ലൂസിഫര്‍ നേട്ടം കൊയ്യുമ്പോഴും, നാളെ മധുരരാജ അതാവര്‍ത്തിച്ചാലും വിജയിക്കുന്നത് മലയാളം സിനിമ ഇന്‍ഡ്രസ്ട്രിയാണ്
ലൂസിഫര്‍ 100 കോടി ക്ലബ്ബില്‍ കയറിയിരിക്കുന്നു! സിനിമ വ്യവസായത്തെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്ത. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് അനുസരിച്ച് 100 കോടി ക്ലബ്ബില്‍ എത്തുന്ന രണ്ടാമത്തെ മലയാള സിനിമയാണ് ലൂസിഫര്‍. ആദ്യത്തേത് പുലിമുരുകന്‍. രണ്ടും മോഹന്‍ലാല്‍ ചിത്രങ്ങളാണെന്നത് ആ നടന്റെ ആരാധകര്‍ക്ക് മാത്രമല്ല ആഹ്ലാദം നല്‍കുന്നത്. എങ്കിലും ഒരു നടന്റെ/സൂപ്പര്‍ താരത്തിന്റെ വിജയം എന്നതിനെക്കാള്‍ ഈ നേട്ടങ്ങള്‍ മലയാള സിനിമയുടെ വളര്‍ച്ചയാണ് കാണിക്കുന്നതെന്നിടത്താണ് അവേശം.
എത്ര ചെറുതായിരുന്നു നമ്മുടെ സിനിമയുടെ ബിസിനസ് ലോകം എന്നോര്‍മിക്കുമ്പോഴാണ് പുലിമുരുകനും ഇപ്പോള്‍ ലൂസിഫറുമൊക്കെ ഉണ്ടാക്കുന്ന നേട്ടങ്ങളെ കുറിച്ച് പറയേണ്ടി വരുന്നത്. മലയാള സിനിമ കോടാമ്പാക്കത്തു നിന്നും കേരളത്തിലേക്ക് വണ്ടി കയറിയിട്ട് രണ്ടു പതിറ്റാണ്ടിനു മുകളിലായിക്കാണണം. അയല്‍ സിനിമ ഇന്‍ഡസ്ട്രികളിലേക്കാള്‍ മെച്ചപ്പെട്ട ഉത്പന്നങ്ങളായിരുന്നു നമ്മളിവിടെ ഉണ്ടാക്കിയിരുന്നതെങ്കിലും വ്യാപാരത്തിന്റെ കാര്യത്തില്‍ ഒരു അന്തിച്ചന്തയിലെ കച്ചവടലാഭമെ കിട്ടിയിരുന്നുള്ളു. കാരണം, തമിഴിനോ തെലുഗിനോ ഉള്ളതുപോലെ വിശാലമായൊരു മാര്‍ക്കറ്റ് നമുക്കില്ലായിരുന്നു. ഇറുക്കമതി സാധനങ്ങളോട് പ്രത്യേക താത്പര്യം കാണിക്കുന്ന പൊതുസ്വഭാവം സിനിമയുടെ കാര്യത്തിലും മലയാളി പിന്തുടര്‍ന്നതുകൊണ്ട് രജനികാന്തും ചിരഞ്ജവീയുമൊക്കെ കേരളത്തില്‍ നിന്നും കാശു വാരി. തിരിച്ചതുപോലെ മോഹന്‍ലാലിനോ മമ്മൂട്ടിക്കോ ബിസിനസ് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.
