UPDATES

സിനിമ

ചൂണ്ട നിര്‍മാതാവിടും, സംവിധായകര്‍ സ്വയം കഴുത്ത് നീട്ടും; മലയാള സിനിമയിലെ ചതിക്കരാറുകള്‍

കരാറുകള്‍ കുരുക്കുകളാകുന്നതിന്റെ പുതിയ ഉദാഹരണമാണ് മാമാങ്കം സംവിധായകന്‍ സജീവ് പിള്ള

ഒരുമിച്ച് നിന്നപ്പോള്‍ സൂപ്പര്‍ ഹിറ്റുകള്‍ മാത്രം സമ്മാനിച്ച ഇരട്ട സംവിധായകര്‍ വേര്‍പിരിഞ്ഞപ്പോള്‍ അതിനു പിന്നാലെ കാരണങ്ങളായി പലതും പറഞ്ഞു കേട്ടിരുന്നു. പക്ഷേ, ആ പിരിയലിനു പിന്നിലെ യഥാര്‍ത്ഥ കാരണം അവരുടെ സിനിമകളുടെ നിര്‍മാതാവായിരുന്ന വ്യക്തിയുമായി ഉണ്ടാക്കിയിരുന്ന ഒരു കരാറില്‍ നിന്നും പുറത്തു കടക്കലായിരുന്നുവത്രേ! സിനിമ മേഖലയിലെ ഒരു പ്രധാന വില്ലന്‍ ആണ് കാരാര്‍. നിര്‍മാതാവും സംവിധായകനുമായുള്ള കാരാര്‍, തിരക്കഥാകൃത്തുക്കളുമായുള്ള കാരാര്‍, അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമായുള്ള കാരാര്‍… ഇവയിലൊക്കെ വന്‍ കുരുക്കുകളുണ്ടായിരിക്കും. നിരവധിപ്പേര്‍ അത്തരം കുരുക്കുകളില്‍ പെട്ട് പിടഞ്ഞുവീണിട്ടുമുണ്ട്.

ബിജു മേനോന്റെ ഒരു സൂപ്പര്‍ ഹിറ്റ് ചിത്രം സംവിധാനം ചെയ്ത വ്യക്തിക്ക് കോടികള്‍ കളക്ട് ചെയ്ത ആ സിനിമയില്‍ പ്രതിഫലമായി രണ്ട് ലക്ഷത്തില്‍ താഴെയാണ് കിട്ടിയത് (പിന്നീട് നിര്‍മാതാവിന്റെ നല്ല മനസായതിനാല്‍ കാശ് കൂട്ടിക്കൊടുത്തുവെങ്കിലും). ഞാന്‍ ചെയ്ത സിനിമയാണ്, എനിക്കിത്ര രൂപ കിട്ടണമെന്ന് പറയാനാവില്ലായിരുന്നു ആ സംവിധായകന്, കാരണം അയാള്‍ സംവിധാകന്‍ എന്ന നിലയില്‍ പുതുമുഖമാണ്. നിര്‍മാതാവ് ഉണ്ടാക്കിയ കരാറില്‍ പ്രതിഫലം ഉള്‍പ്പെടെ സമ്മതിച്ചാണ് കരാര്‍ ഉണ്ടാക്കിയത്. ഈയടുത്ത് സമയത്തിറങ്ങിയ ഒരു സെക്കന്‍ഡ് പാര്‍ട്ട് പണം വാരിപ്പടത്തിന്റെ സംവിധായകനോട് ആ ചിത്രത്തിന്റെ (ഒന്നാംഭാഗത്തിന്റെയും നിര്‍മാതാവ് ഇയാള്‍ തന്നെയായിരുന്നു) നിര്‍മാതാവ് ഉണ്ടാക്കിയിരിക്കുന്ന കരാര്‍ അനുസരിച്ച് തനിക്ക് വേണ്ടി തന്നെയാകണം അടുത്ത രണ്ട് സിനിമകളും ചെയ്ത് തരേണ്ടതെന്നു സമ്മതിപ്പിച്ചിട്ടുണ്ട്. അതായത്, ആ സംവിധായകന്‍ (അയാള്‍ തന്നെയാണ് തിരക്കഥയെഴുതുന്നതും) എത്ര ഗംഭീര സബജക്ട് കൊണ്ടുവന്നാലും മറ്റൊരാള്‍ക്ക് വേണ്ടി സിനിമ ചെയ്യാന്‍ പറ്റില്ല, കരാര്‍ ലംഘനമാകും.

