UPDATES

സിനിമ

ശങ്കര്‍ രാമകൃഷ്ണന്റെ സിനിമാന്വേഷണ പരീക്ഷകള്‍

മലയാള സിനിമയില്‍ വളര്‍ന്ന് വരുന്ന യുവ പ്രതിഭകളില്‍ ശ്രദ്ധേയനാണ് ശങ്കര്‍ രാമകൃഷ്ണന്‍. സംവിധായകന്‍ രഞ്ജിത്തിന്‍റെ എട്ടോളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ശങ്കര്‍ ‘കേരള കഫെ’ എന്ന ചലചിത്ര സമുച്ചയത്തിലെ ‘ഐലന്‍ഡ് എക്സ്പ്രെസി’ലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്. പിന്നീട് മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള വന്‍ ബജറ്റ് ചരിത്ര സിനിമകളിലൊന്നായ ‘ഉറുമി’യുടെ തിരക്കഥാകൃത്തായി. പിന്നീട് ‘സ്പിരിറ്റ്’, ‘ബാവുട്ടിയുടെ നാമത്തില്‍’ എന്നീ ചിത്രങ്ങളില്‍ അഭിനേതാവായി. ഇപ്പോള്‍ ദേശീയ പുരസ്കാര ജേതാവ് സുരാജ് വെഞ്ഞാറമൂട് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘എന്‍റെ സത്യാന്വേഷണ പരീക്ഷകള്‍’ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നു. അഴിമുഖത്തിന് വേണ്ടി ശങ്കര്‍ രാമകൃഷ്ണനുമായി സിറാജ് ഷാ നടത്തിയ അഭിമുഖം.

സിറാജ് ഷാ: സിനിമ ഒരു സ്വപ്നമായ കാലത്തെക്കുറിച്ച്? സിനിമയിലേക്കുള്ള വഴി തുറന്നത് എങ്ങിനെയാണ്?
ശങ്കര്‍ രാമകൃഷ്ണന്‍: ഓര്‍മ്മയും ബുദ്ധിയുമുറച്ച കാലം മുതല്‍ സിനിമാ സ്വപ്നം കൂടെക്കൂടിയതാണ്. പഠനകാലത്ത് ബാംഗ്ലൂരില്‍ പോയി വി കെ പ്രകാശിനെ കണ്ടു. എന്‍റെ അതുവരെയുണ്ടായിരുന്ന വര്‍ക്കുകളുടെ ഒരു ഷോറീല്‍ കാണിച്ചു. ആ ഹൃസ്വ ചിത്രം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ഫീച്ചര്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടി ഒരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങാനുള്ള ശ്രമങ്ങളിലായിരുന്നു അന്ന് വി കെ പി. ആ കാലത്ത് തന്നെ രഞ്ജിയേട്ടനിലേക്കെത്തി (സംവിധായകന്‍ രഞ്ജിത്). പത്മരാജന്‍റെ മകന്‍ അനന്ത പത്മനാഭന്‍ വഴിയായിരുന്നു അത്. ‘നന്ദന’ത്തിന്‍റെ ഇംഗ്ലീഷ് സബ്ടൈറ്റില്‍ ചെയ്യാനായിരുന്നു അത്.

സിറാജ്: പിന്നെ സംഭവിച്ചത്..?

ശങ്കര്‍: അങ്ങനെ എട്ടോളം സിനിമകള്‍ രഞ്ജിയേട്ടനൊപ്പം. രഞ്ജിയേട്ടന്‍റെ ‘പൂര്‍ണ്ണമായും കച്ചവട സിനിമ’ എന്നു പറയാവുന്ന അവസാന ചിത്രം ‘പ്രജാപതിയി’ല്‍ തുടങ്ങി ‘കയ്യൊപ്പ്’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ സഹസംവിധായകനായി.

