UPDATES

സിനിമ

ലഫ്. കേണല്‍ പദവിയെക്കാള്‍ വലുതാണ് ആര്‍ജ്ജവുമുളള വ്യക്തിത്വം; സൂപ്പര്‍താരങ്ങളെ പേരുചൊല്ലി വിളിക്കുന്നത് അപരാധമായി കാണുന്നവര്‍ക്ക് അത് മനസിലാകണമെന്നില്ല

സിനിമയില്‍ തമ്പ്രാനും അടിയാനുമുണ്ട്. തമ്പ്രാനെ, തമ്പ്രാന്‍ എന്നു തന്നെ വിളിക്കണം, പേരെടുത്ത് പറയരുത്, നാമവിശേഷണങ്ങള്‍ക്കു പോലും നിബന്ധനകളുണ്ട്. അതേസമയം അടിയാനെ എന്തും വിളിക്കാം. നടിയെന്നു വിളിക്കാം, വെടിയെന്നും വിളിക്കാം

മലയാള സിനിമയിലെ ഒരു താര രാജാവ്, ഷൂട്ടിംഗ് സെറ്റില്‍ ഇരിക്കുമ്പോള്‍ തന്റെ കൂടെ ജോലി ചെയ്യുന്നവരുടെ മൊബൈല്‍ ഫോണ്‍ വാങ്ങി നോക്കും. താന്‍ ഉപയോഗിക്കുന്നതിനെക്കാള്‍ കൂടുതല്‍ സാങ്കേതികവിദ്യയുള്ള ഫോണാണോ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത്, അല്ലെങ്കില്‍ തന്റേതിനെക്കാള്‍ വിലകൂടിയതാണോ അവരുടെതെന്നോ അറിയാനല്ല, മറിച്ച്, തന്റെ പേര് എങ്ങനെയാണ് ഓരോരുത്തരും ഫോണില്‍ സേവ് ചെയ്തിരിക്കുന്നതെന്നറിയാന്‍! വേറും പേര് മാത്രമായിട്ട് സേവ് ചെയ്തിരിക്കുന്നവരെ അദ്ദേഹം ബ്ലാക് ലിസ്റ്റ് ചെയ്യും. തന്റെ പേരിനൊപ്പം വിശേഷണപദം കൂടി ചേര്‍ത്തിരിക്കണം; അതാണ് മറ്റുള്ളവരോടുള്ള അദ്ദേഹത്തിന്റെ ആവശ്യം.

പേര് പെരുമയുടെ മറ്റൊരു കഥ കൂടി പറയാം. ഈ കഥയിലെ ‘ വില്ലന്‍’ ഇന്ന് നമ്മോടൊപ്പമില്ല. അദ്ദേഹത്തിന്റെ മരണശേഷമാണ് ഒരു തമാശയെന്നോണം കഥയിലെ ‘ നായകന്‍’ ഒരു കാര്യം പറഞ്ഞത്. അവന്‍ എന്നെ ആദ്യം പേര് വിളിച്ചു, അത് പണ്ടത്തെക്കാലം. പിന്നെയവന്‍ എല്ലാവരും വിളിക്കുന്നതുപോലെ തന്നെ വിളിക്കാന്‍ തുടങ്ങി, വീണ്ടും അവന് എന്റെ പേര് മുഴുവന്‍ വിളിക്കാന്‍ മടിപോലെ രണ്ടക്ഷരമാക്കി ചുരുക്കി. കുറച്ചു നാള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ അവനെന്നെ എടാ…എന്ന് വരെ വിളിച്ചേനേ… നായകനെക്കാള്‍ പ്രായം കൊണ്ട് മൂത്തയാളായിരുന്നു ആ വില്ലന്‍. വര്‍ഷങ്ങളുടെ പഴക്കം പരസ്പരമുള്ള പരിചയത്തിനും ഉണ്ടായിരുന്നു. പക്ഷേ, ഒരാള്‍ വില്ലനും മറ്റെയാള്‍ സര്‍വ്വം തികഞ്ഞ നായകനുമായിരുന്നുവെന്നു മാത്രം!

