UPDATES

ഷൈമ പി

കാഴ്ചപ്പാട്

ഷൈമ പി

സിനിമ

ആണത്തക്കാഴ്ചകളുടെ സിനിമാ വിവര്‍ത്തനവും സാഹിത്യവും; ഒരു താരതമ്യം

ഷൈമ പി

ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള മാറ്റം എന്നതിലുപരി, വിവര്‍ത്തനം സാധ്യമാകുന്നത് ഒന്നും മറ്റൊന്നും ചേര്‍ന്നുള്ള ”ഒരു ഇമ്മിണി വല്ല്യ ഒന്നാണ്”. വിവര്‍ത്തനം അഭിസംബോധന ചെയ്യുന്നത് പരിധികളുടെ പരിമിതികളേയാണ്. നുഴഞ്ഞുകയറ്റത്തിന്റേയും അതിര്‍ത്തിലംഘനങ്ങളുടേയും രാഷ്ട്രീയമാണ് വിവര്‍ത്തനത്തിന്റേത് ഇരുപതാം നൂറ്റാണ്ടിന്റെ കല എന്നു വിശേഷിപ്പിക്കാവുന്ന സിനിമ, പല തരത്തില്‍ അച്ചടി സാഹിത്യത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കവിതയായും തിര കവിതയായും, docufiction ആയും കഥയായും Plus 2-degree/MA Syllabus ആയും സിനിമ വിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ട്. എന്നിരുന്നാലും അച്ചടി സാഹിത്യത്തില്‍ സിനിമ വിവര്‍ത്തനങ്ങള്‍ വരേണ്യ ആണ്‍ കാഴ്ചകളുടെ പരിധിക്കപ്പുറം കടക്കുന്നില്ലെന്നു കാണാം.

വിവര്‍ത്തനം എന്ന അതിര്‍ത്തി ലംഘനം
പ്രാദേശിക, ദേശീയ പാശ്ചാത്യ പ്രവണതകള്‍ ഏതൊരു സാഹിത്യത്തേയും പോലെ, മലയാള സാഹിത്യത്തെയും (അച്ചടി) നിര്‍ണയിക്കുന്നതില്‍ പ്രധാനമായിരുന്നു. ഇത്തരം പ്രവണതകളുടെ നുഴഞ്ഞുകയറ്റം അച്ചടി മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയെ ഏറെ സഹായിച്ചിട്ടുണ്ട്. ഇങ്ങനെ ബംഗാളി, ലാറ്റിന്‍ അമേരിക്കന്‍, യൂറോപ്യന്‍ ഭാഷകളില്‍ നിന്നുള്ള വിവര്‍ത്തനങ്ങള്‍ മലയാള സാഹിത്യത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. യൂറോപ്യന്‍ സാഹിത്യത്തെ മലയാളിക്ക് പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ച, 1950 കളില്‍ എം. ഗോവിന്ദന്‍ എഡിറ്റര്‍ ആയിരുന്ന ഗോപുരം ദൈ്വമാസിക, വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ന്യായീകരണമെന്നോണം (അവതാരികയില്‍) പറയുന്നത്, ‘തത്വചിന്തയിലും കവിതയിലും Bertrand Russel നെ പോലെയോ, T.S Eliot നെ പോലെയോ മികച്ചവരില്ലാത്തതുകൊണ്ട്, ഗോപുരം, ലണ്ടന്‍ മാഗസിന്‍, എന്‍കൗണ്ടര്‍, പാര്‍ട്ടിസണ്‍ റിവ്യൂ മുതലായ യൂറോപ്യന്‍ പ്രസിദ്ധീകരണങ്ങള്‍ പോലെ മാതൃകാപരമാകാന്‍ കുറച്ചു യൂറോപ്യന്‍ വിവര്‍ത്തനങ്ങള്‍ ചേര്‍ത്തിരിക്കുന്നു എന്നാണ്’ (11). ഇംഗ്ലീഷ് സാഹിത്യവും മലയാള സാഹിത്യവും തമ്മിലുള്ള അന്തരം എത്രത്തോളമാണെന്നും മലയാള സാഹിത്യം ഓരോരോ തുറയിലും എത്രമാത്രം പാപ്പരാണ് എന്നും ഈ ദുര്‍വിധി ദുരീകരിക്കുന്ന കാര്യത്തില്‍ പരമാവധി എന്തെല്ലാം പ്രവര്‍ത്തിക്കാന്‍ പറ്റുമോ, അതൊക്കെ ഗോപുരം ചെയ്യുമെന്നും വിവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായിട്ടാണ് ഗോപുരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും (11) വ്യക്തമാക്കുന്നു അവതാരിക. മലയാള സാഹിത്യത്തിന്റെ പരിമിതി മറികടക്കാന്‍, യൂറോപ്യന്‍ എഴുത്തുകളുടെ മലയാള വിവര്‍ത്തനം അത്യാവശ്യമാണെന്ന് എം. ഗോവിന്ദനെ പോലുള്ളവരുടെ വിശ്വാസം ഇത്തരം ഉള്‍പ്പെടുത്തലുകളില്‍ കാണാം. മറിച്ച്, സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് പ്രാദേശികമായ ഉള്‍പ്പെടുത്തലുകള്‍ ആണ് വേണ്ടത് എന്ന തിരിച്ചറിവ് എഴുത്തച്ഛന്‍, ചെറുശ്ശേരി, കുഞ്ചന്‍ നമ്പ്യാര്‍ എന്നിവരുടെ എഴുത്തുകളില്‍ കാണാം എന്ന് ഇ.വി.രാമകൃഷണന്‍ സൂചിപ്പിക്കുന്നു. തമിഴ്/സംസ്‌കൃത പദ്യ tradition അതിര്‍ത്തി നിര്‍ണയിച്ച മലയാള സാഹിത്യത്തില്‍ ദൈനംദിന folk പ്രയോഗങ്ങളും ഉള്‍പ്പെടുത്തി, സാഹിത്യ പരിധികളെ വിപുലീകരിക്കുകയാണ് എഴുത്തച്ഛന്‍ മുതലായവര്‍ ചെയ്തതെന്ന്, ഇ.വി. രാമകൃഷ്ണന്‍ വിശദീകരിക്കുന്നു. ഇത്തരം പ്രാദേശികമായ ഉള്‍പ്പെടുത്തലുകള്‍, മലയാള ഭാഷയെ ഒരു literary ഭാഷയാക്കുന്നതില്‍ നിര്‍ണായകമായിത്തീര്‍ന്നു.

