UPDATES

സിനിമ

’13 തവണ വരെ ഈ സിനിമ കണ്ടവരുണ്ട്’, തണ്ണീർമത്തൻ ദിനങ്ങൾ 50 കോടി ക്ലബിലെത്തുമ്പോള്‍; സംവിധായകന്‍ ഗിരീഷ്‌ എ.ഡി സംസാരിക്കുന്നു

ഇക്കൊല്ലം ബോക്സ് ഓഫീസിൽ മികച്ച നേട്ടം സ്വന്തമാക്കിയ ചിത്രങ്ങളിൽ നാലാമതാണ് തണ്ണീർമത്തൻ ദിനങ്ങൾ.

നവാഗതനായ ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ എത്തിയ ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ മാത്യു തോമസും ‘ഉദാഹരണം സുജാത’ ഫെയിം അനശ്വര രാജനും വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘തണ്ണീർമത്തൻ ദിനങ്ങൾ’. ഒരു കൂട്ടം കുട്ടികളുടെ പ്ലസ് ടു കാലഘട്ടത്തിന്റെ കഥപറയുന്ന ചിത്രം ഒരു കോമഡി എന്റർടൈനറാണ്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയ ചിത്രം ബോക്സ് ഓഫീസിലും വലിയ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. നാല്‍പ്പത് ദിവസങ്ങൾ പിന്നിടുമ്പോൾ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം.

1.75 കോടി മുതല്‍മുടക്കിലാണ് സിനിമ അണിയിച്ചൊരുക്കിയിരുന്നത്. യുഎഇ-ജിസിസി ബോക്‌സോഫീസുകളില്‍ നിന്നായി 10 ദിവസം കൊണ്ട് 11.27 കോടി രൂപ സിനിമ നേടിയിരുന്നു. സൂപ്പർ താര ചിത്രങ്ങളെയും മറികടന്നുകൊണ്ടുള്ള നേട്ടമാണ് ജിസിസിയിൽ തണ്ണീർ മത്തൻ ദിനങ്ങൾ സ്വന്തമാക്കിയത്. സിനിമ മാർക്കറ്റ് ചെയ്യാൻ വലിയ താരങ്ങൾ വേണ്ടന്ന് ഈ ചിത്രങ്ങൾ തെളിയിക്കുകയാണ്. വലിയ താരനിര ഒന്നുമില്ലാതെ തന്നെ ഈ വർഷത്തെ പണം വാരി ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം.

ചിത്രത്തിന്റെ ഈ വലിയ വിജയത്തിൽ താൻ ഏറെ സന്തോഷവാനാണെന്ന് പറയുകയാണ് സംവിധായകൻ ഗിരീഷ് എ.ഡി. ആദ്യ ചിത്രത്തിന്റെ വിജയ തുടർച്ചയായി, സിനിമയിലെ പ്രധാന കഥാപാത്രവും, തിരക്കഥ രചനയിൽ പങ്കാളിയുമായിരുന്ന ഡിനോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഡിനോയ് തന്നെയാണ്. തണ്ണീർമത്തന്‍ ദിനങ്ങളുടെ നിർമ്മാതാക്കള്‍ തന്നെയായ, പ്ലാൻ ജെ സിനിമാസിന്റെ ബാനറിൽ ജോമോൻ ടി. ജോൺ–ഷമീർ മുഹമ്മദ് എന്നിവർ തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുക. ഈ സിനിമയുടെ വിജയം തന്നെയാണ് ഇത്തരത്തിൽ ഒരവസരം തങ്ങൾക്ക് ലഭിക്കാൻ ഇടയാക്കിയതെന്നും സംവിധായകൻ ഗിരീഷ് എ.ഡി അഴിമുഖത്തോട് പറഞ്ഞു. എന്നാൽ ഡിനോയുടെ സിനിമയിൽ താൻ ഭാഗമല്ലെന്നും തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളിലാണ് താനെന്നും ഗിരീഷ് കൂട്ടിച്ചേര്‍ത്തു.

