UPDATES

സിനിമ

3 ഭാഷകളിൽ, നാല് സൂപ്പർഹിറ്റുകളുമായി മമ്മൂട്ടി; അണിയറയിൽ ഒരുങ്ങുന്നത് 10 ചിത്രങ്ങൾ

2020ലും കളം പിടിക്കാൻ അണിയറയിൽ ഒരുങ്ങുന്നതെന്നോ മലയാളത്തിലെ തന്നെ ഏറ്റവും ചിലവേറിയ രണ്ട് ബ്രമാണ്ട ചിത്രങ്ങൾ ഉൾപ്പടെ പത്തോളം ചിത്രങ്ങൾ

2019 ന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ഒട്ടേറെ ചിത്രങ്ങൾ പ്രദർശനത്തിനെത്തിയെങ്കിലും വളരെ കുറച്ച് സിനിമകൾ മാത്രമാണ് സൂപ്പർ ഹിറ്റുകളായത്. യുവതാര ചിത്രങ്ങൾ കളം നിറഞ്ഞപ്പോഴും സൂപ്പർ താരങ്ങളുടെ ചിത്രങ്ങളാണ് ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. മമ്മൂട്ടിയുടെ അഞ്ചു ചിത്രങ്ങളാണ് ഇതുവരെ പ്രദർശനത്തിനെത്തിയത്. അതിൽ അഞ്ചു ചിത്രങ്ങളും ഹിറ്റായി എന്നതാണ് മറ്റൊരു കാര്യം. കൂടാതെ മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഭാഷയിലും അദ്ദേഹം സൂപ്പർഹിറ്റുകൾ സ്വന്തമാക്കിയ വർഷം കൂടിയാണ് 2019.

2019 മമ്മൂട്ടിയെന്ന നടന്റെ വർഷമായി തന്നെ അടയാളപ്പെടുത്തിയിരിക്കുകയാണ് 3 ഭാഷകളിലായി 4 സൂപ്പർ ഹിറ്റുകൾ. ആദ്യ 100 കോടി ചിത്രം മധുരരാജ. അതോടൊപ്പം 2020ലും കളം പിടിക്കാൻ അണിയറയിൽ ഒരുങ്ങുന്നത് മലയാളത്തിലെ തന്നെ ഏറ്റവും ചിലവേറിയ രണ്ട് ചിത്രങ്ങൾ ഉൾപ്പടെ പത്തോളം ചിത്രങ്ങൾ.

 പേരന്പ് 

ഈ വർഷം മമ്മൂട്ടിയുടെ ആദ്യം പ്രദർശനത്തിനെത്തിയ ചിത്രമാണ് പേരന്പ്. 12 വര്‍ഷത്തിന് ശേഷം വീണ്ടുമൊരു തമിഴ് ചിത്രവുമായി മമ്മൂട്ടി എത്തിയ വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. ദേശീയ അവാര്‍ഡ് ജേതാവായ റാമിനൊപ്പമായിരുന്നു ആ വരവ്. അമുദവനെന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയിരുന്നു. സിനിമാലോകവും ആരാധകരും ഈ കഥാപാത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. റോട്ടര്‍ഡാം, ഐഎഫ്എഫ് ഐ തുടങ്ങി നിരവധി ചലച്ചിത്രമേളകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച നിരൂപക പ്രശംസയായിരുന്നു ചിത്രത്തിന് ലഭിച്ചത്. റിലീസിന് മുന്‍പ് തന്നെ തരംഗമായി മാറുകയായിരുന്നു ഈ സിനിമ. ഒന്നര വർഷം മുൻപ് ചിത്രികരണം പൂർത്തിയായ ചിത്രം ഏറെ വൈകിയാണ് പ്രദർശനത്തിനെത്തിയത്. മാനസിക വൈകല്യമുള്ള മകളും അച്ഛനായ അമുദവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സിനിമയാണ് പേരന്‍പ്. സാധനയായിരുന്നു മകളായി എത്തിയത്.

