UPDATES

സിനിമ

ലൂക്ക ഇന്ന് മുതല്‍ തീയേറ്ററില്‍; ഇതൊരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറും ലവ് സ്റ്റോറിയുമാണ്‌; സംവിധായകൻ അരുൺ ബോസ്/ അഭിമുഖം

ഈ വർഷം മലയാള സിനിമയുടെ ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്നാണ്, ഒരു ഗോൾഡൻ ഇയർ. ഏതു തരം സിനിമയാണെങ്കിലും പ്രേക്ഷകർ ഏറ്റെടുക്കുന്ന ഒരു സാഹചര്യമാണിപ്പോൾ

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ‘ലൂക്ക’ ഇന്ന് തിയേറ്ററുകളിലെത്തുകയാണ്. നവാഗതനായ അരുൺ ബോസ് സംവിധാനം ചെയുന്ന ചിത്രത്തിൽ ഒരു ശിൽപ്പിയായാണ് ടൊവിനോ എത്തുന്നത്. അഹാന കൃഷ്ണയാണ് നായിക. തന്റെ പുതിയ സിനിമയെ കുറിച്ചും, സിനിമ കാഴ്ച്ചപ്പാടുകളെ കുറിച്ചും സംവിധായകൻ അരുൺ ബോസ് അഴിമുഖത്തോടെ സംസാരിക്കുന്നു.

എന്താണ് ലൂക്ക?

ലൂക്ക ഒരു സ്ക്രാപ്പ് ആർട്ടിസ്റ്റാണ്, പെയിന്ററാണ്, ജീവിതം ആസ്വദിക്കുന്ന ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ ജീവിതമാണ് ഈ സിനിമ പറയുന്നത്. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ രീതിയിൽ പറഞ്ഞ് പോകുന്ന ലവ് സ്റ്റോറിയാണ് സിനിമ.

ലൂക്ക പെട്ടന്ന് ഉണ്ടായൊരു ചിന്തയാണ്

പരസ്യ മേഖലയിലാണ് ആദ്യം പ്രവർത്തിച്ചിരുന്നത്. 2010-ൽ ‘മൈ പേപ്പർ ബോട്ട്’ എന്ന ഹ്രസ്വചിത്രം ഒരുക്കി. ആ ചിത്രത്തിന് സ്കോളർഷിപ്പ് ലഭിക്കുകയും യു.കെയിൽ പോവുകയും എം.എ ഫിലിം സ്റ്റഡീസ് ചെയ്യുകയായിരുന്നു. 2012-ൽ തിരിച്ചത്തിയ ശേഷം സുഹൃത്തിനൊപ്പം ഒരു പരസ്യ കമ്പനി തുടങ്ങുകയും ചെയ്‌തു. കൂടാതെ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ജേർണലിസം ഡിപ്പാർട്മെന്റിൽ അദ്ധ്യാപകനും കൂടിയാണ്. പിന്നീട് സിനിമയിലേക്ക് വരണമെന്നുള്ള ആഗ്രഹത്താൽ ഒരു സിനിമ എഴുതുകയും എന്നാൽ ചില കാരണങ്ങളാൽ അത് നടക്കാതെ പോവുകയും ചെയ്‌തു. കൂടാതെ അത് ആദ്യ സിനിമയ്ക്ക് പറ്റിയ കഥയല്ലെന്നൊരു തോന്നലുമുണ്ടായിരുന്നു. അതിനു ശേഷം സുഹൃത്ത് മൃദുലിനൊപ്പം രണ്ടാമത് എഴുതിയ കഥയാണ് ലൂക്കയുടേത്. ലൂക്ക പെട്ടന്ന് ഉണ്ടായൊരു ചിന്തയാണ്. സുഹൃത്തിനൊപ്പം റോഡിലൂടെ നടന്ന് പോയപ്പോൾ കിട്ടിയ ഒരു കഥയാണിത്. സുഹൃത്ത് മൃദുലിനോട് പറഞ്ഞപ്പോൾ അവനെയും ആ പ്ലോട്ട് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ലൂക്കയുമായി മുന്നോട്ട് പോയത്.

