UPDATES

സോഷ്യൽ വയർ

ഫെഫ്ക തൊഴിലാളി യൂണിയനോ? മാമാങ്ക വിവാദത്തില്‍ ബി.ഉണ്ണികൃഷ്ണന്റെ ‘മുതലാളിത്ത’ ന്യായങ്ങള്‍

തനിക്ക് ജീവനു ഭീഷണിയുണ്ടെന്ന സജീവിന്റെ പരാതിയാണ് വാര്‍ത്തയുടെ തന്നെ അടിസ്ഥാനം. ഒരു യൂണിയന്‍ അംഗത്തിന്റെ ജീവനു ഭീഷണിയുമായി മുതലാളി നില്‍ക്കുമ്പോള്‍ ലോകചരിത്രത്തില്‍ ഏതെങ്കിലുമൊരു സംഘടന ഇത്രമാത്രം നിസ്സംഗത പുലര്‍ത്തിയിട്ടുണ്ടോ എന്നു സംശയമാണ്.

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഫെഫ്ക എന്ന തൊഴിലാളി സംഘടനയുടെ നിലപാടുകളെ വിമര്‍ശിച്ച് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ ജയശ്രീകുമാര്‍ ജെ എസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്,

മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട് ഫെഫ്കയുടെ സ്വരം കേള്‍ക്കാന്‍ ഒടുവില്‍ ഭാഗ്യമുണ്ടായി. ന്യൂസ് 18 ചാനലില്‍ നടന്ന ഒരു ചര്‍ച്ചയില്‍ സിനിമയുടെ സംവിധായകന്‍ ശ്രീ. സജീവ് പിള്ളയും ഫെഫ്കയുടെ പ്രതിനിധിയായി ശ്രീ.ബി.ഉണ്ണിക്കൃഷ്ണനുമാണ് സംസാരിച്ചത്. അതു കേട്ടാല്‍ മനസ്സിലാകുന്ന കാര്യം രസകരമാണ്. ഫെഫ്ക എന്ന തൊഴിലാളി സംഘടന ചര്‍ച്ചയിലുടനീളം സജീവിനു മേല്‍ സാങ്കേതികത്വവും കുറ്റപ്പെടുത്തലും ചൊരിഞ്ഞ് നിര്‍മ്മാതാവിനുവേണ്ടി കേസ് വാദിക്കുന്നതായാണ് അനുഭവപ്പെട്ടത്. എന്തായാലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ അസാന്നിദ്ധ്യം കൂടി ചര്‍ച്ചയില്‍ ഫെഫ്ക നികത്തിയതുകൊണ്ട് നിര്‍മ്മാതാക്കള്‍ക്ക് പരാതി ഉണ്ടാകില്ല.അതിലുയര്‍ന്നുവന്ന പ്രശ്‌നങ്ങളിലെ വൈരുദ്ധ്യങ്ങളില്‍ ചിലതു മാത്രം താഴെ ചൂണ്ടിക്കാണിക്കുന്നു..

1. തനിക്ക് ജീവനു ഭീഷണിയുണ്ടെന്ന സജീവിന്റെ പരാതിയാണ് വാര്‍ത്തയുടെ തന്നെ അടിസ്ഥാനം. ഒരു യൂണിയന്‍ അംഗത്തിന്റെ ജീവനു ഭീഷണിയുമായി മുതലാളി നില്‍ക്കുമ്പോള്‍ ലോകചരിത്രത്തില്‍ ഏതെങ്കിലുമൊരു സംഘടന ഇത്രമാത്രം നിസ്സംഗത പുലര്‍ത്തിയിട്ടുണ്ടോ എന്നു സംശയമാണ്. ഫെഫ്ക പ്രതിനിധി ആ കാര്യം കേട്ടതായിപ്പോലും നടിക്കുന്നില്ല. അത്ഭുതം തോന്നുന്നു.