മലയാളത്തിലെ അഭിനേതാക്കള്‍ക്ക് അന്യഭാഷകളില്‍ ആരാധകര്‍ ഇല്ലാതിരുന്നതോ, അവര്‍ക്ക് താരമൂല്യമില്ലാതിരുന്നതോ കൊണ്ടല്ല, നമ്മുടെ സിനിമ വിശാലമായൊരു മാര്‍ക്കറ്റിനെ ആകര്‍ഷിക്കുന്ന വിധത്തില്‍ വാണിജ്യോത്പന്നമായിരുന്നില്ല എന്നതായിരുന്നു കാരണം. കേരളം പ്രധാന തട്ടകമായി മാറിയതിനു ശേഷം എറണാകുളത്തെ സുഭാഷ് പാര്‍ക്ക്(മുകേഷ് പാര്‍ക്ക് എന്നൊരു അപരനാമം ഉണ്ടായിരുന്നു) ആയിരുന്നു ഒരു കാലം വരെ മലയാള സിനിമയുടെ പ്രധാന ലൊക്കേഷന്‍. മദ്രാസില്‍ നിന്നും തിരിച്ചെത്തിയ മലയാള സിനിമ കൊച്ചിയിലും അവിടെ തന്നെ സുഭാഷ് പാര്‍ക്കിലുമൊക്കെ ചുറ്റിക്കറങ്ങിയാണ് ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളുമൊക്കെ ഉണ്ടാക്കിയത്. കുറച്ചു പണം മുടക്കി കൂടുതല്‍ ലാഭം കൊയ്യുക എന്ന മലയാളിയുടെ പൊതുതന്ത്രം തന്നെ സിനിമയിലും കാണിച്ചു. കോടികളുടെ ബഡ്ജറ്റ്, ബ്രഹ്മാണ്ഡ ചിത്രം എന്നൊന്നും മലയാള സിനിമ ആഗ്രഹിച്ചിട്ടുമില്ല, അതിനായി ശ്രമിച്ചിട്ടുമില്ല. മുടക്കു മുതല്‍ തിരിച്ചു പിടിക്കുക, പറ്റുമെങ്കില്‍ ലാഭം ഉണ്ടാക്കുക; അത്രമാത്രമെ നമുക്ക് ലക്ഷ്യമുണ്ടായിരുന്നുള്ളൂ.
കച്ചവടമല്ല, കലയാണ് പ്രധാനമെന്ന് നാം മേനി പറയുമായിരുന്നു. അതൊരുതരത്തില്‍ ശരിയുമായിരുന്നു. നല്ല സിനിമകളുടെ പേരിലായിരുന്നു മലയാളം സിനിമ ഇന്ത്യന്‍ സിനിമയില്‍ സ്ഥാനം നേടിയത്. വാണിജ്യസിനിമകളെക്കാള്‍ കലാമൂല്യ ചിത്രങ്ങള്‍ ഉണ്ടാക്കിയാണ് ആ സ്ഥാനം നേടിയതും. എന്തുകൊണ്ട് വന്‍ ചിത്രങ്ങള്‍ നമുക്ക് ഉണ്ടായില്ല? വാണിജ്യ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ മലയാളത്തിന് അതിന്റെതായ പരിമിതി ഉണ്ടായിരുന്നതുകൊണ്ട്. ബോളിവുഡിനോ, കോളിവുഡിനോ ഉള്ളത്ര വ്യാപാര ഇടം മലയാളത്തിനു കിട്ടിയിരുന്നില്ല, കിട്ടുമെന്ന് നാം കരുതിയില്ല. ഹിന്ദി സിനിമ മഹാരാഷ്ട്രയില്‍ വിജയിക്കുന്നതിനെക്കാള്‍ കൂടുതലായി കേരളത്തില്‍ വിജയിക്കും. തമിഴ് സിനിമ ആ നാട്ടില്‍ ഓടുന്നതിനേക്കാള്‍ കൂടുതലായി കേരളത്തിലെ തിയേറ്ററുകളില്‍ ഓടും. പക്ഷേ തിരിച്ചു സംഭവിച്ചിരുന്നില്ല. മലയാളി ഭാഷാവ്യത്യാസമില്ലാതെ സാഹിത്യ, സംഗീത, സിനിമ രൂപങ്ങളെ സ്വീകരിക്കുന്നവനാണ്. എന്നാല്‍ ഈ സ്വീകാര്യത മറ്റു നാടുകളില്‍ നമുക്ക് ലഭിക്കുന്നില്ല, സിനിമയുടെ കാര്യത്തിലും അങ്ങനെ തന്നെയെന്നാണ് നാം വിശ്വസിച്ചത്.
