UPDATES

സിനിമ

മൂന്ന് ഷാജിമാരും മൂന്നര കോമഡിയും; നാദിര്‍ഷയില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്

ഷാനി കാദർ, ദിലീപ് പൊന്നൻ എന്നിവർ ചേർന്നെഴുതിയ കഥയും ദിലീപ് പൊന്നൻ ഒറ്റയ്ക്ക് തയാറാക്കിയ തിരക്കഥ സംഭാഷണവും ആണ് മേരാ നാം ഷാജിയുടെ ഏറ്റവും പ്രധാനം ദൗർബല്യം

ശൈലന്‍

ശൈലന്‍

നാദിർഷ എന്നും കോമഡി എന്നും കേൾക്കുമ്പോൾ പരസ്പരപൂരകവും അഭേദ്യവുമായ ഒരു ബന്ധമുണ്ട്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ റിത്വിക് റോഷൻ എന്നിങ്ങനെ ഉള്ള രണ്ട് മെഗാഹിറ്റ് കോമഡി സിനിമകൾ  സംവിധാനം ചെയ്തത് കൊണ്ട് മാത്രം ഉരുത്തിരിഞ്ഞ് വന്ന ഒരു ബന്ധമല്ല അത്. മൂന്നു പതിറ്റാണ്ടോളമായി നാദിർഷ എന്ന കലാകാരൻ മലയാളികളിൽ സൃഷ്ടിച്ചെടുത്ത ഒരു വിശ്വാസമാണ് അത്.

എന്നാൽ ഈയൊരു ദൃഢവിശ്വാസം അടപടലം തകർന്നടിയുന്ന കാഴ്ചയാണ് നാദിർഷ സംവിധാനം ചെയ്തിരിക്കുന്ന ‘മേരാ നാം ഷാജി’യിൽ കാണാൻ കഴിയുന്നത്. ദുർബലമായ തിരക്കഥയിൽ കോമഡി സൃഷ്ടിക്കാനായി നടത്തുന്ന പരാക്രമങ്ങളെല്ലാം പാളിപ്പോവുമ്പോൾ “മേരാ നാം ഷാജി”യെ സിംപിളായി മൂന്നു ഷാജിമാർ ചേർന്ന് മൂന്നര കോമഡി ഉണ്ടാക്കിയ കഥ ഇന്ന് വിശേഷിപ്പിക്കാം.

തിരുവനന്തപുരത്തുകാരനായ ടാജ്സി ഡ്രൈവർ ഷാജി സുകുമാരൻ, കോഴിക്കോട് ഉള്ള കൊട്ടേഷൻ കലാകാരൻ ഷാജി ഉസ്മാൻ , കൊച്ചിയിലെ ഉടായിപ്പ് ഷാജി aka ഷാജി ജോർജ് എന്നിവരാണ് ശീര്‍ഷകത്തിൽ കാണുന്ന മൂന്നു ഷാജിമാർ. മൂന്നുപേരും ദയനീയമായ കഥാഗതിയ്ക്ക് അനുസൃതമായി കൊച്ചിയിൽ നടക്കുന്ന ചില സംഭവങ്ങളിലേക്ക് കണക്റ്റ് ചെയ്യപ്പെടുന്നതും പരസ്പരം കണ്ടുമുട്ടുന്നതുമൊക്കെയായിട്ടാണ് സിനിമയുടെ പോക്ക്. മൂന്നര കോമഡി എന്നുപറയുന്നത് സത്യമായും അതിശയോക്തി അല്ല. അമർ അക്ബറിലും കട്ടപ്പനയിലും മൂക്കുമുട്ടെ ചിരിച്ച അനുഭവസമ്പത്തുമായി വരുന്ന പ്രേക്ഷകർക്ക് മേരാ നാം ഷാജിയിൽ  വിരലിലെണ്ണാവുന്ന സന്ദർഭങ്ങൾ പോലുമില്ല ഉള്ളുതുറന്ന് ചിരിക്കാൻ.

സിനിമ തുടങ്ങി 20 മിനിറ്റു കഴിയുമ്പോഴാണ് ആദ്യത്തെ കോമഡി വരുന്നത്. ഷാജി ഉസ്മാന്റെ ശക്തി ദൗർബല്യങ്ങളെ കുറിച്ച് നിർമ്മൽ പാലാഴി പറയുന്ന വിറ്റ് ആണ് അത്. പിന്നീട് നാല് അഡ്മിൻ ഗ്രൂപ്പുകളുടെ അഡ്മിൻ ആണെന്നും പറഞ്ഞ് ഷാജി സുകുമാരൻ ഗാഡ്ഗിലിനെയും കസ്തൂരി രംഗനേയും കുറിച്ച് പറയുന്നത് നേരിയ ചിരി സമ്മാനിച്ചു. നാൽപ്പത്തഞ്ചാം മിനിറ്റിൽ ഉടായിപ്പ് ഷാജി സായിപ്പന്മാർക്ക് വേണ്ടി നടത്തുന്ന ട്രഡീഷണൽ കല്യാണത്തിലും കോമഡിയുണ്ട്. പിന്നെ ചിരിച്ചെന്ന് പറയാവുന്നത് ബട്ടക്സിൽ കുത്തുകൊണ്ട ഡൊമിനിക് സഖാവ് ഓട്ടോയിൽ വരുന്ന സീനാണ്.. തീർന്നു. സെക്കന്റ് ഹാഫിൽ ചിരിയുണ്ടാക്കാൻ തിരക്കഥാകൃത്ത് നടത്തുന്ന പെടാപ്പാട് കണ്ട് ചിരിക്കാൻ മാത്രേ നിർവാഹമുള്ളൂ.

