UPDATES

സിനിമ

മലയാളത്തിലേക്ക് ഒരു സംവിധായിക കൂടി; മാംഗല്യം തന്തുനാനേനയുമായി സൗമ്യ സദാനന്ദൻ/അഭിമുഖം

എട്ട് വർഷം മുന്‍പേയാണ് ഞാൻ മലയാള സിനിമ ഇൻഡസ്ട്രിയിൽ എത്തുന്നത്. മമാസ് സർ ഡയറക്ട് ചെയ്ത സിനിമാ കമ്പനിയാണ് എന്റെ ആദ്യ പ്രോജക്ട്

അനു ചന്ദ്ര

അനു ചന്ദ്ര

കുട്ടനാടൻ മാർപ്പാപ്പ എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചിത്രമാണ് മാംഗല്യം തന്തുനാനേന. ചെമ്പൈ: മൈ ഡിസ്കവറി ഓഫ് എ ലെജന്‍ഡ് എന്ന ഡോക്കുമെന്ററിയിലൂടെ ദേശീയ അവാർഡ് കരസ്ഥമാക്കിയ സൗമ്യ സദാനന്ദൻ ആണ് ചിത്രത്തിന്റെ സംവിധായിക. യു ജി എം എന്റർടൈന്റ്‌മെന്റ്സിന്റെ ബാനറിൽ ഡോ. സക്കറിയ തോമസ്, ആൽവിൻ ആന്റണി, പ്രിൻസ് പോൾ, എയ്ഞ്ചലീന മേരി ആന്റണി എന്നിവര്‍ നിർമ്മിക്കുന്ന മംഗല്യം തന്തുനാനേയുടെ വിശേഷങ്ങൾ അഴിമുഖത്തോട് പങ്കു വെക്കുകയാണ് സൗമ്യ സദാനന്ദൻ.

റിലീസിന് തയ്യാറെടുത്തു നിൽക്കുന്ന മാംഗല്യം തന്തുനാനേനയെ കുറിച്ച് പറയാമോ?

മാംഗല്യം തന്തുനാനേന തീർച്ചയായും ഒരു ഫാമിലി എന്റർടൈനറാണ്. കല്യാണം കഴിച്ചവർക്കും, ഇനി കല്യാണം കഴിക്കാനുള്ളവർക്കും, കല്യാണം കഴിഞ്ഞു വർഷങ്ങളായി ഒരുമിച്ച് ജീവിക്കുന്നവർക്കും, പ്രണയികൾക്കും തുടങ്ങി അത്തരം പങ്കാളിത്തത്തിൽ ജീവിക്കുന്ന ആർക്കും ഐഡന്റിഫൈ ചെയ്യാൻ പറ്റിയ ചെറിയ ചെറിയ നൊമ്പരങ്ങൾ, ബന്ധങ്ങൾക്കിടയിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ തുടങ്ങിയവയാണ് ചിത്രത്തില്‍ പറയാന്‍ ശ്രമിക്കുന്നത്. കുഞ്ചാക്കോ ബോബനും, നിമിഷയുമാണ് ഇതിലെ പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിർമ്മാതാക്കളിൽ ഒരാളായ ആൽവിൻ ആന്റണി ചേട്ടൻ സ്ക്രിപ്റ്റ് കേട്ട് ചെയ്യാമെന്ന് ഉറപ്പ് തന്ന ശേഷം ചാക്കോച്ചന്റെ അടുത്തുകൊണ്ട് പോവുകയായിരുന്നു. സ്ക്രിപ്റ്റ് കേട്ട ശേഷം ചാക്കോച്ചൻ വളരെ ഹാപ്പി ആവുകയും ചെയ്തു. യാതൊരു വിധ എക്സൈറ്റ്‌മെന്റും തോന്നിക്കാൻ സാധ്യത ഇല്ലാത്ത ഒന്നാണ് ഇതിന്റെ ത്രെഡ്ഡ്. എന്താണ് പുതുമ എന്ന് ചോദിച്ചാൽ ഒരു തരത്തിലുള്ള പുതുമയുമില്ലാത്ത ത്രെഡ്ഡ് ആണിത്. പക്ഷെ സ്ക്രീൻപ്ലേയിലും ഡയലോഗിലുമാണ് ഇതിന്റെ രസമിരിക്കുന്നത്.