മലയാള ഭാഷയുടെ സംസ്‌കൃതീകരണം സംഭവിക്കാന്‍ തുടങ്ങുന്ന എട്ടാം നൂറ്റാണ്ട് മുതല്‍ പതിനാലാം നൂറ്റാണ്ടുവരെയുള്ള, വൈശിക തന്ത്രം, ഉണ്ണിയച്ചി/ഉണ്ണിയാടി/ഉണ്ണിച്ചിരുതേവി ചരിതങ്ങള്‍ എന്നിവയിലെ പ്രാദേശിക ഭാഷാ പ്രയോഗങ്ങള്‍, ദളിത് ബഹുജന്‍ ജാതി സമൂഹങ്ങളുടെ നിര്‍മ്മിതിയും ജാതിവ്യവസ്ഥാനന്തരം അവയ്ക്കു സംഭവിച്ച വേറിട്ട രൂപമാറ്റങ്ങളും അവസ്ഥാനന്തരങ്ങളും പല രീതികളില്‍ സൂചിപ്പിക്കുന്നു എന്ന് എം.ബി. മനോജ് പറയുന്നു. ഈ കൃതികളിലുള്ള പ്രാദേശിക ഭാഷാപ്രയോഗങ്ങളുടെ വിവര്‍ത്തനങ്ങള്‍, അവ നല്‍കിയ ദളിത്- ബഹുജന്‍ ജാതി സമൂഹങ്ങളേയും അനുഭവ ലോകങ്ങളേയും കുറിച്ചുള്ള സൂചനകള്‍, കീഴാള ജനത ഒറ്റ ഏകകമായി സംസ്‌കൃത/ആര്യ അധിശ്വത്തിന് അധമപ്പെടുകയായിരുന്നില്ല എന്നു ഓര്‍മ്മപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു(9):

ദളിത് ജീവിതം, സൂചനകളായല്ലാതെ, അനുഭവവത്കരിച്ചു തുടങ്ങുന്നത്, അഥവ സാഹിത്യത്തില്‍ വിവര്‍ത്തനം ചെയ്തു തുടങ്ങുന്നത് എഴുപതുകള്‍ മുതലാണെന്ന്, കവിതയുടെ ചരിത്രത്തെ വിശദീകരിക്കുന്നിടത്ത് പ്രദീപന്‍ പാമ്പിരിക്കുന്ന് പറയുന്നുണ്ട് (3). കറുപ്പ്, രാത്രിയുടെ നിറം, എന്നതില്‍ നിന്നും മാറി, വെയിലേറ്റ അധ്വാനത്തിന്റെ നിറമായിത്തീരുന്നു (1). പ്രാദേശികമായ ജാതി/മത/ലിംഗാനുഭവങ്ങളുടെ വിവര്‍ത്തനം, യൂറോസെന്‍ട്രിക്കും, ഏകപുരുഷ കേന്ദ്രീകൃതവുമായ മാനവികതയും സവര്‍ണ ദേശീയത നിര്‍ണയിച്ച സാഹിത്യ അതിര്‍ത്തികള്‍ മറികടക്കാന്‍ പ്രധാനമാണെന്ന് ഈ എഴുത്തുകള്‍ സൂചിപ്പിക്കുന്നുണ്ട്.