ഈ രണ്ടു കഥകളും പറയാന്‍ കാരണം, വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് എന്ന ഡബ്ല്യുസിസിയുടെ വാര്‍ത്തസമ്മേളനവും അതില്‍ പങ്കെടുത്തവര്‍ തങ്ങള്‍ക്കുണ്ടായ അനുഭവം പങ്കുവച്ചപ്പോള്‍ അതിനെതിരേ ഉയര്‍ന്ന പരിഹാസങ്ങളും ശകാരങ്ങളും അശ്ലീലങ്ങളും കേട്ടതുകൊണ്ടാണ്.

കേരളത്തില്‍ അയിത്താചരണവും മാടമ്പിക്കോയ്മയും ഇല്ലായ്മ ചെയ്യപ്പെട്ടിരിക്കാം. പക്ഷേ, മലയാള സിനിമയില്‍ ഈ രണ്ട് വ്യവസ്ഥിതികളും ഇന്നും ചിട്ടയായി പാലിച്ചു പോരുന്നുണ്ട്. അതേ, സിനിമയില്‍ തമ്പ്രാനും അടിയാനുമുണ്ട്. തമ്പ്രാനെ, തമ്പ്രാന്‍ എന്നു തന്നെ വിളിക്കണം, പേരെടുത്ത് പറയരുത്, നാമവിശേഷണങ്ങള്‍ക്കു പോലും നിബന്ധനകളുണ്ട്. അതേസമയം അടിയാനെ എന്തും വിളിക്കാം. നടിയെന്നു വിളിക്കാം, വെടിയെന്നും വിളിക്കാം.

ശനിയാഴ്ച എറണാകുളം പ്രസ് ക്ലബ്ബില്‍ ഡബ്ല്യുസിസി നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്ത് രേവതി സംസാരിച്ച് തുടങ്ങിയത് ശ്രദ്ധിച്ചോ! വളരെ ബോള്‍ഡായി, വൈകാരികത സംസാരത്തില്‍ കൊണ്ടുവരാതെ നോക്കി രേവതി സംസാരിക്കുന്നതാണ് ഇതുവരെ
ഇതുവരെ കണ്ടിട്ടുള്ളത്. ശനിയാഴ്ച പക്ഷേ അങ്ങനെയല്ലായിരുന്നു. ആ ശബ്ദം വിറച്ചിരുന്നു, അനുഭവിച്ച നാണക്കേടിന്റെ, അവഗണനയുടെ, നിഷേധിക്കപ്പെട്ട നീതിയുടെയെല്ലാം രോഷവും വേദനയും രേവതിയുടെ സംസാരത്തിലുണ്ടായിരുന്നു.

അവര്‍ മൂന്നുപേര്‍- രേവതി, പാര്‍വതി, പദ്മപ്രിയ- എഎംഎംഎയുടെ നേതാക്കന്മാരുമായി സംസാരിക്കാന്‍ ചെന്നപ്പോള്‍, അതും അങ്ങോട്ട് ക്ഷണിച്ചതിന്റെ പുറത്ത് ചെന്നപ്പോള്‍- ആ മൂന്നുപേരെയും സംഘടന പ്രസിഡന്റ് മോഹന്‍ലാല്‍ അഭിസംബോധന ചെയ്ത രീതി അവരില്‍ ഉണ്ടാക്കിയ അഭിമാന നഷ്ടത്തെക്കുറിച്ചാണ് രേവതി പറഞ്ഞത്. തങ്ങളെ വെറും നടിമാര്‍ എന്നാണ് മോഹന്‍ലാല്‍ വിളിച്ചതെന്ന് രേവതി പറയുമ്പോള്‍, പിന്നെ നടിയെ നടിയെന്നല്ലാതെ മറ്റെന്ത് വിളിക്കണം എന്നൊക്കെ ആരാധകന്മാര്‍ പരിഹസിക്കുന്നുണ്ട്, വെടികളെ നടികളെന്നു വിളിച്ചതാണ് മോഹന്‍ലാല്‍ ചെയ്ത തെറ്റെന്നും അശ്ലീല തമാശക്കാരുടെ കമന്റുകളുണ്ട്. നാലഞ്ച് ദേശീയ അവാര്‍ഡുകള്‍, അതിലേറെ സംസ്ഥന അവാര്‍ഡുകള്‍, ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, പോരാത്തതിന് ലഫ. കേണല്‍ പദവി- ഇതൊക്കെയുള്ള മോഹന്‍ലാലിനെ അയാളെന്നും അങ്ങേരെന്നും ആണല്ലോ ആ നടിമാര്‍ വിളിച്ചതെന്ന അപരാധം ചൂണ്ടിക്കാട്ടല്‍ വേറെയും!

