UPDATES

സിനിമ

‘പുരസ്‌ക്കാരം ലഭിച്ചാലും അംഗീകരിക്കാൻ അവർക്ക് ബുദ്ധിമുട്ടാണ്’; ‘കാന്തന്‍’ സംവിധായകന്‍ ഷെരീഫ് ഈസയെ ഗ്രൂപ്പ് ഫോട്ടോയില്‍ നിന്നും വെട്ടിമാറ്റി മാധ്യമങ്ങള്‍, മനോരമയ്ക്ക് ശ്യാമപ്രസാദാണ് മികച്ച ചിത്രത്തിന്റെ സംവിധായകന്‍

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ വാർത്ത ചിത്രങ്ങളിൽ നിന്ന് മികച്ച സിനിമയായ കാന്തന്റെ സംവിധായകനെ മുഖ്യധാര മാധ്യമങ്ങൾ തഴഞ്ഞത് വിവാദമാകുന്നു

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ വാർത്ത ചിത്രങ്ങളിൽ നിന്ന് മികച്ച സിനിമയായ കാന്തന്റെ സംവിധായകനെ മുഖ്യധാര മാധ്യമങ്ങൾ തഴഞ്ഞത് വിവാദമാകുന്നു. 49ാമത് ചലച്ചിത്ര പുരസ്‌ക്കാരങ്ങളിൽ ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്‌ ഷെരീഫ് ഈസ സംവിധാനം ചെയ്‌ത ‘കാന്തന്‍- ദ ലവര്‍ ഓഫ് കളര്‍’ എന്ന ചിത്രമാണ്. എന്നാൽ പുരസ്‌ക്കാര വിതരണത്തിന്റെ ചിത്രങ്ങൾ മലയാള മനോരമ അടക്കമുള്ള മുഖ്യധാര മാധ്യമങ്ങൾ പ്രസിദ്ധികരിച്ചപ്പോൾ അതിൽ നിന്ന് ഷെരീഫിന്റെ ചിത്രം വെട്ടിമാറ്റിയെന്നാണ് ആരോപണം.

വേദിയിൽ പുരസ്‌ക്കാര വിജയികൾക്കൊപ്പം ഒന്നാമത്തെ നിരയിൽ തന്നെയായിരുന്നു ഷെരീഫിന് സ്ഥാനം. ഒന്നാമത്തെ സീറ്റിൽ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന്റെ സംവിധായകൻ ഷെരീഫ് ഈസ. രണ്ടാമത്തെ സീറ്റില്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട ശ്യാമപ്രസാദും. മൂന്നും നാലും സീറ്റില്‍ മികച്ച നടന്മാരായ ജയസൂര്യയും, സൗബിനും. അഞ്ചാമത്തെ സീറ്റില്‍ മികച്ച നടി നിമിഷ സജയൻ. അറാമത്തെ സീറ്റിൽ മികച്ച സഹനടനായി ജോജു ജോർജും. എന്നാല്‍ രണ്ടാമത്തെ സീറ്റുമുതല്‍ ആറാമത്തെ സീറ്റുവരെ മാത്രം ക്രോപ്പ് ചെയ്‌തെടുത്ത് ഷെരീഫിനെ മനപൂർവം ഒഴിവാക്കിയെന്നാണ് ആരോപണം ഉയരുന്നത്.

ഈ വിഷയത്തെ കുറിച്ച് ഈ സിനിമയുടെ തിരക്കഥാകൃത്ത് പ്രമോദ് കൂവേരി മനോരമ പത്രത്തിന്റെ ഓഫീസിൽ വിളിച്ച്‌ അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി ഇത്തവണ മികച്ച സിനിമിക്കുള്ള അവാര്‍ഡ് നല്‍കുന്നില്ല എന്നാണ്. മേല്‍ കൊടുത്ത പത്രവാര്‍ത്തയിലെ അടിക്കുറിപ്പില്‍ മികച്ച സിനിമയുടെ സംവിധായകന്‍ ശ്യാമപ്രസാദ് എന്നും ആണ് നൽകിയിരിക്കുന്നത്.

എന്നാൽ ഈ വിഷയത്തിൽ ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ടപ്പോൾ കൃത്യമായ വാർത്ത തന്നെയാണ് നല്കിയിട്ടുള്ളത് എന്ന മറുപടിയാണ് ലഭിച്ചതെന്ന് സംവിധായകൻ ഷെരീഫ് ഈസ അഴിമുഖത്തോട് പറഞ്ഞു. സമാന്തര സിനിമകളോട് കാണിക്കുന്ന അവഗണന തന്നെയാണ് ഇത് വ്യക്തമാക്കുന്നതെന്നും വലിയ നടന്മാരില്ലെങ്കിൽ അത് സിനിമയാകില്ല എന്ന ധാരയാണ് ഇതിനു പിന്നിൽ എന്നും ഷെരീഫ് ഈസ പറഞ്ഞു.

