UPDATES

സിനിമ

സൂപ്പർ മെഗാസ്റ്റാർഡം നിലനിർത്താൻ അവർക്കിത്തരം ‘അധോലോക പ്രകടനങ്ങൾ’ ആവശ്യമുണ്ട്; ലൂസിഫറിനെത്തേടി രജനീകാന്തും വരും

അന്തർദേശീയ തലത്തിൽ വരെ വ്യാപിച്ചുകിടക്കുന്ന ആ അധോലോകത്തിന്റെ ചെറുലോകത്തിലേക്കുള്ള ദൃശ്യ സഞ്ചാരം.അതിലൊരാളുടെ കഥ മാത്രമാണ് ലൂസിഫർ. ആരായിരുന്നു യഥാർത്ഥത്തിൽ ലൂസിഫർ എന്ന ചോദ്യം സിനിമയ്ക്കൊടുവിൽ ബാക്കിയാവുന്നു

ഒരു സമ്പൂർണ്ണ നടനൊപ്പം ഒരു സമ്പൂർണ്ണ ആരാധകന്റെ ചിത്രം.അതാണ് ലൂസിഫർ.മോഹൻലാൽ എന്ന ജനപ്രിയ താരത്തിനോടുള്ള കടുത്ത ആരാധനയിൽപ്പിറന്ന പൃഥ്വിരാജ് ചിത്രം.മോഹൻലാൽ ഫാൻസുകാർ സ്ക്രീനിൽ കാണാനാഗ്രഹിക്കുന്ന സമ്പൂർണ എന്റെർടെയിനർ.അടിയും പൊടിയും പാട്ടുമൊക്കെ ചേർന്ന പക്കാ എന്റർടെയിനർ.അങ്ങിനെ അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ സിനിമയ്ക്ക് കയറിയതും. പക്ഷെ ഈ സിനിമ തുടക്കം മുതൽ കാണി എന്നനിലയിൽ നമ്മെ ആഹ്ലാദിപ്പിക്കും.കാരണം മറ്റൊന്നുമല്ല. ഇതിലെ വിഷ്വൽ കോംപോസിഷൻ. അത്ര ഗംഭീരമായാണ് സംവിധായകൻ പൃഥ്വിരാജ് ലൂസിഫറിലെ എല്ലാ ഷോട്ടും എടുത്തിരിക്കുന്നത്. ഓരോ ഫ്രെയിമിലും ഉൾക്കൊള്ളിച്ചിരിക്കുന്ന സാധനസാമഗ്രികളും പരിസരവും അതിലേക്ക് പായിച്ച വെളിച്ചവും കളറും ശബ്ദവും ആ സന്ദർഭത്തിനാവശ്യമായ ആർട്ടിസ്റ്റുകളെ ഒരുക്കിയതുമൊക്കെ നോക്കിനോക്കി നമ്മൾ ഈ സംവിധായകനിൽ അത്ഭുതപ്പെടും.ഓരോ ഷോട്ടും, അതിന്റെ കണ്ടിന്യൂയിറ്റിയും ബാക്ഗ്രൗണ്ട് സ്കോറും കടന്നുപോകുമ്പോൾ ഒപ്പമിരുന്ന സുഹൃത്തായ കാണി ലിജീഷ്കുമാറും ഞാനും തിയറ്ററിലെ സീറ്റിൽനിന്ന് പരസ്പരം നോക്കിക്കൊണ്ടേയിരുന്നു.ആ നോട്ടം പൃഥ്വിരാജ് ‘ഭീകര’ സംവിധായകൻ തന്നെ എന്ന അർത്ഥം വെച്ച നോട്ടമായിരുന്നു!

