UPDATES

സിനിമ

ലിജോ ജോസ് പെല്ലിശ്ശേരി തന്ന ധൈര്യമാണ് ഫ്രഞ്ച് വിപ്ലവം; സംവിധായകന്‍ മജു സംസാരിക്കുന്നു

1996 കാലഘട്ടത്തിൽ എ.കെ ആന്റണി സർക്കാർ ചാരായ നിരോധനം കൊണ്ട് വന്നപ്പോൾ കൊച്ചുകടവ് ഗ്രാമത്തിന് എന്തു സംഭവിച്ചു?

അനു ചന്ദ്ര

അനു ചന്ദ്ര

1990 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ സണ്ണി വെയ്‌നിനെ നായകനാക്കി നവാഗതനായ മജു സംവിധാനം ചെയ്ത ചിത്രമാണ് ഫ്രഞ്ച് വിപ്ലവം.റിലീസിംഗിന് തയാറായി നിൽക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ സംവിധായകൻ അഴിമുഖത്തോട് പങ്കു വയ്ക്കുന്നു.

ഫ്രഞ്ച് വിപ്ലവം കൈകാര്യം ചെയ്യുന്നത് ചരിത്രപരമായ വിഷയമാണോ?

1996 കാലഘട്ടത്തിൽ എ.കെ ആന്റണി സർക്കാർ ചാരായ നിരോധനം കൊണ്ട് വന്നപ്പോൾ കൊച്ചുകടവ് എന്ന ഗ്രാമത്തിലെ (സാങ്കൽപ്പിക ഗ്രാമം) ആളുകൾക്ക്, അതായത് അവിടത്തെ കുടിയന്മാരായ ആളുകൾക്ക്, എന്ത്‌ സംഭവിച്ചു എന്നുള്ളതാണ് ചിത്രം പറയുന്നത്. കൊച്ചുകടവ് എന്ന ഗ്രാമം റെപ്രസന്റ് ചെയ്യുന്നത് കേരളത്തെ തന്നെയാണ്. കൊച്ചുകടവിലെ ആളുകൾ ചാരായ നിരോധനത്തിന് ശേഷം ചെയ്ത കാര്യങ്ങൾ തമാശരൂപേണ പറയാൻ ശ്രമിക്കുകയാണ് ചിത്രത്തില്‍. പേര് പോലെ വലിയ സംഭവം ഒന്നുമല്ലാത്ത ഒരു കുഞ്ഞുകഥ.

അപ്പോൾ ഫ്രഞ്ച് വിപ്ലവം എന്ന പേരിന് പുറകിലെ കാരണം?

സിനിമയിൽ ഒരിടത്ത് ഒരു സന്ദർഭത്തിൽ ഫ്രാൻസിൽ നിന്ന് ഒരു വിദേശ വനിത കൊച്ചുകടവിലേക്ക് വരുന്നുണ്ട്. അവർ കൊണ്ടുവന്ന ഡ്രിങ്ക് കൊച്ചുകടവിൽ ഉണ്ടാക്കുന്ന വിപ്ലവമാണ് ഇതിലെ ഫ്രഞ്ച് വിപ്ലവം.

നായകകഥാപാത്രം ചെയ്യുന്ന സണ്ണി വെയിൻ?

ഈ സിനിമയുടെ സ്‌ക്രിപ്റ്റ് കേൾക്കുന്ന സമയത്ത്‌ നായകനായ സത്യൻ എന്ന കഥാപാത്രമായി സണ്ണി വെയിൻ ആണ് ആദ്യം തന്നെ എന്റെ മനസിൽ വന്നത്. അതുകൊണ്ട് അവിടെ നിന്നു തന്നെ കഥ പറഞ്ഞു തുടങ്ങാമെന്ന നിലക്ക് ആളെ ഞാൻ അപ്രോച്ച് ചെയ്‌തു. കഥ കേട്ടതിന്റെ രണ്ടാം ദിവസം തന്നെ പുള്ളി എന്നെ വിളിച്ചു ഡെയ്റ്റ് തന്നു. പാചകക്കാരനായ ഒരു യുവാവായാണ് സണ്ണി അഭിനയിക്കുന്നത്.

90 കളിലെ കഥ പറയുന്ന ചിത്രത്തിന്റെ തയ്യാറെടുപ്പുകൾ എത്തരത്തിലൊക്കെയായിരുന്നു?

ആലുവ, മാഞ്ഞാലി, ചാലക്കൽ, പുത്തൻ വേലിക്കര തുടങ്ങിയ സ്ഥലങ്ങളായിരുന്നു ഈ സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. 96 കാലഘട്ടം നമുക്ക് കൊണ്ട് വരണം എന്നതുകൊണ്ട് തന്നെ അത്തരത്തിൽ ഫീൽ ചെയ്യുന്ന സ്ഥലങ്ങൾ ആണ് നമുക്ക് ആവശ്യമായി വന്നത്. അതായത് വലിയ സെറ്റ് ഒന്നും ഇടാത്ത സ്ഥലങ്ങൾ. ആർട്ടിഫിഷ്യാലിറ്റി കൊണ്ടുവരരുത് എന്ന ആഗ്രഹം ഉണ്ടായിരുന്നു. പിന്നെ ആ സ്ഥലങ്ങള്‍ ഈ സിനിമയുടെ നിർമ്മാതാക്കളുടെ നാട് കൂടി ആണ്. ആർട്ട് ചെയ്ത അരുൺ വെഞ്ഞാറമൂട് നന്നായി തന്നെ പണി എടുത്തിട്ടുണ്ട്.

