UPDATES

സിനിമ

12 വര്‍ഷക്കാലത്തെ ഒരു യുവസംവിധായകന്റെ വിയര്‍പ്പാണ് അടിച്ചുമാറ്റാന്‍ നോക്കുന്നത്; മമ്മൂട്ടിയുടെ ഡ്രീം പ്രൊജക്റ്റ് മാമാങ്കത്തിന്റെ പിന്നില്‍ നടക്കുന്നതെന്ത്?

സംഘടനകള്‍ കൈയൊഴിയുകയും നിര്‍മാതാവിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നതിനൊപ്പം തന്നെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്യുന്നതില്‍ നിരാശനാണ് സജീവ് പിള്ള

മലയാള സിനിമലോകവും പ്രേക്ഷകരും ഒരുപോലെ പ്രതീക്ഷയുമായി കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. മമ്മൂട്ടിയുടെ ഇതുവരെയുള്ള കരിയറില്‍ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം. ചരിത്രത്തിലെ ആവേശമേറിയൊരു ഏടായ മാമാങ്കം ഒരു മമ്മൂട്ടി ചിത്രമായി എത്തുമ്പോള്‍ പ്രതീക്ഷകള്‍ക്ക് വലിപ്പം വയ്ക്കുന്നത് സ്വാഭാവികം. സജീവ് പിള്ളയെന്ന പുതുമുഖ സംവിധായകന്‍, പന്ത്രണ്ടു വര്‍ഷത്തോളം വിശദമായ പഠനത്തിനും തയ്യാറെടുപ്പുകള്‍ക്കും ശേഷം പൂര്‍ത്തിയാക്കിയ തിരക്കഥയില്‍ ചിത്രീകരണം ആരംഭിച്ച മാമാങ്കം അതുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകളായാണ് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നതെങ്കില്‍ ഇന്ന് കഥയാകെ മാറിയിരിക്കുന്നു.

മാമാങ്കം ഇന്നിപ്പോള്‍ ഒരു വിവാദ വിഷയമാണ്. ചിത്രത്തില്‍ അഭിനയിച്ചു വരികയായിരുന്ന യുവതാരം ധ്രുവന്റെ അപ്രതീക്ഷിത പുറത്താകലോടെയാണ് വിവാദത്തിന്റെ ആരംഭം. തന്റെ കരിയര്‍ തന്നെ മാറ്റി മറിക്കുമെന്ന പ്രതീക്ഷയോടെ, രണ്ടാമത്തെ ചിത്രം തന്നെ ഒരു ബിഗ്ബിഡ്ജറ്റിലും, അതും മമ്മൂട്ടിയോടൊപ്പവും ചെയ്യാന്‍ കഴിയുന്നതിന്റെയും ആവേശവും പ്രതീക്ഷയുമായി ഒരുവര്‍ഷത്തോളം കളരി പയറ്റും മറ്റും പഠിക്കാന്‍ കഠിനപ്രയത്‌നം ചെയ്തും ശരീരത്തിനു രൂപമാറ്റം വരുത്തിയുമൊക്കെ ചിത്രത്തിന്റെ ഭാഗമായി തീര്‍ന്ന ധ്രുവനെ എന്തുകാരണത്തിനു പുറത്താണ് മാറ്റിയതെന്നു പോലും വിശദീകരിക്കാതെ, പകരം ഉണ്ണി മുകുന്ദനെ കൊണ്ടു വരികയായിരുന്നു. ധ്രുവനില്‍ തീരുന്നതല്ല, ഈ ഒഴിവാക്കല്‍ എന്ന സൂചന നല്‍കി തുടര്‍ ദിവസങ്ങളില്‍ രചയിതാവും സംവിധായകനുമായ സജീവ് പിള്ളയുടെ കാര്യത്തിലും അനിശ്ചിതത്വത്തിന്റെ വാര്‍ത്തകള്‍ പരന്നു. സജീവിനെ ഒഴിവക്കുന്നുവെന്ന വാര്‍ത്തകള്‍ പരന്നതിനു പിന്നാലെ കൂടുതല്‍ പേര് ചിത്രത്തില്‍ നിന്നും പുറത്താകുന്നുവെന്ന സ്ഥിരീകരണവും എത്തി.

ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ധ്രുവനു പിന്നാലെ ഛായാഗ്രാഹകന്‍ ഗണേഷ് രാജവേല്‍, കലാസംവിധായകന്‍ സുനില്‍ ബാബു, കോസ്റ്റ്യൂം ഡിസൈനര്‍ അനു വര്‍ദ്ധന്‍ എന്നിവര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഗണേഷ് രാജവേല്‍ ഈ വാര്‍ത്തയ്ക്ക് സ്ഥിരീകരണവും തന്നിട്ടുണ്ട്. എന്നാല്‍ സജീവ് പിള്ള തന്നെയാണ് ഇപ്പോഴും ചിത്രതത്തിന്റെ സംവിധായക സ്ഥാനത്ത്. പക്ഷേ, അതൊരു പേരിന് മാത്രമം എന്നാണ് മാമാങ്കവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. ചിത്രത്തില്‍ ചീഫ് അസോസിയേറ്റായി എം. പദ്മകുമാര്‍ എത്തിയിട്ടുണ്ട്. ഇനിയുള്ള ചിത്രീകരണം പദ്മകുമാര്‍ ആയിരിക്കും നടത്തുക എന്നാണ് വിവരം. ധ്രുവനെ വച്ച് 25 ദിവസത്തോളം ഷൂട്ടിംഗ് നടത്തിയിരുന്നുവെന്ന് സജീവ് പിള്ള പറയുന്നുണ്ട്. ധ്രുവന് പകരം ഉണ്ണി മുകുന്ദന്‍ വന്നിരിക്കുന്ന സ്ഥിതിക്ക് വീണ്ടും ആദ്യം മുതല്‍ ഷൂട്ടിംഗ് നടത്തുമോ അതോ ധ്രുവന്‍ ചെയ്ത കഥാപാത്രത്തെ സിനിമയില്‍ നിന്നും മാറ്റി ഉണ്ണി മുകുന്ദന്‍ പുതിയ ഏതെങ്കിലും വേഷമാണോ ചെയ്യുന്നതെന്നും അറിയില്ല. ഇതുവരെ ചിത്രീകരിച്ചത് വേണ്ടെന്നു വയ്ക്കാമെന്നും പോയ പണം പോയ്‌ക്കെട്ടെ എന്നും നിര്‍മാതാവ് പറഞ്ഞതായും വാര്‍ത്തകളുണ്ട്. എന്നാല്‍ ഇതെല്ലാം സ്ഥിരീകരിക്കാത്ത വാര്‍ത്തകളാണ്. നിര്‍മാതാവ് വേണു കുന്നപ്പിള്ളിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല.

അതേസമയം ചിത്രത്തില്‍ നിന്നും ചിലരെ ഒഴിവാക്കിയെന്ന വാര്‍ത്തകളോട് നിര്‍മാതാവിനോട് അടുത്ത കേന്ദ്രങ്ങള്‍ സ്ഥിരീകരണം നല്‍കുന്നുണ്ട്. പ്രകടനം മോശമായതുകൊണ്ടു തന്നെയാണ് അവരെ ഒഴിവാക്കിയതെന്നും സംവിധായകനെയും ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നതാണെന്നും തുടക്കം മുതല്‍ സജീവ് പിള്ളയുടെ സംവിധാനത്തില്‍ ആരും തൃപ്തരല്ലായിരുന്നുവെന്നും അഴിമുഖത്തോട് ഈ വിഷയത്തില്‍ പ്രതികരിച്ച വ്യക്തി പറയുന്നു. നിലവില്‍ മാറ്റിയിട്ടില്ലെങ്കിലും ഇനി സംവിധായകന്റെ ചുമതല ചീഫ് അസോസിയേറ്റ് ആയി എത്തിയിരിക്കുന്ന എം.പദ്മകുമാറിന് ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു. തര്‍ക്കമോ ഈഗോയോ അല്ലെന്നും കഴിവ് മാത്രമാണ് ഒഴിവാക്കലുകള്‍ക്ക് പിന്നിലെ കാരണമെന്നും മറിച്ചുള്ള ആരോപണങ്ങളിലൊന്നും അടിസ്ഥാനമില്ലെന്നും കൂടി ചൂണ്ടിക്കാണിക്കുന്നു.