2. സജീവിന് പൂര്‍ണ അംഗത്വമില്ലാത്തതാണ് ഇതില്‍ ഇടപെടുന്നതിലുള്ള വലിയ പരിമിതി എന്നാണ് ഫെഫ്ക പറയുന്നത്. സംഘടനയില്‍ പൂര്‍ണ അംഗത്വമില്ലാത്തത് അത്ര വലിയ തെറ്റാണോ? പൂര്‍ണ അംഗത്വമില്ലാത്ത ആള്‍ക്ക് എന്തൊക്കെ അവകാശങ്ങളും അധികാരങ്ങളുമാണ് ഫെഫ്കയുടെ ഭരണഘടന നിഷേധിക്കുന്നത്? ഒന്നു പറയാമോ? ഇനി, സജീവ് പിള്ളയ്ക്ക് പൂര്‍ണ അംഗത്വമില്ലാത്തതിനു കാരണം അത് സജീവ് എടുക്കാത്തതുകൊണ്ടാണോ അതോ അത് നിങ്ങള്‍ അയാള്‍ക്ക് കൊടുക്കാത്തുകൊണ്ടാണോ? കൊടുക്കാത്തതാണെന്നതല്ലേ സത്യം. അതു മറച്ചുവച്ചിട്ട് ഈ ന്യായം പറയുന്നത് ശരിയാണോ? ഇത് സജീവിനെ തള്ളിപ്പറയാനുള്ള മറ ആക്കുവാനാണന്നേ കേള്‍ക്കുന്ന ഏതൊരാള്‍ക്കും തോന്നൂ. നിങ്ങള്‍ താല്‍ക്കാലിക അംഗത്വത്തിന്റെ പേരില്‍ സജീവില്‍നിന്നു പണം വാങ്ങിയിരിക്കുകയും അതേസമയം അയാളുടെ പ്രശ്‌നത്തില്‍ ഇതു കാരണമായി പറഞ്ഞ് ഒഴിഞ്ഞുമാറുന്നുവെന്ന് പരസ്യമായി പറയുകയും ചെയ്ത സ്ഥിതിക്ക് ഇത് തെളിവായി വച്ച് സജീവ് ഫെഫ്കയ്‌ക്കെതിരേ കോടതിയില്‍ പോയാല്‍ സംഘടന കുടുങ്ങുമെന്ന കാര്യം ഓര്‍ത്തിട്ടു തന്നെയാണോ ഇങ്ങനെയൊക്കെ പറയുന്നത്?

Read:12 വര്‍ഷക്കാലത്തെ ഒരു യുവസംവിധായകന്റെ വിയര്‍പ്പാണ് അടിച്ചുമാറ്റാന്‍ നോക്കുന്നത്; മമ്മൂട്ടിയുടെ ഡ്രീം പ്രൊജക്റ്റ് മാമാങ്കത്തിന്റെ പിന്നില്‍ നടക്കുന്നതെന്ത്?

https://www.azhimukham.com/cinema-mammootty-starred-mamaankam-movie-controversy-continues-writes-rakesh-sanal/