ബിജുമേനോൻ, ആസിഫലി, ബൈജു എന്നിവർ ആണ് മൂന്നു ഷാജിമാർ. ലൂസിഫറിൽ താരബാഹുല്യത്തിനിടയിൽ പോലും ഐഡന്റിറ്റി തെളിയിച്ചു കയ്യടി വാങ്ങുന്ന, മിന്നുന്ന ഫോമിലുള്ള ബൈജുവിന് ടൈറ്റിൽ റോൾ കിട്ടിയിട്ട് പോലും പതിവ് എനർജിയ്ക്കുള്ള ആംപിയർ ആ ക്യാരക്റ്റർ നൽകുന്നില്ല. ഉള്ളത് വച്ച് പുള്ളി സ്വന്തം നിലയിൽ മുന്നേറുന്നു. ബിജുമേനോന്റെ ഷാജി ഉസ്മാൻ ലുക്കിന്റെ കാര്യത്തിലൊക്കെ പൊളി ആണ്. പാത്രസൃഷ്ടി മറ്റ് ഷാജിമാരെ പോലെ വീക്ക്. കോഴിക്കോട്ടുകാരനാക്കിയതിനെ ഫോളോ ചെയ്യാൻ അദ്ദേഹത്തിനാവുന്നുമില്ല. ഉഡായിപ്പ് ഷാജിയെ ഉള്ളത് വച്ച് ആസിഫും ഒപ്പിച്ചെടുത്തു. ഗണേശന്റെ ഡൊമിനിക് സഖാവ്, ധർമജന്റെ കുന്തീശൻ എന്നിവർ ലൈവായി നിൽക്കുന്നു. നിഖില, സുരഭി, മൈഥിലി എന്നിവർ സിനിമയർഹിക്കുന്ന നായികമാരാണ്. രഞ്ജിനി ഹരിദാസിനെ സ്‌ക്രീനിൽ നിർത്തിക്കൊണ്ട് അവരുടെ റിയൽ ലൈഫ് ഇമേജിനെ തെറി വിളിക്കുന്നതൊക്കെ ഭൂഷണമാണോ എന്നത് നാദിർഷ സ്വയം ചിന്തിക്കേണ്ട കാര്യമാണ്.

ഷാനി കാദർ, ദിലീപ് പൊന്നൻ എന്നിവർ ചേർന്നെഴുതിയ കഥയും ദിലീപ് പൊന്നൻ ഒറ്റയ്ക്ക് തയാറാക്കിയ തിരക്കഥ സംഭാഷണവും ആണ് മേരാ നാം ഷാജിയുടെ ഏറ്റവും പ്രധാനം ദൗർബല്യം. സംഭാഷണങ്ങളിൽ ഒരു കാര്യവും ഇല്ലാതെ അശ്ലീലം കൊണ്ട് വന്നതിനെ സഹതാപാർഹമായേ കാണാനാവൂ. സംവിധായകൻ എന്ന നിലയിൽ മറ്റുള്ളവർ എഴുതി കൊണ്ടുവരുന്ന സ്‌ക്രിപ്റ്റിൽ കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടത് നാദിര്‍ഷയുടെ കടമ ആയിരുന്നു. മലയാളികൾ നാദിർഷയിൽ നിന്നും ഇതല്ല പ്രതീക്ഷിക്കുന്നത്.

മേരാ നാം ഷാജിയിൽ ഏറ്റവും സന്തോഷം തോന്നിയ ഒരു കാര്യം സിനിമ തുടങ്ങും മുൻപ് ടൈറ്റിൽ ക്രെഡിറ്റിൽ എഴുതി കാണിക്കുന്ന എല്ലാ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള കലാകാരന്മാരുടെയും ഫോട്ടോ കൂടി പേരിനൊപ്പം കാർഡിനൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ്. ഇത് പതിവില്ലാത്ത ഒന്നാണ്. സിനിമയെന്നത് ടീംവർക്കിന്റെ കല ആണെന്ന് വേണ്ടരീതിയിൽ  മനസിലാക്കി തന്റെ കൂടെ ജോലി ചെയ്തവർക്ക് ഉചിതമായ അംഗീകാരവും സ്നേഹവും നൽകിയ നാദിർഷയ്ക്ക് ഒരു ടൈറ്റ് ഹഗ്ഗ്.. അടുത്ത സിനിമ ഗംഭീരമാവട്ടെ ഭായ്..

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