ലൂക്കയുടെ മുഖം അത് ടൊവിനോ മാത്രമായിരുന്നു

ലൂക്ക എന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ മുഖം ടൊവിനോയുടെതാണ്. ‘സെവൻത്ത് ഡേ’ കഴിഞ്ഞിരിക്കുന്ന സമയത്താണ് ടൊവിനോയെ ഈ കഥയുമായി സമീപിക്കുന്നത്. ഒരു ഫോട്ടോ ഷൂട്ടിൽ ബീച്ചിൽ ഒരു വെള്ള ഷർട്ടും താടിയുമായി ഇരിക്കുന്ന ടൊവിനോയുടെ ഫോട്ടോ ആണ് ആദ്യം ശ്രദ്ധിച്ചത്. തന്റെ പോസിറ്റീവും നെഗറ്റീവുമെല്ലാം അറിയാവുന്ന ഒരു നടനാണ് ടൊവിനോ. ഈ കഥയായിട്ട് ആദ്യമായും അവസാനമായും കണ്ട നായകനും അദ്ദേഹം തന്നെയാണ്.

ലൂക്ക എന്റെ ആദ്യ സിനിമയല്ല

2014 ൽ ഈ കഥ പറയുമ്പോൾ ടൊവിനോ അത്രയ്ക്ക് ശ്രദ്ധേയനായ ഒരു നടനല്ല. ടൊവിനോയുടെ ഒരു വളർച്ച ഞങ്ങൾക്കും ആവശ്യമായിരുന്നു. പെട്ടന്ന് ഒരാൾ കേട്ടാൽ സ്വീകരിക്കുന്ന ഒരു തിരക്കഥയല്ല ഇത്. അതുകൊണ്ട് തന്നെ പ്രേക്ഷകർ സിനിമ ഏറ്റെടുക്കണമെങ്കിൽ കുറച്ച് താരമൂല്യമുള്ള ഒരാൾ തന്നെ ഈ ചിത്രം ചെയ്യണം. പിന്നീട് ടൊവിനോ ഒരു തിരക്കുള്ള നടനാവുകയിയിരുന്നു. അത്തരത്തിൽ ഉള്ള കാരണങ്ങളും സിനിമ വൈകാൻ ഇടയാക്കി. കൂടാതെ ഒരു സ്വതന്ത്ര തമിഴ് ചിത്രം ഈ ഇടവേളയിൽ സംവിധാനം ചെയ്‌തു. പൂർണ്ണമായും ഞങ്ങളുടെ ‘പോക്കറ്റ് മണി’ ഉപയോഗിച്ചാണ് ആ സിനിമ ചെയ്തത്. സിനിമ റിലീസ് ആയിട്ടില്ല. ഏതെങ്കിലും ഒരു മേളയില്‍ ചിത്രത്തിന്റെ ആദ്യ പ്രദർശനം നടത്തണമെന്നാണ് ആഗ്രഹം. ‘ലൂക്ക’യിലെ തന്നെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ നിതിൻ ജോർജും ഈ തമിഴ് സിനിമക്കായി കൂടെയുണ്ടായിരുന്നു. ഒരു ഡി.എസ്.എൽ .ആർ ക്യാമറയും, ഞാനും നിതിനുമായി രണ്ടര വർഷം തമിഴ് നാട്ടിലൂടെ യാത്ര ചെയ്‌തു. അങ്ങനെയാണ് മൂന്ന് ലക്ഷം രൂപ ബഡ്ജറ്റിൽ ആ സിനിമ ഒരുക്കിയത്. ഈ സിനിമയോടൊപ്പം ഉണ്ടായിരുന്ന ടീം തന്നെയാണ് ‘ലൂക്ക’യുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിൽ ഉണ്ടായിരുന്നതും.

ഇത് മലയാള സിനിമയുടെ ഗോൾഡൻ ഇയർ

ഈ വർഷം മലയാള സിനിമയുടെ ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്നാണ്, ഒരു ഗോൾഡൻ ഇയർ . ഏതു തരം സിനിമയാണെങ്കിലും പ്രേക്ഷകർ ഏറ്റെടുക്കുന്ന ഒരു സാഹചര്യമാണിപ്പോൾ. രണ്ടര മണിക്കൂർ തീയേറ്ററിൽ പ്രേക്ഷകരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്ന സിനിമ അതിപ്പോ, കോമഡിയൊ ഹൊറർ സിനിമയോ ഡ്രാമായോ ആണെന്ന വ്യത്യാസമില്ലാതെ പ്രേക്ഷകർ ഏറ്റെടുക്കുന്ന ഒരു സമയമാണ്. അത് മനസിലാക്കുന്ന ഒരുപാട് യുവസംവിധായകരും ഇന്നുണ്ട്. കുമ്പളങ്ങി നൈറ്റ്സ് മുതൽ ഉണ്ട വരെ എല്ലാ മികച്ച സിനിമകൾ തന്നെയാണ്. ഈ ഒരു സന്തോഷത്തിൽ നിൽക്കുന്ന സമയത്താണ് ലൂക്ക വരുന്നത്. ഞാൻ സ്വയം ആസ്വദിച്ച് ചെയ്‌ത സിനിമയാണ്, വീണ്ടും വീണ്ടും കാണണം എന്നാഗ്രഹിക്കുന്ന സിനിമ. അതുകൊണ്ട് തന്നെ ഈ സിനിമയിൽ എനിക്ക് അത്രത്തോളം വിശ്വാസമുണ്ട്.