ശ്രീനിവാസന്‍ ഒരു (കീഴാള) പാഠപുസ്തകമോ?
ദൃശ്യകലയായ സിനിമയെ അച്ചടി സാഹിത്യം വിവര്‍ത്തനം ചെയ്യുന്നത്, വരേണ്യ ആണ്‍ കാഴ്ചാതിര്‍ത്തികളെ പരിപോഷിപ്പിക്കാനാണെന്ന് കാണാം. പ്രാദേശികതയെ ഇല്ലായ്മ ചെയ്തുകൊണ്ടുള്ള സിനിമാ വിവര്‍ത്തനങ്ങളാണ് അച്ചടി സാഹിത്യം കൂടുതലും പ്രോത്സാഹിപ്പിക്കുന്നത്. തെയ്യം പോലത്തെ അമ്മ ദൈവങ്ങള്‍ക്ക് പ്രാധാന്യമുള്ള പ്രാദേശിക കലാരൂപങ്ങള്‍ പുരുഷനെ കേന്ദ്രമാക്കി സിനിമ വിവര്‍ത്തനം ചെയ്യുന്നതുപോലെ, അച്ചടി സാഹിത്യത്തിന്റെ സിനിമാ വിവര്‍ത്തനം വരേണ്യ ആണ്‍ ആവിഷ്‌ക്കാരത്തിനുള്ള ഇടമായിത്തീരുന്നു.

കീഴാള സാമുദായികതയുടെ ദൃശ്യവല്‍ക്കരണവും സവര്‍ണ മേധാവിത്വത്തിനെതിരായ വിമര്‍ശനരംഗങ്ങളും സവര്‍ണതയില്‍ അടിസ്ഥാനപ്പെട്ട വ്യാവസായിക മൂലധനത്തിനെയാണ് ലക്ഷ്യംവെയ്ക്കുന്നതെന്ന് കമലിന്റെ സെല്ലുലോയ്ഡ് എന്ന സിനിമയുടെ സവര്‍ണ കാഴ്ചയെ വിമര്‍ശിച്ചുകൊണ്ട് കെ.കെ. കൊച്ച് നിരീക്ഷിക്കുന്നു. ഇത് സിനിമയുടെ കാഴ്ചയെ കുറിച്ച് സാമാന്യമായി പറയാവുന്നതാണ്. കീഴാളത, ആ കാഴ്ച അദൃശ്യവും കുറ്റകരവുമായ കറുപ്പാണ്. ”കറുത്തതെങ്കിലും സുന്ദരിയായ” റോസിയെ വെളുപ്പിച്ച്, കറുപ്പില്‍ നിന്നും കുറ്റവിമുക്തയാക്കിയാല്‍ മാത്രമേ, ജാതി വിപണിയില്‍ കറുപ്പിന് മൂല്യമുള്ളു. കറുപ്പ്, ഇവിടെ വെയിലേറ്റ അധ്വാനത്തിന്റേയല്ല, മറിച്ച് തൊട്ടുകൂടാത്ത, അദൃശ്യമായ കീഴാളതയുടേതാണ്. വെളുപ്പിക്കാത്ത കറുപ്പുകള്‍ അവിടെ, സഹതാപത്തിന്റെയും വെറുപ്പിന്റേയും ഇരകളാണ്. (കലാഭവന്‍ മണിയുടെ കഥാപാത്രങ്ങള്‍, ശ്രീനിവാസന്റെ ചിദംബരം, ചിതറിയവര്‍ എന്നിവയിലെ ദളിത് കഥാപാത്രങ്ങള്‍ etc.) കറുത്തവര്‍, അഥവാ നിറം കുറഞ്ഞവര്‍, ഈ യുക്തി അനുസരിച്ച് കീഴാളരാക്കപ്പെടുകയും ചെയ്യുന്നു. ശ്രീനിവാസന്‍ എന്ന നടന്‍/കഥാകൃത്ത്/സംവിധായകന്‍, ഇങ്ങനെ കീഴാളമാക്കപ്പെട്ടു. അഥവാ കീഴാളതയുടെ പാഠപുസ്തകമായി വിവര്‍ത്തനം ചെയ്യപ്പെട്ടു എന്നത് സിനിമാ വിവര്‍ത്തനത്തിന്റെ വരേണ്യ അണ്‍ ഇടപെടലുകളെ സൂചിപ്പിക്കുന്നു. പിന്നാക്ക ജാതിയെ കീഴാള ജാതിയായി കൂട്ടിക്കലര്‍ത്തുക വഴി കറുപ്പിക്കപ്പെട്ട കീഴാളതയുടെ/അദൃശ്യതയുടെ രാഷ്ട്രീയം അടയാളപ്പെടാതെ പോകുന്നു.