സൗമ്യയുടെ സിനിമാ പശ്ചാത്തലം?

എട്ട് വർഷം മുന്‍പേയാണ് ഞാൻ മലയാള സിനിമ ഇൻഡസ്ട്രിയിൽ എത്തുന്നത്. മമാസ് സർ ഡയറക്ട് ചെയ്ത സിനിമാ കമ്പനിയാണ് എന്റെ ആദ്യ പ്രോജക്ട്. അതിനു ശേഷം ഇപ്പോൾ സ്വതന്ത്ര സംവിധായിക ആകുന്നതിനിടയിൽ പന്ത്രണ്ടു പ്രോജക്ടുകൾ ചെയ്തു. ഈ പ്രോജക്ടുകളിൽ എല്ലാം ഞാൻ ഏതെങ്കിലും ഡിപ്പാർട്ട്‌മെന്റിലൊക്കെയായി വർക്ക് ചെയ്തിട്ടുണ്ട്. ഒന്നെങ്കിൽ പ്രൊഡക്ഷൻ അല്ലെങ്കിൽ ഡയറക്ഷൻ അതുമല്ലെങ്കിൽ ഡബ്ബിങ്, എന്നിങ്ങനെ പലതായി. സിനിമയുടെ പല ഡിപ്പാർട്ട്‌മെന്റിലും വർക്ക് എങ്ങനെയാണ് നടക്കുന്നത് എന്ന് പഠിച്ചെടുക്കുക തന്നെയായിരുന്നു ലക്ഷ്യം.

എഞ്ചിനീയറിങ് പഠിച്ചിറങ്ങിയ സൗമ്യയെ എങ്ങനെയാണ് സിനിമ സ്വാധീനിക്കുന്നത്?

ചെറിയ പ്രായം മുതലേ ഞാൻ കുറച്ചധികം ഇമാജിനേറ്റിവ് ആയിരുന്നു. കുട്ടിക്കാലം മുതലേ നമ്മൾ അനുഭവിച്ച ചില കാര്യങ്ങൾ മറ്റുള്ളവരോട് വിവരിക്കുവാൻ ഒക്കെ ഭയങ്കര താല്പര്യമുള്ള കഥപറച്ചിലിന്റെ ആളായിരുന്നു ഞാൻ. പിന്നീട് കുറച്ചു കാലം കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി എനിക്ക് ആളുകളെ കാര്യങ്ങൾ പറഞ്ഞു കേൾപ്പിക്കുവാൻ, അതിന് വേണ്ടി പിടിച്ചിരുത്താൻ ഉള്ള കഴിവുണ്ടെന്ന്. സ്‌കൂളിൽ ആണെങ്കിലും, കോളേജിൽ ആണെങ്കിലും പഠിത്തത്തേക്കാൾ താല്പര്യം എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റിസിലായിരുന്നു. അങ്ങനെ സ്വാഭാവികമായും സ്‌കൂൾ വിദ്യാഭ്യാസം ഒക്കെ കഴിഞ്ഞപ്പോൾ ഫിലിം സ്കൂളിൽ ഒക്കെ പോണമെന്ന് ആഗ്രഹിച്ചിരുന്നു എങ്കിലും നമ്മുടെ ചുറ്റുപാടിലുള്ളവർക്ക് ഒരു ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ എന്നതിനപ്പുറത്തേക്ക് ചിന്തിക്കാൻ പറ്റില്ലായിരുന്നു. അത് സൊസൈറ്റി ആയാലും പേരന്റ്സ് ആയാലും. അങ്ങനെയാണ് എഞ്ചിനീയറിങ്ങിൽ എത്തുന്നത്. അതുകഴിഞ്ഞു സിനിമ പഠിക്കാൻ പോയിക്കോട്ടെ എന്നു ചോദിച്ചപ്പോൾ പേരന്റ്സ് പറഞ്ഞു സ്വന്തമായി ജോലി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ട് പഠിക്കുവാൻ. അപ്പോൾ ആരും ചോദിക്കുകയും ഇല്ല, ആർക്കും നി മറുപടി കൊടുക്കേണ്ട കാര്യവുമില്ല എന്ന്. ആ സദുദ്ദേശം മനസിലാക്കി ഞാൻ 4 വർഷം ബാംഗ്ലൂരിൽ ജോലി ചെയ്തു. കുറച്ചു ക്യാഷ് സേവ് ചെയ്തതിന് ശേഷം ജോലി രാജി വെച്ച് തിരിച്ചു നാട്ടിൽ വന്ന് കുറച്ചുകാലം കേരളത്തിനുള്ളിൽ യാത്ര ചെയ്തു. ആ സമയത്താണ് മമാസിനെ പരിചയപ്പെടുന്നത്.