‘ലോകത്തിന് മുന്നിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയത് അറുപതുകൾ മുതൽ അടൂർ സർ ഉൾപ്പെടെ ചെയ്തിട്ടുള്ള സമാന്തര സിനിമകൾ ആണ്. താരപ്പൊലിമയും പണക്കൊഴുപ്പും അത്തരം സിനിമകൾക്ക് ഉണ്ടാകണമെന്നില്ല. അടുത്ത ദിവസം അച്ചടിച്ചുവന്ന വാർത്തയിൽ മനോരമ നൽകിയിരിക്കുന്നത് മികച്ച സിനിമയുടെ സംവിധായകൻ ശ്യാമ പ്രസാദ് ആണെന്നാണ്. പുരസ്‌ക്കാരങ്ങൾ ലഭിച്ചാൽ പോലും ഇത്തരം സിനിമകൾ അംഗീകരിക്കാൻ അവർക്ക് ബുദ്ധിമുട്ടാണ്.’– ഷെരീഫ് ഈസ പറയുന്നു.

മുഖ്യധാര മാധ്യമങ്ങൾ എല്ലാം മനോരമയുടെ അതെ നിലപാട് തന്നെയാണ് സ്വികരിച്ചിരിക്കുന്നത്. ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നവർ എല്ലാം ആദിവാസികളാണ്, അവരുടെ ജീവിതവും അതിജീവനവുമാണ് ഈ സിനിമ പറയുന്നത്. അരികുവൽക്കരിക്കപ്പെട്ട ഒരു ജനതയാണ്‌ സിനിമയ്ക്കു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ക്യാമറയും സംവിധാനവും ഉൾപ്പെടെ ചെയ്തിട്ടുള്ളവരെല്ലാം സാധാരണ തൊഴിലെടുക്കുന്നവരാണ്. താരങ്ങൾ മാത്രമാണ് സിനിമയെന്നെ ഈ പൊതുബോധം മുഖ്യധാര മാധ്യമങ്ങൾ ഉൾപ്പടെ വെച്ച് പുലർത്തുന്നത് തീർത്തും അപലപനീയമാണ്.

ഈ വിഷയത്തിൽ സിനിമ സാംസ്ക്കാരിക രംഗത്തെ ഒട്ടേറെ പേരാണ് വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. സംവിധായകൻ ഡോ. ബിജു ഉൾപ്പടെ ഈ വിഷയത്തിൽ പരസ്യമായി രംഗത്തെത്തിയിരിക്കുമാകയാണ്.

‘കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവാർഡ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം ആണ്. ബാക്കി എല്ലാ അവാർഡുകളും അതിനു താഴെ മാത്രമേ വരൂ. ആ പുരസ്കാരം ഏറ്റു വാങ്ങുന്ന സംവിധായകന്റെയും നിർമാതാവിന്റെയും ചിത്രം മിക്ക മാധ്യമങ്ങളിലും കണ്ടില്ല. താരങ്ങൾ മാത്രമാണ് സിനിമ എന്ന് വിചാരിക്കുന്ന എല്ലാ മാധ്യമങ്ങൾക്കും വീണ്ടും വീണ്ടും നല്ല നമസ്കാരം. നിങ്ങൾ കുറച്ചു കൂടി ഒക്കെ വളരാൻ ശ്രമിക്കും എന്ന് കരുതാനും നിർവാഹമില്ലല്ലോ…’- ഡേ. ബിജു ഫേസ്ബുക്കിൽ കുറിച്ചു.

വീടും പറമ്പും ബാങ്കിൽ പണയം വെച്ചും, സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയും റബ്ബർ ടാപ്പിങ് തൊഴിലാളിയായ ഷെരീഫ് ഈസ നിർമാണവും സംവിധാനവും നിർവഹിച്ച സിനിമയാണ് ‘കാന്തൻ-ദ ലവർ ഓഫ് കളർ’. റബ്ബർ ടാപ്പിങ് ചെയ്യുമ്പോഴും ഷെരീഫിന്റെ മനസ്സിൽ സിനിമ മാത്രമായിരുന്നു. കടം എങ്ങനെ വീട്ടുമെന്നും ജീവിതം എങ്ങനെ മുന്നോട്ടുപോകുമെന്നും ആശങ്കയുണ്ടെങ്കിലും സിനിമയോടുള്ള പ്രണയം അവസാനിപ്പിക്കാൻ ഷെരീഫ് തയ്യാറല്ല. കാന്തൻ-ദ ലവർ ഓഫ് കളർ’ എന്ന സിനിമയ്ക്കായി 20 ലക്ഷത്തോളം രൂപയാണ് ചെലവായത്. ബാങ്കിൽനിന്ന് വായ്പയെടുത്തതു കൂടാതെ ഭാര്യയുടെ ആഭരണങ്ങൾ പണയം വെച്ചും സുഹൃത്തുക്കളിൽനിന്ന് കടം വാങ്ങിയും പണം കണ്ടെത്തി.


ആദിവാസി-ദളിത് മേഖലയിലെ പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കവിയും കഥാകൃത്തുമായ പ്രമോദ് കൂവേരി കഥയും തിരക്കഥയും ഒരുക്കി. വയനാട് തിരുനെല്ലി നെങ്ങറ കോളനിയിലെ അടിയവിഭാഗത്തിൽപ്പെട്ട മനുഷ്യരുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പങ്കുവെക്കുന്നത്.

കുടിയിറക്കപ്പെട്ട ജനതയുടെ രാഷ്ട്രീയം പറയുന്ന ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നതായും സംവിധായകൻ ഷെരീഫ് ഈസ കൂട്ടിച്ചേർത്തു.

റോജിന്‍ കെ റോയ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