കാലഘട്ടത്തെ കുറിച്ചുള്ള ഒരു പഠനം അത്യാവശ്യമായിരുന്നില്ലേ ചിത്രത്തിന്?

എനിക്ക് അറിയാവുന്ന കാലഘട്ടം തനെയാണ് 90കൾ അല്ലെങ്കിൽ 1996 എന്നു പറയുന്നത്. ഞാൻ ജനിച്ചത് 1982 ൽ ആണ്. 96 എന്ന് പറയുന്നത് എന്റെ പത്താം ക്ലാസ് കാലഘട്ടമാണ്. കാലഘട്ടത്തെ കുറിച്ചുള്ള ഏകദേശ ധാരണയുടെ പുറത്തു നമ്മൾ ചെയ്ത സിനിമയാണ് ഇത്.

ഈ.മ. യൗ സിനിമയിലൂടെ സുപരിചിതയായ ആര്യ ഉണ്ണിയുടെ നായിക കഥാപാത്രത്തെ കുറിച്ച്?

സണ്ണി വെയിൻ ചെയ്യുന്ന നായക കഥാപാത്രത്തിന്റെ ജോഡി ആയിട്ടാണ് ആര്യയുടെ കഥാപാത്രം ഇതിൽ എത്തുന്നത്. അച്ഛനെയൊന്നും വില കല്പിക്കാത്ത ഒരു തന്റേടിയായ പെണ്‍കുട്ടി. അവർക്ക് നായകനോടുള്ള പ്രണയവും, ഒരു വശത്ത് പ്രണയത്തോടുള്ള അച്ഛന്റെ എതിർപ്പിനിടയിലും അച്ഛന്റെ പണം വേണമെന്ന മനോഭാവവുമൊക്കെ വെച്ചു പുലർത്തുന്ന ഒരു കഥാപാത്രം. ഭയങ്കര ബോൾഡ് ആയ കഥാപാത്രം. ഞാൻ ഈ.മ. യൗ ചിത്രീകരണ സമയത്ത് ലിജോയുടെ കൂടെ സിനിമ കണ്ട് പഠിക്കാനായി 20 ദിവസം ലൊക്കേഷനിൽ നിന്നിരുന്നു. അവിടെ വെച്ച് എനിക്ക് ആര്യയെ പരിചയം ഉണ്ട്. പിന്നെ ഞാൻ ഒരു ഷോർട്ട് ഫിലിം ചെയ്തിരുന്നു. ഇതുവരെ പുറത്ത് വന്നിട്ടില്ല. അതിൽ ആര്യയാണ് നായിക. നന്നായി ചെയ്യുമെന്ന വിശ്വാസം കൊണ്ട് തന്നെയാണ് ഈ കഥാപാത്രം അവരെ ഏൽപ്പിച്ചത്.

സിനിമയിലേക്ക് വരുന്നത് എങ്ങനെയാണ്?

ചെറുപ്പം മുതലേ സിനിമ കണ്ടും സിനിമയെ ഇഷ്ടപ്പെട്ടും ഒക്കെയാണ് വളർന്നത്. അന്നേ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും പെട്ടെന്ന് സിനിമയിലേക്ക് വരാൻ ഉള്ള ഒരു സാഹചര്യം അല്ലാത്തതിനാൽ ആ ആഗ്രഹം അങ്ങനെ ഉള്ളിൽ കിടന്നു. പിന്നീട് പഠനം ഒക്കെ കഴിഞ്ഞു ജോലിയുമായി വിദേശത്തു പോയി. അതിനിടക്ക് ലിജോയുടെ സിനിമകൾ കണ്ട് ഇഷ്ടപെട്ട ഞാൻ ലിജോയുമായി സൗഹൃദത്തിൽ ആയി. അങ്ങനെ സിനിമയെ സീരിയസ് ആയി കണ്ട് തുടങ്ങി. പിന്നീട് ജോലി നിർത്തി വന്ന് ലിജോയോട് സിനിമയില്‍ വർക്ക് ചെയ്യാൻ ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞു. അങ്ങനെയാണ് വർക്ക് കണ്ട് പഠിക്കാൻ ഈ. മ. യൗവില്‍ എത്തുന്നത്. അതാണ് എന്റെ കരിയറിലെ എക്സ്പീരിയൻസ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സ്വാധീനം?

ലിജോയുടെ സിനിമകൾ എല്ലാം എനിക്കിഷ്ടമാണ്. പുള്ളിയുടെ ലൊക്കേഷൻ ഒരു സ്‌കൂൾ തന്നെയാണ്. എനിക്കും സിനിമ ചെയ്യാൻ പറ്റുമെന്ന ധൈര്യം കിട്ടുന്നത് ആളുടെ കൂടെ നിന്നതുകൊണ്ട് തന്നെയാണ്. പുള്ളി തന്ന ഒരു ധൈര്യം ഉണ്ട്. അതായത് നമ്മുടെ മനസ്സിൽ ഒരു വിഷ്വൽ ഉണ്ടെങ്കിൽ സിനിമ ചെയ്യാമെന്ന ധൈര്യം.

സിനിമയെ കുറിച്ച്?

സിനിമക്ക് യു ക്ലീന്‍ സർട്ടിഫിക്കറ്റ് ആണ് കിട്ടിയിട്ടുള്ളത്. അതായത് ഇത് ഒരു കള്ളുകുടി സിനിമയല്ല. ഒരു ഫാമിലി എന്റര്‍ടെയിനര്‍ ആണ്. എല്ലാവരും വന്നു കാണണം.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