ഈ കുറിപ്പിന്റെ തുടക്കത്തില്‍ പറഞ്ഞ കഥകളിലെ നായകന്മാരുടെ നിലവാരത്തിലേക്കിറങ്ങിയല്ല, രേവതിയും പദ്മപ്രിയും പാര്‍വതിയും എഎംഎംഎ പ്രസിഡന്റില്‍ നിന്നും തങ്ങള്‍ക്കുണ്ടായ അപമാനത്തെ വെളിപ്പെടുത്തിയത്. ഓരോ വ്യക്തിയും തങ്ങള്‍ക്ക് പ്രാഥമികമായി മറ്റുള്ളവരില്‍ നിന്നു കിട്ടേണ്ട മര്യാദയെക്കുറിച്ച് നിലപാടുള്ളവരായിരിക്കും. ആ മര്യാദ ലംഘിക്കപ്പെടുന്നിടത്ത്, അത് ലംഘിച്ചതാരാണെങ്കിലും ചോദ്യം ചെയ്യാന്‍ കഴിയുന്നത് വ്യക്തിത്വം എന്നൊന്നുള്ളത് കൊണ്ടാണ്. രേവതിക്കും പാര്‍വതിക്കും പദ്മപ്രിയയ്ക്കുമെല്ലാം ആ വ്യക്തിത്വം ഉണ്ട്.

അവരുടെ വാര്‍ത്താസമ്മേളനം തുടങ്ങിയത് എങ്ങനെയായിരുന്നുവെന്ന് നാം കണ്ടതല്ലേ… അന്നവിടെ പങ്കെടുത്ത ഈ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കൊന്നും തന്നെ തങ്ങളെ പ്രത്യേകം പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലായിരുന്നു. അവരെയാരെയും തന്നെ മീഡിയാക്കാര്‍ക്കോ ആ വാര്‍ത്താസമ്മേളനം കണ്ടുകൊണ്ടിരിക്കുന്നവര്‍ക്കോ അറിയാത്തതുമായിരുന്നില്ല. എന്നിട്ടും അവര്‍ തങ്ങളെ പരിചയപ്പെടുത്തി. പാര്‍വതി പറഞ്ഞതുപോലെ, അവര്‍ തങ്ങളുടെ ഫിലോമഗ്രഫി ഇതാണെന്നല്ല ചൂണ്ടിക്കാട്ടിയത്, എന്താണ് സിനിമയില്‍ തങ്ങളെന്ന്, ഇതാണ് സിനിമയിലെ തങ്ങളുടെ വ്യക്തിത്വം എന്നാണ്.

