UPDATES

സിനിമ

‘മജീദിന്റെയും സക്കരിയായുടെയും ഉമ്മ’യ്ക്ക് ദേശീയ പുരസ്‌കാരം; കേരളം ഏറ്റെടുത്ത സാവിത്രി ശ്രീധരന്റെ ജീവിതം

സുഡാനിയിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനാണ് സാവിത്രി അര്‍ഹയായത

സുഡാനി ഫ്രം നൈജീരിയയിലെ മജീദിന്റെയും വൈറസിലെ സക്കരിയായുടെ ഉമ്മ; മലയാളി പ്രേക്ഷകര്‍ക്ക് സ്‌നേഹത്തോടെ ഏറ്റെടുത്ത അഭിനേത്രി സാവിത്രി ശ്രീധരന് ദേശീയ ചലച്ചിത്ര പുരസ്‌കരം. സുഡാനിയിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനാണ് സാവിത്രി അര്‍ഹയായത്. അരനൂറ്റാണ്ടിലേറെയുള്ള നാടക പാരമ്പര്യമുള്ള സാവിത്രിക്ക് ഒറ്റ സിനിമ മതിയായിരുന്നു ലക്ഷക്കണക്കിന് പ്രേക്ഷകരുടെ മനസില്‍ സ്ഥാനം പിടിക്കാന്‍. ഇപ്പോഴിതാ ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട അഭിനേത്രിയായും സാവിത്രി മാറിയിരിക്കുന്നു. സാവിത്രി ശ്രീധരന്റെ ജീവിതത്തിലേക്ക് ഒരിക്കില്‍ കൂടി വായനക്കാരെ ക്ഷണിക്കുന്നു.

ഇബ്രാഹിം വെങ്ങര സംവിധാനം ചെയ്ത, ചിരന്തനയുടെ രാജ്യസഭ എന്ന നാടകത്തിന്റെ ജഡ്ജായി വന്നതായിരുന്നു ഒ. മാധവന്‍. നാടകത്തിലെ 15-കാരിയായ ഒരു പെണ്‍കുട്ടിയുടെ കഥാപാത്രം ഒ. മാധവന് നന്നായി ഇഷ്ടപ്പെട്ടു. കളി കഴിഞ്ഞപ്പോള്‍ അദ്ദേഹം കുട്ടിയേടത്തി വിലാസിനിയെ വിളിച്ചു. “വിലാസിനി, ആ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ കഥാപാത്രം ചെയ്ത കൊച്ച് നന്നായി കളിച്ചു, എനിക്കതിനെ ഒന്നു പരിചയപ്പെടണം”, ആവശ്യം കേട്ടപ്പോള്‍ വിലാസിനിയുടെ മുഖത്ത് അത്ഭുതം; ന്റെ മാധവേട്ടാ… ത് കുട്ടിയല്ലാ, തള്ളേന്റെ തള്ളയാ…!

വിലാസിനി പറഞ്ഞത് ശരിയായിരുന്നു, ഒ. മാധവന്‍ കാണണമെന്നു പറഞ്ഞ ആ പെണ്‍കുട്ടിക്ക് ഒരു പേരക്കുട്ടിയുണ്ടായിരുന്നു! ഒ മാധവനെ വരെ അമ്പരിപ്പിച്ച ആ ‘പെണ്‍കുട്ടി’യാണ് വൈറസ് സിനിമയിലെ സക്കറിയയുടെ ഉമ്മയായ സാവിത്രി ശ്രീധരന്‍.