ഒരു പുതുമുഖ നായകന്‍ അഭിനയിച്ച കോടികള്‍ വാരിക്കൂട്ടിയ ഈയടുത്ത കാലത്തിറങ്ങിയ തമാശ പടത്തിന്റെ എഴുത്തുകാര്‍ രണ്ടു പുതുമുഖങ്ങളാണ്. പടം കോടികള്‍ കൊയ്‌തെങ്കിലും പറഞ്ഞുറപ്പിച്ച പ്രതിഫലത്തില്‍ നിന്നും ഒരു പൈസ പോലും കൂടുതല്‍ എഴുത്തുകാര്‍ക്ക് കിട്ടിയില്ല. കരാര്‍ പകരം എത്രയാണോ അത്രയും കൊടുത്താല്‍ മതിയല്ലോ നിര്‍മാതാവിന്, എഴുത്തുകാരും അത് സമ്മതിച്ച് ഒപ്പിട്ട് കൊടുത്തതാണല്ലോ! ഇതരഭാഷകളിലേക്ക് മൊഴിമാറ്റിയെടുക്കുമ്പോള്‍ അവകാശം മൂന്നായി ഭാഗിക്കപ്പെടും. നിര്‍മാതാവിനും സംവിധായകനും എഴുത്തുകാരനും. എഴുത്തുകാരനോ സംവിധായകനോ പുതുമുഖമാണെങ്കില്‍ അവരുടെ അവകാശം കൂടി നിര്‍മാതാവിന് എഴുതി കൊടുക്കേണ്ടി വരും. പടം നടക്കണമെങ്കില്‍ നിര്‍മാതാവ് വേണമല്ലോ, അപ്പോള്‍ നിര്‍മാതാവ് വയ്ക്കുന്ന ക്ലോസുകളെല്ലാം അംഗീകരിച്ച് ഒപ്പിട്ടു കൊടുക്കും. കരാറുകള്‍ കുരുക്കുകളാകുന്നതിന് ഇനിയുമേറെ ഉദാഹരണങ്ങള്‍ ഉണ്ട്.

Also Read: 12 വര്‍ഷക്കാലത്തെ ഒരു യുവസംവിധായകന്റെ വിയര്‍പ്പാണ് അടിച്ചുമാറ്റാന്‍ നോക്കുന്നത്; മമ്മൂട്ടിയുടെ ഡ്രീം പ്രൊജക്റ്റ് മാമാങ്കത്തിന്റെ പിന്നില്‍ നടക്കുന്നതെന്ത്?

മമ്മൂട്ടി ചിത്രമായ മാമാങ്കത്തിന്റെ സംവിധായകന് സജീവ് പിള്ളയ്ക്ക് കുരുക്കായതും കരാറാണ്. നിര്‍മാതാവ് ഉണ്ടാക്കിയ കരാര്‍ അംഗീകരിച്ച് ഒപ്പിട്ട് കൊടുത്തിരിക്കുന്നതിനാല്‍ സജീവിനെ സിനിമയില്‍ നിന്നും ഒഴിവാക്കിയാലും അതിനെ മനുഷ്യാവകാശപ്രശ്‌നമായി ചര്‍ച്ച ചെയ്യാമെന്നല്ലാതെ നിയമപരമായി നേരിടാന്‍ കഴിയില്ല. നിയമത്തിന്റെ വഴിയില്‍ നിര്‍മാതാവിന് അനുകൂലമാണ് കാര്യങ്ങള്‍. പന്ത്രണ്ട് വര്‍ഷത്തോളം താന്‍ നടത്തിയ അധ്വാനം തന്നെയാണ് സജീവ് പിള്ളയ്ക്ക് മാമാങ്കം. പക്ഷേ, ആ സിനിമ എങ്ങനെയെങ്കിലും നടക്കണം എന്ന താത്പര്യത്തില്‍ നിര്‍മാതാവ് മുന്നോട്ടുവച്ച കാരാറിലെ അപകടങ്ങള്‍ ആലോചിക്കാതെ ഒപ്പിട്ടതാണ് ഇപ്പോള്‍ സജീവ് പിള്ളയ്ക്ക് വിനയായത്.