“പ്രതീക്ഷിച്ചതിലും അപ്പുറം സിനിമ പോയതിൽ ഏറെ സന്തോഷം. പ്രേക്ഷകരോട് എനിക്ക് നന്ദി മാത്രമേ പറയാനുള്ളൂ. റിപ്പീറ്റഡ് ഓഡിയൻസിനെ ലഭിച്ചതാണ് ഈ സിനിമ ഇത്രയും വലിയ വിജയമാകാൻ കാരണം. കേരത്തിൽ എല്ലാവരും ഈ സിനിമ കണ്ടതായി എനിക്ക് അഭിപ്രായമില്ല, പക്ഷെ പതിമൂന്ന് തവണ വരെ ഈ സിനിമ കണ്ടതായി എന്നെ വിളിച്ച് പറഞ്ഞവരുണ്ട്. ഫാൻ ഫൈറ്റുകൾ ഒന്നുമില്ലാതെ എല്ലാ താരങ്ങളുടെയും ആരാധകർ ഒരേപോലെ കണ്ട സിനിമയാണ് തണ്ണീർ മത്തൻ ദിനങ്ങൾ. ഈ പിന്തുണ എന്നും ഉണ്ടാകണം എന്നാണ് പറയാനുള്ളത്”–  ഗിരീഷ് എ.ഡി പറയുന്നു

സിനിമ എന്റർടെയ്നിംഗ് ആണെങ്കിൽ താര സാന്നിധ്യം ആവശ്യമില്ലെന്ന് ഞങ്ങൾ തെളിയിച്ചു

“ഈ സിനിമയുടെ ട്രെയിലറും പാട്ടുമെല്ലാം സിനിമയെ നല്ല രീതിയിൽ ബൂസ്റ്റ് ചെയ്തിരുന്നു. പക്ഷെ പടം മോശമാണെങ്കിൽ അതൊന്നും രക്ഷിക്കില്ല. മൗത്ത് പബ്ലിസിറ്റിയാണ് സിനിമയെ ഇത്രയും വലിയ വിജയമാക്കിയത്. കുടുംബ പ്രേക്ഷകരെ തീയേറ്ററിൽ എത്തിക്കാൻ സഹായിച്ചതും ഈ ഒരു ഘടകമാണ്. ഇനിയും ഇത്തരത്തിൽ ചെറിയ സിനിമകൾ ചെയ്യുവാൻ പ്രൊഡ്യൂസർമാർക്കും സംവിധായകർക്കും ഒരു പ്രചോദനമാവുകയാണ് ഈ ചിത്രം. ഇന്ന് ഈ സിനിമയിലെ കുട്ടികളാണ് താരങ്ങൾ. സിനിമ എന്റർടെയ്നിംഗ് ആണെങ്കിൽ താര സാന്നിധ്യം ആവശ്യമില്ലെന്ന് ഈ സിനിമ തെളിയിക്കുകയാണ്.”

ആസ്വാദകൻ എന്ന നിലയിലും ഏറെ സംതൃപ്തനാണ്

“മറ്റൊരാളുടെ സിനിമയായി ഞാൻ ‘തണ്ണീർമത്തൻ ദിനങ്ങൾ’ കാണുമ്പോൾ ഏറെ സംതൃപ്തനാണ്. ഒരു സിനിമ ആസ്വാദകൻ എന്ന നിലയിൽ ഞാൻ എന്ന പ്രേക്ഷകനെ സിനിമ കാണാൻ പ്രേരിപ്പിക്കുന്ന ഒന്നായിരുന്നു ഈ ചിത്രത്തിന്റെ ട്രെയിലർ തന്നെ. എനിക്ക് ഇഷ്ടപെട്ട ഒരുപാട് നിമിഷങ്ങൾ ഈ സിനിമയിൽ ഉണ്ട്. ഷോർട്ട്ഫിലിമുകൾ ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും പിന്നീട് അത് എനിക്ക് കാണാൻ തോന്നാറില്ല. പക്ഷെ ഈ സിനിമ അങ്ങനെ അല്ല. ചിത്രത്തിലെ പല കാര്യങ്ങളും എന്റെ മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്. മറ്റൊരാളുടെ സിനിമ എന്ന നിലയിൽ നോക്കി കാണുമ്പോൾ ഞാൻ ഏറെ ആവേശത്തിലാണ് ഈ സിനിമ കണ്ടത്.”

പുതിയ ചിത്രം

“പുതിയ ചിത്രത്തിന്റെ ആലോചനയിലാണ്, പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. അടുത്ത ചിത്രം ഒരു കോമഡി റൊമാന്റിക്ക് സിനിമയായിരിക്കും. പുതിയ ചിത്രം പറയുക കുട്ടികളുടെ പ്രണയമല്ല, കുറച്ച് മുതിർന്നവരുടെ പ്രണയമായിരിക്കും.”