ടൊവിനോയെ നിങ്ങൾ ഈ സിനിമയിൽ കാണില്ല

ടൊവിനോയെ നിങ്ങൾ ഈ സിനിമയിൽ കാണുമെന്ന് എനിക്ക് തോന്നുന്നില്ല. പരിപൂർണമായും ‘ലൂക്ക’ എന്ന കഥാപാത്രത്തെയാണ് നിങ്ങൾക്ക് ഈ സിനിമയിൽ കാണാൻ സാധിക്കുക. ഒരു പക്ഷെ നിങ്ങൾ ടൊവിനോയെ കണ്ടാൽ അത് ഞങ്ങളുടെ പോരായ്‌മയായിരിക്കും. ലൂക്ക മാത്രമല്ല ഒരുപാട് കഥാപാത്രങ്ങൾ ഈ സിനിമയിലുണ്ട്, അതിലൊരാൾ മാത്രമാണ് ടൊവിനോയുടെ ലൂക്ക. ജീവിതം പരിപൂർണ്ണമായും ആസ്വദിക്കുന്ന ഒരു കഥാപത്രമാണ് ലൂക്ക. അതേസമയം ലൂക്കയുടെ ജീവിതത്തിൽ മറ്റൊരു വശം കൂടിയുണ്ട്. രണ്ട് സൈഡും ടൊവിനോ മികച്ച രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്.

അഹാന ആദ്യ ഘട്ടം മുതൽ സിനിമയുടെ ഭാഗമായിരുന്നു

സിനിമയുടെ ആദ്യ ഘട്ടം മുതൽ തന്നെ അഹാന കൂടെയുണ്ട്. അഹാന ഈ സിനിമയ്ക്ക് വേണ്ടി ഏത് പരിധിവരെയും കൂടെ ഉണ്ടാകുമെന്നൊരു വിശ്വാസവും എനിക്കുണ്ടായി. ഈ സിനിമയിൽ പ്രവർത്തിച്ചിരിക്കുന്ന എല്ലാവരും വെറുതെ അവരുടെ ഭാഗം മാത്രം ചെയ്യാനായി വന്നവരല്ല, സിനിമയുടെ ആദ്യാവസാനം എല്ലാവരും കൂടെ ഉണ്ടായിരുന്നവരാണ്. എല്ലാവർക്കും തുല്യാവകാശമുള്ള സിനിമയിലാണ് ഞാൻ വിശ്വസിക്കുന്നത്. സ്ക്രിപ്റ്റ് റൈറ്റിങ് മുതൽ തന്നെ മുഴുവൻ ക്രൂവും കൂടെ ഉണ്ടായിരുന്നു. അഹാന അത്തരത്തിൽ ഒരു ടീം മെമ്പറായി മുഴുവൻ സമയവും കൂടെ ഉണ്ടായിരുന്നു. ടൊവിനോയും ഒരു വശത്ത് ആദ്യം മുതലേ കൂടെയുണ്ട്. ഇവരെ രണ്ടുപേരെയും ഏത് തരത്തിലും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും എനിക്കുണ്ടായിരുന്നു.

ഒരു മാസ്സ് സിനിമ ഉള്ളത് കൊണ്ട് റിയലിസ്റ്റിക് സിനിമ പരാജയമാകുന്നില്ല

കഴിഞ്ഞ കുറെ വർഷങ്ങളായി സിനിമയിൽ റിയലിസം വന്നു എന്നുള്ളതാണ് ഏറ്റവും പ്രകടമായ മാറ്റം. പച്ചയായ ശബ്ദവും പെർഫോമൻസും സിനിമയിൽ ഉണ്ടാകുന്നു. പ്രേക്ഷകർ പുതിയ കാര്യങ്ങൾ സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു. പക്ഷെ ലൂക്ക ഒരു റിയലിസ്റ്റിക് സിനിമയല്ല. റിയലിസം വന്നു എന്നുള്ളതല്ല , അത് പ്രേക്ഷകർ ഏറ്റെടുക്കുന്നു എന്നുള്ളതാണ് ഏറ്റവും വലിയ മാറ്റം.