സുഡാനി ഫ്രം നൈജീരിയായിലെ മജീദിന്റെ ഉമ്മയായി പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ നടിയാണ് സാവിത്രി. മനസ് നിറച്ചും സ്‌നേഹവും, സങ്കടപ്പെട്ട മുഖഭാവവുമായി നടക്കുന്ന ആ ഉമ്മയിലൂടെ സാവിത്രി മലയാളിയുടെ മൊത്തം പ്രിയപ്പെട്ട ഉമ്മയായി മാറുകയായിരുന്നു. ഇപ്പോള്‍ വൈറസില്‍ വീണ്ടും ഒരു ഉമ്മയായി എത്തുമ്പോള്‍ അരനൂറ്റാണ്ടിലേറെ നാടകാനുഭവമുള്ള ഈ അഭിനേത്രിയോടുള്ള സ്‌നേഹം കൂടുകയാണ്.

സുഡാനി ഫ്രം നൈജീരിയ സാവിത്രിയുടെ ആദ്യ സിനിമയല്ല. 1991-ല്‍ എം ടി വാസുദേവന്‍ നായര്‍ രചനയും സംവിധാനവും നിര്‍വഹിച്ച കടവ് ആണ് ആദ്യ സിനിമ. പിന്നീട് നീണ്ട 27 വര്‍ഷങ്ങള്‍ കഴിഞ്ഞെന്നു മാത്രം മറ്റൊരു സിനിമയില്‍ അഭിനയിക്കാന്‍. ഇതിപ്പോള്‍ രണ്ടാം വരവ് എന്നു വേണമെങ്കില്‍ പറയാം. തിരിച്ചു വന്നപ്പോള്‍ ചെയ്ത കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ പാകത്തിലുള്ളതായി.

പതിനാറാം വയസില്‍ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയതാണ് സാവിത്രി. അതിനും മുന്നേ നൃത്തവേദിയില്‍ ഉണ്ടായിരുന്നു. പൊതുവെ പെണ്‍കുട്ടികള്‍ കലാരംഗത്തേക്ക് വരുന്നതില്‍ അത്രകണ്ട് താത്പര്യമൊന്നും കുടുംബത്തിലും സമൂഹത്തിലും ഇല്ലാതിരുന്ന അറുപതുകളിലായിരുന്നു സാവിത്രി നാടകരംഗത്ത് എത്തുന്നത്. അച്ഛനായിരുന്നു കാരണം. വലിയ കലാസ്വാദകനായിരുന്ന അച്ഛന്‍ സാവിത്രിയെ കുട്ടിയായിരിക്കുമ്പോഴെ നൃത്തം പരിശീലിക്കാന്‍ വിട്ടു. അക്കാലത്ത് കോഴിക്കോട് കലാ സാംസ്കാരിക സംഘടനകള്‍ നിരവധിയുണ്ട്. ഇവയുടെയെല്ലാം വാര്‍ഷികത്തിന് പാട്ടും നൃത്തവും നാടകവുമൊക്കെ ഉണ്ടാകും. സാവിത്രിയെ അച്ഛന്‍ ഇത്തരം പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടു പോകും. ആദ്യം കുട്ടികളുടെ നൃത്തമായിരിക്കും. കുട്ടികളുടെ നൃത്തം കഴിഞ്ഞാല്‍, ഗാനമേള. അതു കഴിഞ്ഞാണ് നാടകം. തന്റെ പരിപാടി കഴിഞ്ഞാല്‍ സാവിത്രി ഓടിയെത്തുന്നത് സ്‌റ്റേജിന്റെ മുന്നിലേക്കായിരിക്കും. അവിടെയൊരു സ്ഥലം പിടിച്ച് ആകാംക്ഷയോടെ കാത്തിരിക്കും; നാടകം കാണാന്‍. അന്ന് കുട്ടിയേടത്തി വിലാസിനിയും ശാന്താദേവിയുമൊക്കെ നാടകരംഗത്തെ സൂപ്പര്‍ ഹീറോയിന്‍സ് ആണ്; സാവിത്രിയുടെ ആരാധാനാ താരങ്ങളും. നാടകത്തോടും അഭിനേതാക്കളോടും തോന്നിയ ഇഷ്ടം സാവിത്രിയില്‍ ഒരു അഭിനേത്രിയെ ജനിപ്പിച്ചു. തനിക്കും നാടകം കളിക്കണമെന്ന് അച്ഛനോട് മോഹം പറഞ്ഞു. എന്നാല്‍ അച്ഛന് മകള്‍ നൃത്തരംഗത്ത് തുടരുന്നതായിരുന്നു ഇഷ്ടം. നാടകവും നൃത്തവും ഒരുമിച്ച് കൊണ്ടുപോകാന്‍ ബുദ്ധിമുട്ട് ആയിരിക്കുമെന്നു മാത്രമെ അച്ഛന്‍ പറഞ്ഞുള്ളൂ, അല്ലാതെ മകള്‍ നാടകം കളിക്കുന്നതില്‍ എതിര് പറഞ്ഞില്ല. അങ്ങനെ നാടക വേദിയിലേക്ക് സാവിത്രി എത്തി.

