UPDATES

സിനിമ

മായാനദി; ഒരു റിയലിസ്റ്റിക് പ്രണയചിത്രം

താങ്ങും തണലും ദു:ഖവും ആശ്വാസവും നിരാശയും വിശ്വാസവും ഒക്കെയായ സ്‌നേഹത്തിന്റെ കഥയാണ് മായാനദി

അപര്‍ണ്ണ

അപര്‍ണ്ണ

ബഹിഷ്‌കരണാഹ്വാനങ്ങളുടെ നടുവിലേക്കാണ് മായാനദി റിലീസായത്. നടിയുടെ ആക്രമണവും ഡബ്ല്യുസിസിയും ഫാന്‍ സ്ലട്ട് ഷേമിങ്ങും ഒക്കെ സംബന്ധിച്ച് ചിത്രത്തിന്റെ സംവിധായകന്‍ ആഷിഖ് അബുവിന്റെയും പങ്കാളി റിമ കല്ലിങ്കലിന്റെയും നിലപാടുകളാണ് ഇതിനാധാരം. മലയാളത്തിലെ നവതരംഗ സിനിമയിലെ ഏറ്റവും പ്രമുഖമായ പേരാണ് ആഷിഖ് അബുവിന്റേത്. ആരാധകരും വിമര്‍ശകരും ഒരുപോലെയുള്ള സംവിധായകരില്‍ ഒരാണ് ആഷിഖ്. സിനിമാ മേക്കിങ്ങിനും രാഷ്ട്രീയ നിലപാടിനും ഒരുപോലെ സപ്പോര്‍ട്ടേര്‍സും ഹേറ്റേഴ്‌സുമുണ്ട്. രാഷ്ട്രീയ ശരികളും അണ്‍കണ്‍വെന്‍ഷനല്‍ കാഴ്ചാശീലങ്ങളും ഒക്കെയാണ് സാധാരണ ആഷിഖ് അബു സിനിമകളില്‍ ചര്‍ച്ച ചെയ്യാറ്. എന്തായാലും ഒരു താരത്തിന്റേതല്ല, സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടേയും ക്യാമറ കൈകാര്യം ചെയ്യുന്നവരുടെയും കൂടിയാണ് സിനിമ എന്ന് ഈ കാലത്ത് പോപ്പുലര്‍ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്ന അപൂര്‍വം സംവിധായകരില്‍ ഒരാളാണ് ആഷിഖ് അബു.

മാത്തന്‍(ടൊവിനോ തോമസ്) കുട്ടിക്കാലം മുതല്‍ പലതരം ദുരന്തങ്ങളെ അതിജീവിച്ച് ജീവിക്കുന്ന ഒരാളാണ്.വളരെ വെല്ലുവിളികള്‍ നിറഞ്ഞ ജോലികള്‍ ചെയ്ത് നിലനില്‍ക്കാന്‍ ശ്രമിക്കുകയാണ് ഇയാള്‍. അപര്‍ണ(ഐശ്വര്യ ലക്ഷ്മി) പലതരം ജോലികള്‍ ചെയ്ത് അമ്മയേയും അനിയനേയും സാമ്പത്തികമായി സംരക്ഷിക്കുന്ന മധ്യവര്‍ത്തി പെണ്‍കുട്ടിയാണ്. സിനിമ നടിയാവാന്‍ ഓഡീഷനുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. മാത്തനും അപര്‍ണയും തമ്മിലുള്ള വിചിത്രവും തീവ്രവുമായ പ്രണയത്തിന്റെ കഥയാണ് മായാനദി. അതിജീവിക്കാന്‍ ഓടിക്കൊണ്ടിരിക്കുന്ന മാത്തനും കേരളത്തിലെ മധ്യവര്‍ത്തി കുടുംബത്തില്‍ വ്യക്തിത്വമുള്ള പെണ്‍കുട്ടിയായ അപര്‍ണയും നിലനില്‍പ്പിനായി കഷ്ടപ്പെടുന്നവരാണ്. വ്യവസ്ഥ കൊണ്ട് ശ്വാസം മുട്ടുന്ന തന്നെ ശ്വാസം മുട്ടിക്കുന്ന അപര്‍ണയുടെ അമ്മയും അവളുടെ അതേ ബുദ്ധിമുട്ടുകളനുഭവിക്കുന്ന സുഹൃത്തുക്കളും മാത്തനെ പിന്തുടരുക എന്നതൊരു അനിവാര്യതയായ കുറച്ചു പേരുമാണ് മായാനദിയില്‍ അവര്‍ക്കു ചുറ്റുമുള്ളത്.

