UPDATES

സിനിമ

പേരൻപ്; മമ്മൂക്കയുടെ കാര്യത്തില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്

റാം എന്ന തമിഴ് സംവിധായകൻ തന്റെ സിനിമയ്ക്ക് കൊടുത്തിരിക്കുന്ന ‘പേരൻപ്’ എന്ന ടൈറ്റിൽ അത്രമേൽ അന്വർത്ഥമാണ്

ശൈലന്‍

ശൈലന്‍

അൻപ് എന്നത് സ്നേഹത്തിന്റെ ഏറ്റവും നൈർമല്യമേറിയ extreme ആണ്. പേരൻപ് എന്ന് പറയുമ്പോൾ മഹത്തായ അൻപ് അഥവാ അലിവിന്റെ പരകോടി. റാം എന്ന തമിഴ് സംവിധായകൻ തന്റെ സിനിമയ്ക്ക് കൊടുത്തിരിക്കുന്ന ‘പേരൻപ്’ എന്ന ടൈറ്റിൽ അത്രമേൽ അന്വർത്ഥമാണ്. ഏതൊരു പ്രേക്ഷകന്റെയും മനസിലെ അലിവിന്റെ വിശുദ്ധജാലകങ്ങളെ പതിയെ തുറപ്പിക്കാൻ പര്യാപ്തമാണ് പേരൻപ് എന്ന സിനിമ ചൊരിയുന്ന നന്മ. ആ നന്മയാകട്ടെ കമ്പോളസിനിമയുടെ നടപ്പു കമ്മട്ടങ്ങളിൽ അളന്ന് പൊലിപ്പിക്കുന്ന തരം ക്ളീഷേ ഐറ്റമല്ല താനും.

ഉടൽ-മനോനിലകൾ ശരിയല്ലാത്ത (physically and mentally challenged) പാപ്പാ എന്ന കൗമാരക്കാരി പെണ്‍കുട്ടിയുടെയും അവളുടെ അച്ഛൻ അമുതവന്റെയും കഥയാണ് പേരൻപ്. വയ്യാത്തതിന്റെ പേരിൽ അമ്മ ഉപേക്ഷിച്ച് പോയ ആ കുഞ്ഞിനെ വളർത്താൻ സഹായിക്കാൻ ആരുമില്ലാത്തതിനാൽ അച്ഛൻ അനുഭവിക്കുന്ന പെടാപ്പാട് എന്നും പറയാം. സ്റ്റോറിലൈൻ എന്ന നിലയിൽ ഇത്രയും വായിക്കുമ്പോൾ ഒരു മുട്ടൻ പൈങ്കിളിയുമായി ബന്ധപ്പെട്ട പ്രിജുഡീസ് എല്ലാം മനസ്സിൽ നിറഞ്ഞുകഴിഞ്ഞിരിക്കും. പക്ഷെ പ്രതീക്ഷയുടെ ഒരുപടിയോ പല പടിയോ മേലെയുള്ള ലെവലിൽ ആണ് സംവിധായകൻ പടത്തിന്ന് നൽകിയിരിക്കുന്ന ട്രീറ്റ്‌മെന്റ് എന്നത് പേരൻപിന്റെ ക്ലാസ് മാറ്റുന്നു.

നിങ്ങൾ എത്രത്തോളം അനുഗ്രഹിക്കപ്പെട്ടതും മികച്ചതുമായ ഒരു ജീവിതമാണ് ഭൂമിയിൽ അനുഭവിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നത് എന്റെ കഥയിലെ ചില അധ്യായങ്ങൾ കേട്ടാൽ മനസിലാവും എന്ന് പ്രേക്ഷകനെ നോക്കിപ്പറഞ്ഞുകൊണ്ടാണ് അമുതവൻ തന്റെ കഥയ്ക്ക് തുടക്കമിടുന്നത്. പ്രകൃതിയുടെ ഭാവഭേദങ്ങളുമായി ബന്ധപ്പെടുത്തി തന്റെയും മകളുടെയും കഥ പറയാനാണ് അയാൾ ശ്രമിക്കുന്നത്. പ്രകൃതിയുമായി ബന്ധപ്പെട്ട ശീര്‍ഷകങ്ങൾ തന്നെ ഓരോ അധ്യായത്തിനും നൽകാനും അയാൾ ശ്രദ്ധിച്ചിരിക്കുന്നു.

ഇയർക്കൈ വെറുപ്പാനത്
ഇയർക്കൈ അതിസയമാനത്
ഇയർക്കൈ കോട്ടൂരമാനത്
ഇയർക്കൈ അർപ്പുതമാനത്
ഇയർക്കൈ പുതിരാനത്
ഇയർക്കൈ ആപത്താനത്
ഇയർക്കൈ സുതന്ത്രമാനത്
ഇയർക്കൈ ഇറക്കമറ്റത്
ഇയർക്കൈ ദാഹമാനത്
ഇയർക്കൈ വിധികളറ്റത്
ഇയർക്കൈ മുടിവറ്റത്
ഇയർക്കൈ പേരൻപാനത്

എന്നിങ്ങനെയുള്ള പന്ത്രണ്ട് ശീര്‍ഷകങ്ങളിൽ നിന്ന് തന്നെ മനസിലാക്കാം അമുതവനോടും മകളോടും പ്രകൃതിയും ചുറ്റുപാടുകളും ഇടപഴകുന്ന രീതിക്രമങ്ങൾ. ഇതിൽ സന്തോഷം നിറഞ്ഞവയും ഒപ്പം തന്നെ ഹൃദയം കീറിമുറിക്കുന്നവയും ഉണ്ട്. ഒരു ഇന്ത്യൻ സംവിധായകനും തുറന്നുപറയാൻ ധീരത കാണിക്കാൻ സാധ്യതയില്ലാത്ത മേഖലകളിലൂടെയും റാം സാഹസികമായി അമുതവനെയും പാപ്പയെയും പ്രേക്ഷകനെയും ഇതിനിടയിൽ കൈപിടിച്ച് നടത്തുന്നുണ്ട്. സംവിധായകൻ എന്നതിനൊപ്പം സ്ക്രിപ്റ്റ് റൈറ്റർ എന്ന നിലയിലും ഇച്ചെങ്ങായ് ഒരു രക്ഷയുമില്ലാന്ന് പറയാതെ തരമില്ല.