എത്രവട്ടം നമ്മള്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്, തമിഴനും തെലുഗനുമൊക്കെ ഒരു പാട്ട് സീന്‍ ചിത്രീകരിക്കാന്‍ മുടക്കുന്ന പണം നമുക്കിവിടെ ഒരു സിനിമ മൊത്തത്തില്‍ എടുക്കാന്‍ വേണ്ടിവരില്ലെന്ന്! ബോളിവുഡിലെ ഒരു നായകന്‍ വാങ്ങുന്ന പ്രതിഫലം വരില്ല മലയാളത്തിലെ ഒരു ബിഗ് ബഡ്ജറ്റ് മൂവിക്കെന്നും നാം പറഞ്ഞിരുന്നു. അങ്ങനെയൊരു അവസ്ഥയില്‍ നിന്നും മലയാള സിനിമ മാറിയിരിക്കുന്നു എന്നതാണ് ഈയടുത്തകാലത്തായി കാണുന്നത്. കോടികള്‍ മുടക്കി സിനിമകള്‍ എടുക്കുന്ന ശീലം നമുക്കുണ്ടായിട്ട് ഒരു പതിറ്റാണ്ടിനടുത്ത് മാത്രമെ ആയിട്ടുള്ളു.
ഈയൊരു വഴി മാറ്റത്തില്‍ മലയാള സിനിമ ഇന്‍ഡസ്ട്രിയ്ക്ക് ആത്മവിശ്വാസം നല്‍കിയത് പുലിമുരുകന്‍ ആയിരുന്നു. മലയാള സിനിമയുടെ വാണിജ്യതാത്പര്യങ്ങളെ പുതിയ തലത്തില്‍ എത്തിച്ച സിനിമ. കോടികള്‍ മുടക്കി അതിലേറൈ കോടികള്‍ കൊയ്യാന്‍ മലയാളത്തിലും കഴിയുമെന്നു തെളിയിച്ചതാണ് പുലിമുരുകന്റെ മലയാള സിനിമ ചരിത്രത്തിലെ പ്രധാന്യം.
പുലിമുരുകന്‍ നേടിയ നൂറുകോടി ഒരത്ഭുതമല്ലെന്നു തെളിയിക്കാനാണ് മലയാള സിനിമ പിന്നീട് ശ്രമിച്ചത്. തങ്ങള്‍ക്ക് അതിനു കഴിയുമെന്ന് മോളിവുഡ് സ്വയം ഉറപ്പിച്ചിരിക്കുന്നു. സൂപ്പര്‍ താരങ്ങളെല്ലാം തന്നെ ഇപ്പോള്‍ ചെയ്യുന്നത് ബിഗ് പ്രൊജക്റ്റുകളാണ്. സംഭവിക്കാന്‍ സാധ്യതയില്ലാതെങ്കിലും മഹാഭാരതം എന്ന ചിത്രം ആിരം കോടി മുതല്‍മുടക്കില്‍ നിര്‍മിക്കുമെന്ന വാര്‍ത്തയോട് നാം ആശ്ചര്യം കൂറാതിരുന്നതും അത്തരത്തിലൊരു ആത്മവിശ്വാസം ഉണ്ടായതുകൊണ്ടാണ്. ബോളിവുഡിനോടോ ടോളിവുഡിനോടോ കോളിവുഡിനോടോ മാത്രമല്ല, സാക്ഷാല്‍ ഹോളിവുഡിനോടും മത്സരിക്കാന്‍ തയ്യാര്‍ എന്ന പ്രഖ്യാപനമാണ് മലയാളം ഇന്‍ഡസ്ട്രി നല്‍കുന്നത്.