സിനിമ മാത്രമല്ലല്ലോ, അഭിനയം, ആങ്കറിങ്‌ തുടങ്ങി എല്ലാ മേഖലകളിലും സാനിധ്യം അറിയിച്ചല്ലോ?

സിനിമയ്ക്കുള്ളിലെ എല്ലാ ജോലികളും അടുത്തറിയുകയാണ് ലക്ഷ്യം. സിനിമയിൽ ലോകമറിയുന്നത് എപ്പോഴും അഭിനേതാക്കളെയാണ്. പക്ഷെ യാഥാര്‍ഥ്യം അങ്ങനെയല്ല. ഒരുപാട് പേർ പല മേഖലകളിലായി സിനിമയിൽ വർക്ക് ചെയ്യുന്നുണ്ട്. ഒരു നല്ല ഫിലിം മേക്കറാവാന്‍ സിനിമയിലെ എല്ലാ ജോലികളും അടുത്തറിയേണ്ടതുണ്ട്.

2017ൽ ദേശീയ അവാർഡ് കിട്ടിയ ചെമ്പൈ: മൈ ഡിസ്കവറി ഓഫ് എ ലെജൻഡ് എന്ന ഡോകുമെന്ററി സംഭവിക്കുന്നത് എങ്ങനെയാണ്?

ചെമ്പൈയിൽ യേശുദാസ് സാറിന്റെ കച്ചേരി കേൾക്കാൻ പോയ സമയത്താണ് ചെമ്പൈ ഭാഗവതർ എന്ന ലെജൻഡിനെ കുറിച്ച് കൂടുതല്‍ അറിയുന്നത്. വാസ്തവത്തിൽ ഞാനതിൽ വളരെ ഇൻസ്പെയർഡ് ആയി. അങ്ങനെ ഒരു വ്യക്തി ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹം തുടങ്ങി വെച്ച ഒരു സംഗീതകച്ചേരി 100 വർഷം പിന്നിടുന്ന ദിവസം ദാസേട്ടന്റെ കച്ചേരി കേൾക്കാൻ സാധിച്ചു എന്നത് വലിയ ഭാഗ്യമായി എനിക്കു തോന്നി. ചെമ്പൈയിൽ പോയി ഭാഗവതരെ പറ്റി ഞാൻ അപ്പോഴാണ് കൂടുതലായി അറിയുന്നത്. എനിക്ക് അദ്ദേഹത്തെ പറ്റി, അദ്ദേഹം തുടങ്ങി വെച്ച ഈ ഫെസ്റ്റിവലിനെ കുറിച്ച് ഡോക്യുമെന്ററി ചെയ്യണം എന്ന് തോന്നി. കാരണം ചരിത്രത്തിൽ 100 വർഷം പിന്നെ ഉണ്ടാകില്ലല്ലോ. അങ്ങനെ ഞാൻ പെട്ടെന്ന് അതിന്റെ ഗവേഷണം ആരംഭിച്ചു. ഒരു രണ്ടര വർഷം കൊണ്ടാണ് ആ ഡോകുമെന്ററി പൂര്‍ത്തിയാക്കിയത്.