കഴിവില്ലായ്മയാണ് ധ്രുവന്റെയും മറ്റുള്ളവരുടെയും ഒഴിവാക്കലിനു കാരണമെങ്കില്‍ മുപ്പത് ശതമാനത്തോളം ഷൂട്ടിംഗ് പൂര്‍ത്തിയായി കഴിഞ്ഞാണോ അത് മനസിലാക്കുന്നതെന്നാണ് സജീവ് പിള്ളയുടെ ചോദ്യം. ധ്രുവന്റെ പ്രകടനത്തില്‍ തനിക്ക് പൂര്‍ണതൃപ്തിയായിരുന്നുവെന്നും താന്‍ സംവിധായകനായൊരു ചിത്രത്തില്‍ നിന്നും നടനെയോ സാങ്കേതിക പ്രവര്‍ത്തകരെയോ മാറ്റുമ്പോഴും പകരക്കാരെ കൊണ്ടുവരുമ്പോഴും തന്നെ അറിയാക്കേണ്ടതല്ലേ എന്നും സജീവ് പിള്ള ചോദിക്കുന്നു. ധ്രുവനെയോ സാങ്കേതിക പ്രവര്‍ത്തകരെയോ പുറത്താക്കിയത് താന്‍ അറിയാതെ നടന്നതെന്നാണ് സംവിധായകന്‍ പറയുന്നത്. ഉണ്ണി മുകുന്ദന്‍ പകരം വന്ന കാര്യവും തനിക്ക് അറിയില്ലെന്നും അദ്ദേഹം പറയുന്നു.

മാമാങ്കത്തിന്റെ സംവിധായകന്റെ സ്ഥാനത്ത് ഇപ്പോഴും താന്‍ ആണെന്നും സജീവ് പിള്ള ഉറപ്പിച്ചു പറയുന്നു. തനിക്കെതിരേ പ്രചരിക്കുന്ന പലതരം വാര്‍ത്തകളില്‍ യാതൊരു വാസ്തവവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. താന്‍ കഴിവില്ലാത്ത സംവിധായകനാണെന്ന് തോന്നിയിരുന്നെങ്കില്‍ തന്നെ വിശ്വസിച്ച് ഇത്രയയും പണം മുടക്കി ഇത്രനാളും ചിത്രീകരണം നടത്തുമായിരുന്നോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. എന്നാല്‍ സജീവ് പിള്ളയെ പൂര്‍ണമായി അവഗണിച്ചിരിക്കുകയാണ് എന്നത് വ്യക്തമാക്കുകയാണ് ഛായാഗ്രാഹകന്‍, കലാസംവിധായകന്‍, കോസ്റ്റ്യൂം ഡയറക്ടര്‍ എന്നിവരുടെ ഒഴിവാക്കല്‍.