സിനിമയുമായി ബന്ധപ്പെട്ട് വന്ന ആണത്ത ചര്‍ച്ചകള്‍ ശ്രീനിവാസനെ പാഠപുസ്തകമാക്കിക്കൊണ്ടാണ് തുടങ്ങിയത്. സ്വാഭാവികം, പ്രകൃതി സഹജം എന്നീ description അദൃശ്യമാക്കുന്ന ആണത്ത നിര്‍മ്മിതിയെ ദൃശ്യമാക്കാന്‍ സിനിമ എന്ന ദൃശ്യമാധ്യമം ഏറെ സഹായകമാണ് എന്നതുകൊണ്ട് തന്നെ ആണത്ത ചര്‍ച്ചകള്‍ സിനിമ എന്ന മാധ്യമവുമായി ബന്ധപ്പെട്ടാണ് കൂടുതലും വന്നത്. ചര്‍ച്ചകളുടെ കേന്ദ്രമാകട്ടെ ശ്രീനിവാസന്‍ എന്ന താരമല്ലാത്ത താരവും. ധൈര്യക്കുറവ്, വികാരങ്ങള്‍ക്കടിമപ്പെട്ടല്‍, ഉത്തരവാദിത്വമില്ലായ്മ, എന്നീ പുരുഷത്വമില്ലായ്മകളെ അഭിനയിച്ച് ഫലിപ്പിച്ച്, സ്വയം കളിയാക്കികൊണ്ട്, normative പുരുഷ സങ്കല്‍പങ്ങളെ വിമര്‍ശിക്കുന്ന വെളുത്തതല്ലാത്ത, ഉയരം കുറഞ്ഞ ശ്രീനിവാസന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നത് എന്നത് ശ്രീനിവാസനെ ആണത്ത ചര്‍ച്ചകള്‍ക്ക് പ്രിയപ്പെട്ടവനാക്കി (S. Sanjeev, C.S. Venketeswaran) അധീശ ആണത്തത്തിലെത്താനുള്ള ആകാംക്ഷ മാത്രമാണ് ശ്രീനിവാസന്‍ കഥാപാത്രങ്ങളെന്നും കീഴാള സ്ത്രീയുടെ അദൃശ്യവല്‍ക്കരണമാണ് അത് ലക്ഷ്യം വെക്കുന്നതെന്നുമുള്ള എതിര്‍ വായനകള്‍ (ജെനി റോവിന, ബാബും ഇലുവോയില്‍) ശ്രീനിയെന്ന താരമില്ലായ്മയുടെ താരവത്കരണത്തെ എന്നാല്‍ ചരിത്രവല്‍ക്കരിക്കുന്നില്ല. വടക്കേ കേരളത്തിലെ പാട്യം എന്ന ഗ്രാമത്തില്‍ നിന്നും വരുന്ന തിയ്യ പിന്നാക്ക സമുദായക്കാരനായ ശ്രീനിവാസന്‍ കീഴാള (1) പുരുഷ ബിംബമാക്കപ്പെടുന്നത് ആണധികാരത്തെ ഏകവചനമായി മാത്രം സങ്കല്‍പ്പിക്കുന്നതുകൊണ്ടാണ്. തുല്യമായ സാമൂഹ്യാധികാരത്തിനു (നഷ്ടപ്പെട്ട സാമൂഹ്യാധികാരം തിരിച്ചെടുക്കാനെന്നും കാമ്പില്‍ അനന്തന്‍ പോലുള്ളവര്‍) വേണ്ടിയുള്ള നായര്‍ സമുദായവുമായുള്ള കലഹങ്ങള്‍ വടക്കേ കേരളത്തിലെ തിയ്യ ജാതി ആണത്തങ്ങളുടെ നിര്‍മ്മിക്കുന്നതില്‍ പ്രധാനമാണ്. അധികാരം ഉള്ളവര്‍ തമ്മിലുള്ള കലഹങ്ങളാണ്, നായര്‍തിയ്യ ജാതി സാമുദായിക കലഹങ്ങള്‍ സൂചിപ്പിക്കുന്നത്. കള്ള് ഷാപ്പ് പിക്കറ്റിംഗിനു പോയപ്പോള്‍ വരേണ്യ ആണ്‍ പിക്കറ്റുകാര്‍ക്ക് തിയ്യരില്‍ നിന്നും നേരിടേണ്ടി വന്നിട്ടുള്ള എതിര്‍പ്പുകള്‍ (എ.കെ.ജി), വയനാട്ടുകുലവന്‍ പോലുള്ള തിയ്യ തെയ്യങ്ങളുടെ ഐതിഹ്യങ്ങള്‍ സൂചിപ്പിക്കുന്ന നായര്‍ സമുദായത്തോടുള്ള എതിര്‍പ്പുകള്‍ (എം എ റഹ്മാന്‍) എന്നിവയൊക്കെ ഇത്തരം കലഹങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. നായര്‍ സമുദായമായി കലഹങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോഴും മറുഭാഗത്ത്, തങ്ങളേക്കാള്‍ താണ ജാതി സമൂഹങ്ങളുടെ മേല്‍ അധികാരം കാണിക്കാനും തിയ്യ സമുദായക്കാര്‍ മടികാണിക്കുന്നില്ല. പുലയ ജാതിയില്‍പ്പെട്ടവര്‍ക്ക് വടക്കന്‍ കേരളത്തിലെ തിയ്യ ജാതിയില്‍ നിന്നും അനുഭവിക്കേണ്ടിവന്ന ജാതി പീഢനങ്ങളെ കുറിച്ച് കല്ലേന്‍ പൊക്കുടന്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. മുപ്പതുകളില്‍ എ.കെ.ജി.ക്കു നേരെ ഉണ്ടായ കുറുവടി ആക്രമം മുതല്‍ ഇന്ന് ചിത്രലേഖ എന്ന ദളിത് ഓട്ടോറിക്ഷാ െ്രെഡവറെ തൊഴിലെടുത്ത് ജീവിക്കാന്‍ അനുഭവിക്കാത്ത സാഹചര്യം ഉണ്ടാക്കുന്നതില്‍ തിയ്യ ആണത്തങ്ങള്‍ക്ക് പ്രധാന പങ്ക് ഉണ്ട്. ഈയൊരു സാഹചര്യത്തില്‍ വടക്കന്‍ കേരളത്തിലെ തിയ്യ ആണത്തത്തെ, ശ്രീനിവാസന്റെ തിയ്യ ആണത്തത്തെ, കിഴാളമായി കാണാന്‍ പറ്റില്ല. ജാതിപരമായ കീഴാളത ഇല്ലാത്തതുകൊണ്ടുതന്നെ ആയിരിക്കണം, ശാരീരികമായ കീഴാളതയെ കളിയാക്കാന്‍ ശ്രീനിവാസനു സാധ്യമായതും ശ്രീനിവാസനെ കീഴാള ആണത്തത്തിന്റെ പാഠപുസ്തകമാക്കാന്‍ വരേണ്യമായ ആണത്ത ചര്‍ച്ചകള്‍ക്കായതും ഈ വരേണ്യമായ ആണ്‍ കാഴ്ച തന്നെയാണ് സാഹിത്യത്തിന്റെ (അച്ചടി) സിനിമാ വിവര്‍ത്തനത്തേയും നിര്‍വചിക്കുന്നത്.