പരസ്പര ധാരണകളോടുകൂടി സിനിമകള്‍ ഉണ്ടാകാറുണ്ട്. അതത്രമേല്‍ പരിചിതരും സിനിമയില്‍ അനുഭവങ്ങള്‍ ഉള്ളവരുമൊക്കെ ചേരുമ്പോള്‍. എന്നാല്‍ പോലും എഗ്രിമെന്റുകള്‍ വച്ച് തന്നെ സിനിമ ചെയ്യണം എന്നാണ് പറയാണ്. ഈ സബജക്ട് മലയാളത്തില്‍ മാത്രം ചെയ്യാം, ഇത്ര രൂപയ്ക്ക് ചെയ്യാം. ഇത്ര രൂപ പ്രതിഫലം, അതില്‍ ഇത്ര രൂപ അഡ്വാന്‍സ് തരണം, സിനിമയുടെ അവകാശത്തില്‍ ഇതത്രയിത്ര പങ്ക് എന്നിവയൊക്കെ കരാറില്‍ കൃത്യമായി പറഞ്ഞുപോണം. ഇന്റലകച്വല്‍ ആക്ട് പ്രകാരം ഒരു തിരക്കഥ അതെഴുതിയ ആളുടെ സ്വന്തമാണ്. അത് വച്ച് സിനിമ ചെയ്യാനുള്ള അവകാശം മാത്രമാണ് നിര്‍മാതാവിന് ഉളളത്. പക്ഷേ, അങ്ങനെയല്ല കരാറുകള്‍ ഉണ്ടാക്കപ്പെടുന്നത്. ഒരു സംവിധായകന്‍, എഴുത്തുകാരന്‍ എങ്ങനെയെങ്കിലും തന്റെ സിനിമ നടന്നു കിട്ടാന്‍ വേണ്ടി നിര്‍മാതാവിനെ സമീപിക്കുമ്പോള്‍, അവര്‍ക്ക് ആ നിര്‍മാതാവ് വയ്ക്കുന്ന കരാറിനെ അംഗീകരിക്കേണ്ടി വരികയാണ്; സജീവ് പിള്ള ചെയ്തപോലെ.

“ഒരു സിനിമയുടെ കരാറുമായി ബന്ധപ്പെട്ട് കൃത്യമായൊരു റൂള്‍ നമുക്ക് ഇല്ലെന്നു തന്നെ പറയാം. ഫെഫ്കയില്‍ സെക്രട്ടറിയെ വിളിച്ചു ചോദിച്ചാലും ശരിയായൊരു വിശദീകരണം കിട്ടണമെന്നില്ല. ഇതൊരു വസ്തുക്കച്ചവടം ഒന്നും അല്ലല്ലോ. കറക്ട് ക്രൈറ്റീരിയ ഫോളോ ചെയ്യാന്‍ പറ്റിയെന്നു വരില്ല. ഒരു മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ്. ഓരോ സിനിമയ്ക്കും ഓരോ രീതിയിലായിരിക്കും എഗ്രിമെന്റ് വയ്ക്കുന്നത്. ഫോര്‍മാറ്റുകള്‍ വ്യത്യസ്തമായിരിക്കും. ഒരു നിശ്ചിത രൂപം ഇല്ല. ഇതാണ് പലരെയും കുഴിയില്‍ ചാടിക്കുന്നത്. സിനിമ എങ്ങനെയെങ്കിലും നടക്കണം, അതിനുവേണ്ടി പറയുന്നതെന്തു കേള്‍ക്കാം എന്ന് നമ്മളൊരു നിര്‍മാതാവിനോട് സമ്മതിച്ചാല്‍ പിന്നെയാ നിര്‍മാതാവിന് അടിമയെ പോലെയായില്ലേ”; മലയാളത്തിലെ ഒരു പ്രമുഖ തിരക്കഥാകൃത്ത് മാമാങ്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്തിയ പ്രതികരണമാണിത്.