റിയലിസ്റ്റിക് സിനിമകളും മാസ്സ് എന്റർറ്റെയ്നറുകളും ഒരേ പോലെ പ്രേക്ഷകർ ഏറ്റെടുക്കുന്നു എന്നുള്ളതാണ് അത്ഭുതം. പ്രേക്ഷകരെ എൻഗേജ് ചെയ്യിപ്പിക്കുന്ന എല്ലാ സിനിമകളും വിജയിക്കുകയാണ്. ഒരു മാസ്സ് സിനിമ ഉള്ളത് കൊണ്ട് റിയലിസ്റ്റിക് സിനിമ പരാജയമാകുന്നില്ല.
പക്ഷെ കുറച്ച് കാലം മുൻപാണെങ്കിൽ മാസ്സ് പടങ്ങൾക്കിടയിൽ മറ്റു സിനിമകൾ മുങ്ങി പോകുന്ന അവസ്ഥയായിരുന്നു. ഇതില്‍ നിന്നുള്ള ഒരു മാറ്റമാണ് ഏറ്റവും വലിയ പോസിറ്റീവ് കാര്യം. എല്ലാ തരത്തിലുള്ള സിനിമകളും  വരട്ടെ. ഞാൻ ആദ്യം ചെയ്‌ത ചിത്രം ഇത്തരത്തിൽ ഒരു റിയലിസ്റ്റിക് കാഴ്ച്ചപ്പാടോടെ ചെയ്‌ത സിനിമയാണ്.

സിനിമ മാർക്കറ്റ് ചെയ്യാൻ ഒരു താരത്തിന്റെ മുഖം ആവശ്യമാണ്

സിനിമ എത്ര മികച്ചതാണെന്ന് പറഞ്ഞാലും, സിനിമ മാർക്കറ്റ് ചെയ്യാൻ ഒരു താരത്തിന്റെ മുഖം ആവശ്യമാണ്. പ്രത്യേകിച്ച് സിനിമയുടെ ബഡ്ജറ്റ് കുറച്ച് അധികമാണെങ്കിൽ. സിനിമയയുടെ ബഡ്ജറ്റ് ഉയരുമ്പോൾ ഒന്നെങ്കിൽ പ്രൊഡ്യൂസർ അത്രമാത്രം ആത്മവിശ്വാസത്തിലായിരിക്കണം. ഇവിടെ ടൊവിനോ എന്നൊരു താരം ഉള്ളത് കൊണ്ട് നിർമാതാക്കൾ ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറാണ്. അവർക്ക് കൂടുതൽ ആത്മവിശ്വാസവുമുണ്ട്.

താരങ്ങൾക്കപ്പുറം സിനിമയുടെ കണ്ടന്റാണ് ഇപ്പോൾ പ്രേക്ഷകർ നോക്കുന്നത്. എന്നാൽ വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമകൾ മാർക്കറ്റ് ചെയ്യാൻ ഒരു താരം ആവശ്യമാണ്. അതേസമയം ഒരു വിഷയം തന്നെ വളരെ ബഡ്ജറ്റ് കുറച്ച് ഒരു താരവുമില്ലാതെ ചെയ്താലും പ്രേക്ഷകർ ഏറ്റെടുക്കും. ഈ സിനിമയ്ക്ക് ശേഷം വളരെ ചുരുങ്ങിയ ചിലവിൽ ഒരു താരവുമില്ലാതെ സിനിമ ചെയ്യാനും ഞാൻ തയ്യാറാണ്. പക്ഷെ ഈ സിനിമ ചെയ്യുമ്പോൾ അത് അവശ്യപ്പെടുന്ന ഒരു ബഡ്ജറ്റുണ്ട്.