പെണ്‍ജീവചരിത്രങ്ങളും ആണത്ത പഠനങ്ങളും
തിരക്കഥാ സാഹിത്യം, ഓര്‍മ്മക്കുറിപ്പ്, അഭിമുഖം, താരപഠനം, ആത്മകഥ, ജീവചരിത്രം എന്നിങ്ങനെ സിനിമാ സാഹിത്യമായി വിവര്‍ത്തനം ചെയ്യുമ്പോഴും അവ പ്രാഥമികമായും ആണ്‍കാഴ്ചകളായി പരിമിതപ്പെടുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, ശ്രീനിവാസന്‍, മുരളി, മുതലായവരെ കുറിച്ചുള്ള പഠനങ്ങള്‍ ധാരാളം വന്നിട്ടുണ്ടെങ്കിലും നടിമാരുടേതാകുമ്പോള്‍ അത് പഠനമല്ലാത്ത, ആത്മകഥാപരമായ എഴുത്തുകളായി തീരുകയാണ് പതിവ്. മഞ്ജുവാര്യര്‍, കാവ്യാമാധവന്‍, ഭാഗ്യലക്ഷ്മി, ഷക്കീല തുടങ്ങിയവരുടെ ആത്മകഥാപരമായ ആഖ്യാനങ്ങള്‍ ഇത്തരത്തില്‍ ഇറങ്ങിയിട്ടുണ്ട്. ആണത്തങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ അവരെ മലയാളി ആണത്തത്തിന്റേയും സംസ്‌ക്കാരത്തിന്റേയും പ്രതിനിധികളാക്കുമ്പോള്‍ സ്ത്രീകളെക്കുറിച്ചുള്ള പഠനമില്ലായ്മകള്‍ അവര്‍ ‘സാധാരണ’ നടന്മാരല്ലാത്ത മലയാളി സ്ത്രീകളില്‍ നിന്നും എങ്ങനെ വ്യത്യസ്തരാണ് എന്നും, ആ വ്യത്യസ്തതയെ എങ്ങനെ ന്യായീകരിക്കാം എന്നുമുള്ള ഏറ്റുപറച്ചിലുകളാണ്. സിനിമയില്‍ നടി/ആര്‍ട്ടിസ്റ്റ് ആയതും കാരണം എന്തുകൊണ്ട് അവര്‍ക്ക് മലയാളി പെണ്ണത്തത്തെ പ്രതിനിധീകരിക്കാന്‍ കഴിവില്ലാ എന്നതിന്റെ ഏറ്റുപറച്ചിലുകളാകുന്നു ഈ ആത്മകഥാ രചനകള്‍. അങ്ങനെ, മാനം വില്‍ക്കാതെ ജീവിച്ചു തെളിയിച്ചതിന്റേയും (ഭാഗ്യലക്ഷ്മി) സിനിമാ താരമല്ലാത്ത വടക്കന്‍ കേരളത്തിന്റെ കൊച്ചുഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും കുറയാത്തതിന്റേയും (കാവ്യാമാധവന്‍), എന്റെ ജീവിതത്തിന്റെ നിങ്ങളറിയാത്ത ചില ഭാഗങ്ങളുടേയും (ഷക്കീല) ഏറ്റുപറച്ചിലുകളായിത്തീരുന്നു പെണ്‍ ആത്മകഥാരചനകള്‍. സിനിമാതാരമല്ലാത്ത നാടന്‍ മലയാളി പെണ്ണത്തത്തെ വീണ്ടെടുക്കുക എന്ന പുരോഗമന കര്‍ത്തവ്യം അവയുടെ പ്രസാദകരും നിര്‍വഹിക്കുന്നു. ”പ്രതികൂലമായ ജീവിതസാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ട് കരുപ്പിടിച്ചു, സ്ത്രീയെന്ന നിലയിലും അവരുടെ ജീവിതകഥയും പാരായണമൂല്യം