UPDATES

സിനിമ

ഗ്രേ കളര്‍ ഇന്നൊവയില്‍ എത്തിയ യുവാക്കള്‍ സംവിധായകനുള്ള നിര്‍മ്മാതാവിന്റെ ക്വട്ടേഷനോ? മമ്മൂട്ടി ചിത്രം മാമാങ്കം അപ്രതീക്ഷിത ട്വിസ്റ്റുകളിലേക്ക്

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ നിര്‍മാതാവ് വേണു കുന്നപ്പിള്ളിക്കെതിരേയുള്ള ആരോപണങ്ങള്‍ സഹിതമാണ് തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന കാര്യവും സജീവ് പിള്ള പറഞ്ഞിരിക്കുന്നത്

മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് സിനിമ മാമാങ്കം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. സംവിധായകന്‍ സജീവ് പിള്ള മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ തന്നെ കായികമായി ഇല്ലാതാക്കാനുള്ള നീക്കം നടത്തുന്നുവെന്നാണ് ആരോപണം. ഇതോടെ ചിത്രവുമായി ബന്ധപ്പെട്ട പുറത്തു വന്നിരുന്ന വാര്‍ത്തകള്‍ കൂടുതല്‍ സജീവമായിരിക്കുകയാണ്. നിര്‍മാതാവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് സംവിധായകനെ ചിത്രത്തില്‍ നിന്നും മാറ്റുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇത് വെറും വാര്‍ത്തയല്ലായിരുന്നുവെന്ന് ചിത്രവുമായി ബന്ധപ്പെട്ടവരുമായി സംസാരിച്ചതില്‍ നിന്നും വ്യക്തമായതുമാണ്. ഇപ്പോഴിതാ സംവിധായകന്‍ തന്നെ അത് ശരിവയ്ക്കുന്ന ഗുരുതതരമായ വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുകയാണ്.

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ നിര്‍മാതാവ് വേണു കുന്നപ്പിള്ളിക്കെതിരേയുള്ള ആരോപണങ്ങള്‍ സഹിതമാണ് തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന കാര്യവും സജീവ് പിള്ള പറഞ്ഞിരിക്കുന്നത്. വര്‍ഷങ്ങളുടെ പ്രയത്‌നം കൊണ്ടാണ് താന്‍ മാമങ്കത്തിന്റെ തിരക്കഥ എഴുതിയതെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയതാണെന്നും സജീവ് മുഖ്യമന്ത്രിയോട് പറയുന്നു. എന്നാല്‍ ചിത്രത്തിന്റെ പൊതുഘടനയെ മാറ്റുന്ന തരത്തില്‍ ചില ഇടപെടലുകള്‍ നിര്‍മാതാവിന്റെ ഭാഗത്തു നിന്നും ഉണ്ടായതിന്റെ പേരില്‍ തങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കുകയും അതിന്റൈ പേരില്‍ നിര്‍മാതാവ് ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കുകയും ചെയ്തതായി സജീവ് പിള്ള പരാതിയില്‍ പറയുന്നു. ഇതിനു പിന്നാലെയാണ് തന്നെ സംവിധായക സ്ഥാനത്ത് നിന്നും മാറ്റാന്‍ ശ്രമം നടത്തിയത്. അതിനെതിരേ യൂണിയനില്‍ പരാതി കൊടുക്കുകയും നിര്‍മാതാവിന് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. സംവിധായകന്റെ സ്ഥാനത്ത് നിന്നും തന്നെ മാറ്റാന്‍ കഴിയില്ലെന്നു മനസിലായിതോടെ സ്വയം ഈ പ്രൊജക്ടില്‍ നിന്നും താന്‍ ഒഴിഞ്ഞു പോകുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ സമ്മര്‍ദ്ദവും ഭീഷണിയും ചെലുത്തിക്കൊണ്ടിരുന്നു. കായികമായി നേരിടുമെന്ന വെല്ലുവിളികള്‍ നടത്തി എന്നും സജീവ് പിള്ള പറയുന്നു.

ഈ യുവനടനോട് കാണിച്ച കൊടും ചതിക്ക് മമ്മൂട്ടിയുടെ മൌനസമ്മതമോ? സൂപ്പര്‍താരത്തിന്റെ ഡ്രീം പ്രൊജക്റ്റ് മാമാങ്കം വിവാദത്തില്‍

ഈയൊരു സാഹചര്യം നിലനില്‍ക്കെയാണ് ജനുവരി 18 ന് പകല്‍ പതിനൊന്നരയോടെ രണ്ട് യുവാക്കള്‍ വിതുര പോസ്റ്റ്ഓഫിസില്‍ എത്തി പോസ്റ്റ്മാനില്‍ നിന്നും വീടിന്റെ ലൊക്കേഷന്‍ മനസിലാക്കുകയും സംശയാസ്പദമായ സാഹചര്യത്തില്‍ അവിടെ വരികയും ചെയ്യുന്നതെന്നു സജീവ് പിള്ള മുഖ്യമന്ത്രിയെ അറിയിക്കുന്നത്. തന്നെ തിരക്കി ആളുകളെത്തിയ വിവരം പോസ്റ്റ്മാനാണ് വിളിച്ച് അറിയിക്കുന്നത്. KL07BX7313 നമ്പറുള്ള ഗ്രേ കളര്‍ ഇന്നോവയില്‍ വന്ന ഇവര്‍ എറണാകുളം ഭാഗത്തു നിന്നുള്ളവരാണെന്നായിരുന്നു പറഞ്ഞിരുന്നത്. പോസ്റ്റുമാനെ ഇവര്‍ ബന്ധപ്പെട്ട നമ്പരില്‍ പിന്നീട് വിളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വന്നവരുടെ പ്രവര്‍ത്തികളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് തന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വന്നവര്‍ ഉപയോഗിച്ചത് മാമാങ്കത്തിന്റെ നിര്‍മാതാവിന്റെ സുഹൃത്തിന്റെ വാഹനമാണെന്നു മനസിലായി; സജീവ് പിള്ള പരാതിയില്‍ പറയുന്നു. ഇത്തരം നീക്കങ്ങള്‍ തന്നെ ഇല്ലാതാക്കാന്‍ വേണ്ടിയാണെന്നും അതിനാല്‍ തന്റെ പരാതിയില്‍ സമഗ്രാന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണം എന്നുമാണ് സംവിധായകന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നത്.