സ്ത്രീയെന്ന നിലക്ക് സ്ട്രഗ്ഗ്ൾ ചെയ്യേണ്ടി വന്നിരുന്നോ ഒരു സിനിമ ചെയ്യാൻ?

എട്ട് വർഷമായി ഞാൻ ഈ മേഖലയിൽ ഉണ്ട്. കുറച്ചധികം സിനിമകളിൽ വർക്ക് ചെയ്തിട്ടുണ്ട്. എന്നെക്കൊണ്ട് ഇത് വർക്ക് ചെയ്തെടുക്കാൻ പറ്റും എന്നുറപ്പുള്ള ഒരു പ്രൊഡ്യൂസർ ആണ് എനിക്ക് ഈ അവസരം തന്നത്. ആൽവിൻ ചേട്ടൻ. ഞാൻ ആദ്യമായി അസിസ്റ്റന്റ് ആയ പടം മുതൽക്ക് അദ്ദേഹത്തിന് എന്നെ അറിയാം. ഞാൻ ജോലി ഒക്കെ ഉപേക്ഷിച്ചു ഇവിടെ വന്ന് പെടാപ്പാട് പെടുന്നത് സിനിമയോടുള്ള ആഗ്രഹം കൊണ്ടാണെന്നും അത് ചെയ്തെടുക്കുവാൻ കഴിയുമെന്ന ഉറപ്പു കൊണ്ടാണെന്നും അദേഹത്തിന് അറിയാം. അങ്ങനെ ഈ സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടപ്പോൾ ചെയ്യാമെന്ന് ഏറ്റു. തീർച്ചയായും ടാലെന്റിന് തന്നെയാണ് ഇവിടെ സ്‌പെയ്‌സ് ഉള്ളത്.

സിനിമയെ കുറിച്ച് മറ്റു വിശേഷങ്ങൾ?

ഇപ്പൊ കാണുന്ന ഒരു ട്രെൻഡ് എന്താണെന്ന് വെച്ചാൽ ഒന്നോ രണ്ടോ പാട്ടുകളിലേക്ക് സിനിമ ചുരുക്കുക എന്നതാണ്. പാട്ടുകൾക്ക് പ്രാധാന്യമില്ലാത്ത തരത്തിൽ, കഥ പറച്ചിലുകളിലൂടെ സിനിമ ചെയ്യുകയാണ് ചെയ്യുന്നത്. ഇഷ്ടം പോലെ പാട്ട് കണ്ടും കേട്ടും ആസ്വദിച്ചുമാണ് ഞാന്‍ സിനിമകള്‍ കണ്ടത്. പാട്ടിലൂടെയാണ് ഒരു സിനിമയെ കാത്തിരുന്നത്. നമ്മളെ കൊതിപ്പിക്കുന്ന ഒരു നല്ല സിനിമ വരാൻ പോകുന്നു എന്ന പ്രതീക്ഷ തരുന്ന കഥ പറയുന്ന, എല്ലാവര്‍ക്കും ഓർത്തിരിക്കാൻ പറ്റുന്ന പാട്ടുകൾ എന്റെ സിനിമയിൽ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിച്ചു. അത് ഞാൻ നിർമ്മാതാവിനോട് പറഞ്ഞു. പുതിയ സംഗീത സംവിധായകർക്ക് അവസരം കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഒരു പാട്ട് ഞാൻ സയനോര ഫിലിപ്പിനെ കൊണ്ടും ചെയ്യിപ്പിച്ചു. മൂന്നു സംഗീത സംവിധായകരെ ഈ ചിത്രത്തിലൂടെ ഞങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട്. സെപ്റ്റംബർ 20ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