തണ്ണീർ മത്തൻ ദിനങ്ങൾ വരുന്നതിനു മുന്നെയാണ് മറ്റ് പ്ലസ് ടു പടങ്ങളായ അഡാര്‍ അഡാർ ലൗവും ജൂണും തീയേറ്ററില്‍ എത്തിയത്

“അദ്ദേഹത്തിന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ള സിനിമയാണ് ഒമർ ലുലു ഒരുക്കിയത്. പക്ഷെ പ്രേക്ഷകർക്ക് ഈ സിനിമയാകാം അവരുടെ ജീവിതവുമായി കൂടുതൽ ബന്ധപ്പെടുത്താൻ സാധിച്ചത്. അതുകൊണ്ടാണ് ഈ സിനിമ കൂടുതൽ ഹിറ്റായതും. ആ സിനിമയെ തോൽപ്പിക്കാൻ വേണ്ടി ഇറക്കിയ ഒരു ചിത്രമല്ല ‘തണ്ണീർ മത്തൻ ദിനങ്ങൾ’. അഡാർ ലൗ ഇറങ്ങുന്നതിനു മുന്നേ ആലോചനയിലുള്ള ചിത്രമായിരുന്നു ഇത്. അക്കാലത്ത് ഒരു പ്ലസ്ടു പടവും ഇറങ്ങിയിട്ടുണ്ടായിരുന്നില്ല. ഒരിടവേളക്ക് ശേഷം വീണ്ടും ഒരു പ്ലസ്ടു പടം കൊണ്ടുവരുന്നത് ഞങ്ങളാണ് എന്ന ചിന്തയിലായിരുന്നു. പക്ഷെ ആ സമയത്ത് അഡാർ ലൗവും, ജൂണും ഒക്കെ തീയേറ്ററിൽ എത്തി. ഓരോരുത്തരുടെയും കാഴ്ച്ചപ്പാട് അനുസരിച്ചാലാണ് അവരുടെ സിനിമ ചെയ്യുക. പിന്നെ പ്രേക്ഷകരാണ് ഇത്തരം താരതമ്യങ്ങൾ നടത്തുന്നത്. അതിൽ നമുക്ക് ഇടപെടാൻ പറ്റില്ലല്ലോ. നാളെ മറ്റൊരു സിനിമ വന്നാൽ നമ്മുടെ സിനിമ എടുത്ത് ‘കിണറ്റിൽ ഇടാൻ തോന്നും’ എന്ന ട്രോളുകൾ വന്നേക്കാം. അതെല്ലാം പ്രേക്ഷകരുടെ അഭിപ്രായ സ്വാതന്ത്ര്യമാണ്”.

ഈ വിജയം അടുത്ത ചിത്രത്തിന് ഒരു ‘ഇനിഷ്യൽ പുള്‍’ ഉണ്ടാക്കാൻ സഹായിക്കും

“അടുത്ത സിനിമയിലേക്ക് എത്തുമ്പോൾ കൂടുതൽ ഉത്തരവാദിത്തം ഉണ്ടാവുകയാണ്. പ്രേക്ഷക പ്രതീക്ഷകളും കൂടുതലായിരിക്കും. പക്ഷെ അത് നല്ലതാണ്, അടുത്ത ചിത്രത്തിന് ഒരു ‘ഇനിഷ്യൽ പുള്‍’ ഉണ്ടാക്കാൻ അത് സഹായിക്കും. കൂടുതൽ പ്രേക്ഷകരെ ആദ്യ ദിനങ്ങളിൽ സിനിമയ്ക്ക് ലഭിക്കും. സിനിമയ്ക്ക് ‘മൗത്ത് പബ്ലിസിറ്റി’ കിട്ടണമെങ്കിൽ പോലും ആദ്യം കുറച്ച് പേർ ഈ സിനിമ കാണണം. അത്തരത്തിൽ ആദ്യ സിനിമയുടെ വിജയം രണ്ടാം സിനിമയ്ക്ക് ഒരു സഹായമാകും. പക്ഷെ ആദ്യ ചിത്രവുമായൊരു താരതമ്യം ഉണ്ടാകും.”

എബ്രിഡ് ഷൈന്റെ കാൾ

“ഈ സിനിമ കണ്ട ശേഷം സംവിധായകൻ എബ്രിഡ് ഷൈൻ വളരെ ആവേശത്തിൽ എന്നെ വിളിച്ചു, അത് എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമാണ്. സിനിമ കണ്ട ആവേശത്തിൽ അദ്ദേഹം വണ്ടി പോലും വിളിക്കാതെ വീട്ടിലേക്ക് നടന്ന് പോയെന്ന് എന്നോട് പറഞ്ഞു. അങ്ങനെ നടന്ന് പോകുന്നതിനിടയിലാണ് അദ്ദേഹം എന്നെ വിളിച്ചത്. എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു സംവിധായകനുമാണ് അദ്ദേഹം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഈ അഭിനന്ദനം ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണ്”.