വലുതാണ്, ”എന്നത് ഭാഗ്യലക്ഷ്മിയുടെ ജീവിതത്തെ പബ്ലിഷ് ചെയ്യാന്‍ മാത്രം ‘അസാധാരണ’മാക്കുമ്പോള്‍, ‘നമ്മള്‍ കരുതുന്നതുപോലെയല്ല സ്‌ക്രീനില്‍ തെളിയുന്ന പല നടികളുടേയും ജീവിതമെന്ന് ബോധ്യപ്പെടുത്തുകയാണ്, ”ഷക്കീലയുടെ ആത്മകഥ എന്ന് പ്രസാദക അവതാരികകള്‍ പ്രഖ്യാപിക്കുന്ന മലയാളി പെണ്ണത്തത്തെ പ്രതിനിധീകരിക്കാത്തിടത്തോളം അവയ്ക്ക് പഠനത്തിനു സ്‌കോപ്പ് ഇല്ല. എന്നാല്‍ ആണ്‍ താരങ്ങളുടേതാകുമ്പോള്‍ അവ പഠനാര്‍ഹമാണ്. അവര്‍ ‘കാല്‍ നൂറ്റാണ്ട് കാലത്തെ മലയാളി സമൂഹത്തിന്റെ ഗതി വിഗതികള്‍ തന്റെ രചനകളിലൂടെയും ഒരു പരിധിവരെ നടനത്തിലൂടെയും പിടിച്ചെടുത്തവരും” (ശ്രീനിവാസന്‍), ”മൂന്നുദശകങ്ങളോളം കേരളത്തിലെ പുരുഷ സമൂഹത്തിന്റെ വൈകാരിക ചരിത്രം താരശരീരങ്ങളില്‍ ആലേഖനം ചെയ്തവരും” (മമ്മൂട്ടി, മോഹന്‍ലാല്‍), മലയാള സിനിമയുടെ മൂല്യപരിസരങ്ങളുടെ നിരന്തരമായ പരിണാമചരിത്രത്തിലേയ്ക്കും, കേരളത്തിന്റെ സാമൂഹിക മാറ്റങ്ങളുടെ രസതന്ത്രത്തിലേയ്ക്കും നയിക്കുന്നവരും” (മോഹന്‍ലാല്‍) ആണ്. ദക്ഷിണേന്ത്യന്‍ സ്ത്രീക്ക് ഒരു ദിശാസൂചി എന്ന രീതിയില്‍ സ്മിതയെ കണ്ട്, ഇറങ്ങിയ വിശുദ്ധ സ്മിതയ്ക്ക് എന്ന കവിതാ സമാഹാരം ഈ അര്‍ത്ഥത്തില്‍ പ്രസക്തമാണ്.ശിവകുമാര്‍ കാങ്കോല്‍ എഡിറ്റ് ചെയ്ത് 1998ല്‍ പയ്യന്നൂരില്‍ നിന്ന് പബ്ലിഷ് ചെയ്ത ഈ പുസ്തകം സിനിമയെ സാഹിത്യത്തിലേക്ക് വിവര്‍ത്തനം ചെയ്തതിന്റെ ആദ്യശ്രമങ്ങളിലൊന്നാണ്. സ്മിത എന്ന സിനിമാനടിയെക്കുറിച്ച് എഴുതുക എന്നാല്‍ അത് സമകാലീന ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ദക്ഷിണേന്ത്യന്‍ അവസ്ഥയെക്കുറിച്ചും കാലങ്ങളിലൂടെ ഇന്ത്യന്‍ സ്ത്രീ അവസ്ഥ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന പ്രക്രിയയെ കുറിച്ചുള്ള അന്വേഷണം കൂടിയാണെന്ന” (കെ.സി. മുരളീധരന്‍ 28) ബോധ്യമാണ്. അങ്ങനെയൊരു പുസ്തകം സാധ്യമാക്കിയത്. എന്നിരുന്നാലും, വിശുദ്ധ സ്മിതയും ഒരു കൂട്ടം ആണ്‍ കവികള്‍ സ്മിതയെ വിവര്‍ത്തനം ചെയ്യുന്ന ഒന്നായിത്തീര്‍ന്നെന്ന് കെ.സി. മുരളീധരന്‍ പറയുന്നു (29).