യാത്ര

പേരന്‍പിലൂടെ തമിഴ്‌നാട്ടില്‍ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് തെലുങ്കില്‍ യാത്ര എന്ന സിനിമ റിലീസിനെത്തുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം തെലുങ്കിലെത്തിയ മമ്മൂട്ടി അവിടെയും വിസ്മയമായി മാറുകയായിരുന്നു. ആന്ധ്രാപ്രദേശിന്റെ മുന്‍മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ കഥ പറഞ്ഞ ചിത്രം മികച്ച വിജയമായി മാറുകയായിരുന്നു. മഹി വി രാഘവ് സംവിധാനം ചെയ്‌ത ചിത്രം വൈഎസ്ആര്‍ റെഡ്ഡിയുടേത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത് 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ കഥയാണ് സിനിമയിലൂടെ പറയുന്നത്. 2004 ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മൂന്ന് മാസം നീണ്ട പദയാത്രയാണ് സിനിമ ഇതിവൃത്തമാക്കിയത്. ഇതാണ് സിനിമയ്ക്ക് യാത്ര എന്ന് പേര് വരാന്‍ കാരണം. ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

മധുരരാജ

ഈ വർഷം പുറത്തിറങ്ങിയ മാമൂട്ടയുടെ ആദ്യ മലയാള ചിത്രമായിരുന്നു മധുരരാജ. പുലിമുരുകൻ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം ഉദയ കൃഷണ-വൈശാഖ് കൂട്ടുകെട്ട് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് മധുരരാജ. വൈശാഖിന്റെ തന്നെ ആദ്യ ചിത്രമായ പോക്കിരിരാജയുടെ രണ്ടാം ഭാഗമായാണ് ചിത്രമെത്തിയത്. സിനിമക്കായി ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് സാക്ഷാൽ പീറ്റർ ഹെയ്‌ൻ ആയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കാന്‍ മധുരരാജയ്ക്ക് സാധിച്ചിരുന്നു. ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ മമ്മൂട്ടി ചിത്രമായി മാറുകയായിരുന്നു. അതോടൊപ്പം രണ്ടു ചിത്രങ്ങൾ നൂറ് കോടി ക്ലബിൽ ഉള്ള സംവിധായകൻ എന്ന നേട്ടവും വൈശാഖ് ഈ ചിത്രത്തിലൂടെ സ്വന്തമാക്കി.

ഉണ്ട

മധുരരാജ എന്ന മാസ്സ് എന്റെർറ്റൈനറിന്റെ വലിയ വിജയത്തിന് ശേഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്‌ത ചിത്രം മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കി പ്രദർശനം തുടരുകയാണ്.യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം വലിയ ഹൈപ്പുകളൊന്നുമില്ലാതെ ആയിരുന്നു തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. എന്നാല്‍ ആദ്യ ദിനത്തിലെ മികച്ച പ്രതികരണവും മൗത്ത് പബ്ലിസിറ്റിയുമെല്ലാം ഉണ്ടയെ വലിയ വിജയത്തിലേക്ക് നയിച്ചു. ഛത്തീസ് ഗഢിലെ മാവോയിസ്റ്റ് ഏരിയകളില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോയ പോലീസ് സംഘത്തിന്റെ കഥയായിരുന്നു സിനിമ പറഞ്ഞത്.

പതിനെട്ടാം പടി

മമ്മൂട്ടി അതിഥി താരമായി എത്തിയ ചിത്രമാണ് പതിനെട്ടാം പടി. അമേരിക്കയിലെ സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റി പ്രഫസറായ ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും ഉണ്ണി മുകുന്ദനും തമിഴ് ചലച്ചിത്ര താരം ആര്യയ എന്നിങ്ങനെ വലിയ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൂടാതെ അൻപതോളം പുതുമുഖ നടന്മാരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രണങ്ങളെ അവതരിപ്പിക്കുന്നത്.

തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലുള്ള ചിത്രം വിദ്യാഭ്യാസ രംഗത്തെ കീഴ് വഴക്കങ്ങളെ കുറിച്ച് പുതിയ ദിശ ബോധം നല്‍കാനാണ് ശ്രമിക്കുന്നത്.അടിസ്ഥാന വിദ്യാഭ്യാസം ക്ലാസ്മുറികളില്‍ നിന്നല്ല, പുറത്തുള്ള സമൂഹത്തില്‍ നിന്നുമാണ് തുടങ്ങുന്നതെന്ന കഥാതന്തുവാണ് ചിത്രം മുന്നോട്ടും വെക്കുന്നത്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തിന് ബാഹുബലി 2,ഏഴാം അറിവ് പോലുളള വന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കിയിട്ടുളള കേച്ച കംബക്ഡിയാണ് ആക്ഷനൊരുക്കിയിരിക്കുന്നത്.

അണിയറയിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങൾ

1. ഗാനഗന്ധർവൻ

മമ്മൂട്ടിയുടെ അടുത്ത റിലീസായി തീയേറ്ററിൽ എത്തുന്ന ചിത്രമാണ് ഗാനഗന്ധർവൻ. പഞ്ചവര്‍ണ്ണതത്തയ്ക്കു ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധര്‍വന്‍.മമ്മൂട്ടിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ ഗാനമേള വേദികളില്‍ പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.ഹരി പി നായരും രമേഷ് പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന്തി തിരക്കഥയൊരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്ത് വിട്ട പോസ്റ്റർ ഏറെ ചർച്ചയായിരുന്നു. ഇതു സിനിമയുടെ പോസ്റ്ററല്ല. സിനിമക്കുള്ളിലെ പോസ്റ്ററാണെന്ന തലക്കെട്ടോടെയാണ് മമ്മൂട്ടിയും മറ്റു അണിയറ പ്രവർത്തകരും ഈ പോസ്റ്റർ പങ്കുവെച്ചത്. ഒരു ഗാനമേള ട്രൂപ്പിന്റെ പരസ്യ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്‌. ചിത്രം ഓണം റിലീസായി തീയേറ്ററിൽ എത്തും.

2. മാമാങ്കം

മമ്മൂട്ടി ആരാധകരും മലയാള സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ബ്രമാണ്ട ചിത്രമാണ് മാമാങ്കം. ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമ തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടി ചരിത്ര സിനിമയുമായി എത്തിയപ്പോഴൊക്കെ പ്രേക്ഷകര്‍ അദ്ദേഹത്തിനൊപ്പമായിരുന്നു. ഈ വിജയം ആവർത്തിക്കാൻ മാമാങ്കത്തിന് കഴിയും എന്നാണ് ആരാധകർ പറയുന്നത്.

എം. പദ്മകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഏറെ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. നവാഗതനായ സജീവ് പിള്ളയാണ് ആദ്യം ഈ ചിത്രം സംവിധാനം ചെയ്തിരുന്നത്. അദ്ദേഹം തന്നെയായിരുന്നു സിനിമയുടെ തിരക്കഥ ഒരുക്കിയതും. എന്നാൽ നിർമ്മാതാവിന്റെ സമ്മർദ്ദത്തെ തുടർന്ന് അദ്ദേഹത്തെ സിനിമാമയിൽ നിന്ന് പുറത്താക്കുകയായിരുന്നു. പിന്നീടാണ് പദ്മകുമാർ ഈ സിനിമ ഏറ്റെടുക്കുന്നത്. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു.

പൂജ റിലീസായി ചിത്രം എത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്. എന്നാല്‍ ഒക്ടോബര്‍ 31നാണ് സിനിമ എത്തുന്നതെന്നാണ് പുതിയ വിവരം. എല്ലാ വിപണികളിലുമായി ബിഗ് റിലീസും റെക്കോര്‍ഡുകളും ലക്ഷ്യമാക്കിയാണ് ഇത്തരത്തിലൊരു തീരുമാനം. കേരളത്തില്‍ 400 ല്‍ അധികം തിയേറ്ററില്‍ സിനിമ എത്തുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. തിയേറ്റര്‍ ചാര്‍ട്ടിംഗ് സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം എത്തുന്നുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ബ്രഹ്മാണ്ഡ ചിത്രമായാണ് സിനിമയെത്തുന്നത്.

3. ഷൈലോക്ക്

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മൂന്നാം ചിത്രമാണ് ഷൈലോക്ക്. തമിഴ് താരം രാജ് കിരണ്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മീനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ചിത്രത്തില്‍ ഒരു പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ആഗസ്റ്റ് 7 മുതലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ എറണാകുളമാണ്. ‘ഷൈലോക്ക്’ – ‘ദി മണി ലെൻഡർ’ എന്ന ടാഗ് ലൈനോടെ ഒരുങ്ങുന്ന ചിത്രം ഒരു മാസ്സ് എന്റെർറ്റൈനെർ ആയിട്ടാണ് ഒരുങ്ങുന്നത്. ചിത്രം ക്രിസ്തുമസ് റിലീസായി തീയേറ്ററിൽ എത്തും.

4. സിബിഐ- 5

എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ. മധു ഒരുക്കുന്ന ചിത്രമാണ് ‘സിബിഐ -5 ‘. ഈ കൂട്ടുകെട്ടിൽ എത്തുന്ന സിബിഐ സീരിസിലെ അഞ്ചാം ചിത്രമാണിത്. ഒരേ നായകനും സംവിധായകനും തിരക്കഥാകൃത്തുമായി ഒരു സിനിമയുടെ തുടർച്ചയായി അഞ്ചു ഭാഗങ്ങൾ സിനിമയാക്കുന്നത് ലോക സിനിമ ചരിത്രത്തിൽ തന്നെ ആദ്യമാണ്.