ഒരു പക്ഷെ സമീപകാലത്ത് മലയാളത്തിൽ വിഷ്വൽ ട്രീറ്റ്‌മെന്റിൽ റോഷൻ ആൻഡ്രൂസാണ് നമ്മെ ഇങ്ങനെ ഞെട്ടിച്ചിട്ടുള്ളത്.’മുംബൈ പോലീസൊ’ക്കെ അക്കാര്യത്തിൽ ഗംഭീരമാണ്.പക്ഷെ ലൂസിഫറിലെ ദൃശ്യങ്ങൾ അതുക്കും മേലെയാണ്.അതുക്കും മേലെ എന്നു പറഞ്ഞാൽ അതുക്കും മേലെ.!
കരയും കടലും ആകാശവും തീയും വെള്ളവും വേഗതയുമുപയോഗിച്ചുള്ള സംവിധായകന്റെ ഒരു കലക്കൻ സിനിമാക്കളിയാണിവിടെ.അതിൽ മോഹൻലാൽ എന്ന താരത്തെ ഇടയ്ക്കിടയ്ക്ക് കൊണ്ടുവന്ന് കാണികളെക്കൊണ്ട് കയ്യടിപ്പിക്കാനാവശ്യമായ കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും.എന്നാൽ പതിവ് സൂപ്പർസ്റ്റാർ സിനിമകളിലെ നെടുങ്കൻ ഡയലോഗുകളില്ല.മറിച്ച് ‘നിന്റെ തന്തയല്ല എന്റെ തന്ത’, ‘കർഷകനല്ലേ.ഇച്ചിരി കളപറിക്കാനിറങ്ങിയതാ’ പോലുള്ള കുറിക്കുകൊള്ളുന്ന ചെറിയ ചെറിയ സംഭാഷണങ്ങളാണ്.സാധാരണ ജനപ്രിയ സിനിമകളിൽ നൻമയും തിൻമയും തമ്മിലാണ് പോരാട്ടമെങ്കിൽ ഇതിൽ തിൻമയും തിൻമയും തമ്മിലാണ്‌.വലിയ തിൻമയും ചെറിയ തിൻമയും തമ്മിലുള്ള ഏറ്റുമുട്ടൽ.അതാണ് ലൂസിഫർ.സിനിമ അവസാനിക്കുമ്പോൾ ഈ തിൻമയുടെ ലോകങ്ങളെയും ഭൂമിയിലെ മനുഷ്യരുടെ ജീവിതത്തെയും മുൻനിർത്തി പ്ലാറ്റോ മുതൽ ഷേക്സ്പിയർ വരെയുള്ള ഫിലോസഫർമാരുടെയും എഴുത്തുകാരുടെയും ഉദ്ധരണികൾ വന്ന് നിറയുന്നുണ്ട് സ്ക്രീനിൽ. ‘Hell is empty and all the devils are here ‘ എന്ന ടെംപസ്റ്റിലെ വാക്യവും കാണാം.നരകം ശൂന്യമാണ്. ചെകുത്താൻമാരെല്ലാം ഇവിടെത്തന്നെയാണ് വസിക്കുന്നതെന്ന ഓർമ്മപ്പെടുത്തൽ.!

സിനിമ തുടങ്ങി അരമണിക്കൂർ കഴിഞ്ഞ് സംവിധായകന്റെ പേര് പൃഥ്വിരാജ് സുകുമാരൻ എന്ന് സ്‌ക്രീനിൽ കാണിക്കുമ്പോൾ തിയറ്ററിൽ ഉയർന്ന ആരവത്തിനു പിന്നിൽ തീർച്ചയായും വിനോദവിപണിയിലെ പുതുസംവിധായകനുള്ള വരവേൽപ്പായിരുന്നു. ലൂസിഫറിന്റെ കാണികൾ ഈ സംവിധായകനെ വിശ്വസിച്ചു കഴിഞ്ഞു. അതെ,അയാൾക്കീ പണിയറിയാമെന്ന് ചുരുക്കം.ഇത്തരം സിനിമയെടുത്ത് അയാളീ നാടിനെ സേവിക്കുമെന്ന് എനിക്കും തോന്നി. സേവിക്കാനോ ! എങ്ങനെ?
ഒരു സന്ദർഭം പറയാം.
‘പുലിമുരുകൻ’ തിയറ്ററിൽ തകർത്തോടുമ്പോൾ ഒരിക്കൽ ബാലുശേരി വഴി ഓട്ടോയിൽ സഞ്ചരിക്കുമ്പോൾ
ആ സിനിമയ്‌ക്കെതിരെ എന്തോ പറഞ്ഞപ്പോൾ അന്ന് ആ ഓട്ടോക്കാരൻ പറഞ്ഞ ഡയലോഗാ എനിക്കോർമ്മ വന്നത്.

‘അതൊക്കെ ശരിയായിരിക്കും അനിയാ. പക്ഷെ ബാലുശേരി പഞ്ചായത്തിൽ മാത്രം പുലിമുരുകൻ കളിച്ച സന്ധ്യാതിയറ്ററിലെ കളക്ഷൻടാക്സ് പതിനേഴ് ലക്ഷമാ, പതിനേഴ് ലക്ഷം..!

ങ്ങേ. അത്രയും ടാക്സോ.?
(ഉള്ളതാണോ എന്തോ!)