സിനിമയിലേക്കുള്ള സദാചാര എത്തിനോട്ടങ്ങൾ

“സിനിമയെ കുറിച്ചുള്ള സോഷ്യൽ മീഡിയ കമന്റുകൾ വായിക്കുമ്പോൾ ശ്രദ്ധയിൽപ്പെട്ടിട്ടുള്ള ഒരു കാര്യമാണ്, സിനിമ സ്കൂൾ കുട്ടികൾക്കിടയിലുള്ള പ്രണയങ്ങളെ പ്രോത്സാഹിപ്പിക്കും എന്നുള്ളത്. ഇത്തരം അഭിപ്രായങ്ങളെ സിനിമയിലേക്കുള്ള ഒരു സദാചാര എത്തിനോട്ടമായിട്ടേ വിലയിരുത്താനാകൂ. അങ്ങനെ ആണെങ്കിൽ ഒരു സിനിമയെ എന്തെല്ലാം തരത്തിൽ വിമർശിക്കാനാകും. ഒരു കത്തിക്കുത്ത് കാണിച്ചാൽ അത് കൊലപാതകത്തെ പ്രോത്സാഹിപ്പിക്കും എന്ന വാദം പോലെയാണ് ഇത്. വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ അടുത്ത സിനിമയിൽ നമുക്ക് പ്രേമം ഒഴിവാക്കാം എന്നൊന്നും ചിന്തിക്കാനാകില്ലല്ലോ.

കുറ്റം പറയാനാണെങ്കിൽ മറ്റെന്തെല്ലാം പറയാം, എനിക്ക് തന്നെ ഒരുപാട് പോരായ്‌മകൾ ഈ സിനിമയിൽ തോന്നിയിട്ടുണ്ട്. അത്തരത്തിൽ ചൂണ്ടി കാണിക്കാനാണെങ്കിൽ സിനിമയുടെ ഡബ്ബിങ്ങിൽ ചിലയിടത്ത് പോരായ്‌മകൾ ഉണ്ട്. അതുപോലെ തന്നെ സിനിമയുടെ ഒരു നിർണ്ണായക ഭാഗത്ത് വിനീത് ശ്രീനിവാസന്റെ രവി പത്മനാഭൻ എന്ന കഥാപാത്രത്തെ ഓടിച്ചിട്ട് പിടിക്കുന്ന രംഗം,  സ്കൂളിൽ നിന്ന് ടൂർ പോകുന്ന രംഗങ്ങൾ ,അത് കൂടുതൽ നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്”.

ആദ്യ ദിനങ്ങളില്‍ ലഭിച്ച മികച്ച സ്വീകാര്യതയും പ്രേക്ഷക പ്രതികരണങ്ങളുമെല്ലാം സിനിമയെ ഏറെ സഹായിച്ചിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച വരവേല്‍പ്പാണ് സിനിമയ്ക്ക് ലഭിച്ചത്. രണ്ടു കോടിയോളം രൂപയ്ക്ക് നേരത്തെ എഷ്യാനെറ്റ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയിരുന്നു. കൂടാതെ ഇക്കൊല്ലം ബോക്സ് ഓഫീസിൽ മികച്ച നേട്ടം സ്വന്തമാക്കിയ ചിത്രങ്ങളിൽ നാലാമതാണ് തണ്ണീർമത്തൻ ദിനങ്ങൾ. ലൂസിഫർ, മധുരരാജ, കുമ്പളങ്ങി നൈറ്റ്സ് എന്നീ സിനിമകളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഉള്ളത്.

സമീപ കാലത്ത് സ്കൂൾ ജീവിതം ആസ്പദമാക്കി വന്ന സിനിമകളിൽ ഉള്ള ഏച്ചുകെട്ടുകൾ ഒന്നും തന്നെ ഈ സിനിമയിൽ കാണാൻ കഴിയില്ല. ആദ്യ സീൻ മുതൽ തന്നെ പ്രേക്ഷകരെ തങ്ങളുടെ സ്കൂൾ ജീവിതം ഓർമിപ്പിക്കുന്ന ഓരോ സംഭവങ്ങളിലൂടെയുമാണ് സിനിമ കടന്ന് പോകുന്നത്. പുതിയ ക്ലാസ്സിലെ ആദ്യ ദിനം മുതൽ ആദ്യ പ്രണയത്തിന്റെ സൗന്ദര്യവും, ക്രിക്കറ്റ് സെലക്ഷനിലേ ആവേശവും, പരീക്ഷകളും, ടൂറിനു മുൻപുള്ള ചിക്കന്‍പോക്സ് വരെ നീളുന്ന നൊസ്റ്റാൾജിയ ആണ് ഈ സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക.

റോജിന്‍ കെ റോയ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