സിറാജ്: സ്വതന്ത്ര സംവിധായകനാവുന്നത്..?
ശങ്കര്‍: രഞ്ജിയേട്ടന്‍റെ കേരളാ കഫെ എന്ന ആശയം യാഥാര്‍ത്യമായപ്പോള്‍ ഞാനും അതിന്‍റെ ഭാഗമായി. ഐലന്‍ഡ് എക്സ്പ്രെസ് എന്ന ചിത്രത്തിലൂടെ. മലയാളത്തിലെ പല വേറിട്ട സിനിമാ സ്വപ്നങ്ങളും പിറന്നതും രൂപപ്പെട്ടതും L7 എന്ന രഞ്ജിയേട്ടന്‍റെ എറണാകുളത്തെ ഫ്ലാറ്റില്‍ വെച്ചാണ്. അവിടെ വെച്ചാണ് കേരളാ കഫെയിലെ ഒരു ചിത്രം ഞാന്‍ സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന കാര്യം രഞ്ജിയേട്ടന്‍ എന്നോട് പറഞ്ഞത്.

സിറാജ്: ഉറുമി എന്ന ഹിറ്റ് ചിത്രം എഴുതുന്നു. മലയാളത്തിലെ ഇതുവരെയുള്ള വന്‍ ചിത്രങ്ങളിലൊന്ന്.
ശങ്കര്‍: ‘പാലേരി മാണിക്യം’ ചിത്രീകരണം നടക്കുമ്പോഴാണ് പൃഥ്വിരാജ് എന്നെ സന്തോഷ് ശിവന്‍റെ അടുത്തെത്തിക്കുന്നത്. അന്നവര്‍ ഒരുമിച്ച് ‘രാവണ്‍’ ചെയ്യുകയായിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ ഉറുമി എന്ന ചിത്രം പിറക്കുന്നു. ഷാജി നടേശന്‍ എന്ന നിര്‍മ്മാണ പങ്കാളി കൂടി എത്തിയതോടെ ആ പദ്ധതി കൂടുതല്‍ ഊര്‍ജ്ജ്സ്വലമായി.

സിറാജ്: പിന്നെ അഭിനേതാവായത്..?

ശങ്കര്‍: ആര്‍. ഉണ്ണിയുടെ ‘ലീല’ എന്ന കഥ സിനിമയാക്കാനുള്ള ആലോചനകള്‍ നടന്നപ്പോള്‍ അതിലെ കുട്ടിയപ്പന്‍ എന്ന കഥാപാത്രം ആര് അഭിനയിക്കും എന്നതിനെ കുറിച്ച് ചര്‍ച്ച വന്നു. രഞ്ജിയേട്ടന്‍ പറഞ്ഞു, ‘നിന്നെപ്പോലെ ഒരുത്തനെ കിട്ടിയാല്‍ കുട്ടിയപ്പനാക്കാം’. തയ്യാറെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ ആ സിനിമാ ഇതുവരെ നടന്നില്ല. പിന്നീട് ‘സ്പിരിറ്റി’ലൂടെ അഭിനേതാവായി. അതു കഴിഞ്ഞ് ‘ബാവുട്ടിയുടെ നാമത്തില്‍’. ഒടുവില്‍ ഇപ്പോള്‍ ഞാന്‍ തന്നെ തിരക്കഥാകൃത്തായ ‘എന്‍റെ സത്യാന്വേഷണ പരീക്ഷകള്‍’ എന്ന ചിത്രത്തില്‍.

സിറാജ്: ‘സത്യാന്വേഷണ പരീക്ഷകളെ’ കുറിച്ച്?
ശങ്കര്‍: സംഘര്‍ഷ ഭരിതമായ മനസുള്ള മനുഷ്യരാണ് കോടതി പരിസരത്ത് ഉണ്ടാവുക. കോടതി ഇതില്‍ ഒരു കഥാപാത്രമാണ്. കഴിഞ്ഞു പോയ കുറേ പതിറ്റാണ്ടുകളിലെ കേരളത്തിന്‍റെ മാറ്റമാണ് പശ്ചാത്തലം. കലര്‍പ്പില്ലാത്ത ആണ്‍-പെണ്‍ സൌഹൃദങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നത് 72 വയസുകാരനായ അയ്യപ്പന്‍ പിള്ള എന്ന കഥാപാത്രത്തെയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