രേവതിയെ പോലൊരാളെ നടി എന്നു വിളിക്കുന്നതിലെ അനൗചിത്യവും മര്യാദകേടും ഫാന്‍സ് അസോസിയേഷന്‍കാര്‍ക്ക് മനസിലാകില്ല, പക്ഷേ അത് മനസിലാക്കി, ആ ബഹുമാനം കൊടുക്കേണ്ടിയിരുന്ന മോഹന്‍ലാലിനെ പോലൊരാള്‍ മറിച്ച് പെരുമാറിയെങ്കില്‍ അതയാളുടെ നിലവാരമില്ലായ്മ തന്നെയെന്ന് പറയേണ്ടി വരും. രേവതി പറഞ്ഞതും അതാണ്. മോഹന്‍ലാലിന്റെ ഫിലിമോഗ്രഫിയോ അച്ചീവ്‌മെന്റുകളോ ഒരിക്കലും ആ മൂന്നു അഭിനേത്രികളുമായി തുലനം ചെയ്യാന്‍ കഴിയുന്നതല്ല, ശരി തന്നെ. പക്ഷേ, ബഹുമാനവും സ്ഥാനവും ഒരോരുത്തരും നേടുന്നതും നല്‍കുന്നതും അക്കങ്ങളുടെ അകൗണ്ട് പരിശോധിച്ചല്ല.

35 വര്‍ഷത്തോളമായി സിനിമയില്‍ സജീവമായി നില്‍ക്കുന്ന ഒരാളാണ് രേവതി, അഭിനേത്രിയായി, സംവിധായികയായി എല്ലാം അവര്‍ തന്റെ കഴിവും സാന്നിധ്യവും വിവിധ ഭാഷാ സിനിമകളില്‍ തെളിയിച്ചിട്ടുണ്ട്. ദേശീയ/ സംസ്ഥാന പുരസ്‌കാരങ്ങള്‍ അഭിനയത്തിനും സംവിധാനത്തിനും നേടിയിട്ടുള്ള വ്യക്തി കൂടിയാണവര്‍. തമിഴിലും തെലുഗിലും കന്നഡയിലും മലയാളത്തിലുമെല്ലാം ഒരേ പോലെ സ്വീകാര്യതയും പ്രേക്ഷകശ്രദ്ധയും നേടാന്‍ രേവതിക്ക് കഴിഞ്ഞിട്ടുള്ളത് അവരുടെ മികവിനുള്ള ഉദ്ദാഹരണമാണ്. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗ് ഭാഷകളിലായി 145 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്നു തവണ ദേശീയ പുരസ്‌കാരം നേടി. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലായി നാല് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മിത്ര് മൈ ഫ്രണ്ട് എന്ന ചിത്രം ദേശീയ പുരസ്‌കാരം നേടി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, ടെലിവിഷന്‍ അവതാരിക എന്നീ മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപിച്ചിട്ടുണ്ട് രേവതി. രേവതി എന്ന ചലച്ചിത്ര പ്രവര്‍ത്തകയെ മോഹന്‍ലാലിന് അടുത്തറിയാത്തതുമല്ല. രേവതിയെ പോലൊരാള്‍ വെറു നടി മാത്രമായി മോഹന്‍ലാലിന് തോന്നിയെങ്കില്‍ അദ്ദേഹത്തിന്റെ മാനസികാവസ്ഥയെക്കുറിച്ചോര്‍ത്ത് ലജ്ജ തോന്നുകയാണ്. നിങ്ങള്‍ ഒരാളെ ബഹുമാനിക്കുന്നില്ലെങ്കില്‍ അത് അവരുടെ കുഴപ്പമായി കാണരുത്, മറിച്ച് നിങ്ങളുടെ വ്യക്തിത്വത്തിന്റെ അപചയമായാണ് തിരിച്ചറിയേണ്ടത്.