സജീവ് പിള്ളയെക്കുറിച്ച് ഔദ്യോഗിക കേന്ദ്രങ്ങള്‍ തന്നെ പരാതി പറയുന്നതിനു മുമ്പ് തന്നെ ഇദ്ദേഹത്തിനെതിരേയുള്ള പലതരം വാര്‍ത്തകളും പുറത്തു വന്നിരുന്നു. സംവിധായകനെന്ന നിലയില്‍ പരിചയം ഇല്ലാത്തൊരാളാണ് സജീവ് എന്നായിരുന്നു പ്രധാന ആരോപണം. അടൂര്‍ ഗോപലാകൃഷ്ണന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച് പരിചയം ഉണ്ടെന്നു പറഞ്ഞാണ് സജീവ് പിള്ള മാമാങ്കത്തിന്റെ നിര്‍മാതാവിനെയും മമ്മൂട്ടിയേയും സമീപിച്ചതെങ്കിലും പൂര്‍ണ സമയ സഹായായി അടൂരിനൊപ്പം സജീവ് പ്രവര്‍ത്തിച്ചിട്ടില്ലെന്നായിരുന്നു ആരോപണം. വേറെ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നതും വാസ്തവമായ കാര്യമല്ലെന്നും ഇതിനൊപ്പം ചേര്‍ത്തുപറഞ്ഞിരുന്നു. മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ തുടങ്ങും മുന്‍പേ ചിത്രത്തിന്റെ എഡിറ്റര്‍ ഉള്‍പ്പെടെയുള്ള ചില മുതിര്‍ന്ന സാങ്കേതിക പ്രവര്‍ത്തകരും അഭിനേതാക്കളും സംവിധായകനെക്കുറിച്ച് പരാതികള്‍ ഉന്നയിക്കാന്‍ തുടങ്ങിയെന്നും ഇതേ തുടര്‍ന്ന് നിര്‍മാതാവ് വേണു കുന്നപ്പിള്ളി ഇടപെടുകയും ഇതിന്റെ പേരില്‍ സംവിധായകന്‍ നിര്‍മാതാവിനെതിരേ തിരിയുകയായിരുന്നുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. സംവിധായകന്റെ കാര്യത്തില്‍ വ്യാപക പരാതികള്‍ ഉയര്‍ന്നതോടെയാണ് സജീവിനെ മാറ്റാനും എം. പദ്മകുമാറിനെ കൊണ്ടുവരാനും നിര്‍മാതാവ് തയ്യാറായതെന്നും ചില കേന്ദ്രങ്ങള്‍ പുറത്തു പറഞ്ഞു. ഈ വിഷയത്തില്‍ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും വേണു കുന്നപ്പിള്ളിക്കൊപ്പമാണ് നിന്നതെന്നും സംവിധായകനെ മാറ്റുന്ന കാര്യത്തില്‍ ഇവരും അനുകൂലിക്കുകയായിരുന്നുവെന്നും വാര്‍ത്തകള്‍ വന്നു.

ഈ വാര്‍ത്തകള്‍ ശരിവയ്ക്കുന്ന തരത്തിലാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍ പ്രതികരണം നടത്തിയതും. സംവിധായകന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും യഥാര്‍ത്ഥ വസ്തുതകള്‍ നിര്‍മാതാവിന് അനുകൂലമായതെന്നും സംവിധായക സംഘടനയുടെ പ്രസിഡന്റ് വ്യക്തമാക്കി. ഫെഫ്ക ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നുവെന്നും ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്‌തെന്നും സജീവ് പിള്ളയുടെ പരാതികള്‍ പ്രകാരം വരുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്നും വ്യക്തമാക്കി സംവിധായകനെ കൈയൊഴിയുന്ന നിലപാടാണ് രഞ്ജി പണിക്കരുടെ വാക്കുകളില്‍ ഉണ്ടായിരുന്നത്. സംവിധായകന്‍ അറിയാതെ, ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ പാതിവഴിയില്‍ നടന്മാരെയും സാങ്കേതിക പ്രവര്‍ത്തകരെയും ഒഴിവാക്കുന്നതിലെ അപകടം ചൂണ്ടിക്കാണിക്കുമ്പോള്‍ സംവിധായകനായ സജീവ് പിള്ള, നിര്‍മാതാവ് വേണു കുന്നപ്പിള്ളിക്ക് എന്തെങ്കിലും എഴുതി ഒപ്പിട്ട് നല്‍കിയിട്ടുണ്ടോ എന്ന് അന്വേഷിക്കൂ എന്നു പറഞ്ഞൊഴിയുകയായിരുന്നു രഞ്ജ് പണിക്കര്‍.