Also Read: പദ്മകുമാര്‍, സജീവ് പിള്ളയോട് അല്‍പം മര്യാദയാകാം; ആ മനുഷ്യന്റെ 12 വര്‍ഷക്കാലത്തെ അധ്വാനത്തിന്റെ വിളവാണ് നിങ്ങള്‍ കൊയ്യാന്‍ പോകുന്നത്

അഴിമുഖത്തോട് സംസാരിച്ച, ഫെഫ്ക പ്രതിനിധി കൂടിയായ ഒരു സംവിധായകനും ചില കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്; “കരാറുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു ഫോര്‍മാറ്റ് ഇപ്പോള്‍ ഇല്ല. സംഘടന ഒരു ഫോര്‍മാറ്റ് ഉണ്ടാക്കിയാലും അത് തന്നെ എല്ലാവരും ഫോളോ ചെയ്യണമെന്നുമില്ല. ആദ്യമായി സിനിമ ചെയ്യുന്നൊരാളാണെങ്കില്‍, അയാള്‍ക്കൊരു കരാര്‍ നിര്‍മാതാവിന്റെ മുന്നില്‍ വയ്ക്കാന്‍ കഴിയില്ല. പകരം നിര്‍മാതാവ് ആരാണോ അയാള്‍ പടം ചെയ്യാന്‍ സമ്മതിച്ചുകൊണ്ട് ഒരു കരാര്‍ മുന്നോട്ടു വയ്ക്കുകയും അത് അംഗീകരിക്കുകയുമാണ്. അതല്ലെങ്കില്‍ സീനിയര്‍ ആയിരിക്കണം, നമ്മുടെ കൈയില്‍ സൂപ്പര്‍ സ്റ്റാറുകളുടെ ഡേറ്റ് ഉണ്ടായിരിക്കണം. അപ്പോള്‍ നമുക്ക് നിര്‍മാതാവിനോട് എന്റെ അസോസിയേഷന്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള ഒരു കരാര്‍ ഉണ്ടാക്കണം എന്ന് ആവശ്യപ്പെടാം. ഇത് വളരെ ചുരുക്കമായി നടക്കുന്നതാണ്. ചെറിയ ആര്‍ട്ടിസ്റ്റുകളെ വച്ച്, ചെറിയ രീതിയില്‍ പടം ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് നിര്‍മാതാവ് പറയുന്ന കാര്യങ്ങള്‍ കേള്‍ക്കേണ്ടി വരും. പുതിയൊരാളാണ് സംവിധായകനെങ്കില്‍ അയാളുടെ കഴിവില്‍ പൂര്‍ണ ഉറപ്പില്ലാ നിര്‍മാതാവിനെങ്കില്‍ ഈ കരാറില്‍ ഒരു ടേം വയ്ക്കും, എതു നിമിഷവും മാറ്റാം. അത് നിര്‍മാതാവിന്റെ സേഫ്റ്റി സൈഡ് നോക്കുന്നതാണ്. മാമാങ്കത്തിന്റെ കാര്യത്തിലും നടന്നിരിക്കുന്നത് ഇതാണ്.

