താരങ്ങൾക്ക് സൂപ്പർസ്റ്റാർ മാനറിസവും അമാനുഷികതയും, പഞ്ച് ഡയലോഗുകളും ഒന്നും നൽകാതെ തന്നെ പ്രേക്ഷകരുടെ കയ്യടി നേടാനാകുമെന്ന് തെളിയിക്കുകയാണ് സംവിധായകൻ ഖാലിദ് റഹ്മാൻ
മെഗാ സ്റ്റാർ മമ്മൂട്ടി എന്ന താരത്തിന്റെ ഒട്ടേറെ പോലീസ് കഥാപാത്രങ്ങൾ നമ്മൾ മലയാളികൾ കണ്ടിട്ടുള്ളതാണ്. ഇൻസ്‌പെക്ടർ ബൽറാം മുതൽ കസബയിലെ രാജൻ സക്കറിയെയും, അബ്രഹാമിന്റെ സന്തതികളിൽ ഡെറിക് എബ്രഹാം എന്ന പോലീസുകാരനെയും കണ്ട് കയ്യടിച്ചവരാണ് മലയാളികൾ. എന്നാൽ മമ്മൂട്ടി എന്ന നടൻറെ മികവുറ്റതും, വ്യത്യസ്തവുമായൊരു പോലീസ് കഥാപാത്രമാണ് ‘ഉണ്ട’യിലെ എസ്.ഐ മണി.
ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ഭീഷണിയുള്ള ഉൾനാടൻ ഗ്രാമത്തിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്നതാണ് ഉണ്ടയുടെ പ്രമേയം. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നടന്ന യഥാർഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. മാവോയിസ്റ്റ് മേഖലയിൽ തിരഞ്ഞെടുപ്പ് ജോലിക്ക് പുറപ്പെടാൻ കേരള പൊലീസ് പെട്ടി ഒരുക്കുന്നിടത്ത് നിന്ന് അഞ്ചുദിവസം നീണ്ട തിരഞ്ഞെടുപ്പ് ജോലി പൂർത്തിയാക്കി തിരികെ മടങ്ങുംവരെയുള്ള കാര്യങ്ങളാണ് സിനിമ പറയുന്നത്. പ്രശ്നബാധിതമായ ബൂത്തുകൾ എന്നൊക്കെ വാർത്തയിൽ മാത്രം കണ്ടിട്ടുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ വോട്ട് ചെയ്യാൻ പോലും സ്വാതന്ത്ര്യം ഇല്ലാത്ത അത്തരം പ്രദേശങ്ങളിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് പോകുന്ന ഒരു കൂട്ടം സാധാരണ പോലീസ് കാരുടെ കഥയാണ് ഉണ്ട. സർക്കാരിന്റെ അഭിമാനം കാക്കാൻ എന്ന പേരിൽ അയക്കുന്ന പോലീസുകാരോടുള്ള അധികാരികളുടെ അവഗണനയും സിനിമ പറയുന്നു
സിനിമയുടെ പ്രഖ്യാപനം മുതൽ തന്നെ ‘ഉണ്ട’ എന്ന പേരും ഏറെ പരിഹാസങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഇതൊന്നും വകവെക്കാതെ സംവിധായകൻ ഈ പേരുമായി തന്നെ മുന്നോട്ട് പോയത് വെറുതെയല്ല. ഉണ്ട എന്ന പേരിനോളം യോജിക്കുന്ന മറ്റൊരു പേര് ഈ സിനിമക്ക് നല്കാനില്ല.
ഇതുവരെ കണ്ട സൂപ്പർ താര പോലീസ് ചിത്രങ്ങളെ പോലെ ഓടിച്ചിട്ട് പ്രതികളെ പിടികൂടി അല്ലെങ്കിൽ വില്ലനെ വെടിവെച്ചിടുന്ന നെടുനീളം ഡയലോഗ് പറഞ്ഞ് തീയേറ്ററിൽ കയ്യടി നേടുന്ന സ്ഥിരം പോലീസ് ചിത്രവുമല്ല ഉണ്ട. പ്രേക്ഷകർ കയ്യടിക്കുന്നത് യഥാർത്ഥ പോലീസുകാരന്റെ പോരാട്ടത്തിന്റെ ഈ കഥ കാണുമ്പോഴാണ്.
