UPDATES

സിനിമ

കാലം തെറ്റി പൂത്ത മന്ദാരം

പ്രേമം, ആനന്ദം, ക്വീന്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ കുത്തിയിരുന്ന് കണ്ടതിന്റെ ഗുണം സ്‌ക്രിപ്റ്റില്‍ കാണാം

മന്ദാരത്തിന്റെ ഇലയും പൂക്കളും മലയാളിയുടെ നൊസ്റ്റാള്‍ജിയ ആണ്. കഥയിലും കവിതയിലും ആവശ്യത്തിനും അനാവശ്യത്തിനും മന്ദാരം പുഷ്പിക്കാറുണ്ട്. അതൊക്കെ വായിച്ചാകണം ആസിഫ് അലിയുടെ പുതിയ ചിത്രത്തിനും മന്ദാരം എന്ന് പേരിട്ടത്. ആദ്യം അങ്ങനെയൊരു പേരിടുക. പിന്നെ പേര് അതായതുകൊണ്ടുമാത്രം മുറ്റത്തും കാമുകിയുടെ വീടിന്റെ മട്ടുപ്പാവിലും ഓരോ മന്ദാരം പ്രതിഷ്ഠിക്കുക. പ്രണയത്തെ മന്ദാരവുമായി കണക്ട് ചെയ്ത് രണ്ടോ മൂന്നോ ഡയലോഗുകള്‍ തിരുകിക്കയറ്റുക. അത്രയേയുള്ളൂ മന്ദാരവുമായുള്ള മന്ദാരത്തിന്റെ ബന്ധം.

എഞ്ചിനീയറിംഗ് കോളേജിലെ ആണ്‍കുട്ടികള്‍ മാത്രമുള്ള ക്‌ളാസിലേക്ക് വരുന്ന സുന്ദരിയായ പെണ്‍കുട്ടി, അവളുമായി അടുക്കാനുള്ള ആണ്‍കുട്ടികളുടെ ശ്രമങ്ങള്‍, കോളേജിലെ പതിവ് വായ്‌നോട്ടം, അടിപിടി, അതിനിടയില്‍ നായികയെ കണ്ടുമുട്ടുന്ന നായകന്‍, അവളുടെ പിറകെ നടക്കല്‍, സമാന്തരമായി മറ്റു സുന്ദരിമാരുടെ പിറകെ പായുന്ന കാമുകന്റെ ചങ്ങാതിമാര്‍, നായികയെ പാതിരായ്ക്ക് വീട്ടില്‍ നിന്നും ഇറക്കി കൊണ്ടുപോയി വള്ളത്തില്‍ കയറ്റി കായലിന് നടുവില്‍ വെച്ച് പ്രണയ സാഹിത്യം വിളമ്പുന്ന കാമുകന്‍, കാമുകി വീട്ടുകാരുടെ പ്രേരണയാല്‍ മറ്റൊരാളെ വിവാഹം ചെയ്യുമ്പോള്‍ കാമുകന്റെ ശോകം, വിരഹഗാനം, ഇടക്കിടെ പഴയ മലയാള സിനിമാ ഗാനങ്ങളിലേക്കുള്ള മടങ്ങിപ്പോക്ക്, കാമുകനെ ആശ്വസിപ്പിക്കുന്ന അച്ഛന്‍, അച്ഛന്റെ പഴയകാല പ്രണയത്തിലേക്കുള്ള ഫ്‌ളാഷ് ബാക്ക്, പാണ്ടിലോറിയില്‍ നാടുവിടുന്ന നായകന്‍, പിന്നെ തിരിച്ചുവരവ്, മറ്റൊരു കാമുകിയുമായി കൂടിച്ചേരല്‍. കണ്ടും കേട്ടും മടുത്ത ഈ ചേരുവകളൊക്കെ തന്നെയാണ് ആസിഫ് അലിയുടെ മന്ദാരവും. ഇതിനെല്ലാമിടയില്‍ ജീവിതവും പ്രണയവും അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെയുള്ള ഫിലോസഫി ചില ലാലേട്ടന്‍ ചിത്രങ്ങളില്‍ കാണാറുള്ളതു പോലെ കാമുകന്‍, കാമുകന്റെ അച്ഛന്‍, അച്ഛാച്ചന്‍ എന്നിവരെ കൊണ്ടൊക്കെ പറയിപ്പിക്കുന്നുമുണ്ട്.