3. സംവിധായകനെ മാറ്റാമെന്ന കരാറില്‍ സജീവ് ഒപ്പിട്ടു കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഫെഫ്കയ്ക്ക് ഒന്നും ചെയ്യാനില്ല. ഇതാണ് മറ്റൊരു ന്യായം.ഒരു പുതുമുഖ സംവിധായകനെ മുള്‍മുനയില്‍ നിര്‍ത്തി നിര്‍മ്മാതാവ് എഴുതിപ്പിടിപ്പിച്ച കരാറില്‍ ഒപ്പിടിയിപ്പിച്ചത് ആ നിര്‍മ്മാതാവിന്റ അതിബുദ്ധിയേയും സംവിധായകന്റെ നിസ്സഹായാവസ്ഥയെയുമാണ് കാണിക്കുന്നത്. അതവിടെ തീരും. ഇനി ആ കരാറിന് പ്രസക്തി വരുന്നത് സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ശേഷം അവര്‍ കോടതിയില്‍ പോകേണ്ട സാഹചര്യം വന്നാല്‍ മാത്രം. ആ കരാറില്‍ തൂങ്ങേണ്ട എന്തു ബാധ്യതയാണ് പക്ഷേ, ഫെഫ്‌കെയ്ക്കുള്ളത്? സംഘടനയോടു ചോദിച്ചിട്ടാണോ ഈ തൊഴിലാളി വിരുദ്ധകരാറെഴുതിയതെന്ന് എന്ന ഒറ്റ ചോദ്യം ചോദിച്ചാല്‍ തീരുന്ന പ്രശ്‌നമല്ലേ ഉള്ളൂ. ഈ ചോദ്യം ചോദിക്കാന്‍ മടിക്കുന്ന ഏക വ്യക്തി നിര്‍മ്മാതാവിന്റെ വക്കീല്‍ മാത്രമായിരിക്കും. ആ വക്കീലിന്റെ തലത്തിലാണ് ഇപ്പോള്‍ ഫെഫ്ക എന്ന തൊഴിലാളി സംഘടന നില്‍ക്കുന്നത്. അത്യന്തം തൊഴിലാളി വിരുദ്ധവും ഫെഫ്കയുടെ പ്രഖ്യാപിത നയത്തിന് എതിരുമായ ആ കരാറിനെ ദേശീയഗാനം കേള്‍ക്കുമ്പോലെന്നവണ്ണം ഇങ്ങനെ എഴുന്നേറ്റുനിന്ന് ഫെഫ്ക വണങ്ങുന്നതു കാണുമ്പോള്‍ ആശ്ചര്യം തോന്നുന്നു. പുതുമുഖങ്ങളായ പാവം തിരക്കഥാകൃത്തുക്കളെയും സംവിധായകരെയും അടപടലം ഊറ്റാനായി ഇങ്ങനെ പല ഒടിവിദ്യകളും ചില നിര്‍മ്മാണ വേഷധാരികള്‍ പ്രയോഗിക്കുന്നുണ്ട്. ഗര്‍ഭം കലക്കി അമിട്ടുപോലുള്ള ഇത്തരം ചില കരാറുകള്‍ അതിലുള്‍പ്പെടും. അത് ഈ വ്യവസായത്തില്‍ ഇനി തുടരരുതെന്ന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഫെഫ്ക ചെയ്യേണ്ടത്, കരാര്‍ നിങ്ങളുടെ പെട്ടിയിലിരിക്കട്ടെ. അതങ്ങ് കോടതിയില്‍ എടുത്താല്‍ മതി. ഫെഫ്കയ്ക്ക് അംഗീകരിക്കാനാവാത്ത ഇത്തരം രക്തമൂറ്റല്‍ കരാറുകളെ മാനിക്കാന്‍ മനസ്സില്ല -എന്നു പറയണമായിരുന്നു. സംഘടിതശേഷി ഇവിടെയാണ് പ്രയോഗിക്കേണ്ടത്. ബാക്കിയുള്ള മുഴുവന്‍ ടെക്‌നീഷ്യന്മാരെയും വച്ചുകൊണ്ട് ഈ കരാറിനെ പരണത്ത് വയ്പ്പിക്കുകയാണ് തൊഴിലാളി യൂണിയന്‍ ചെയ്യേണ്ടത്. തൊഴിലാളി വിരുദ്ധമായി ഏകപക്ഷീയമായുണ്ടാക്കിയ കരാറില്‍ തൊഴിലാളിയെക്കൊണ്ട് ഒപ്പു വയ്പിച്ചാല്‍ മുതലാളിയുടെ നക്കാപ്പിച്ച വാങ്ങാത്ത ലേബര്‍ ഓഫീസര്‍ ചെയ്യുന്നത് ആ കരാറെടുത്ത് കുട്ടയില്‍ കളയുകയാണ്. സംശയമുണ്ടെങ്കില്‍ മുതലാളിമാരുടെ പങ്ക് പറ്റാത്ത ഏതെങ്കിലും ലേബര്‍ ഓഫീസറോട് ചോദിച്ചുനോക്കണം. അത്തരം സാഹചര്യത്തില്‍ തൊഴിലാളി യൂണിയന്‍ ചെയ്യുന്നത് തന്റെ അതിബുദ്ധി അങ്ങ് തട്ടിന്‍പുറത്തുവച്ചിരുന്നാ മതി. ഇവിടെ മനുഷ്യാവകാശത്തിനും ധാര്‍മികതയ്ക്കും നിരക്കുന്ന കാര്യം സംസാരിച്ചാല്‍ മതി എന്നു പറയുകയാണ്. അതു പറയാനുള്ള നാവ് ഫെഫ്കയ്ക്ക് നഷ്ടപ്പെട്ടതെങ്ങനെയാണ്? ഇതുപറയാത്ത ഫെഫ്കയെ സജീവ് സംശയത്തോടെ കാണുന്നതിനെ എങ്ങനെ കുററം പറയാനാകും?