ആണ്‍ തൃഷ്ണകളെ വിവര്‍ത്തനം ചെയ്യാനാണ് സിനിമ പലപ്പോഴും സാഹിത്യത്തില്‍ ഉപയോഗിക്കപ്പെടുന്നത്. ചെമ്പന്‍ മുടിക്കാരി കാമുകന്റെ/ചുണ്ടുകളീമ്പുന്നത് കണ്ട് കമ്പിത്തരിച്ചിരിക്കുന്ന ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ‘ക്രൗണില്‍’ (പി.പി. രാമചന്ദ്രന്‍ ). തിയേറ്റര്‍ എന്ന അവിവാഹിതരുടെ പണച്ചെലവില്ലാത്ത മണിയറ ഒരുക്കിയ ഇരുട്ടിന്റെ ആവേശങ്ങളോര്‍ക്കുന്ന നവീന്‍ ലോപ്പസ് (മധുപാല്‍ ഫേസ്ബുക്ക്), പള്ളിയാക്കപ്പെട്ട ടാക്കീസ്, പള്ളീലച്ഛനില്‍ ഉണര്‍ത്തുന്ന ലൈംഗിക ചിന്തകള്‍ വിഷയമാക്കിയ പി.വി. ഷാജികുമാറിന്റെ 18+ തുടങ്ങിയവ സിനിമയുടെ ആണ്‍ അനുഭവങ്ങളെ കുറിക്കുന്നു. സിനിമാസംവിധായകകരും കഥാപാത്രങ്ങളും സാഹിത്യത്തിനു വിഷയമായിട്ടുണ്ട്. മധ്യവര്‍ഗ്ഗ ആണത്ത പ്രകടനങ്ങളെ കളിയാക്കി കൊണ്ടുള്ള എ.സി. ശ്രീ ഹരിയുടെ  എവിടെ ലോണ്‍, പോ മോനെ ദിനേശാ തുടങ്ങിയ കവിതകളും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ എവിടെ ജോണ്‍ മുതലായവ. എന്നാല്‍ സിതാര എസിന്റെ ‘എവിടെ ജോണ്‍’ കാണിച്ചു തരുന്നത്, വളരെ സാധാരണക്കാരനായ അഴിഞ്ഞുപോകുന്ന മുണ്ട് മുറുക്കിയുടുത്ത് പൂരക്കളിയില്‍ കൂടുന്ന മീന്‍ ചട്ടിയിലെ ചോറിനായി തല്ലു കൂടുന്ന ഭ്രാന്തമായി സ്‌നേഹിക്കാന്‍ അറിയുന്ന ജോണിനെയാണ്. രതിനിര്‍വേദം കാണാന്‍ പോകുന്ന പെണ്‍കുട്ടികളുടേയും അറുപതു വയസ് കഴിഞ്ഞ സ്ത്രീകളുടേയും തിയേറ്റര്‍ അനുഭവത്തിന്റെ ആവിഷ്‌ക്കാരത്തിലൂടെ ആണ്‍നോട്ടങ്ങളുടെ പരിമിതിയെ വ്യക്തമാക്കുന്നു സിതാര എസിന്റെ രതിനിര്‍വ്വേദം. അതുപോലെ സ്‌ക്രീനില്‍ ചവിട്ടും അടിയും കൊള്ളുന്ന പെണ്ണുങ്ങളെ കാണുമ്പോള്‍ ഉണ്ടാകുന്ന അസ്വാരസ്യം രേഖ രാജ് തന്റെ സിനിമയും ഞാനും തമ്മില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍ സിനിമാനുഭവങ്ങള്‍ വളരെ വിരളമാണ് സാഹിത്യത്തില്‍ (അച്ചടി). സിനിമ ഇതുപോലെ നിരൂപണമായും കവിതയായും കഥയായും വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ അവ കൂടുതലും വരേണ്യ ആണ്‍കാഴ്ചകളുടേയും അനുഭവങ്ങളുടേയും വിവര്‍ത്തനമായിത്തീരുന്നു. അച്ചടി സാഹിത്യത്തിന്റെ ജാതി/ലിംഗ പരിധികള്‍ക്കപ്പുറം അത് കടക്കുന്നില്ല.