പ്രേക്ഷകനിലുണ്ടായിരിക്കുന്ന മാറ്റമാണ് സിനിമയുടെ മാറ്റത്തിനുള്ള പ്രധാന കാരണം. കാഴ്ചയുടെ കലയായി പൂര്‍ണമായി മാറിയിരിക്കുന്ന സമയത്ത് പ്രേക്ഷകനെ പഴയ ഫോര്‍മുലകള്‍ വച്ചു മാത്രം സന്തോഷിപ്പിക്കാന്‍ കഴിയില്ലെന്നു നമ്മുടെ സിനിമയും മനസിലാക്കുകയായിരുന്നു. കൂടാതെ ആഗോളപ്രേക്ഷകന്‍ മലയാള സിനിമയെ തേടി വരാന്‍ തുടങ്ങിയെന്നതും ഈ മാറ്റത്തിനു കാരണഹേതുവായി. ബാഹുബലി എന്ന ചിത്രത്തിനുവേണ്ടി കാത്തിരുന്നത് ഇന്ത്യ മുഴുവനാണ്. കബാലി എന്ന സിനിമ ആഘോഷിക്കപ്പെട്ടത് തമിഴ്‌നാട്ടിലോ തെക്കേയിന്ത്യയിലോ മാത്രരമല്ല. ദംഗല്‍ കോടികള്‍ വാരിയത് ഉത്തരേന്ത്യയില്‍ നിന്നുമാത്രമല്ല. അതുപോലെ, പുലിമുരുകന്‍ നൂറുകോടി നേടിയെടുത്ത് കേരളത്തില്‍ നിന്നു മാത്രമല്ല. ഇതെല്ലാം കാണിക്കുന്നത് മാറിയ സിനിമ വ്യവസായത്തെ മാത്രമല്ല, ആ മാറ്റത്തിന്റെ ഗുണം കൊയ്യാന്‍ മലയാളത്തിനും കഴിയുമെന്നു കൂടിയാണ്.
ലൂസിഫര്‍ ആ വിശ്വാസത്തെ ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്. പുലിമരുകനേക്കാള്‍ പതിന്മടങ്ങ് വേഗത്തില്‍(വെറും എട്ടു ദിവസം കൊണ്ട്) നൂറു കോടി ക്ലബ്ബില്‍ എത്താന്‍ ലൂസിഫറിന് കഴിഞ്ഞു എന്നത് നിസ്സാരകാര്യമല്ല.
സിനിമയുടെ വിജയമാണോ അതോ ഒരു സൂപ്പര്‍ താരത്തിന്റെ വിജയമാണോ ഇതെന്നു ചോദിക്കാം. ഒന്നാമതായി സിനിമയുടെ വിജയം തന്നെയാണ്. അതേ സാഹചര്യത്തില്‍ തന്നെ മോഹന്‍ലാല്‍ എന്ന നടനെ കുറിച്ച് കൂടി പറയേണ്ടതുണ്ട്. മലയാള സിനിമയിലും പുറം മാര്‍ക്കറ്റില്‍ മലയാളത്തിന്റെ പ്രതിനിധിയെന്ന നിലയിലും ഏറ്റവും ക്ച്ചവട മൂല്യമുള്ള താരം മോഹന്‍ലാല്‍ ആണ്. പുലിമുരുഗന്റെ മഹാവിജയം മോഹന്‍ലാലിനെ മലയാളത്തിലെ മാത്രമല്ല, വിവിവിധ ഇന്ത്യന്‍ ഭാഷ ഇന്‍ഡസ്ട്രികളുടെയും പ്രിയതാരവും മൂല്യമേറിയ താരവുമാക്കിയിരുന്നു. ഹിന്ദിയിലും തെലുഗിലും തമിഴിലുമെല്ലാം മോഹന്‍ലാലിന് മാര്‍ക്കറ്റ് കൂടി. ഇതിന് ഉദ്ദാഹരണമായിരുന്നു തെലുഗില്‍ ഇറങ്ങിയ ജനതഗാരേജ്. തെലുഗിലും മലയാളത്തിലും ഒരുപോലെ സിനിമ വിജയം നേടിയപ്പോള്‍ അതിന്റെ പ്രധാന കാരണം മോഹന്‍ലാല്‍ തന്നെയായിരുന്നു. തമിഴ്-തെലുഗ് ബിഗ് ബിഡ്ജറ്റ് സിനിമകളിലേക്ക് മോഹന്‍ലാലിനെ ഉള്‍പ്പെടുത്താന്‍ ഇപ്പോള്‍ നിര്‍മാതാക്കളും സംവിധായകരും മത്സരിക്കുന്നുണ്ട്.