16 വയസില്‍ തന്നൊയായിരുന്നു സാവിത്രിയുടെ വിവാഹവും. വിവാഹം ഉറപ്പിക്കുന്നതിനു മുമ്പ് സാവിത്രിയുടെ അച്ഛന്‍ വരന്റെ വീട്ടുകാര്‍ക്കു മുന്നില്‍ ഒരു നിബന്ധന വച്ചു; വിവാഹം കഴിഞ്ഞാലും സാവിത്രി നൃത്തത്തിനു പോകും, അത് സമ്മതമാണെങ്കില്‍ മാത്രമേ വിവാഹം നടക്കൂ. മകള്‍ ഒരു കലാകാരിയായി വളരണമെന്ന് ആ അച്ഛന്‍ എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നതിന് ഇതില്‍പരം തെളിവ് വേണോ! അച്ഛന്റെ ആവശ്യംപോലെ, സാവിത്രിയുടെ ആഗ്രഹം പോലെ തന്നെ വരനും കുടുംബവും സമ്മതവും മൂളി. വെറുതെ സമ്മതിച്ചതല്ല, കലയേയും കലാകാരന്മാരെയും ഏറെ ഇഷ്ടപ്പെടുന്നവരായിരുന്നു അവര്‍.

അങ്ങനെ പതിനാറാം വയസില്‍ തുടങ്ങിയ നാടകാഭിനയം സാവിത്രിയെ അറിയപ്പെടുന്നൊരു നടിയാക്കി. കോഴിക്കോട് അന്ന് പ്രധാനമായും ഉണ്ടായിരുന്നത് നാല് ട്രൂപ്പുകളാണ്; കെ ടി മുഹമ്മദിന്റെ കലിംഗ, വിന്‍സന്‍ സാമുവലിന്റെ സംഗമം, ഇബ്രാഹിം വെങ്ങരയുടെ ചിരന്തന, വിക്രമന്‍ നായരുടെ സ്റ്റേജ് ഇന്ത്യ. കെ ടിയെ പോലുള്ള പ്രഗത്ഭരുടെ ശിക്ഷണവും നെല്ലിക്കോട് ഭാസ്‌കരന്‍, ബാലന്‍ കെ നായര്‍, കുഞ്ഞാണ്ടി, കുതിരവട്ടം പപ്പു, നിലമ്പൂര്‍ ബാലന്‍, ശാന്താദേവി, കുട്ടിയേടത്തി വിലാസിനി തുടങ്ങിയ പ്രമുഖരുടെ പിന്തുണയും കോഴിക്കോട് തിരുവണ്ണൂര്‍ എന്ന ഗ്രാമത്തില്‍ നിന്നും വന്ന സാവിത്രിയെ കേരളത്തിന് അകത്തും പുറത്തും ശ്രദ്ധേയായ നടിയാക്കി. അമേച്വര്‍-പ്രൊഫഷണല്‍ ഉള്‍പ്പെടെ അഞ്ഞൂറിലേറെ നാടകങ്ങള്‍, പതിനായിരിത്തിനടുത്ത് വേദികള്‍-സാവിത്രിയുടെ നാടകജീവിതം വലിയൊരു കാന്‍വാസിലാണ് പകര്‍ത്തപ്പെടേണ്ടത്.