ടാക്സ് മാത്രമല്ല ടാക്‌സിക്കാർക്കും കിട്ടി ഇഷ്ടം പോലെ പണി.’

അതെ ,നാം കാണാതെ പോകുന്ന ജനപ്രിയ സിനിമയുണ്ടാക്കുന്ന തൊഴിൽ .!

തിയറ്ററിൽ ടിക്കറ്റ് മുറിക്കുന്ന ആൾ മുതൽ തിയറ്ററിലേക്ക് ആളുകളെയും കൊണ്ടോടുന്ന ഓട്ടോക്കാരനുവരെ അന്നം വാങ്ങാൻ കിട്ടുന്ന പണി.!
തൽക്കാലം ആ അന്നത്തെ ഓർത്തുകൊണ്ട് ലൂസിഫറെന്ന മോഹൻലാൽ എന്റർട്രെയിൻമെൻറിന്റെ രാഷ്ട്രീയവും അരാഷ്ട്രീയവും ഞാൻ വിടുന്നു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ അല്ല ഇന്ത്യൻ ‘ജനാധിപത്യ’ത്തിൽ ഒഴുകിക്കൊണ്ടിരിക്കുന്ന കോടികൾ വരുന്ന കള്ളപ്പണത്തെക്കുറിച്ച് ചില സൂചനകൾ തന്നു കൊണ്ടാണ് ലൂസിഫർ ആരംഭിക്കുന്നത്. ‘കാരവൻ ‘ മാസിക കഴിഞ്ഞയാഴ്ച പുറത്തുവിട്ട യദ്യൂരപ്പയുടെ സ്വകാര്യ ഡയറിയെക്കുറിച്ചും അതിന്റെ പിന്നാമ്പുറത്തെക്കുറിച്ചും വായിച്ചറിഞ്ഞവർക്ക് എളുപ്പം താദാത്മ്യപ്പെടാവുന്ന കമൻറുകളാണിവ. കർണാടക രാഷ്ട്രീയത്തിന്റെ ആ ഓർമ്മയിൽനിന്ന് ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച് ഒരു പൗരന് / പൗരയ്ക്ക് ഇപ്പോൾ പലതും ഭാവന ചെയ്യാം. അത്രമാത്രം നിഗൂഢമാണ് അതിന്റെ വഴികൾ. ഒറ്റദിവസത്തെ മാധ്യമ വാർത്തകൾക്കപ്പുറത്തേക്ക് ജീവൻ വെക്കാത്ത അത്തരം രാഷ്ട്രീയ അധോലോകവും ഇന്ത്യയിൽ ബലപ്പെട്ടുകഴിഞ്ഞു.!
ആ രാഷ്ട്രീയത്തെക്കുറിച്ചുള്ള കൽപ്പനകളെയും ഭാവനകളെയും ചേർത്ത് മുരളിഗോപിയൊരുക്കിയ തിരക്കഥയെ ജനപ്രിയസിനിമയ്ക്കാവശ്യമായ മുഴുവൻ ചേരുവകളും ചേർത്താണ് സംവിധായകൻ പൃഥ്വി ലൂസിഫർ ഒരുക്കിയത്. രാഷ്ട്രീയമാണ്,അതിനു പിന്നിലുള്ള അധോലോകമാണ് ചിത്രത്തിന്റെ ആന്തരിക ലോകമെന്ന് ചുരുക്കം.അന്തർദേശീയ തലത്തിൽ വരെ വ്യാപിച്ചുകിടക്കുന്ന ആ അധോലോകത്തിന്റെ ചെറുലോകത്തിലേക്കുള്ള ദൃശ്യ സഞ്ചാരം.അതിലൊരാളുടെ കഥ മാത്രമാണ് ലൂസിഫർ. ആരായിരുന്നു യഥാർത്ഥത്തിൽ ലൂസിഫർ എന്ന ചോദ്യം സിനിമയ്ക്കൊടുവിൽ ബാക്കിയാവുന്നു. ചിത്രം അവസാനിക്കുമ്പോൾ ലൂസിഫറിന്റെ രണ്ടാം ഭാഗംകൂടി വന്നേക്കുമെന്ന സൂചന നൽകിക്കൊണ്ടാണ് സംവിധായകൻ പിൻവാങ്ങുന്നത്. കേരളരാഷ്ട്രീയത്തെ മുൻനിർത്തിയാണ് ഈ മാസ്സ് എന്റർടെയിൻ ഒരുക്കിയതെങ്കിലും ഇത്തരം സിനിമകൾക്ക് ഇന്ത്യൻ വിനോദവിപണിയിൽ ഇപ്പോഴും വലിയ മാർക്കറ്റുണ്ട്.അതുകൊണ്ട് പൃഥ്വിയുടെ ഈ ലൂസിഫറിനെയും തേടി രജനീകാന്ത് ഉൾപ്പെടെയുള്ള അന്യഭാഷാ നടൻമാർ വരാൻ സാധ്യതയുണ്ട്. സൂപ്പർ മെഗാസ്റ്റാർഡം നിലനിർത്താൻ അവർക്കിത്തരം ‘അധോലോക പ്രകടനങ്ങൾ ‘ആവശ്യമുണ്ട്.ഇന്ത്യൻ ജനപ്രിയസിനിമയുടെ ചരിത്രം അതാണല്ലോ!

