെ അവതരിപ്പിച്ചിട്ടുണ്ടെന്നു കാഞ്ചന തന്റെ പഴയകാലങ്ങളെ ഓര്‍ത്തെടുത്ത് പറഞ്ഞിട്ടുണ്ട്. എന്നിട്ടും പട്ടിണിയും ദാരിദ്ര്യവും കാഞ്ചനയെ പൊതിഞ്ഞു. ഭാസി വീട് വിട്ടുപോയാല്‍ തിരിച്ചു വരാന്‍ നാളുകളെടുക്കും. ആ കാലത്തെ കുറിച്ച് കാഞ്ചന പറയുന്നതിങ്ങനെയാണ്; ആ ദിവസങ്ങളില്‍ എന്റെ മക്കളുടെ വയറ് നിറയ്ക്കാന്‍ ഒന്നുമില്ലാതെ ഞാന്‍ കരഞ്ഞിട്ടുണ്ട്. എന്റെ മൂത്തമകന് പഴനിയില്‍ കൊണ്ടുപോയി ചോറ്കൊടുക്കാമെന്ന് നേര്‍ച്ചയുണ്ടായിരുന്നു. നാടകം, സിനിമ എന്ന് പറഞ്ഞ് നടക്കുന്നതിനിടയില്‍ എനിക്കതിന് സമയമുണ്ടായില്ല. അവന് ഏത്തപ്പഴം ചുട്ടുകൊടുക്കാറായിരുന്നു പതിവ്. ഒരു ദിവസം എന്റെ കയ്യില്‍ അഞ്ചുപൈസയില്ല. എനിക്ക് പ്രതിഫലമായി കിട്ടിയ ചെക്ക് ഭാസിച്ചേട്ടന്‍ കൊണ്ടുപോയിട്ട് ദിവസങ്ങളായിട്ടും തിരിച്ച് വന്നിട്ടില്ല. കുഞ്ഞ് വിശന്ന് കരയാന്‍ തുടങ്ങി. അവന്റെ കൂടെയിരുന്ന് കരയുകയല്ലാതെ എനിക്ക് വേറെ നിവൃത്തിയില്ലായിരുന്നു. ഒടുവില്‍ എന്റെ അമ്മാവന്‍ ഞങ്ങളെ സൂക്ഷത്തിന് ഏല്‍പ്പിച്ച പറമ്പില്‍ നിന്ന് തേങ്ങവെട്ടി അത് വിറ്റിട്ട് അവനുള്ള ഭക്ഷണം വാങ്ങി വന്നു. അങ്ങനെ എത്രയോ ദിവസങ്ങള്‍…

മക്കളെ അമ്മയുടെയും അമ്മായിയുടെയും അടുത്താക്കിയായിരുന്നു കാഞ്ചന കഥാപ്രസംഗത്തിനും നാടകത്തിനുമൊക്കെ പോയിരുന്നത്. അവരുടെ മരണത്തോടെ കുട്ടികളെ നോക്കാന്‍ ആരുമില്ലെന്നു വന്നതോടെയാണ് അഭിനയം ഉപേക്ഷിക്കേണ്ടി വന്നത് കാഞ്ചനയ്ക്ക്. നാടകത്തില്‍ നിന്നും സിനിമയില്‍ നിന്നും അവസരങ്ങള്‍ തേടി വന്നപ്പോഴും കുട്ടികള്‍ക്കു വേണ്ടി അതെല്ലാം വേണ്ടെന്നു വയ്‌ക്കേണ്ടി വന്നു. പതുക്കെ ആ വിളികള്‍ നിലച്ചു. അതോടെ കുഞ്ഞുങ്ങളുടെ വയര്‍ നിറയ്ക്കാനും വീട്ടിലെ പട്ടിണി മാറ്റാനും കാഞ്ചന കയറുപിരിത്തൊഴിലാളിയായി. ആ കലാകാരിയെ എല്ലാവരും മറക്കാനും തുടങ്ങി.

ഒടുവില്‍ 41 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കാഞ്ചന ഒരിക്കല്‍ കൂടി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തി. ക്രിഷ് കൈമള്‍ സംവിധാനം ചെയ്ത ഓലപ്പീലി എന്ന ചിത്രത്തിലെ മുത്തശ്ശിയായി കാഞ്ചനയെ കണ്ടവര്‍ക്കൊന്നും അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഒരു നടിയാണതെന്നു മനസിലായിരുന്നില്ല. പിന്നീട്, തന്റെ 86 ആം വയസില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയപ്പോഴാണ് കാഞ്ചനയെ മലയാളി ഓര്‍ത്തെടുത്തത്. ഓലപ്പീലിക്ക് ശേഷം കെയര്‍ ഓഫ് സൈറബാനു,ക്രോസ് റോഡ് തുടങ്ങിയ ഏതാനും ചിത്രങ്ങളില്‍ കൂടി അഭിനയിച്ചു. അമ്പത് ചിത്രങ്ങള്‍ മുമ്പ് ചെയ്തിട്ടുള്ള നടിയാണെങ്കിലും ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ യുടെ ക്ഷേമ പെന്‍ഷന്‍ പോലും കാഞ്ചനയ്ക്ക് കിട്ടിയിരുന്നില്ല. രണ്ടാമത് ഓലപ്പീലിയിലുടെ മടങ്ങി വന്നതിനു ശേഷം മമ്മൂട്ടിയിടപ്പെട്ടാണ് എഎംഎംഎയില്‍ അംഗത്വം നേടിക്കൊടുക്കുന്നതും പെന്‍ഷന് അര്‍ഹയാക്കുന്നതും.

പൂര്‍ത്തിയാവാത്ത ഒരു സ്വപ്‌നം ബാക്കി
ഒരു വീട്; ആ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ കഴിയാതെയാണ് ജീവിതത്തിന്റെ വേദിയില്‍ നിന്നും കാഞ്ചനയ്ക്ക് മടങ്ങേണ്ടി വന്നത്. ഓലപ്പീലിയിലൂടെ സംസ്ഥാന പുരസ്‌കാരം നേടി സമയത്ത് കാഞ്ചന, തന്റെ ബാക്കിയുള്ള ജീവിത്തില്‍ നേടാന്‍ കൊതിക്കുന്നതായി പറഞ്ഞ ഒരേയൊരു കാര്യവും ഒരു വീടായിരുന്നു. കുറച്ച് അവസരങ്ങള്‍ കൂടി സിനിമയില്‍ കിട്ടിയാല്‍, ഇപ്പോള്‍ താമസിക്കുന്ന രണ്ടു മുറി വീട് പൊളിച്ച് പുതിയതൊന്നു പണിയണമെന്ന് കാഞ്ചനയക്കുണ്ടായിരുന്നു. ഇപ്പോഴുള്ളത് പഴക്കമുള്ളതാണ്. അതിനു പകരം പുതിയതൊന്ന്. പക്ഷേ, കാലമതിന് കാഞ്ചനയെ സഹായിച്ചില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