നാടകത്തില്‍ സജീവമായി നില്‍ക്കുമ്പോഴായിരുന്നു പുരുഷന്‍ കടലുണ്ടി വഴി കടവില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. ചെറിയ വേഷം ആയിരുന്നുവെങ്കിലും സാക്ഷാല്‍ എം.ടിയുടെ സിനിമയില്‍ ഒരു ഭാഗമാകാന്‍ കഴിയുന്നത് മാത്രമായിരുന്നു സാവിത്രിയെ മോഹിപ്പിച്ചത്. എന്നാല്‍ കടവിനു ശേഷം സാവിത്രി സിനിമയിലേക്ക് പോയില്ല. എന്തുകൊണ്ട് എന്നു ചോദിച്ചാല്‍, മജീദിന്റെയും സക്കരിയായുടെയും ഉമ്മയായി പ്രേക്ഷകരുടെ മനസിലേക്കിറങ്ങിയ ആ അഭിനേത്രി പറയുന്നത്, “എനിക്ക് എന്നെപ്പറ്റി ഒരു മതിപ്പില്ലായിരുന്നു, ഒരുതരം അപകര്‍ഷതാബോധം. ഞാനൊരു നല്ല നടിയാണെന്നു തോന്നിയിരുന്നില്ല. കെ ടി, ഇബ്രാഹിം വേങ്ങര, വാസു പ്രദീപ്, രവി തുടങ്ങിയ ഗുരുക്കന്മാരുടെ അനുഗ്രഹവും പ്രോത്സാഹനവും ശിക്ഷണവും കൊണ്ട് മുന്നോട്ടു പോയൊരാള്‍ മാത്രമാണ് ഞാന്‍. ഇന്നും എന്റെ എല്ലാ ഗുരുനാഥന്മാരെയും മനസ്‌കൊണ്ട് വണങ്ങിയിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്”.

പൊക്കമില്ലായ്മയായിരുന്നു സാവിത്രിയെ അലട്ടിയിരുന്ന പ്രധാന പ്രശ്‌നം. അത് പക്ഷേ, ഒരു നടിയെന്ന നിലയില്‍ ഒരു കുറവായിരുന്നില്ല എന്നതാണ് ഓ മാധവനെ പോലും അമ്പരിപ്പിച്ച അഭിനയത്തിലൂടെ മനസിലായത്. “പൊക്കം കുറഞ്ഞതുകൊണ്ട് കെ ടിയുടെയും ഇബ്രാഹിം വെങ്ങരയുടെയുമെല്ലാം നാടകത്തില്‍ എന്നെ ചെറിയ പെണ്‍കുട്ടിയായിട്ടായിരിക്കും അഭിനയിപ്പിക്കുക. എനിക്ക് മകളും മകളുടെ മകളും ഉണ്ടായിരുന്ന സമയത്താണ് ചിരന്തനയുടെ രാജ്യസഭ എന്ന നാടകത്തില്‍ പതിനഞ്ചുകാരിയായി അഭിനയിക്കുന്നത്. ആ നാടകത്തിന് എനിക്ക് സ്റ്റേറ്റ് അവാര്‍ഡും കിട്ടി. രാജ്യസഭ നാടകം കണ്ടിട്ടാണ് മാധവേട്ടന്‍ ഞാനൊരു കൊച്ചു പെണ്‍കൊച്ചായിരിക്കുമെന്ന് തെറ്റിദ്ധരിച്ചത്”!