മാസ്സ് മൂവിയിലെ പൊളിറ്റിക്കൽ കറക്ട് നസിനെ സൂക്ഷ്മമായി ഇവിടെ വിശകലന വിധേയമാക്കുന്നില്ല. എന്നാലും നമ്മുടെ ലോക മാർജിച്ചുകൊണ്ടിരിക്കുന്ന പുതിയ രാഷ്ട്രീയ ബോധ്യങ്ങളുള്ളടങ്ങിയ ദൃശ്യങ്ങൾ ഈ ‘ജനപ്രിയ’ത്തിൽ പലയിടങ്ങളിലായിക്കാണാം. മുഖ്യമന്ത്രി രാംദാസിന്റെ ചിതയ്ക്ക് പെണ്ണ് തീ കൊടുക്കുകയോ എന്ന ശർമ്മയുടെ ചോദ്യത്തിന് മകൾ പ്രിയദർശിനി രാംദാസ് അതെന്താ പെണ്ണിന് പറ്റില്ലേ എന്ന അർത്ഥത്തിൽ നോക്കുന്നതും ചിതയ്ക്ക് തീ കൊടുക്കുന്നതും നമ്മുടെ ജനപ്രിയസിനിമയിലെ പതിവ് ദൃശ്യങ്ങളല്ല.അതുപോലെ പൃഥ്വിരാജിന്റെ സയ്യിദ് മസൂദ് എന്ന ഗാങ്ങ്സ്റ്റർ ഗുണ്ടകളെ വെടിവെച്ചിടുമ്പോൾ ‘ആണാണെങ്കിൽ നേർക്കുനേരെവാടാ അതാ ആണത്തം ‘ എന്നു പറയുന്ന ഗുണ്ടയെ അപ്പോൾത്തന്നെ ഷൂട്ട് ചെയ്ത് കൊല്ലുമ്പോൾ മുൻകാല മലയാള സിനിമകളിലെ ദൃശ്യങ്ങളോർത്ത് ചിരിവരും.മലയാള സിനിമ ഇക്കാലമത്രയും ആഘോഷിച്ച ആണത്ത ഭാഷണത്തിന്റെ നെറ്റിയിലേക്കാണ് ആ വെടി വീണതെന്ന് തോന്നുക സ്വാഭാവികം. അതുപോലെ രാഷ്ട്രീത്തിലിറങ്ങുന്ന ജനപ്രിയനായ യുവനേതാവ് (ടൊവീനോ തോമസ് ) വലിയ ആൾക്കൂട്ടത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ തന്റെ ഫോണിൽ കാമുകിയുടെ സംഭാഷണം കൂടെ കേൾപ്പിക്കുന്നുണ്ട്. വിവാഹത്തിലെത്തുന്നതിനു മുമ്പുള്ള പെൺ സൗഹൃദങ്ങളെ മുൻനിർത്തി ഇന്ത്യൻ രാഷ്ട്രീയത്തിൽ സമീപകാലത്ത് നടന്ന യാഥാസ്ഥിതികമായ സംവാദങ്ങളെയെല്ലാം ഒറ്റയടിക്ക് പുറത്താക്കുന്ന ദൃശ്യം. അത്രയും വലിയ ആൾക്കൂട്ടത്തെ മുൻനിർത്തിയുള്ള ദൃശ്യങ്ങൾ മലയാള സിനിമയിൽ മുൻപില്ല.
തിൻമകൾ തമ്മിലുള്ള ഏറ്റുമുട്ടലാണെങ്കിലും ആത്യന്തികമായി സിനിമ സമൂഹത്തിലെ സത്യത്തിനു പിന്നാലെപോകുന്ന ഗോവർദ്ധനൊപ്പ (ഇന്ദ്രജിത്ത് )മാണ് നിൽക്കുന്നത്. സിനിമ അവസാനിക്കുമ്പോൾ നായകനായ സ്റ്റീഫൻ നെടുമ്പള്ളിയല്ല മറിച്ച് ഗോവർദ്ധനെപ്പോലുള്ള സത്യാന്വേഷികളാണ് നാടിനാവശ്യം എന്ന് സ്റ്റീഫൻ നെടുമ്പള്ളി എഴുതി അറിയിക്കുന്നുണ്ട്. അധോലോകവും അതിലെ ഗുണ്ടകളും സംഘട്ടനങ്ങളുമൊക്കെ ഇടയ്ക്കിടയ്ക്ക് ദൃശ്യമാകുന്നുണ്ടെങ്കിലും ആണത്തത്തിന്റെ പ്രത്യക്ഷ ആഘോഷമാക്കുന്ന മദ്യത്തിന്റെയും സിഗരറ്റിന്റെയുമൊന്നും ദൃശ്യങ്ങൾ സിനിമയിൽ വരുന്നില്ല. നിയമപരമായ മുന്നറിയിപ്പുകളൊന്നും ദൃശ്യങ്ങൾക്ക് ആവശ്യം വരാത്ത തരത്തിലും കൂടിയാണ് പൃഥ്വി തന്റെ സിനിമയൊരുക്കിയതെന്ന് ചുരുക്കം.