References

Abraham, Vinu, ed. Sreenivasan: Oru Pusthakam. Calicut: Olive, 2005.

Anandan, Kambil. Pauranika Keralam Athava Kerala Chartira Niroopanam. Kannur: Kambil House, 1935.

Bhagyalakshmi. Svarabhedangal. Kottayam: DC Books, 2012.

Chandrasekhar, A and Gireesh Balakrishnan. Mohanlal: Malayaliyude Jeevitham. Thiruvananthapuram: View Point, 2009.

Gopalan, A.K. 1980. Ente Jeevitha Katha.Thiruvananthapuram: Chintha Publishers, 2010.

Gopalakrishnan, Chelangat. Annathe Naayikamar. Kottayam: DC Books, 2012.

Govindan, M. ‘Gopurathililirunnu.’ Gopuram. Issue: 2. 1957. 1-21.

‘Horlicksinde Niram: Sreenivasante Grihasthashramangal.’ Pachakuthira. 1.5 (December 2004) 14-16.
Kakkattil, Akbar. Inghaneyum Oru Cinimakaalam. Thrissur: Green Books, 2013.

Kankol, Shivkumar. Vishudha Smithayk. Payyanur: Break Books, 1998.

Kochu. K.K. ‘Celluloid: Charithrathinte Varthamanam.’ http://utharakalam.com/?p=7806.

Madhavan, Kavya. Kadhayil Alpam Karyam. Kozhikode: Mathrubhumi Books, 2014.

Madhupal. Facebook. Kozhikode: Mathrubhumi Books, 2013.

Mammotoy: Kazhchayum Vaayanayum, ed. Bipin Chandran(Kottayam: DC Books, 2007).

Manoj, M.B. ‘Manipravala Kavithakal: Oru Samoohya Parishodhana.’ Desham, Deshi, Marga: Sahithyamenna Upadanna Saamagri. Kottayam: Papyrus Books, 2011. 9-43.

Pambirikunnu, Pradeepan. ‘Avar Jeevitham Kond Ezhthunnu.’ Pachakuppi. M.R. Renukumar. Kottayam: DC Books, 2011.

Pokkudan, Kallen. Ente Jeevitham. Kottayam: DC Books, 2010.

Raj, Rekha. ‘Cinimayum Njanum Thammil.’ Mathrubhumi Weekly. 2013.

Ramakrishnan, E.V. Locating Indian Literature: Texts, Traditions, Translations. Hyderabad: Orient Blackswan, 2011.

Rowena, Jenny. ‘Aanathanghale Kurichu.’ Pachakuthira 1.2 (September 2004) 14-18.

Rowena, Jenny. ‘Karutha Sreeniyum Velutha Lokavum’ [‘The Black Sreeni and the White World’]. Pachakuthira 1.5 (December 2004) 5-10.

S, Sithara. ‘Evide John.’ Ushnagrahangalude Sneham. Kottayam: DC Books, 2015.

S, Sithara. ‘Rathinirvedham.’ Veyilil Oru Kali Ezhuthukaari. Kozhikode: Mathrubhumi Books, 2014.

Sajeesh, N.P., ed. Purushaveshanghal. Alappuzha: Fabian Books, 2006.

Sanjeev, S. and C.S. Venkiteshwaran. ‘The Left and the Untouchabiltiy of Caste: Sreenivasan and the Comic Order of Things.’Deep Focus (March 2002): 13-30.

Shajikumar, P.V. Kidappara Samaram. Kozhikode: Mathrubhumi Books, 2012.

Shakeela. Aathmakatha. Kozhikode: Olive Publications, 2013.

Sreehari A.C. ‘Evide Loan’ and ‘Po Mone Dinesha.’ Vayanavikrithi. Kottayam. DC Books, 2006. 51-52; 55-58.

Sreehari, A.C. Edacheri. Payyanur: AC Books, 2010.

Sribala. K. Menon in an interview with Sreenivasan ‘Njanentha Paadapusthakamo? Sreenivasan’ Pachakuthira 1.5 (December 2004) 24.a

Warrior, Manju and N. Jayachandran. Sallapam. Kottayam: DC Books, 2013.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഷൈമ പി

ഷൈമ പി

പയ്യന്നൂര്‍ സ്വദേശിയായ ഷൈമ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‍ മലയാള ജനപ്രിയ ചലച്ചിത്രങ്ങളിലെ thiyya masculinities and interventions എന്ന വിഷയത്തില്‍ പി.എച്ച്.ഡി നേടി. അധ്യാപികയാണ്. അഴിമുഖത്തില്‍ smokescreen എന്ന സിനിമ കോളം കൈകാര്യം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