12 വര്‍ഷക്കാലത്തെ ഒരു യുവസംവിധായകന്റെ വിയര്‍പ്പാണ് അടിച്ചുമാറ്റാന്‍ നോക്കുന്നത്; മമ്മൂട്ടിയുടെ ഡ്രീം പ്രൊജക്റ്റ് മാമാങ്കത്തിന്റെ പിന്നില്‍ നടക്കുന്നതെന്ത്?

മാമാങ്കത്തില്‍ നിന്നും യുവനടന്‍ ധ്രുവന്‍ അപ്രതീക്ഷിതമായി പുറത്തായ വാര്‍ത്ത പുറത്തുവന്നതോടെയാണ് എല്ലാവരും പ്രതീക്ഷയോടെ കാത്തിരുന്ന ഈ മമ്മൂട്ടി ചിത്രം പെട്ടെന്ന് വിവാദവിഷയമായി മാറിയത്. ധ്രുവനെ എന്തിനു പുറത്താക്കി എന്നതിനെ കുറിച്ച് ഒരു കാരണവും അണിയറക്കാരില്‍ നിന്നും കിട്ടിയില്ല. നടനും പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഈ പുറത്താക്കലിനു പിന്നാലെ മാമാങ്കത്തിന്റെ സംവിധായകനെയും നീക്കുന്നുവെന്ന സൂചനകള്‍ വന്നു. ഇതോടെ വിവാദം കൊഴുത്തു. തന്നെ നീക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും നിര്‍മാതാവാണ് പിന്നിലെന്നും സംവിധായകന്‍ പ്രതികരിച്ചതോടെ വാര്‍ത്തകള്‍സജീവമായി. ധ്രുവനു പിന്നാലെ ഛായാഗ്രാഹകന്‍ ഗണേഷ് രാജവേല്‍, കലാസംവിധായകന്‍ സുനില്‍ ബാബു, കോസ്റ്റ്യൂം ഡിസൈനര്‍ അനു വര്‍ദ്ധന്‍ എന്നിവരെ ഒഴിവാക്കിയതും വലിയ ചര്‍ച്ചയിലേക്ക് മാമാങ്കത്തെ കൊണ്ടെത്തിച്ചു. പ്രകടനം മോശം എന്നായിരുന്നു നിര്‍മാതാവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഈ പുറത്താക്കലുകള്‍ക്ക് കാരണം പറഞ്ഞത്. സംവിധായകന്റെ കാര്യത്തിലും തൃപ്തരല്ലെന്നും അതിനാല്‍ എം. പദ്മകുമാറിനെ ചീഫ് അസോസിയേറ്റ് ആയി വച്ചിട്ടുണ്ടെന്നും ഈ കേന്ദ്രങ്ങള്‍ പറഞ്ഞു. പദ്മകുമാര്‍ ചുമതലയേറ്റെടുക്കുകയും ചെയ്തു. ധ്രുവനെ ഒഴിവാക്കിയതും പകരം ഉണ്ണി മുകുന്ദനെ കൊണ്ടുവന്നതും ഛായാഗ്രാഹകന്‍, കോസ്റ്റിയൂം ഡിസൈനര്‍, കലാസംവിധായകന്‍ എന്നിവരെ മാറ്റിയതും ഒന്നും തന്നെ അറിയിക്കുകയോ കൂടിയാലോചിക്കുകയോ ചെയ്യാതെ ആണെന്നും നിര്‍മാതാവിന്റെ കൈയാണ് ഇതിനെല്ലാം പിന്നില്ലെന്നും സംവിധായകനും വിഷയത്തില്‍ പ്രതികരിച്ച് രംഗത്തു വന്നതോടെ മമ്മൂട്ടി ചിത്രവവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും വിവാദങ്ങളും മുറുകി. തന്നെ മാറ്റിയെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും മാമാങ്കത്തിന്റെ സംവിധായകന്‍ ഇപ്പോഴും താന്‍ തന്നെയാണെന്നും വ്യക്തമാക്കി കൊണ്ടിരുന്ന സജീവ് പിള്ള ഇപ്പോള്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമം നടത്തുന്നുവെന്ന പരാതിയുമായി മുഖ്യമന്ത്രി സമീപിക്കുകയും ചെയ്തതോടെ അപ്രതീക്ഷിത ട്വിസ്റ്റുകളിലേക്ക് എന്ന തരത്തില്‍ മാമാങ്കവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാറിയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