ഒരു പടം സംഘടനയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വരുമ്പോഴെ ഓരോരുത്തരോടും നമ്മള്‍ കരാറിനെ കുറിച്ച് സംസാരിക്കാറുള്ളതാണ്. അടിസ്ഥാനപരമായി സംഘടന ചൂണ്ടിക്കാണിച്ചു കൊടുക്കുന്ന കാര്യങ്ങള്‍ക്ക് അപ്പുറത്തേക്ക് പോകുന്ന തരത്തില്‍ നിര്‍മാതാവോ ആരെങ്കിലുമോ കരാര്‍ ഉണ്ടാക്കുകയാണെങ്കില്‍ അതില്‍ ഒപ്പ് വയ്ക്കരുതെന്ന് സംഘടന പറയാറുണ്ട്. സിനിമയിലെ ഒരു സംഘടനയെ സംബന്ധിച്ച് ഒരാള്‍ക്ക് തൊഴില്‍ ഉണ്ടാക്കി കൊടുക്കാനോ ഇല്ലാതാക്കാനോ കഴിയില്ല. ഇവിടെ ഒരുപാട് അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് തൊഴില്‍ ഇല്ലാതെ നില്‍ക്കുന്നുണ്ട്. നമുക്ക് അവരെ ഉള്‍പ്പെടുത്തണമെന്ന് ഒരു നിര്‍മാതാവിനോട് നിര്‍ബന്ധം പിടിക്കാനാവില്ല. അതീ സിനിമയുടെ ഒരു കുഴപ്പമാണ്. അതുപോലെ ഒരാളുടെ തൊഴില്‍ ഇല്ലാതാക്കാനും പറ്റില്ല. ഇതൊക്കെ കൊണ്ടാണ് ഒരു സിനിമയില്‍ കരാര്‍ ഉണ്ടാക്കുമ്പോള്‍ നമ്മുടെ സൈഡില്‍ നിന്നും കൃത്യമായ നിര്‍ദേശങ്ങള്‍ കൊടുക്കുന്നത്. സൂക്ഷിച്ച് സൈന്‍ ചെയ്യുക. പക്ഷേ അവരത് കേള്‍ക്കില്ല. എങ്ങനെയെങ്കിലും സിനിമ നടക്കണമെന്നു മാത്രം നോക്കി എല്ലാ കാര്യങ്ങളും അംഗീകരിച്ച് ഒപ്പിട്ട് കൊടുക്കും.

മാമാങ്കം വലിയ ചെലവ് വരുന്നൊരു പടമാണ്. അതുകൊണ്ട് തന്നെ നിര്‍മാതാവ് സേഫ്റ്റ് സൈഡില്‍ ക്ലോസുകള്‍ വച്ചുകാണും. എന്നിട്ടുപോലും സംഘടന സജീവ് പിള്ളയ്ക്കു വേണ്ടി ഇടപെട്ടു. സജീവിനെ വച്ച് സിനിമ ചെയ്യില്ലെന്നാണ് നിര്‍മാതാവ് പറഞ്ഞത്. അങ്ങനെയാണെങ്കില്‍ സിനിമ നടക്കത്തില്ല എന്ന തരത്തില്‍ ഭീഷണിയുടെ സ്വരം വരെ സംഘടന ഉയര്‍ത്തി. രണ്‍ജി പണിക്കര്‍ ഉള്‍പ്പെടെയാണ് ഇക്കാര്യം സംസാരിച്ചത്. ഇതോടെയാണ് സജീവിനെ സിനിമയില്‍ തുടരാന്‍ നിര്‍മാതാവ് തയ്യാറായത്. പക്ഷേ ഒരു നിര്‍ദേശം അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. സജീവ് പിള്ള തന്നെ സംവിധായകന്‍, പക്ഷേ വര്‍ക്ക് അറിയാവുന്ന ഒരാള്‍ കൂടെ വേണം. അങ്ങനെയാണ് പദ്മകുമാര്‍ എത്തുന്നതും. ഇതൊക്കെ സജീവ് പിള്ളയും സമ്മതിച്ചതാണ്. പിന്നീട് അയാള്‍ സംഘടനയ്‌ക്കെതിരേ സംസാരിച്ചു. സംഘടനയ്ക്ക് ഇനി ഒന്നും ചെയ്യാന്‍ കഴിയില്ല. നിയമപരമായി എഴുതി കൊടുത്തിരിക്കുകയല്ലേ. നിര്‍മാതാവ് ലീഗല്‍ ആയി പോയാലും നേട്ടം അയാള്‍ക്ക് ആയിരിക്കും.”