4. സജീവ് ചെയ്ത വര്‍ക്കിന്റെ ക്വാളിറ്റി നോക്കാന്‍ ഞങ്ങള്‍ തയ്യാറല്ല എന്ന ന്യായം. സജീവ് പിള്ളയ്ക്ക് സംവിധാനമറിയില്ല എന്നത് ആ കാരണത്തിന്റെ സ്രഷ്ടാക്കള്‍ക്ക് വൈകിയുദിച്ച ബുദ്ധിയാണ്. അതേസമയം ആ ബുദ്ധി ഒന്നാന്തരമൊരു മന്ദബുദ്ധിത്വവുമാണ്. ചിത്രത്തിന്റെ റഷസ് പരിശോധിക്കുന്ന അന്നു തീരും ആ ബുദ്ധിയുടെ ആയുസ്. എന്നിരിക്കെ, ക്വാളിറ്റി പരിശോധിക്കാന്‍ ഞങ്ങളില്ല എന്നു പറയുന്നത് സജീവിനെ സഹായിക്കാനോ അതോ മുതലാളിയെ സഹായിക്കാനോ?

5. സജീവ് ലീഗല്‍ നടപടിക്കുപോയി. അതുകൊണ്ട് ഇനി പെഫ്കയ്ക്ക് ഇടപെടാന്‍ കഴിയില്ല എന്ന ന്യായം. സജീവ് പലതവണ നിഷേധിച്ച വസ്തുതയാണിത്. സജീവിന് നിര്‍മ്മാതാവ് വക്കീല്‍ നോട്ടീസ് അയച്ചു.വളരെ നേരത്തേ നടന്നതാണ്. അത് സജീവ് ഫെഫ്കയെ അറിയിച്ചു. ഫെഫ്കയ്ക്ക് ആ നോട്ടീസില്‍ ഒരു വിഷമവും തോന്നുന്നില്ല. പ്രതികരണവുമില്ല. ഫെഫ്ക അതില്‍ ഇടപെടാതിരുന്നതുകൊണ്ടു മാത്രം സജീവ് നിര്‍മ്മാതാവിന് മറുപടി കൊടുത്തു. അത് ഇനിയും കൊടുത്തില്ലെങ്കില്‍ സജീവ് കുറ്റവാളിയാകും. അതോടെ ഫെഫ്കയ്ക്ക് പ്രശ്‌നമായി. ആ ഒറ്റക്കാര്യം പറഞ്ഞ് ഫെഫ്ക ഉത്തരവാദിത്തത്തില്‍നിന്ന് പിന്മാറുന്നു. ആ മറുപടി ഫെഫ്കയ്ക്ക് ഇത്രമാത്രം ഹൃദയാഘാതം ഉണ്ടാക്കേണ്ട കാര്യമെന്താണ്? ഇതല്ലെങ്കില്‍, സജീവ് പണ്ട് കുട്ടിക്കാലത്ത് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിച്ചിട്ടുണ്ട് എന്ന ന്യായം പറഞ്ഞെങ്കിലും ഫെഫ്ക സജീവിനെ കൈവിടുമായിരുന്നു എന്നു തീര്‍ച്ചയാണ്.ഇത്രയും ദുര്‍ബലമായ ന്യായം പറഞ്ഞാണോ അധികാരവും ആള്‍ബലവുമില്ലാത്ത ഒരു ചെറുപ്പക്കാരനെ നിങ്ങള്‍ നിര്‍മ്മാതാവിന് കൊന്നുതിന്നാന്‍ ഇട്ടുകൊടുക്കുന്നത്.? എന്ത് വികാരമാണ് നിങ്ങള ഭരിക്കുന്നത്?