2008-ലാണ് സാവിത്രി അവസാനമായി നാടകത്തില്‍ അഭിനയിക്കുന്നത്. കെ ടി മുഹമ്മദിന്റെ ഇത് ഭൂമിയാണ് എന്ന നാടകം തിരുവനന്തപുരം നിശാഗന്ധി തിയേറ്ററില്‍ അവതരിപ്പിച്ചപ്പോള്‍. അന്നുയര്‍ന്ന കൈയടികളുടെ ശബ്ദം സാവിത്രിയുടെ ചെവികളില്‍ ഇപ്പോഴുമുണ്ട്. “ഇനിയും ഇനിയും അതുപോലെയുള്ള കൈയടികള്‍ കേള്‍ക്കാന്‍ കൊതിയുമുണ്ട്. പ്രായമായില്ലേ, ഈ പ്രായത്തിലുള്ള കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലേ എന്നെപ്പോലുള്ളവരെ ഇനി നാടകങ്ങളില്‍ വിളിക്കൂ… എപ്പോഴെങ്കിലും അങ്ങനെയൊരു വിളി വരാനായി ഒരുപാട് കൊതിക്കുന്നുണ്ട്. നാടകം എനിക്കത്രയ്ക്ക് ഇഷ്ടമാണ്. സിനിമ പോലെയല്ല, നാടകം ഒരു അഭിനേതാവിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. പരന്നു കിടക്കുന്ന കാണികളുടെ മുന്നില്‍, കാണാപാഠം പഠിച്ചാണ് എത്തുന്നത്. ഏറ്റവും പിന്നില്‍ ഇരിക്കുന്നവര്‍ക്കും കാണാന്‍ പാകത്തില്‍ മുഖത്ത് ഭാവങ്ങള്‍ കൊണ്ടു വരണം, കഥാപാത്രത്തിന്റെ ശബ്ദം അവിടെ വരെ എത്തണം. പിഴച്ചാല്‍ തീര്‍ന്നു, സിനിമയില്‍ മാത്രമെ റീ ടേക്കുകള്‍ ഉള്ളൂ, നാടകത്തിലും ജീവിതത്തിലും തെറ്റിയാല്‍ തെറ്റിയതാണ്.”

മനസില്‍ ഇപ്പോഴും ആ 16-കാരിയായ നടിയാണ് സാവിത്രിയെങ്കിലും പ്രായം ഒരു യാഥാര്‍ത്ഥ്യമായിരുന്നതുകൊണ്ട് നാടക വേദിയില്‍ നിന്നും സാവിത്രിക്ക് തിരക്കൊഴിഞ്ഞു. നാടകങ്ങളില്ലാതെ വീട്ടിലിരിക്കുന്ന സമയത്താണ് മജീദിന്റെ ഉമ്മയാകാന്‍ ആള് അന്വേഷിച്ചു വരുന്നത്. അതിനുശേഷം സാവിത്രിയുടെ അഭിനയ ജീവിതത്തിന്റെ രണ്ടാം ഘട്ടം.

ഉമ്മ കഥാപാത്രങ്ങള്‍ വളരെ സ്വാഭാവികമായി അഭിനയിക്കുമ്പോഴും അതിനും നാടകാനുഭവത്തിനാണ് സാവിത്രി നന്ദി പറയുന്നത്. എത്രയോ നാടകങ്ങളില്‍ ഉമ്മമാരെ അവതരിപ്പിച്ചിരിക്കുന്നു താനെന്ന് സാവിത്രി പറയും. എന്നാല്‍ വൈറസില്‍ എത്തുമ്പോള്‍ സാവത്രി മനസില്‍ ഉറപ്പിച്ചിരുന്നൊരു കാര്യമുണ്ട്; “മജീദിന്റെ ഉമ്മയുമായി ഒരു സാമ്യവും സക്കരിയായുടെ ഉമ്മയ്ക്ക് കാണരുത്. രണ്ടു പേര്‍ക്കും ചില കാര്യങ്ങളിലൊക്കെ സാമ്യങ്ങള്‍ ഉണ്ടുതാനും. മജീദിന്റെ ഉമ്മ നിഷ്‌കളങ്കയായ ഒരു സ്ത്രീയാണ്, സക്കരിയായുടെ ഉമ്മ ഒരുപാട് ദു:ഖം അനുഭവിക്കുന്നൊരാളും. രണ്ടുപരെയും രണ്ടായി തന്നെ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം” എന്നു സാവിത്രി പറയുന്നു. സ്വയം വിലയിരുത്താന്‍ വൈറസ് ഇതുവരെ കണ്ടിട്ടില്ല. സിനിമ കണ്ട പ്രേക്ഷകര്‍ തന്റെ കഥാപാത്രത്തെ എങ്ങനെ വിലയിരുത്തുന്നുവെന്നാണ് സാവിത്രി ആകാംക്ഷയോടെ ചോദിക്കുന്നത്.