ഏകദേശം പത്തുവര്‍ഷത്തോളം എടുത്ത് മാമാങ്കവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തിയും പ്രദേശങ്ങളില്‍ താമസിച്ചും മറ്റുമാണ് സജീവ് പിള്ള മാമാങ്കത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. ഈ തിരക്കഥയില്‍ നിര്‍മാതാവ് വേണു കുന്നപ്പിള്ളിയും മമ്മൂട്ടിയും പൂര്‍ണതൃപ്തരായിരുന്നു. 2010 ല്‍ മാമാങ്കത്തിന്റെ തിരക്കഥ സംവിധായകന്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിരുന്നതുമാണ്. എന്നാല്‍ പിന്നീട് നിര്‍മാതാവ് മുന്നോട്ടുവച്ച വ്യവസ്ഥകളെല്ലാം അംഗീകരിച്ച് സജീവ് പിള്ള ഒരു കരാറില്‍ ഒപ്പിട്ടു നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. ഫെഫ്ക സജീവ് പിള്ളയുടെ കാര്യത്തില്‍ പറയുന്നതും ഈ കരാര്‍ ആണ്.

എന്നാല്‍, സജീവ് പിള്ളയെക്കുറിച്ച് ഇപ്പോള്‍ പറയുന്ന ആരോപണങ്ങള്‍ ഒന്നും തന്നെ നിര്‍മാതാവിന് തുടകത്തില്‍ ഇല്ലായിരുന്നു. ബി എസ് വിമല്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് സിനിമയായ കര്‍ണന്റെ നിര്‍മാതാവ് എന്ന നിലയിലാണ് പ്രവാസി വ്യവസായിയായ വേണു കുന്നപ്പിള്ളി എന്ന പേര് ആദ്യം വാര്‍ത്തയാകുന്നത്. എന്നാല്‍ ബഡ്ജറ്റിന്റെ കാര്യത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വേണു കര്‍ണണില്‍ നിന്നും ഒഴിഞ്ഞു. ചില കുരുക്കുകള്‍ വിമലിന്റെ മേലിട്ടാണ് വേണു പ്രൊജക്ടില്‍ നിന്നും പിന്മാറിയതെന്നും കര്‍ണന്റെ കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടാകാന്‍ കാരണമായത് അതാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിനു ശേഷം നിരവധി കഥകള്‍ താന്‍ കേട്ടെങ്കിലും ആകര്‍ഷിച്ച ഒരേയൊരു സബ്ജക്ട് മാമാങ്കത്തിന്റെതായിരുന്നുവെന്നു വേണു വ്യക്തമാക്കിയിട്ടുണ്ട്. ബിഗ് ബഡ്ജറ്റില്‍ തന്നെ ഈ ചിത്രം നിര്‍മിക്കാന്‍ താന്‍ തയ്യാറാവുകയായിരുന്നുവെന്നും വേണു പറഞ്ഞിട്ടുണ്ട്. സജീവ് മാമാങ്കത്തിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഒരുപാട് സാധ്യതയുള്ള സബ്ജക്ടായി തനിക്കത് തോന്നിയെന്നും ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പറയുന്ന വേണു സജീവിനെ പുകഴ്ത്തിയുമാണ് സംസാരിച്ചത്. സജീവിന്റെ തിരക്കഥ വെറുതെ എഴുതി ഉണ്ടാക്കിയതായിരുന്നില്ലെന്നും പത്തുവര്‍ഷത്തോളം വിശദമായി പഠനങ്ങളും മറ്റും നടത്തി എഴുതിയ തിരക്കഥയാണ് മാമാങ്കത്തിന്റെതെന്നും വേണു വിശേഷിപ്പിച്ചിരുന്നു. സജീവിന്റെ കഷ്ടപ്പാടുകള്‍ എത്രത്തോളം ഉണ്ടായിരുന്നുവെന്ന് സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് മനസിലാകും എന്ന തരത്തിലും വേണുവിന്റെ പ്രതികരണം ഉണ്ടായിരുന്നു. നൂറു ശതമാനവും പൂര്‍ത്തിയാക്കി പ്രിന്റ് ചെയ്ത രീതിയിലാണ് സജീവ് തിരക്കഥ കൊണ്ടുവന്നതെന്നും സംവിധായകന്‍ എന്ന നിലയില്‍ സജീവിന്റെ ഡെഡിക്കേഷനാണ് തന്നെ ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ പ്രേരിപ്പിച്ചതെന്നും പറഞ്ഞ നിര്‍മാതാവാണ് ഇപ്പോള്‍ സജീവിനെതിരേ പറയുന്നതും.