6. ഫെഫ്ക സംഘടിതശക്തി ഉപയോഗിച്ചത് എന്തിനുവേണ്ടി എന്നത് ചര്‍ച്ചയില്‍ നിന്നു മനസ്സിലാകുന്നത്. ചര്‍ച്ച കേട്ടിടത്തോളം ഫെഫ്കയുടെ പ്രധാന ആവശ്യം ഛായാഗ്രാഹകനെയും കലാസംവിധായകനെയും മാറ്റുക എന്നതായിരുന്നു എന്നു തോന്നുന്നു. സംഘടനയുടെ പരിഗണനയില്‍ സജീവ് ഉണ്ടായിരുന്നോ എന്നുതന്നെ സംശയമാണ്. അങ്ങനെയല്ലെങ്കില്‍ ഫെഫ്കയുടെ മദ്ധ്യസ്ഥതയില്‍ എടുത്ത, സജീവ് സംവിധായകസ്ഥാനത്ത് തുടരണമെന്ന തീരുമാനം നിര്‍മ്മാതാവ് പരസ്യമായി ലംഘിച്ചിട്ടും എന്തുകൊണ്ട് ഫെഫ്ക അതു നടപ്പാക്കാന്‍ സംഘടിത ശക്തി ഉപയോഗിക്കുന്നില്ല?അതില്‍ കരാറോ സജീവ് അയച്ചതായി പറയുന്ന ലീഗല്‍ പ്രോസസോ ഒന്നുംവരേണ്ട കാര്യമില്ലല്ലോ. ഒത്തുതീര്‍പ്പു കരാര്‍ നഗ്‌നമായി ലംഘിച്ച നിര്‍മ്മാതാവ് മറ്റൊരാളെക്കൊണ്ട് (അതും ഫെഫ്ക മെമ്പറെക്കൊണ്ട്) നിര്‍ബാധം ഷൂട്ടിങ് നടത്തുന്നതു കണ്ടിട്ടും ഫെഫ്കയ്ക്ക് ഒരു അഭിമാനക്കേടും തോന്നാതിരിക്കുന്നതിന്റെ പിന്നിലെ രഹസ്യമെന്താണ്? സംവിധായകന്‍ സജീവാണെന്ന് ഫെഫ്ക സമ്മതിക്കുന്നു. എന്നിട്ടും സജീവറിയാതെ ഇപ്പോള്‍ സിനിമയുടെ എല്ലാക്കാര്യവും നടക്കുന്നു. ഫെഫ്കയുടെ കാര്‍മ്മികത്വത്തിലാണ് ഇതു നടക്കുന്നത്. ഇതിനാണ് നിങ്ങള്‍ ഉത്തരം പറയേണ്ടത്.

Read: KL07 BX 7313 നമ്പറുള്ള ഗ്രേ കളര്‍ ഇന്നോവ വിതുരയില്‍ എത്തിയതെന്തിന്? മാമാങ്കം സംവിധായകന്‍ സജീവ് പിള്ള അപായപ്പെടുത്താനോ? സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

KL07 BX 7313 നമ്പറുള്ള ഗ്രേ കളര്‍ ഇന്നോവ വിതുരയില്‍ എത്തിയതെന്തിന്? മാമാങ്കം സംവിധായകന്‍ സജീവ് പിള്ള വെളിപ്പെടുത്തുന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

7. ഇനി ആരെങ്കിലും മധ്യസ്ഥതയ്ക്ക് വരാമെങ്കില്‍ ഞങ്ങള്‍ ഇടപെടാം എന്ന ന്യായം. ഫെഫ്ക ഇപ്പോള്‍ കാഴ്ചക്കാര്‍ മാത്രമാണെന്ന തുറന്നുപറച്ചിലായി അത്. ഇത് സജീവിന്റെ മാത്രം പ്രശ്‌നമല്ലെന്നും വരാനിരിക്കുന്ന നിരവധി സജീവുമാരുടെ പ്രശ്‌നമാണെന്നും കണ്ട് ഇടപെടേണ്ട തൊഴിലാളി സംഘടന ഇനി ആരെയാണ് മീഡിയേഷനായി കാത്തിരിക്കുന്നത്?

8. സംവിധായകനെ ഉപദ്രവിക്കാമെന്ന് ഫെഫ്ക ഭയക്കുന്ന ആ കരാറിലുണ്ടോ? ഇല്ലാത്ത ലീഗല്‍ പ്രോസസസിന്റെ കാര്യം പറഞ്ഞാണല്ലോ നിങ്ങള്‍ സജീവിനെ നിര്‍മ്മാതാവിനു മുമ്പില്‍ ഇട്ടു കൊടുത്തിരിക്കുന്നത്. ആ കരാറിലാകട്ടെ സംവിധായകനെ നിശ്ചയിക്കാം എന്നു മാത്രമല്ലേ ഉള്ളൂ. ഫെഫ്ക അംഗീകരിക്കേണ്ട കരാറല്ല എന്നത് പോകട്ടെ. സജീവിനെ കൊല്ലാന്‍ ആളിനെ അയക്കാനുള്ള അവകാശം ആ കരാറിലുണ്ടോ? നിങ്ങളുടെ ഒരംഗത്തെ- താല്‍ക്കാലിക അംഗത്തിന് വോട്ടവകാശമൊഴിച്ച മറ്റൊരു അവകാശനിഷേധവുമില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്- അങ്ങനെയുള്ള ഒരംഗത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്ന പരാതിയുണ്ടായിട്ടും നിങ്ങള്‍ ഇപ്പോഴും നിരീക്ഷകവേഷത്തിലാണോ? ഇതാണോ തൊഴിലാളി സംഘടന? തൊഴിലാളി വിരുദ്ധം, സംഘടിതശക്തി എന്ന് സംഭാഷണത്തിനിടയില്‍ തിരുകിയതുകൊണ്ട് നിങ്ങള്‍ക്ക് തൊഴിലാളിത്വ ബോധമുണ്ടെന്ന് ജനം കരുതില്ല. ഈ നിരീക്ഷകവേഷം തൊഴിലാളിപക്ഷത്തിന്റേതല്ല. നിങ്ങളുടെ മുതലാളിത്ത പക്ഷപാതിത്വത്തിന്റെ അനാവരണമാണ് ഈ നിഷ്പക്ഷത.

