UPDATES

സിനിമ

ഞാന്‍ ആരാധിച്ചിരുന്ന പുരുഷവേട്ടന്‍, നഷ്ടമായത് സ്വന്തം സഹോദരനെ

ഞങ്ങളെപോലുള്ളവരുടെ പ്രചോദനമായിരുന്നു പുരുഷുവേട്ടന്‍; വെട്ടൂര്‍ പുരുഷന്‍ നടന്‍ ജോബിയുടെ ഓര്‍മകളില്‍

അന്തരിച്ച സിനിമ സീരിയല്‍ താരം വെട്ടൂര്‍ പുരുഷനെ കുറിച്ച് നടന്‍ ജോബി അനന്തപുരി ഓര്‍ക്കുമ്പോള്‍

പുരുഷുവേട്ടന്‍ എനിക്ക് സ്വന്തം ചേട്ടനായിരുന്നു. 35 വര്‍ഷം മുന്നേയുള്ള പരിചയമാണ് ഞങ്ങള്‍ തമ്മില്‍. അദ്ദേഹം അന്നേ സിനിമയിലുണ്ട്. അടൂര്‍ ഭാസിയുടെയും ബഹദൂര്‍ക്കയുടെയും ഒപ്പം ഒരുപാട് ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളില്‍ സജീവമായിരുന്നു. പുരുഷുവേട്ടനോട് എനിക്ക് ആരാധനയായിരുന്നു. എന്നെപോലെ പൊക്കം കുറഞ്ഞ ഒരാള്‍ സിനിമയില്‍ അഭിനയിക്കുകയും കയ്യടിവാങ്ങിക്കുകയും ചെയ്യുന്നത് എനിക്ക് വളരെ പ്രചോദനമായിരുന്നു.

തിരുവനന്തപുരത്തെ ടാഗോര്‍ ഹാളില്‍ നടന്ന ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നിശയിലാണ് ഞങ്ങള്‍ ആദ്യമായി പരസ്പരം കാണുന്നത്. അന്ന് കേരള യൂണിവേഴ്‌സിറ്റി കലാപ്രതിഭയായിരുന്നു ഞാന്‍. അദ്ദേഹത്തെ കാണാന്‍ എനിക്കും എന്നെ കാണാന്‍ അദ്ദേഹത്തിനും വളരെ ആകാംഷയായിരുന്നു. ആദ്യമായ് കണ്ടപ്പോള്‍ കെട്ടിപിടിക്കുകയും ഒപ്പം നിന്നു ഫോട്ടോയെടുക്കുകയും ചെയ്തു. അന്നെടുത്ത ചിത്രങ്ങള്‍ ഒരുപാട് മാസികകളിലും പത്രങ്ങളിലും വന്നിരുന്നു. ഒരുപക്ഷെ അന്നാദ്യമായിട്ടാവും മലയാള പത്രങ്ങളില്‍ പൊക്കം കുറഞ്ഞ രണ്ടുപേര്‍ ഒരുമിച്ചുള്ള ഫോട്ടോകള്‍ വരുന്നത്.

‘കാവടിയാട്ടം’ സിനിമയിലാണ് ഞങ്ങള്‍ ആദ്യമായ് ഒരുമിച്ചഭിനയിക്കുന്നത്. പിന്നീട് ഒരുപാട് സിനിമകളില്‍ അഭിനയിച്ചു. കാവടിയാട്ടം സിനിമയുടെ സമയത്തു ഞങ്ങള്‍ ഒരുമിച്ചൊരു കട്ടിലിലാണ് കിടന്നുറങ്ങിയത്. അടൂര്‍ഭാസിയോടൊപ്പവും ബഹദൂര്‍ക്കയോടൊപ്പവുമുള്ള സിനിമ അനുഭവങ്ങള്‍ അദ്ദേഹം പറഞ്ഞു തരുമായിരുന്നു.

"</p

അത്ഭുത ദ്വീപ് സിനിമ ലൊക്കേഷന്‍ ഒക്കെ വളരെ രസകരമായിരുന്നു. ഞങ്ങളെപോലുള്ള ഒരുപാട് പേരുണ്ടായിരുന്നു. പുരുഷുവേട്ടന്‍ താടിയൊക്കെ വച്ച് രാജഗുരുവിന്റെ റോളാണ് ചെയ്തിരുന്നത്. ആ നിമിഷങ്ങളോന്നും ഒരിക്കലും മറക്കാന്‍ പറ്റില്ല.

അദ്ദേഹത്തിന് വേണ്ടി ഒരു സീരിയലില്‍ ശബ്ദം കൊടുക്കാന്‍ എനിക്ക് കഴിഞ്ഞു. കുട്ടിച്ചാത്തന്‍ എന്ന മെഗാസീരിയലില്‍, പുള്ളി അഭിനയിച്ച ഗുരുസ്വാമിയുടെ റോളിന് മുഴുവന്‍ തവണയും ശബ്ദം നല്‍കിയത് ഞാനായിരുന്നു.

ഞാന്‍ വിവാഹം കഴിച്ചതിനു ശേഷമാണ് അദ്ദേഹം വിവാഹിതനായത് (ഈ കാര്യത്തില്‍ ഞാനാണ് അദ്ദേഹത്തിന് പ്രചോദനം എന്ന് ചിരിയോടെ ജോബി).

ഞാന്‍ അദ്ദേഹത്തിന് സ്വന്തം അനിയനെ പോലെയായിരുന്നു. പലപ്പോഴും ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. ജീവിതത്തില്‍ വളരെ ഉത്തരവാദിത്തമുള്ള ആളായിരുന്നു പുരുഷുവേട്ടന്‍. ഞങ്ങളെപോലുള്ള ആളുകളെ മുന്നോട്ട് കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ലയണ്‍സ് ക്ലബിന്റെ തിരുവനന്തപുരം നോര്‍ത്ത് പ്രസിഡന്റായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റ വിയോഗത്തില്‍ എനിക്ക് നഷ്ടമായത് സ്വന്തം ചേട്ടനെ തന്നെയാണ്.

അര്‍ജുന്‍ മോഹന്‍ദാസ്‌

അര്‍ജുന്‍ മോഹന്‍ദാസ്‌

മാധ്യമവിദ്യാര്‍ത്ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