മമ്മൂട്ടിയും സജീവിനെ കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞിരുന്നു. ഔട്ട്സ്റ്റാന്‍ഡിംഗ് സ്‌ക്രിപ്റ്റ് എന്നായായിരുന്നു മമ്മൂട്ടി ഫെയ്‌സ്ബുക്ക് കുറിപ്പിട്ടിരുന്നത്. 12 വര്‍ഷത്തോളം റിസര്‍ച്ച് ചെയ്താണ് സജീവ് ഈ തിരക്കഥ തയ്യാറാക്കിയതെന്നും മമ്മൂട്ടി അഭിനന്ദത്തോടെ പറയുന്നുണ്ട്. എന്നാല്‍ തുടക്കത്തില്‍ സജീവിന് പിന്തുണ കൊടുത്തിരുന്ന മമ്മൂട്ടി പിന്നീട് നിശബ്ദനാവുകയും സജീവിനെ പുറത്താക്കാനുള്ള തീരുമാനത്തില്‍ പ്രതികരണം നടത്താതിരിക്കുകയുമാണുണ്ടായതെന്ന് ആക്ഷേപമുണ്ടായി.

സംഘടനകള്‍ കൈയൊഴിയുകയും നിര്‍മാതാവിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നതിനൊപ്പം തന്നെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്യുന്നതില്‍ നിരാശനാണ് സജീവ് പിള്ള. നിഴല്‍കുത്ത് എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ആയിരുന്ന തന്നെക്കുറിച്ച് അടൂരിനൊപ്പം പ്രവര്‍ത്തിച്ചിട്ടില്ലെന്നും തനിക്ക് സംവിധാനം അറിയില്ലെന്നും ഒക്കെയുള്ള പ്രചാരണം തന്നെ അപമാനിക്കുന്നതും സിനിമയില്‍ നിന്നും പുറത്താക്കാനുള്ള തന്ത്രമാണെന്നും സജീവ് പ്രതികരിക്കുന്നു. അടൂര്‍ ഗോപാലകൃഷ്ണനെ വിളിച്ച് അന്വേഷിച്ചാല്‍ സത്യം മനസിലാകുന്ന കാര്യമായിട്ടുപോലും അതിനു മുതിരാതെയാണ് വാര്‍ത്തകള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. 25 ദിവസത്തോളം അഭിനയിച്ചു കഴിഞ്ഞ ഒരു നടനെ, പുറത്താക്കുന്നതും ചിത്രത്തിന്റെ കാല്‍ഭാഗത്തിലേറെ സംവിധാനം ചെയ്ത തന്നെ കഴിവില്ലായെന്നു പറഞ്ഞു ഒഴിവാക്കുന്നതുമൊക്കെ എന്തു കാരണം കൊണ്ടായിരിക്കുമെന്നു മനസിലാക്കണമെന്നും സജീവ് പിള്ള പറയുന്നു. ഏറ്റവും മികച്ചവരെ എന്നു പറഞ്ഞാണ് ഓരോരുത്തരേയും സിനിമയിലേക്ക് തിരഞ്ഞെടുത്തത്. പിന്നീട് ഇത്ര ദിവസങ്ങള്‍ കഴിയുമ്പോള്‍ അവര്‍ക്കാര്‍ക്കും കഴിവില്ലെന്നു പറയുന്നതില്‍ എന്ത് ന്യായമാണെന്നും സംവിധായകന് ചോദിക്കാനുണ്ട്. തന്നെ കുറിച്ച് എഡിറ്റര്‍ കുറ്റം പറഞ്ഞെന്നാണ് ഒരു വാര്‍ത്ത. ഞാന്‍ ഉണ്ടെങ്കില്‍ മാത്രമെ ഈ ചിത്രത്തില്‍ വര്‍ക്ക് ചെയ്യുന്നുള്ളൂ എന്നാണ് എഡിറ്റര്‍ തന്നോടു പറഞ്ഞിട്ടുള്ളത്. ഇങ്ങനെയാണ് ശരിയും തെറ്റും എന്താണെന്നു മനസിലാക്കാത്ത വിധം വാര്‍ത്തകള്‍ പുറത്തു വിടുന്നതെന്നും സജീവ് പിള്ള ചൂണ്ടിക്കാണിക്കുന്നു.