Also Read: ഈ യുവനടനോട് കാണിച്ച കൊടും ചതിക്ക് മമ്മൂട്ടിയുടെ മൌനസമ്മതമോ? സൂപ്പര്‍താരത്തിന്റെ ഡ്രീം പ്രൊജക്റ്റ് മാമാങ്കം വിവാദത്തില്‍

കരാര്‍ ഉണ്ടാക്കുന്നത് ആരെയും ചതിക്കാനും വഞ്ചിക്കാനും അല്ലെന്നും കോടികള്‍ മുതല്‍ മുടക്കുന്ന നിര്‍മാതാവിന് അദ്ദേഹത്തിന്റെ സേഫ്റ്റി കൂടി നോക്കേണ്ടതുണ്ടെന്നുമാണ് മാമാങ്കത്തിന്റെ നിര്‍മാതാവിനോട് അടുപ്പമുള്ള ചില കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. “ഇത്ര വലിയൊരു പ്രൊജക്ട് ചെയ്യാന്‍ കഴിവില്ലെന്നു മനസിലാക്കിയൊരാളെ തന്നെ തുടരാന്‍ അനുവദിക്കുന്നത് ആത്മഹത്യപരമാണ്. വെറുതെ ഒരാളെ കണ്ണുമടച്ച് വിശ്വസിച്ച് പണം മുടക്കിയാല്‍ ഒടുവില്‍ കുത്തുപാളയെടുക്കുന്നത് നിര്‍മാതാവ് ആയിരിക്കും. എത്രയോ ഉദാഹരണങ്ങള്‍ മലയാളത്തിലുണ്ട്. സാമ്പത്തികമായി നശിച്ചുപോയ നടന്മാരോ സംവിധായകരോ എഴുത്തുകാരോ ഉണ്ടാകില്ല, പക്ഷേ ഒരൊറ്റ സിനിമ കൊണ്ട് പട്ടിണിക്കാരനായി പോയ നിരവധി നിര്‍മാതാക്കള്‍ ഇവിടെയുണ്ട്. അന്നവര്‍ ചിന്തിച്ചു പ്രവര്‍ത്തിച്ചില്ല, ഇന്നത്തെ നിര്‍മാതാക്കള്‍ കാര്യങ്ങള്‍ മുന്‍കൂട്ടി ചെയ്യുന്നു. അതിനെ ചതിയെന്നും വഞ്ചനയെന്നുമൊക്കെ വിളിക്കുന്നതില്‍ അര്‍ത്ഥമില്ല”; ഈ കേന്ദ്രങ്ങള്‍ പറയുന്നു.

ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും മാമാങ്കം വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചപ്പോള്‍ ചൂണ്ടിക്കാണിച്ചതും സജീവ് പിള്ളയും നിര്‍മാതാവുമായുള്ള കരാര്‍ ആണ്. ഇത്തരമൊരു കരാര്‍ ഉണ്ടാക്കിയശേഷമാണ് സജീവ് പിള്ള ഫെഫ്കയില്‍ അംഗത്വം എടുക്കുന്നതുപോലുമെന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നു. എന്നിട്ടും ഒരു സംഘടന എന്ന നിലയില്‍ തൊഴിലവകാശത്തിനുവേണ്ടി ശക്തമായ സമ്മര്‍ദ്ദം നിര്‍മാതാവിനുമേല്‍ സജീവിന്റെ ഭാഗത്ത് നിന്നും സംഘടന ചെലുത്തിയതാണ്. പക്ഷേ, നിയമപരമായി ഇടപെടണമെന്ന ആവശ്യത്തില്‍ സംഘടനയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. നിയമപരമായി നിര്‍മാതാവിന് അനുകൂലമാണ് കാര്യങ്ങള്‍ എന്നും സജീവ് പിള്ളയും നിര്‍മാതാവുമായുള്ള കാരാര്‍ ചൂണ്ടിക്കാട്ടി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നു.