ഉണ്ട വെറും വെടിയുണ്ട മാത്രമല്ല. ചില നോട്ടങ്ങളിൽ പോലും ആഴത്തിൽ തുളഞ്ഞ് കേറുന്ന രാഷ്ട്രീയമാണ് ഉണ്ട പറയുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവന്റെ രാഷ്ട്രീയം, പോലീസ് ഉദ്യോഗസ്ഥരുടെ, പോലീസ് ഡിപ്പാർട്മെന്റിന്റെ അനാസ്ഥയുടെ രാഷ്ട്രീയം. കൂടാതെ രാജ്യത്തെ ദളിത് ആദിവാസി ജീവിതവും ചര്‍ച്ചാ വിഷയമാവുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇന്നത്തെ അവസ്ഥയിലേക്കും ചിത്രം വിരൽ ചൂണ്ടുകയാണ്.
എത്ര ഉയരത്തിലെത്തിയാലും ‘നീ ഇപ്പോഴും ആദിവാസി തന്നെയല്ലേടാ’ എന്ന സമൂഹത്തിന്റെ ചോദ്യവും. രാജ്യത്ത് എന്തുകൊണ്ട് മാവോയിസ്റ്റുകൾ വളർന്ന് വരുന്നു എന്നതിനുള്ള ഉത്തരവും. രാജ്യത്തിൻറെ യഥാർത്ഥ ശത്രുക്കൾ നമ്മൾ ഈ പറയുന്ന മാവോയിസ്റ്റുകൾ തന്നെയാണോ എന്ന ചോദ്യയും സിനിമ മുന്നോട്ട് വെക്കുന്നു. ‘ഇതു നിന്റെ മണ്ണാണ്.. ഇവിടം വിട്ടു പോകരുത്.. ചാകാൻ നിക്കരുത്.. ജീവിക്കണം’ എന്ന് മണി സർ പറയുന്നതും ഈ രാഷ്ട്രീയം തന്നെയാണ്. ഏറെ കാലത്തിനു ശേഷമാണ് മെയിന്‍ സ്ട്രീം സിനിമാ മേഖലയില്‍ ഇത്തരത്തിൽ ഒരു രാഷ്ട്രീയ സിനിമയുണ്ടാകുന്നതും.
പ്രതീക്ഷിച്ച സഹായങ്ങൾ ഇല്ലാതാകുന്ന സാഹചര്യത്തിലും ഉള്ളത് വച്ച് പ്രതിരോധിക്കുകയും ഉള്ളിലെ ഭയത്തെ അതിജീവിക്കുകയും ചെയ്യുന്ന സാധാരണ പോലീസുകാരുടെ കഥയുമാണ് ഉണ്ട. ഖാലിദ് റഹ്മാൻ പറഞ്ഞപോലെ ഇവിടെ ഭയം തന്നെയാണ് എല്ലാ അർത്ഥത്തിലും വില്ലനാകുന്നത്. പല സാഹചര്യത്തിൽ പല രൂപത്തിൽ ഭയം തന്നെയാണ് എപ്പോഴും വില്ലനാവുക എന്നും സിനിമ ഓർമിപ്പിക്കുന്നു.
സിനിമയുടെ സാങ്കേതിക മികവും, തിരക്കഥയിലെ കൈയടക്കവും എല്ലാം അഭിനന്ദനാർഹമാണ്. മമ്മൂട്ടിയെ പോലെ തന്നെ ഷൈൻ ടോം ചാക്കോ , അർജുൻ അശോകൻ, ലുക്മാൻ, റോണി ഡേവിഡ്, ഗോകുലൻ, ഗ്രിഗറി തുടങ്ങി എല്ലാവരും കയ്യടിയർഹിക്കുന്ന പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്. താരങ്ങൾക്ക് സൂപ്പർസ്റ്റാർ മാനറിസവും അമാനുഷികതയും, പഞ്ച് ഡയലോഗുകളും ഒന്നും നൽകാതെ തന്നെ പ്രേക്ഷകരുടെ കയ്യടി നേടാനാകുമെന്നും നിലപാടുകൾ ഉറക്കെ പറയാനാകുമെന്നും തെളിയിക്കുകയുമാണ് ഖാലിദ് റഹ്മാൻ എന്ന സംവിധായകൻ.
Explainer: ഒമാന്‍ കടലിടുക്കിലെ ടോർപ്പിഡോ ആക്രമണങ്ങൾ: യുദ്ധം ആഗ്രഹിക്കുന്നത് യുഎസ്സോ ഇറാനോ?