സജീവ് പിള്ളയുടെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പ്രകടനം മോശം എന്നു പറഞ്ഞ് ഒഴിവാക്കിയവരുടെ പശ്ചാത്തലം. മോഹന്‍ലാലും വിജയും ഒരുമിച്ച ജില്ല, സൂര്യയുടെ ആദവന്‍, മോഹന്‍ലാല്‍ ചിത്രമായ കാസനോവ എന്നിവയുടെ ഛായാഗ്രാഹകനായിരുന്നു ഗണേഷ് രാജവേലു. നിര്‍മാതാവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നതുപോലെ കഴിവില്ലാത്തവരെയാണ് ഒഴിവാക്കിയതെങ്കില്‍ ഗണേഷും ആ ലിസ്റ്റില്‍പെടും. ഇതേ ലിസ്റ്റില്‍ തന്നെ പെടുത്തുന്ന കലാ സംവിധായകന്‍ സുനില്‍ ബാബു ആമിര്‍ ഖാന്‍ നായകനായെത്തിയ ഗജനി, എം എസ് ധോണി, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങള്‍ ക്രെഡിറ്റില്‍ ഉള്ളയാളാണ്. മമ്മൂട്ടിയുടെ തന്നെ ചരിത്രസിനിമയായ പഴശി രാജയിലും സുനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവേകം, കബാലി, ബില്ല എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ കോസ്റ്റ്യൂം ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള അനു വര്‍ദ്ധനാണ് കഴിവില്ലായ്മ മൂലം പുറത്താക്കപ്പെട്ട മറ്റൊരു താരം! തന്റെ പുറത്താക്കലിന്റെ പിന്നിലെ കാരണങ്ങള്‍ പുറത്തു പറയുന്നുണ്ടെന്ന ഗണേഷ് രാജവേലുവിന്റെ പ്രഖ്യാപനം പോലെ, ഓരോരുത്തരും കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ മാത്രമാണ്, മാമാങ്കത്തിന് എന്തു സംഭവിക്കുന്നു എന്നതിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തു വരൂ.

സംവിധായകന്‍ നിര്‍മാതാവിന് എന്തെങ്കിലും എഴുതി ഒപ്പിട്ട് കൊടുത്തിട്ടുണ്ടോ? മാമാങ്കം വിവാദത്തില്‍ സംവിധായകനെ കയ്യൊഴിഞ്ഞു ഫെഫ്ക പ്രസിഡന്റ് രഞ്ജി പണിക്കര്‍

ഈ യുവനടനോട് കാണിച്ച കൊടും ചതിക്ക് മമ്മൂട്ടിയുടെ മൌനസമ്മതമോ? സൂപ്പര്‍താരത്തിന്റെ ഡ്രീം പ്രൊജക്റ്റ് മാമാങ്കം വിവാദത്തില്‍

കൂടുതല്‍ എന്തെങ്കിലും അറിയണമെങ്കില്‍ മമ്മൂട്ടിയോട് ചോദിക്കൂ; മാമാങ്ക വിവാദത്തില്‍ ഉണ്ണി മുകുന്ദന്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