ഇപ്പോഴത്തെ പല സിനിമ കരാറുകളും തൊഴിലാളി വിരുദ്ധമായ രീതിയിലാണെന്ന് ബി. ഉണ്ണികൃഷ്ണന്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഏതു നിമിഷം വേണമെങ്കിലും മാറ്റാം എന്നാണ് നിര്‍മാതാവ് സംവിധായകനോടും മറ്റാരോടായലും ഉണ്ടാക്കുന്ന കരാറുകളില്‍ ക്ലോസുകള്‍ വയ്ക്കുന്നത്. ഇത് അംഗീകരിച്ചു കൊടുക്കുകയും ചെയ്യുന്നു. തൊഴിലാളി വിരുദ്ധമായ രീതിയാണിതെന്നു ഉണ്ണികൃഷ്ണനെ പോലുള്ളവര്‍ പറയുമ്പോഴും, ഇത്തരം തൊഴിലാളി വിരുദ്ധ നിര്‍ദേശങ്ങള്‍ ചോദ്യം ചെയ്യാതെ, സമ്മതം പറയുന്ന സംവിധായകരും എഴുത്തുകാരുമൊക്കെ സ്വയം കുഴിയില്‍ ചാടുകയാണ്. ഒരു സിനിമ എങ്ങനെയെങ്കിലും നടക്കുക എന്നതുമാത്രം ചിന്തിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടം. ഇപ്പോള്‍ സജീവ് പിള്ള പറയുന്നതുപോലെ, എല്ലാം സമ്മതിച്ച് ഒപ്പിട്ട് കൊടുത്തൊരു മണ്ടത്തരും താന്‍ ചെയ്തുപോയെന്നു പിന്നീട് പശ്ചാത്തപിക്കുമ്പോള്‍ വൈകാരികമായൊരു പിന്തുണ മാത്രമെ കിട്ടുകയുള്ളൂ, നിയമപരമായി ഒന്നിനും സാധ്യതയില്ല; പോരാത്തതിന് ഇത് സിനിമ ഇന്‍ഡസ്ട്രിയും. കഴിവില്ല എന്നതൊക്കെ നിര്‍മാതാക്കാള്‍ക്ക് ഉണ്ടാക്കിയെടുക്കാവുന്ന കാരണവുമാണ്. അതിന്റെ ഉദാഹരണമാണ് ഇപ്പോള്‍ സജീവ്‌ പിള്ളയുടെ കാര്യത്തിലാണെങ്കിലും സംഭവിക്കുന്നത് എന്നാണ് മനസിലാക്കുന്നത്. സജീവ് പിള്ളയെക്കുറിച്ച് ഇപ്പോള്‍ പറയുന്ന ആരോപണങ്ങള്‍ ഒന്നും തന്നെ നിര്‍മാതാവിന് തുടക്കത്തില്‍ ഇല്ലായിരുന്നു, മാത്രമല്ല, സിനിമയുടെ കാല്‍ഭാഗം ഷൂട്ട്‌ ചെയ്തതും സജീവ്‌ ആയിരുന്നു എന്നും ഇതില്‍ എല്ലാവരും തൃപ്തരാരായിരുന്നു എന്നു തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചനകളും.

Also Read: ഗ്രേ കളര്‍ ഇന്നൊവയില്‍ എത്തിയ യുവാക്കള്‍ സംവിധായകനുള്ള നിര്‍മ്മാതാവിന്റെ ക്വട്ടേഷനോ? മമ്മൂട്ടി ചിത്രം മാമാങ്കം അപ്രതീക്ഷിത ട്വിസ്റ്റുകളിലേക്ക്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