9. ഫെഫ്ക് അറിയാതെ സജീവ് കരാറില്‍ ഒപ്പിട്ടു. ഇനി ഫെഫ്ക ഇടപെടണമെന്ന് പറയുന്നത് എന്തു വൈരുദ്ധ്യമാണ്?- മറ്റൊരു ന്യായം ഈ വാദം ആര്‍ക്കുവേണ്ടിയാണ്? നിര്‍മ്മാതാവിന്റെ വക്കീല്‍ മാത്രം പറയുന്ന യുക്തി കൊണ്ടാണോ മനുഷ്യവകാശലംഘനവും അടിമത്തവും നിറഞ്ഞ ഈ കരാറിനെ ന്യായികരിക്കുന്നത്? സജീവ് എന്നോ എഴുതിക്കൊടുത്ത ഒരു കരാറാണ് ഫെഫ്കയ്ക്ക് മുഖ്യം. അത്തരമൊരു കരാറിനെ സംഘടിതശക്തി കൊണ്ട് തോല്‍പ്പിച്ച് ഇനി ഇത്തരമൊന്നിന് അവസരമുണ്ടാക്കാതിരിക്കുവാനല്ല നിങ്ങളുടെ ലക്ഷ്യം. ഒരു താല്‍ക്കാലിക അംഗം നിങ്ങള്‍ക്കാരുമല്ല. ഫെഫ്ക ഉണ്ടായത് ഇതുപോലൊരു സമയത്ത് എല്ലാ നൈതികതയയ്ക്കുമപ്പുറം ചിലരുടെ വാശിയും ഈഗോയും സംരക്ഷിക്കാനായിരുന്നു എന്നോര്‍ക്കണം. ഇതിനേക്കാള്‍ എന്തു മഹത്തരമായ പ്രശ്‌നമായിരുന്നു അന്ന് സംഘടന പിളരുന്നതില്‍ എത്തിച്ചത്? സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും അസ്തിത്വവും പണിയെടുക്കാനും ജീവിക്കാനുമുള്ള അവകാശവും ലംഘിക്കപ്പെടുമ്പോള്‍ കേവലം സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞുമാറുന്ന നിങ്ങള്‍ ദയവായി തൊഴിലാളി സംഘടന എന്ന സംജ്ഞയെങ്കിലും ഉപേക്ഷിക്കണം

(ഇതിനെ ആരും വ്യക്തിപരമായി കാണേണ്ടതില്ല. എല്ലാ ഫെഫ്ക നേതാക്കളോടും സ്‌നേഹവും അദരവുമേ ഉള്ളൂ. സിനിമാ വ്യവസായത്തില്‍ സാങ്കേതിക വിദദ്ധരുടെ അസ്തിത്വം നഷ്ടമാകുന്ന ഒരു വിഷയത്തില്‍ സംഘടനയുടെ തൊഴിലാളി വിരുദ്ധ നിലപാട് ചൂണ്ടിക്കാണിച്ചില്ലെങ്കില്‍ അത് മനസ്സാക്ഷിയോടു ചെയ്യുന്ന പാതകമാകും അതുകൊണ്ടാണ്. ക്ഷമിക്കുക.)

Read: പദ്മകുമാര്‍, സജീവ് പിള്ളയോട് അല്‍പം മര്യാദയാകാം; ആ മനുഷ്യന്റെ 12 വര്‍ഷക്കാലത്തെ അധ്വാനത്തിന്റെ വിളവാണ് നിങ്ങള്‍ കൊയ്യാന്‍ പോകുന്നത്

പദ്മകുമാര്‍, സജീവ് പിള്ളയോട് അല്‍പം മര്യാദയാകാം; ആ മനുഷ്യന്റെ 12 വര്‍ഷക്കാലത്തെ അധ്വാനത്തിന്റെ വിളവാണ് നിങ്ങള്‍ കൊയ്യാന്‍ പോകുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