Read More: വെറുമൊരു കണ്ണീര്‍ക്കഥയല്ല, ഉള്ളുലയ്ക്കുന്ന രാഷ്ട്രീയ ബോധ്യമാണ് പേരന്‍പ്

ജീവനുള്ള കഥാപാത്രങ്ങളും അത് സ്‌ക്രീനിൽ അവതരിപ്പിച്ചവരുടെ mesmerizing പെർഫോമന്‍സുമാണ് പേരന്‍പിന്റെ ഹൈലൈറ്റ് എന്ന് നിസ്സംശയം പറയാം. മാനസികമായും ശാരീരികമായും വെല്ലുവിളി നേരിടുന്ന പാപ്പാ എന്ന കൗമാരക്കാരിയുടെ നിരാലംബതകൾക്കും അവശതകൾക്കുമൊപ്പം ലൈംഗിക തൃഷ്ണകൾ കൂടി സൂക്ഷ്മ ചലനങ്ങളിൽ വരെ കൊണ്ടുവന്ന സാധനയ്ക്ക് മികച്ച നടിക്കുള്ള നാഷണൽ അവാർഡ് കിട്ടിയില്ല എങ്കിൽ പിന്നെ ഈ അവാര്‍ഡുകളൊക്കെ എന്തിനുള്ളതാണച്ചോ എന്ന് ചോദിക്കുകയല്ലാതെ വേറെ വഴിയില്ല. തിയേറ്ററിൽ നിന്നിറങ്ങി വളരെയേറെ കാലം കഴിഞ്ഞാലും ആ കുട്ടിയുടെ മുഖവും ചലനങ്ങളും പ്രേക്ഷകനെ വിടാതെ വേട്ടയാടും.

മെഗാസ്റ്റാർ എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ അർഹതയോടെ അമുതവനായി സ്‌ക്രീനിൽ ജീവിക്കുകയാണ് മമ്മുട്ടി. തൊണ്ണൂറുകളിലെ മമ്മുട്ടിയെ തിരിച്ചുകിട്ടി, അമരത്തിനും തനിയാവർത്തനത്തിനും ഒപ്പം നിൽക്കുന്ന പ്രകടനം എന്നൊക്കെ പേരൻപ് കണ്ട് പലർ എഴുതികണ്ടു. എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്. അമുതനിലൂടെ മമ്മൂട്ടി ചന്തുവിനെയും ബാലൻ മാഷെയും അച്ചൂട്ടിയെയും എല്ലാം നൈസായി മറികടന്നിരിക്കുന്നു. അതിവൈകാരികരംഗങ്ങളിൽ ഇക്കായിൽ സ്വാഭാവികമായി കടന്നുവരുന്ന ഇച്ചിരി നാടകീയതയും ചുണ്ടുവിറപ്പിക്കലും ഒന്നും പേരന്പിൽ മഷിയിട്ട് നോക്കിയാൽ കിട്ടില്ല. ഏത് നടന്റെയും കയ്യിൽ നിന്ന് പാളിപ്പോവാൻ സകാലമാനസാധ്യതകളുമുള്ള അമുതവന്റെ വികാരവിക്ഷുബ്ധതകളെ മമ്മുട്ടി കാലഘട്ടത്തിനുതകും വിധം subtle ആയി ചെയ്ത് അതിമനോഹരമാക്കിയിരിക്കുന്നു.

അഞ്ജലി അമീർ ആണ് പ്രകടനം കൊണ്ട് മനസ്സിൽ കേറിപ്പറ്റിയ മറ്റൊരാൾ. അമുതവനെയും മകളുടെയും കഥയ്ക്കിടയിൽ അഞ്ജലി അമീറിന്റെ മീര പലവട്ടം കണ്ണ് നിറച്ചു. കാരണം സ്‌ക്രീനിൽ നിന്ന് പുറത്തിറങ്ങയാലും ഇത് അവരുടെ ജീവിതം തന്നെയാണല്ലോ എന്ന തിരിച്ചറിവ് തന്നെ.

സ്‌ക്രീനിൽ വന്ന പോകുന്നവർക്കെല്ലാം വ്യക്തിത്വം നൽകാൻ റാം എന്ന സംവിധായകൻ നന്നായി ശ്രമിച്ചിട്ടുണ്ട്. പാർശ്വവൽക്കരിക്കപ്പെടുന്ന ആളുകളെ എങ്ങനെയാണ് മുഖ്യധാരയിലേക്ക് ചേർത്തുനിർത്തുക എന്ന് ഇയാൾക്ക് കൃത്യമായി അറിയാം. ആയതിനാൽ, സുഹൃത്തേ നിന്റെ പേര് തന്നെയാണ് പേരൻപ് എന്നത്.
Salutes you..

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