1988 ൽ പുറത്തിറങ്ങിയ ‘ഒരു സിബിഐ ഡയറി കുറിപ്പ്’ എന്ന ചിത്രമാണ് സി.ബി.ഐ ചിത്രങ്ങളിലെ ആദ്യ ചിത്രം. ആക്കാലത്തു വലിയ വിജയമായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം തൊട്ടടുത്ത വർഷം തന്നെ ഉണ്ടായി ‘ജാഗ്രത’യാണ് രണ്ടാം ചിത്രം. എന്നാൽ മൂന്നാം ചിത്രം സേതുരാമയ്യർ സിബിഐ 2004 ൽ 16 വർഷങ്ങൾക്ക് ശേഷമാണ് ഇറങ്ങിയത്. നാലാം ഭാഗം നേരറിയാൻ സിബിഐ 2005 ലും റിലീസ് ആയി. ഇപ്പോഴിതാ 13 വർഷങ്ങൾക്ക് ശേഷം സിബിഐ വീണ്ടും എത്തുകയാണ്.കെ മധുവിന്റെ നിര്‍മാണ കമ്പനിയായ കൃഷ്ണകൃപ ഫിലിംസ് വീണ്ടും നിർമ്മാണ രംഗത്തേക്ക് വരുന്നതായും അദ്ദേഹം നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

5. അമീർ

മലയാളത്തിലെ എണ്ണം പറഞ്ഞ സ്റ്റൈലിഷ് ഡോൺ കഥാപാത്രങ്ങളെ തന്റെ പേരിൽ അടയാളപ്പെടുത്തിയ നടനാണ് മമ്മൂട്ടി. അക്കൂട്ടത്തിൽ മറ്റൊരു ഡോൺ കഥാപാത്രവുമായാണ് ‘അമീർ’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ തന്നെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ദി ഗ്രേറ്റ് ഫാദർ , അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ഹനീഫ് അഥേനി തന്നെയാണ് ഈ സിനിമാക്കയും തൂലിക ചലിപ്പിക്കുന്നത്. വിനോദ് വിജയൻ സംവിധാനം ചെയുന്ന സിനിമയുടെ ചിത്രികരണം ദുബായിയിലാണ് നടക്കുക. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. ഏകദേശം നൂറു ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി ചിത്രത്തിനായി നൽകിയിരിക്കുന്നത് എന്നാണ് റിപോർട്ടുകൾ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ആണ്.

6. ബിലാൽ

പ്രേക്ഷകർ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രമാണ് ബിലാൽ. 2007 അമൽ നീരദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ബിലാൽ. അമൽ നീരദിന്റെ ആദ്യ ചിത്രമായിരുന്ന ബിഗ് ബി തീയേറ്ററിൽ വലിയ പ്രകടനം കാഴ്ച്ചവെച്ചില്ലങ്കിലും പിന്നീട് സിനിമയുടെ ഡിവിഡി, ടെലിവിഷൻ റിലീസുകൾക്ക് ശേഷം വലിയ ആരാധകരെ തന്നെയാണ് ബിഗ് ബി എന്ന ചിത്രവും ബിലാൽ എന്ന കഥാപത്രവും നേടിയത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സ്റ്റൈലിഷ് ചിത്രമെന്ന പ്രശംസയും ബിഗ് ബി ക്ക് സ്വന്തം. മമ്മൂട്ടി ആരധകരുടെ നേതൃത്വത്തിൽ ഒന്നിലധികം തവണ ചിത്രം റീ റിലീസ് ചെയ്യുകയും ചെയ്‌തു.

2017 ൽ ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതായി സംവിധായകൻ അമൽ നീരദ് അറിയിച്ചത്. എന്നാൽ പിന്നീട് സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിരുന്നില്ല. എന്നാൽ ചിത്രം അടുത്ത വര്ഷം തന്നെ തീയേറ്ററിൽ എത്തുമെന്നാണ് പുതിയ റിപോർട്ടുകൾ. ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ഫഹദ് ഫാസിലും ഒരു സുപ്രധാന വേഷത്തിൽ എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സംവിധായകൻ ഈ വാർത്തകൾ തള്ളുകയാണ്. ആദ്യ ചിത്രത്തിന്റെ എഴുത്തുകാരൻ ഉണ്ണി ആർ തന്നെയാണ് ഈ സിനിമക്കായും തിരക്കഥ ഒരുക്കുന്നത്.