മലയാള സിനിമ മാറ്റത്തിന്റെ ട്രാക്കിലൂടെ അതിവേഗം സഞ്ചരിക്കുന്ന കാലത്തും ഇത്തരം ചിത്രങ്ങളോ എന്ന് അതിശയിച്ചുപോകും. ചിത്രത്തിലെ നായികമാരും നായകനും അടക്കമുള്ള കഥാപാത്രങ്ങള്‍ ഇടക്കിടെ പരസ്പരം ജന്മദിനാശംസകള്‍ നേരുന്നുണ്ട്. ഈ രംഗങ്ങള്‍ പരമാവധി സര്‍പ്രൈസ് ആക്കാനും മനോഹരമാക്കാനും സംവിധായകന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. അതുപോലൊരു ശ്രമം ചിത്രത്തിന്റെ ഒടുവില്‍ കാണാം. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം എന്ന് ചിത്രത്തിലെ നായികമാരില്‍ ഒരാള്‍ പറയുന്നിടത്തേക്ക് അവള്‍ നായകനെ നയിക്കുകയാണ്. മലമുകളില്‍ പേപ്പര്‍ ക്രാഫ്റ്റില്‍ ഒരുക്കിയുള്ള അവളുടെ പിറന്നാള്‍ സമ്മാനം ഈയടുത്ത് പല ചിത്രങ്ങളിലും കണ്ടു. ഒട്ടും സര്‍പ്രൈസ് ഉണ്ടാക്കാതെ ആ സീനും കടന്നു പോകുന്നു.

പ്രേമം, ആനന്ദം, ക്വീന്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ കുത്തിയിരുന്ന് കണ്ടതിന്റെ ഗുണം സ്‌ക്രിപ്റ്റില്‍ കാണാം. ആ ചിത്രങ്ങളിലെ രംഗങ്ങളെല്ലാം പഴങ്കഞ്ഞി പരുവത്തില്‍ ആവര്‍ത്തിക്കുന്നുമുണ്ട്. കോളേജിലെയും ഹോസ്റ്റലിലേയും രംഗങ്ങളില്‍ ഹാസ്യം കലര്‍ത്താനുള്ള ശ്രമങ്ങളെല്ലാം ദയനീയമായി പരാജയപ്പെടുന്നു. പ്രണയം പൊട്ടിപ്പോയ കാമുകന് ഇക്കാലത്തും പാതിരായ്ക്ക് നാടുവിടാന്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയേ ഉള്ളൂ. കാമ്പസ് ചിത്രമെന്നും കുടുംബചിത്രമെന്നും ഒക്കെ വരുത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഏതെങ്കിലും ഒന്നിലേക്ക് ഫോക്കസ് ചെയ്യാനാകാതെ പോയതാണ് മന്ദാരത്തെ കുടുക്കിയത്. അതീവ ദുര്‍ബലമായ തിരക്കഥയും പുതുമയില്ലാത്ത സംഭാഷണവും നില കൂടുതല്‍ പരിതാപകരമാക്കി.

പിഴവുകള്‍ തീര്‍ത്ത് മുന്നേറിയാല്‍ വിജേഷ് വിജയ് എന്ന സംവിധായകന് ഒരുപക്ഷെ ഇനിയെങ്കിലും നല്ല ചിത്രം ഒരുക്കാന്‍ സാധിച്ചേക്കാം. ആസിഫ് അലിക്ക് കരിയറില്‍ പ്രത്യേകിച്ച് ഒരു നേട്ടവും നല്‍കുന്നില്ല മന്ദാരം. നായികമാരില്‍ വര്‍ഷ ബൊല്ലമ്മ നമ്മുടെ നസ്രിയയുടെ കോപ്പി തന്നെ. പിന്നെയും ഭേദമാണ് അനാര്‍ക്കലി മരക്കാര്‍. പരാമര്‍ശിക്കത്തക്ക മികവൊന്നുമില്ല ചിത്രത്തിന്റെ മറ്റു മേഖലകള്‍ക്ക്. ആകയാല്‍ മന്ദാരം പോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ ആസിഫ് അലി ഇനിയും കുറേയധികം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ചുരുക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സുബീഷ് തെക്കൂട്ട്

സുബീഷ് തെക്കൂട്ട്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