സിനിമ തീയേറ്ററിൽ എത്തിക്കുക എന്നുള്ളതാണ് വെല്ലുവിളി

ഒരു സിനിമ ചെയ്യാൻ ആഗ്രഹിച്ചാൽ വലിയ വെല്ലുവിളികൾ ഒന്നുമില്ലാതെ അത് ചെയ്യാനാകും. പക്ഷെ അത് തീയേറ്ററിൽ എത്തിക്കാനാണ് പ്രയാസം. അതിനു ഒരു നല്ല ഡിസ്ട്രിബ്യൂട്ടർ വരണം. മറ്റു പല ഘടകങ്ങളും ഒത്തു വരണം. ഒരു തീയേറ്ററിക്കൽ ക്വാളിറ്റിയിൽ ഒരു സിനിമ ഒരുക്കുക എന്നുള്ളത് ചെറിയ കാര്യമല്ല. പക്ഷെ എന്റെ ആദ്യ സിനിമ എന്റെ ഇഷ്ടത്തിന് ചെയ്തതാണ്. ഒന്നും തിരിച്ച് പ്രതീക്ഷിച്ചിട്ടല്ല ആ സിനിമ ചെയ്‌തത്‌. ഒരു സിനിമ ചെയ്യാതെ ഞാനെങ്ങാനും മരിച്ചു പോയാലോ എന്ന ചിന്തയിൽ ആയിരുന്നു. (ചിരിച്ചു കൊണ്ട്) അങ്ങനെ ഒരു ആഗ്രഹത്തിന്റെ പുറത്ത് സിനിമ ചെയ്യാൻ വേണ്ടി മാത്രം എടുത്ത ചിത്രമായിരുന്നു അത്. പക്ഷെ ലൂക്ക ചെയ്യുമ്പോൾ, അത് തീയേറ്ററിൽ എത്തണം, അത് പ്രേക്ഷകർ ഏറ്റെടുക്കണം എന്ന കൃത്യമായ ബോധ്യത്തോടെ ചെയ്‌ത സിനിമയാണ് അത്.

നമ്മുടെ സിനിമയ്ക്ക് പറ്റിയ ഒരു പ്രൊഡ്യൂസറെ കിട്ടുക എന്നുള്ളത് തന്നെയാണ് ഒരു നവാഗതൻ നേരിടേണ്ടി വരുന്ന വലിയ വെല്ലുവിളി. ലൂക്കയ്ക്ക് ഇതിന് മുൻപൊരു പ്രൊഡ്യൂസർ ഉണ്ടായിരുന്നു. പക്ഷെ ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്ന ഒരു തോന്നൽ ടൊവിനോക്ക് ഉൾപ്പെടെ തോന്നിയിരുന്നു. അതിനു ശേഷമാണ് പ്രിൻസ്, ലിന്റോ എന്നീ നിർമ്മാതാക്കളിലേക്ക് എത്തുന്നത്. അവരുമായുള്ള പരിചയവും സിനിമയ്ക്ക് ഏറെ ഗുണകരമായി മാറി. വളരെ വലിയ പിന്തുണയായിരുന്നു അവരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നത്.

നാളെ സർറിയലിസ്റ്റിക് സിനിമകളുടെ കാലമാകും

ഇപ്പോൾ റിയലിസ്റ്റിക് സിനിമയുടെ കാലഘട്ടമാണെന്ന്‌ പറഞ്ഞല്ലോ. കുറച്ച് കഴിഞ്ഞ് പ്രേക്ഷകർക്ക് അത് മടുത്തു തുടങ്ങും. പിന്നീട് ആളുകൾ സർറിയലിസ്റ്റിക് സിനിമകൾ ഇഷ്ടപ്പെട്ടെക്കാം. ഓരോ കാലഘട്ടത്തിലും മാറ്റമുണ്ടാകും.

സിനിമയിലെ സ്ത്രീകളുടെ ഇടപെടലുകള്‍ പോസിറ്റീവായ മാറ്റമുണ്ടാക്കി 

സിനിമയിലെ സ്ത്രീ ഇടപെടലുകൾ വളരെയേറെ വർധിച്ചിട്ടുണ്ട്. അത് വളരെ പോസിറ്റീവ് ആയിട്ടുള്ള മാറ്റമാണ്. വെറുതെ ഒരു അലങ്കാരത്തിനായി സ്ത്രീകഥാപാത്രണങ്ങളെ ഉപയോഗിക്കുന്ന രീതിക്കും വലിയ മാറ്റമുണ്ടായിട്ടുണ്ട്. ലൂക്കയിലും അതുപോലെ തന്നെയാണ്. വെറുതെ വന്നു പോകുന്ന സ്ത്രീ കഥാപാത്രങ്ങൾ അല്ല ഈ സിനിമയിൽ ഉള്ളത്. അതേസമയം, ഒരു സ്ത്രീപക്ഷ സിനിമയെന്ന് വിളിച്ച് പറഞ്ഞുകൊണ്ട് സിനിമ ചെയ്യുന്നതിനോട് താത്പര്യമില്ല.

റോജിന്‍ കെ റോയ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