പാര്‍വതിയും വെറും നടി മാത്രമായി മാറുമ്പോഴും, അത് പാര്‍വതിയുടെ കുറ്റമല്ല. മികച്ച അഭിനേത്രിക്കുള്ള ദേശീയ/സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള, 13 വര്‍ഷമായി സിനിമയില്‍ നിലനില്‍ക്കുന്ന പാര്‍വതി തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര മേളയില്‍ മികച്ച അഭിനേത്രിയായി തെരഞ്ഞെടുക്കപ്പെട്ട് മലയാള സിനിമയെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നത് ഒരുപക്ഷേ സൗകര്യംപൂര്‍വം മറന്നു കളയുന്നതാകാം പലരും. 2017 ലെ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ടേക് ഓഫ് എന്ന ചിത്രത്തിലൂടെ മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം നേടിയ പാര്‍വ്വതിയെ മലയാള സിനിമലോകം എത്രകണ്ട് ആദരിച്ചതെന്നൊക്കെ നാം കണ്ടതാണല്ലോ! ആണ്‍-പെണ്‍ വ്യത്യാസം ആദരവിലും അംഗീകരത്തിലും പോലും നിലനില്‍ക്കുന്നിടത്ത് പാര്‍വതി അവഗണിക്കപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ.അതുപോലെ അമ്പതിലേറെ സിനിമകള്‍ വിവിധ ഭാഷകളിലായി ചെയ്തിട്ടുള്ള പദ്മപ്രിയയും മറ്റൊരാള്‍ ബഹുമാനിക്കപ്പെടാന്‍ എന്തുകൊണ്ടും യോഗ്യത നേടിയവര്‍ തന്നെയാണ്.

തങ്ങളെ നടിമാര്‍ എന്നു വിളിച്ചെന്ന രേവതിയുടെയും പാര്‍വതിയുടെയുമെല്ലാ പരാതി വെറും ബാലിശമാണെന്നു പറഞ്ഞ് തള്ളിക്കളയുന്ന സിദ്ദിഖിനെ പോലുള്ളവര്‍, സഹപ്രവര്‍ത്തകരായ സ്ത്രീകളെ തങ്ങളെങ്ങനെയൊക്കെയാണ് ബഹുമാനിക്കുന്നതെന്നുകൂടി ഒരേ വായില്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ തമാശയാണ് തോന്നുന്നത്. സൂപ്പര്‍ താരങ്ങള്‍ സെറ്റിലേക്ക് വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് വരെ അലിഖിത നിയമുള്ള ഒരു തൊഴില്‍ മേഖലയില്‍ ഒരു വിഭാഗത്തിനുമേല്‍ മാത്രം എന്തുമാവാം എന്നത് ആണ്‍കോയ്മയും മാടമ്പിത്തരവുമല്ലാതെ മറ്റെന്താണ്? മോഹന്‍ലാലിനെയും മമ്മൂട്ടിയേയും പേരെടുത്ത് വിളിച്ചാല്‍ അത് വലിയ അപരാധമായി മാറുകയും അവരോടൊപ്പം തന്നെ സീനിയോരിറ്റിയും കഴിവും ഉള്ളതും, അംഗീകരങ്ങള്‍ നേടിയിട്ടുള്ള രേവതിയെ പോലുള്ളവരെ പേരെടുത്ത് പോലും വിളിക്കാന്‍ തയ്യാറാകാത്ത മനോഭാവത്തെ വിമര്‍ശിക്കുമ്പോള്‍ അത് ബാലിശമായ പെരുമാറ്റമായും മാറുന്നതും എങ്ങനെയാണ്?

മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് മാത്രമല്ല, നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും കിട്ടിയ കലാകാരനാണ്. കേണല്‍ വരെ ആയ ആളാണ് അദ്ദേഹം. അദ്ദേഹത്തെ ബഹുമാനത്തോടെയേ കാണാവൂ. മോഹന്‍ലാലിനെപ്പോലെ ഒരാളൊക്കെയേ ഉണ്ടാവുകയുള്ളൂ. അതൊക്കെ ദൈവത്തിന്റെ തീരുമാനമാണ് എന്ന് ഡബ്ല്യുസിസി പ്രതിനിധികളെ ഓര്‍മിപ്പിച്ചത് ഒരു സ്ത്രീയായ കെ പി എ സി ലളിതയാണ്. ഒരു സ്ത്രീയായ തന്റെ അഭിമാനം സംരക്ഷിക്കാന്‍ സിനിമയ്ക്കുള്ളില്‍ നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് ലളിത കഴിഞ്ഞ ദിവസം കൂടി ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ്. പുരസ്‌കാരങ്ങളും കേണല്‍ പദവിയും ഉള്ളതുകൊണ്ട് മോഹന്‍ലാലിന് എന്തും പറയാമെന്നില്ലല്ലോ! കെ പി എ സി യിലെ നാടക കാലം മുതല്‍ കലാരംഗത്ത് പ്രവര്‍ത്തിച്ചുപോരുന്ന ലളിതയ്ക്ക് എത്രതവണ ഇതുപോലെ ഒരു സ്ത്രീയെന്ന ബഹുമാനവും അവകാശവും സ്ഥാനവും സംരക്ഷിക്കാന്‍ വേണ്ടി ശബ്ദമുയര്‍ത്തേണ്ടി വന്നിട്ടുണ്ടാവും. മോഹന്‍ലാലിനെ ബഹുമാനിക്കണം എന്നു പറയുന്നതിലെ വിധേയത്വഭാഷ കൊണ്ട് ലളിത അര്‍ത്ഥമാക്കുന്നത് എന്താണ്? സിനിമയിലെ പുരുഷ മേല്‍ക്കോയ്മ അംഗീകരിച്ചു കൊടുക്കണമെന്നോ? അതിന് മനസില്ലെന്നാണ് ആ സ്ത്രീകള്‍ പറഞ്ഞിരിക്കുന്നത്.

കെപിഎസി ലളിതയോടാണ്; ദിലീപ് മാന്യനാകുമ്പോള്‍ അടൂര്‍ ഭാസിയെങ്ങനെ ക്രൂരനാകും?

ഒരു നടി തിരക്കഥ വായിക്കണം എന്ന് ആവിശ്യപ്പെട്ടാല്‍, ലൊക്കേഷനില്‍ കുറച്ച് സൗകര്യങ്ങള്‍ കൂടുതല്‍ ചോദിച്ചാല്‍, പ്രതിഫലത്തെ കുറിച്ച് ചര്‍ച്ച നടത്തിയാല്‍, അതെല്ലാം അവളുടെ അഹങ്കാരമായി കാണുന്ന സിനിമാ ലോകത്ത്, നീ വെറും നടിയാണ്, നിനക്ക് ഞാന്‍ തിരക്കഥ വായിക്കാന്‍ തരണോ? ഒരു നടിക്ക് കാരവാന്‍ സൗകര്യം തരാണോ? ഒരു നടി പ്രതിഫലം സ്വയം നിശ്ചയിക്കുന്നോ? എന്നൊക്കെയുള്ള പുരുഷ ചോദ്യങ്ങള്‍ ഏറെ മുഴങ്ങിയിട്ടുള്ള മലയാള സിനിമാലോകത്ത് ഒരു സ്ത്രീക്ക് വ്യക്തമായി ബോധ്യമാകുന്നതാണ് ഒരു നടി എന്ന പരാമര്‍ശത്തിലെ ആണ്‍കോയ്മയും തങ്ങളെ എത്രത്തോളം ലാഘവത്തോടെയാണ് മുന്നിലിരിക്കുന്നവര്‍ കാണുന്നതെന്നും. നടിക്കുന്നവരെ നടിയെന്നും നടനെന്നും വിളിക്കുന്നതില്‍ അപകാതയില്ല, പക്ഷേ, ഒരു നടി/നടന്‍ എന്നതിനപ്പുറം ഓരോരുത്തര്‍ക്കും അവരവരുടേതായ വ്യക്തിത്വം ഉണ്ട്. അത് ചിലര്‍ക്ക് മനസിലാക്കാതെ പോകുന്നവര്‍, ഇത്രയും നാള്‍ കൊണ്ടു നടന്ന ശീലം മാറ്റിയേ മതിയാകൂ.

സമത്വസുന്ദര സിനിമാലോകത്തേക്കുറിച്ച് കുട്ടികളെ ഉപദേശിക്കുന്ന തന്തമാര്‍; ചിരിക്കാന്‍ വകയുണ്ട്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