"</p

പക്വമായ തീവ്രമായ റിയലിസ്റ്റിക്ക് ആയ ഒരു പ്രണയചിത്രമാണ് മായാനദി. പ്രണയം തീവ്രമാകുന്നത് സിനിമകള്‍ കാലാകാലങ്ങളായി കാണിച്ചു തന്ന കുറെ സംഭാഷണങ്ങളിലും അതിവൈകാരികതയിലുമല്ല. കെട്ടുകാഴ്ചകളെ മറികടന്ന നിലനില്‍ക്കാനുള്ള ഊര്‍ജം തരുന്ന ഒന്നാണത്. ചുറ്റുമുള്ളവരെയല്ല അവരവരെ തന്നെയാണ് അത് ബോധ്യപ്പെടുത്തുന്നത്. അപര്‍ണയും മാത്തനും തനിക്കു ചുറ്റുമുള്ളവരെ ബോധ്യപ്പെടുത്തുന്നില്ല. പൂച്ചയെ പോലെ മെയ് വഴക്കത്തോടെ എല്ലായിടത്തു നിന്നും രക്ഷപ്പെടുമെന്ന് അപര്‍ണയെ പോലെ കാണുന്നവര്‍ക്കെല്ലാം ബോധ്യമുണ്ട്. പക്ഷെ ആ ബോധ്യത്തെ പുല്ലുപോലെ വലിച്ചെറിഞ്ഞ് അയാള്‍ അപകടമുണ്ടാകുമെന്നും ഉറപ്പിച്ച് അവളെ തേടി വരുന്നുണ്ട്. ഒരു ദയവുമില്ലാതെ അവനെ അവള്‍ പറഞ്ഞയക്കുന്നതും ഒരിക്കല്‍ തിരിച്ചു വരുമെന്ന ഉറപ്പൊന്നുകൊണ്ടു മാത്രമാണ്. ഇത്തരമൊരു പ്രണയകഥയും നരേഷനും മലയാള സിനിമയില്‍ അടുത്ത കാലത്ത് കണ്ടിട്ടില്ല. അതിന്റെ എല്ലാ സ്വാഭാവിക സൗന്ദര്യവും മായാനദിക്കുണ്ട്. സിനിമയുടെ താളം വളരെ പതിഞ്ഞതാണ്. അത് തന്നെയാണ് സിനിമയുടെ നരേഷന്‍ ആവശ്യപ്പെടുന്നതും. അത്തരമൊരു നരേഷനോട് പൊരുത്തപ്പെടാനാവില്ലെങ്കില്‍ മായാനദിക്കു കയറാതിരിക്കുക. ഒരു ലിപ്‌ലോക്‌ രംഗവും തുടര്‍ന്നുള്ള പാട്ടും സെക്‌സും ഒക്കെ അസ്വസ്ഥത ഉണ്ടാക്കുന്നുവെങ്കില്‍ കയറാതിരിക്കുക. പല രംഗങ്ങളിലും കൂവാനും കാഴ്ചക്കാര്‍ക്ക് മൊത്തം ശല്യമുണ്ടാക്കും വിധം ഉറക്കെ സംസാരിക്കാനുമൊക്കെയായി സിനിമക്കു വരുന്നവര്‍ മായാനദിക്കു കയറുന്നത് ദുരന്തമാവും.

പ്രണയത്തെ തീര്‍ത്തും വ്യത്യസ്തമായി കാണുന്ന രണ്ടു പേര്‍ തമ്മിലുള്ള ബന്ധത്തെ അതിന്റെ എല്ലാ വൈരുധ്യങ്ങളോടും കലഹങ്ങളോടും അവതരിപ്പിച്ചിരിക്കുന്നു. Sex is not a Promise എന്നു പറയുന്ന നായകനോട് അങ്ങോട്ട് once more എന്നു പറയുന്ന നായിക പതിവു കാഴ്ചാരീതികളെ അലോസരപ്പെടുത്തുന്നുണ്ട്. മധ്യവര്‍ത്തി കുടുംബങ്ങളിലെ സ്വാതന്ത്ര്യത്തെക്കുറിച്ചു തിരിച്ചറിയുന്ന പെണ്‍കുട്ടിയുടെ അവസ്ഥകളും സിനിമയില്‍ വളരെ റിയലിസ്റ്റിക്ക് ആയി അവതരിപ്പിച്ചിട്ടുണ്ട്. പുതിയ കാലത്തെ മകള്‍-അമ്മ ബന്ധങ്ങളിലെ സംഘര്‍ഷങ്ങളും അതിശയോക്തികള്‍ ഇല്ലാതെ മായാനദിയിലുണ്ട്. ടൊവിനോയുടെ മാത്തന്‍ ഒരടര്‍ മാത്രമുള്ള കഥാപാത്രമാകുമ്പോള്‍ ഐശ്വര്യ ലക്ഷ്മിയുടെ അപര്‍ണ പല അടരുകളുള്ള കഥാപാത്രമാവുന്നു. ഒന്നോ രണ്ടോ സീനില്‍ വന്ന സൗബിന്‍ ചില നോട്ടങ്ങള്‍ കൊണ്ടൊക്കെ വിസ്മയിപ്പിക്കുന്നുണ്ട് (ഈ കഥാപാത്രത്തോടുള്ള സ്വത്വവാദി സിദ്ധാന്ത വ്യാഖ്യാനങ്ങള്‍ നേരിടാന്‍ ആഷിഖ് അബുവിനു ശേഷിയുണ്ടാവട്ടെ).’പ്രോസ്റ്റിറ്റിയൂട്ടിനെ’ പോലെ എന്ന പ്രയോഗം പ്രശ്‌നവത്കരിക്കപ്പെടാന്‍ ഇടയുള്ളതു തന്നെയാണ്. ഐശ്വര്യ ലക്ഷ്മിയുടെയും ടൊവിനോയുടെയും അഭിനയം, തിരക്കഥ, ക്യാമറ ഒന്നും എവിടെയും മുഴച്ചു നില്‍ക്കുന്നില്ല. പശ്ചാത്തല സംഗീതവും ഷഹബാസ് അമന്റെ ശബ്ദവും സിനിമയുടെ മൂഡിനെ നന്നായി സഹായിക്കുന്നുണ്ട്.

താങ്ങും തണലും ദു:ഖവും ആശ്വാസവും നിരാശയും വിശ്വാസവും ഒക്കെയായ സ്‌നേഹത്തിന്റെ കഥയാണ് മായാനദി. പ്രണയം തന്നെയാണ് സിനിമയിലെ മായാനദി. സ്വാഭാവികമായ ഒഴുക്കിലും മായയാണത്. ഇത്തരമൊരു കാഴ്ച അനുഭവം ഇഷ്ടമെങ്കില്‍ മായാനദിക്കു കയറുക.

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