സുജിത്ത് വാസുദേവിന്റെ ക്യാമറാ നോട്ടങ്ങൾ, പ്രത്യേകിച്ച് കാടിന്റെയും നാടിന്റെയും നഗരത്തിന്റെയും ചേരിയുടെയുമൊക്കെ വൈഡ് ദൃശ്യങ്ങളും ക്ലോസപ്പ്ഷോട്ടുകളുമൊക്കെ വിസ്മയിപ്പിക്കുന്നതാണ്. ദീപക്ദേവിന്റെ ബി.ജി.എം.സംഗീതം, സാംജിത് മുഹമ്മദിന്റെ എഡിറ്റിംഗ് തുടങ്ങിയവ ലൂസിഫറിന്റെ മാറ്റുകൂട്ടിയ ഘടകങ്ങളാണ്.

ആദ്യ സംവിധാനത്തിൽത്തന്നെ തിയറ്ററിൽ കേവലാനന്ദത്തിനായി കയറിവരുന്ന ജനത്തിന്റെ പൾസെങ്ങനെ പൃഥ്വിരാജിന് പിടുത്തം കിട്ടി എന്നാലോചിച്ചിരിക്കുമ്പോഴാണ് സിനിമയിൽ നിന്നുതന്നെ അതിനുത്തരം കിട്ടിയത്. ഇടയ്ക്കൊരിടത്ത്‌ വിവേക് ഒബ്റോയ് സായ്കുമാർ ചെയ്ത വർമ്മ എന്ന കഥാപാത്രത്തോട് ഇങ്ങനെ ചോദിക്കുന്നുണ്ട്.

‘മസാലപ്പടം കാണാറുണ്ടല്ലേ.?

അപ്പോൾ വർമ്മ ഇങ്ങനെ മറുപടി പറയുന്നുണ്ട്.

‘അതെയതെ. അത് കാണുമ്പൊ ഈ ജനത്തിന്റെ പൾസിനെക്കുറിച്ച് നമുക്കൊരു ഐഡിയ കിട്ടും.ജനം എവിടെ കയ്യടിക്കും എവിടെക്കൂവും എന്ന്.’

അതെ.പൃഥ്വിരാജെന്ന സംവിധായകന് നമ്മുടെ ജനപ്രിയമസാലയെക്കുറിച്ച് കൃത്യമായിട്ടറിയാം. അതോടൊപ്പം നമ്മുടെ നാട്ടിലെ ജനപ്രിയകാണിയെക്കുറിച്ച്, ആ കാണികളിൽ മോഹൻലാലിനുള്ള വേരുകളെക്കുറിച്ച്, അദ്ദേഹത്തിന്റെ മാർക്കറ്റ് വാല്യൂവിനെക്കുറിച്ച് പൃഥ്വിരാജിനോളം അറിഞ്ഞ മറ്റാരാണ് സിനിമയ്ക്കകത്തുള്ളതെന്ന് തോന്നും. ചുരുക്കിപ്പറഞ്ഞാൽ അതാണ് ലൂസിഫർ.

ജോബിഷ് വി കെ

ജോബിഷ് വി കെ

അദ്ധ്യാപകന്‍, എഴുത്തുകാരന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