UPDATES

സിനിമ

മുരളി ഗോപി ഒളിച്ചുകടത്തുന്ന ലൂസിഫറിന്റെ രാഷ്ട്രീയം

ഇത്തരൊരു മാസ്സ് മൂവിയിലെ പൊളിറ്റിക്കൽ കറക്ട്നസിനെ അത്ര ഗൗരവത്തോട് കാണേണ്ടതില്ലന്ന് ചിലരെങ്കിലും അഭിപ്രായപെടുമ്പോഴും, സിനിമയുടെ രാഷ്ട്രീയം ഇന്നത്തെ സാഹചര്യത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒന്ന് തന്നെയാണ്.

മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റെ ലൂസിഫര്‍ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. പ്രേക്ഷകനില്‍ ആവേശം സൃഷ്ടിക്കുന്ന മാസ് സീനുകള്‍ കൊണ്ട് സമ്പന്നമാണ് ചിത്രം. മോഹന്‍ലാലിന്റെ മാസ്മരിക പ്രകടനം, പൃഥ്വിരാജിന്റെ സംവിധാനം അങ്ങനെ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ചിത്രം ഒരുക്കി വെച്ചിട്ടുണ്ടെങ്കിലും ഈ ആഘോഷങ്ങള്‍ക്കപ്പുറത്ത് ഈ തിരഞ്ഞെടുപ്പ് കാലത്ത് ലൂസിഫര്‍ മുന്നോട്ട് വയ്ക്കുന്നത് അപകടകരമായ ഒരു രാഷ്ട്രീയ സന്ദേശം കൂടിയാണെന്നു പറയേണ്ടി വരും. ഇത്തരൊരു മാസ് മൂവിയിലെ പൊളിറ്റിക്കല്‍ കറക്ട്‌നസിനെ അത്ര ഗൗരവത്തോട് കാണേണ്ടതില്ലന്ന് ചിലരെങ്കിലും അഭിപ്രായപെടുമ്പോഴും, സിനിമയുടെ രാഷ്ട്രീയം ഇന്നത്തെ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്ന് തന്നെയാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ജീര്‍ണതകള്‍ തുറന്ന് കാണിക്കുന്നു എന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്ന സിനിമയില്‍ കേരളവും ജീര്‍ണതയുടെ പ്രതീകങ്ങളായി ഇടത്, വലത് മുന്നണികളും പ്രത്യക്ഷപ്പെടുന്നു. ജനാധിപത്യത്തെ പണാധിപത്യം വിഴുങ്ങുന്ന കോര്‍പ്പറേറ്റ് വാഴ്ചയുടെ കാലത്ത് സിനിമയുടെ രാഷ്ട്രീയം പ്രസക്തമാണെങ്കിലും ഈ അപചയങ്ങളെല്ലാം ഇടത് വലത് മുന്നണി പ്രതീകങ്ങളുടെ മേല്‍ മാത്രം കെട്ടി വയ്ക്കുമ്പോള്‍, കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഒത്താശകള്‍ ചെയ്തു കൊടുത്ത ബിജെപിയെ സുരക്ഷിതമായ മറവിലേക്ക് മാറ്റി നിര്‍ത്തുകയാണ് മുരളി ഗോപിയെന്ന കൗശലക്കാരനായ തിരക്കഥാകൃത്ത്.

രഹസ്യമായി തന്റെ രാഷ്ട്രീയത്തെ സിനിമയിലൂടെ കടത്തിവിടാനുള്ള മുരളി ഗോപിയുടെ കഴിവ് അദ്ദേഹത്തിന്റെ മുന്‍ ചിത്രങ്ങളില്‍ എല്ലാം പ്രകടമാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ഇടത് വിരുദ്ധ സിനിമയെടുത്ത് ഇടതു പക്ഷക്കാരെ കൊണ്ട് തന്നെ കയ്യടിപ്പിച്ച വ്യക്തിയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന ചിത്രമെന്ന് പറയപ്പെടുന്ന ടിയാന്‍ എന്ന ചിത്രവും യഥാര്‍ഥത്തില്‍ അങ്ങനെയല്ല എന്ന വസ്തുതയും മുന്‍പ് പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.

വര്‍ഗീയതയെ സിനിമ വിമര്‍ശിക്കുന്നുണ്ടല്ലോ എന്ന ചോദ്യം നിങ്ങള്‍ ചോദിച്ചേക്കാം. സായികുമാറിന്റെ വര്‍മ്മയെന്ന കഥാപാത്രത്തിന്റെ ഒരു രംഗവും ചൂണ്ടിക്കാണിക്കാന്‍ ഉണ്ട്. എന്നാല്‍ അവിടെ സിനിമ രാഷ്ട്രീയമല്ല പറയുന്നത്, അതൊരു തന്ത്രമാണ്. വര്‍ഗീയതയെ ചെറുക്കാനെന്ന പേരില്‍ ഇരു മുന്നണികളും നാട് കട്ട് മുടിക്കുകയാണെന്ന പരിഹാസമാണ് എഴുത്തുകാരന്‍ ആ രംഗത്തിലൂടെ കടത്തി വിടുന്നത്.

ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെ കേരളത്തിലെ ഒരു കഥാ പശ്ചാത്തലത്തിലൂടെ വരച്ചുകാട്ടാന്‍ ശ്രമിക്കുന്ന മുരളി ഗോപി മാധ്യമങ്ങളെ വിമര്‍ശിക്കുന്നതിലും പിന്നോട്ട് പോയിട്ടില്ല. മാധ്യമങ്ങള്‍ പണം മുടക്കുന്നവരുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് അവര്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ വേണ്ടിയുള്ള വാര്‍ത്തകള്‍ മെനയുകയാണെന്നാണെന്നാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്.

ഇരു മുന്നണികളെയും വിമര്‍ശിക്കുമ്പോഴും, ഒടുവില്‍ അതില്‍ ഒന്നില്‍ തന്നെ വീണ്ടും അധികാരം തിരിച്ചെത്തുന്നതായും കാണാം. അപ്പോഴും മൂന്നാമതൊരു പാര്‍ട്ടിയുടെ തിന്മകള്‍ ഒന്നും തന്നെ ചൂണ്ടിക്കാണിക്കാതെ അവരെ ഒരു മറക്കുള്ളില്‍ സുരക്ഷിതരാക്കി നിര്‍ത്തുവാനും എഴുത്തുകാരന് സാധിച്ചു.

ആ രാഷ്ട്രീയ തന്ത്രം മനസിലാക്കാത്തവര്‍ക്ക് ലൂസിഫര്‍ ആഘോഷിക്കാന്‍ മാത്രമുള്ള മാസ് സിനിമാണ്. മോഹന്‍ലാല്‍ എന്ന നടനില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നതെല്ലാം തങ്ങള്‍ക്ക് ലഭിച്ചു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആക്ഷന്‍ രംഗങ്ങളിലും വൈകാരികരംഗങ്ങളിലും ഒരുപോലെ തിളങ്ങുന്ന മോഹന്‍ലാലിനെയാണ് ചിത്രത്തില്‍ കാണുന്നത്. ലാല്‍ മാനറിസങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ചിത്രത്തില്‍ കൊണ്ടു വരാനുള്ള സംവിധായകന്‍ പൃഥ്വിരാജിന്റെ ശ്രമങ്ങളും കയ്യടി അര്‍ഹിക്കുന്നു.

Read More: സൂപ്പർ മെഗാസ്റ്റാർഡം നിലനിർത്താൻ അവർക്കിത്തരം ‘അധോലോക പ്രകടനങ്ങൾ’ ആവശ്യമുണ്ട്; ലൂസിഫറിനെത്തേടി രജനീകാന്തും വരും

കാടും നാടും നഗരവും ചേരിയുമെല്ലാം സുജിത്ത് വാസുദേവന്‍ എന്ന ഛായാഗ്രാഹകന്‍ വളരെ മികച്ച രീതിയില്‍ തന്നെ ഒപ്പിയെടുത്തു. ദീപക്‌ദേവിന്റെ പശ്ചാത്തല സംഗീതം, സാംജിത് മുഹമ്മദിന്റെ എഡിറ്റിംഗ് തുടങ്ങിയവ ലൂസിഫറിന്റെ മാറ്റു കൂട്ടി.

താന്‍ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ‘പ്രിയദര്‍ശിനി’ എന്ന് മഞ്ജു വാര്യര്‍ പറഞ്ഞത് ചിത്രം കണ്ട ശേഷം ഓരോ പ്രേക്ഷകരും അംഗീകരിക്കേണ്ടി വരും. രാഷ്ട്രീയക്കാരനും പ്രിയദര്‍ശിനി രാംദാസിന്റെ സഹോദരനുമായെത്തിയ ടൊവിനോയുടെ ജതിന്‍ രാംദാസിന് കയ്യടിനേടുന്ന രംഗങ്ങള്‍ ഏറെയുണ്ട്. ഭാഷയുടെ അതിര്‍ വരമ്പുകള്‍ക്കപ്പുറത്തു നിന്നുള്ള വിവേക് ഒബ്‌റോയിയുടെ പ്രകടനവും ഏറെ പ്രശംസനീയമാണ്. ഇന്ദ്രജിത്തിന്റെ ഗോവര്‍ദ്ധനന്‍ എന്ന കഥാപത്രവും മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടി.

പ്രേക്ഷകര്‍ക്ക് ആഘോഷിക്കാനുള്ളതെല്ലാം ഒരുക്കിയ ചിത്രം തിയേറ്ററുകള്‍ നിറഞ്ഞ് ഓടുമ്പോള്‍, അരാഷ്ട്രീയത ഒരു ഫാഷനായി മാറി കൊണ്ടിരിക്കുന്ന ഈ സമൂഹത്തില്‍ രാഷ്ട്രത്തെ വില്‍ക്കാന്‍ ശ്രമിക്കുന്നവരോട് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ഈ തിരഞ്ഞെടുപ്പ് കാലത്ത് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതല്ലേ?

Read More: മാസ് ലാലിനെ സൃഷ്ടിച്ച് പൃഥ്വിരാജ്; ഇനി അയാൾക്ക് ധൈര്യമായി ഇംഗ്ലീഷ് പറയാം

റോജിന്‍ കെ റോയ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