7. കുഞ്ഞാലി മരക്കാർ

ചരിത്ര കഥാപാത്രങ്ങളെ അതിന്റെ പൂർണ്ണതയിൽ വെള്ളിത്തിരയിൽ എത്തിക്കാൻ മലയാളത്തിൽ മമ്മൂട്ടിയോളം പോന്ന മറ്റൊരു നടനില്ലെന്ന് തന്നെ വേണം പറയാൻ. ഒരു വടക്കൻ വീരഗാഥയും, പഴശ്ശിരാജയും, അംബേദ്ക്കറും എല്ലാം അതിന്‌ ഉദാഹരണമാണ്. അത്തരത്തിൽ മമ്മൂട്ടിയെ തേടിയെത്തിയ മറ്റൊരു ചരിത്ര കഥാപാത്രമാണ് ‘കുഞ്ഞാലി മരക്കാർ’. പോർച്ചുഗീസുകാരോട് പോരാടിയ സാമൂതിരിയുടെ പടത്തലവൻ കുഞ്ഞാലി മരക്കാറുടെ കഥയും വെള്ളിത്തിരയിൽ എത്തുകയാണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഗുഡ്വിൽ എന്റർടൈൻമെൻറ്സും, ഓഗസ്റ്റ് സിനിമാസും സംയുക്തമായിട്ടാണ്. സിനിമയെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. എന്നാൽ മലയാളത്തിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമായി തന്നയാണ് കുഞ്ഞാലി മരക്കാർ ഒരുങ്ങുക എന്നാണ് റിപോർട്ടുകൾ.

8. ഐ ആം എ ഡിസ്കോ ഡാന്‍സര്‍

മമ്മൂട്ടിയെ കേന്ദ്ര കഥാപത്രമാക്കി സംവിധായകൻ നാദിർഷ ഒരുക്കുന്ന ചിത്രമാണ്. മമ്മൂട്ടിയുടെ നിലവിലുള്ള ചിത്രങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായതിനു ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നു നാദിര്‍ഷ പറഞ്ഞിരുന്നു. നവാഗതരായ രാജേഷ് പറവൂരും രാജേഷ് പനവള്ളിയും ചേര്‍ന്നാണ് ഈ സിനിമയുടെ തിരക്കഥയെഴുതുന്നത്.ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നുംതന്നെ പുറത്ത് വിട്ടിട്ടില്ല.

9. വമ്പൻ

സൂപ്പർ ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബോബി, സഞ്ജയ് കൂട്ടുകെട്ടിൽ എത്തുന്ന മമ്മൂട്ടി ചിത്രമാണ് ‘വമ്പൻ’. ചിത്രത്തിന്റെ താൽക്കാലിക പേര് മാത്രമാണിതെന്നും റിപോർട്ടുകൾ ഉണ്ട്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി കേരള മുഖ്യമന്ത്രിയുടെ വേഷത്തിൽ ആണ് എത്തുന്നത്. ഈ സിനിമയിലൂടെ മമ്മൂട്ടിയെന്ന നടനെയും താരത്തെയും ഒരേപോലെ ചൂഷണം ചെയ്യുന്ന ഒരു കഥാപാത്രത്തെയാണ് തങ്ങൾ ഒരുക്കുന്നത് എന്നും തിരക്കഥാകൃത്തുക്കൾ വെളിപ്പെടുത്തിയിരുന്നു.

10.കോട്ടയം കുഞ്ഞച്ചൻ 2 

മമ്മൂട്ടിയുടെ ജനപ്രിയ കഥാപാത്രം കോട്ടയം കുഞ്ഞച്ചന്‍ വീണ്ടും സ്‌ക്രീനിലേക്ക് എത്തുന്ന വാർത്ത കഴിഞ്ഞ വർഷമാണ് പുറത്ത് വന്നത്. പിന്നീട് ചിത്രത്തിന്റെ രണ്ടാം ഭാഗമായ കോട്ടയം കുഞ്ഞച്ചന്‍ 2-വിന്റെ പോസ്റ്റര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി പുറത്ത് വിട്ടിരുന്നു. യുവസംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. കൂടാതെ ചിത്രം ഉപേക്ഷിച്ചതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ ചിത്രം അടുത്ത വർഷം തന്നെ തീയേറ്ററിൽ എത്തും എന്നാണ് പുതിയ റിപോർട്ടുകൾ.

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