മലയാളത്തില്‍ മോഹന്‍ലാലിനു വേണ്ടി ഒരുങ്ങുന്നതെല്ലാം ബിഗ് ബിഡ്ജറ്റ് സിനിമകളാണ്. മറ്റ് ഭാഷകളില്‍ മാര്‍ക്കറ്റ് ഉള്ള നടന്മാര്‍ നമുക്കില്ലെന്ന വാദങ്ങളും പരാതികളും തകര്‍ക്കുക കൂടിയാണ് മോഹന്‍ലാല്‍. ഇന്ന് ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ബോളിവുഡിലും തെലുഗിലും തമിഴിലുമെല്ലാം കോടികള്‍ റൈറ്റ്‌സ് പോകുന്നുണ്ട്. മലയാളത്തിലെ മറ്റൊരു നടനും ഈ നേട്ടം അവകാശപ്പെടാന്‍ ഇല്ല. രണ്ടും മൂന്നും കോടിക്കു മുകളിലാണ് അന്യഭാഷകളില്‍ മോഹന്‍ലാല്‍ സിനിമകളുടെ റൈറ്റ്‌സ് പോകുന്നത്. ദശകോടികളുടെ മൂല്യത്തിലേക്ക് മോഹന്‍ലാല്‍ എന്ന നടന്‍ ഇന്ത്യന്‍ സിനിമയിലാകെയായി വളര്‍ന്നിരിക്കുന്നുവെന്നത് സത്യമാണ്. ഒരു മോഹന്‍ലാല്‍ ചിത്രത്തിനായി ബഡ്ജറ്റ് നൂറു കോടിയും അതിനു മുകളിലും ചെലവാക്കാന്‍ സംശയമില്ലാതെ നിര്‍മാതാക്കള്‍ രംഗത്തു വരുന്നതും ഇതുകൊണ്ടാണ്. ഹിന്ദി, തെലുഗ് ഭാഷകളില്‍ റിമേക്ക് ചെയ്യാന്‍ പാകത്തില്‍ കഥയും പ്രമേയങ്ങളും തയ്യാറാക്കാനാണ് മോഹന്‍ലാല്‍ സിനിമകളുമായി വരുന്നവര്‍ക്കുള്ള നിര്‍ദേശമെന്നും ഇന്‍ഡസ്ട്രി സംസാരമുണ്ട്. ഇതെല്ലാം കാണിക്കുന്നത് മോഹന്‍ലാല്‍ എന്ന നടന്റെ വില തന്നെയാണ്. ലൂസിഫര്‍ ഈ വാദങ്ങളെല്ലാം തന്നെ ശരിവയ്ക്കുകയാണ്. ഇതൊരു ഫാന്‍ ഫൈറ്റിനു വേണ്ടി പ്രകോപനമപരമായി ഉണ്ടാക്കി പറയുന്ന കാര്യമല്ല. ലൂസിഫര്‍ നേട്ടം കൊയ്യുമ്പോഴും, നാളെ മധുരരാജ അതാവര്‍ത്തിച്ചാലും വിജയിക്കുന്നത് മലയാളം സിനിമ ഇന്‍ഡ്രസ്ട്രിയാണെന്ന പൊതുബോധത്തില്‍ നിന്നുള്ള വിശകലനം മാത്രമാണ്.