വൈറസ് വെറുമൊരു സിനിമയായി കാണാനും അതിലെ കഥാപാത്രത്തെ ചെറുതെന്നോ വലുതെന്നോ തരംതിരിക്കാനും സാവിത്രി തയ്യാറല്ല. കാരണം, നിപ ഭീകരത വിതച്ച കോഴിക്കോട് തന്നെയാണ് സാവിത്രിയുടെ നാടും. പത്രങ്ങളില്‍ നിന്നും ചാനലുകളില്‍ നിന്നും നിപയെ കുറിച്ചുള്ള വാര്‍ത്തകള്‍ സാവിത്രി അറിഞ്ഞിട്ടുണ്ട്. മരിച്ചുപോയ ഓരോരുത്തരെ ഓര്‍ത്തും ഉള്ളില്‍ കരഞ്ഞിട്ടുണ്ട്. താന്‍ കൂടി സാക്ഷിയായ യാഥാര്‍ത്ഥ്യത്തിന്റെ സിനിമാരൂപത്തിലേക്ക് വിളിച്ചപ്പോള്‍, ആ ക്ഷണം സ്വീകരിച്ച് സാവിത്രി ഒത്തിരി സന്തോഷിച്ചു. സുഡാനിയുടെ സംവിധായകനായിരുന്ന സക്കറിയ ആണ് വൈറസില്‍ സാവിത്രിയുടെ മകനായി എത്തിയത്. സക്കറിയ തനിക്ക് സ്വന്തം കൊച്ചുമോന്‍ തന്നെയാണെന്നാണ് സാവിത്രി പറയുന്നത്. ആഷിഖ് അബുവിനെ പോലുള്ള സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതും വലിയ വലിയ താരങ്ങള്‍ നിറഞ്ഞ സിനിമയില്‍ അവര്‍ക്കൊപ്പമൊരാളാകാന്‍ കഴിഞ്ഞതുമെല്ലാം സാവിത്രിയെ സന്തോഷിപ്പിച്ചെങ്കിലും ആ കഥാപാത്രമാകുമ്പോള്‍ സാവിത്രിയുടെ നെഞ്ച് പിടിയുകയായിരുന്നു. ഒരമ്മയ്ക്ക് ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വരുന്നത് വെറുതെയൊന്ന് ആലോചിച്ചു നോക്കിയപ്പോഴെ സഹിക്കാന്‍ കഴിഞ്ഞില്ല. വെറുമൊരു കഥാപാത്രമായല്ല, ആ ഉമ്മയെ മനസില്‍ കണ്ടു തന്നെയാണ് വൈറസില്‍ അഭിനയിച്ചതെന്നാണ് സാവിത്രി പറയുന്നത്.

Azhimukham Special: വിമര്‍ശനങ്ങളോട് ആഷിക് അബു പ്രതികരിക്കുന്നു; ‘വൈറസ് സിനിമയുടെ നെടുംതൂണ്‍ ശൈലജ ടീച്ചറാണ്, പക്ഷേ ആരെയും ഗ്ലോറിഫൈ ചെയ്യുകയായിരുന്നില്ല ഉദ്ദേശം’

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