UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

വരൂ, ഈ തീയറ്ററുകളിലെ ഒഴിഞ്ഞ കസേരകളും ഇറങ്ങിപ്പോക്കും കൂവലുകളും കാണൂ, എന്നിട്ട് പോരെ അക്കൗണ്ട് പൂട്ടിക്കലും ഭീഷണിയുമൊക്കെ?

ഇപ്പോൾ ഇറങ്ങിയ മിഖായേൽ എന്ന സിനിമയുമായി ബന്ധപ്പെട്ട പേജ് പൂട്ടിക്കലിൽ നടന്നത് കോപ്പിറൈറ്റ് ഇൻഫ്രിഞ്ച്മെന്റ് ആക്ട് ഉപയോഗിച്ച് നടന്ന ചൂഷണമാണ്

അപര്‍ണ്ണ

സമൂഹ മാധ്യമങ്ങൾ മലയാളിയുടെ സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷത്തെ എങ്ങനെയൊക്കെ സ്വാധീനിച്ചു എന്നത് വലിയൊരു പഠനം ആവശ്യപ്പെടുന്ന ഒന്നാണ്. എന്തായാലും ആരോഗ്യപരമായും അല്ലാതെയും നമ്മുടെ നിത്യ ജീവിതത്തിൽ എവിടെയൊക്കെയോ സമൂഹ മാധ്യമങ്ങൾ ഇടപെടുന്നുണ്ട്. വാട്സപ്പിൽ അറിയാതെ വാർത്ത പ്രചരിപ്പിക്കുന്നത് മുതൽ രീതിയിൽ എങ്കിലും ജനകീയ ഇടപെടലുകൾ നടത്താൻ വരെ ഇന്ന് സമൂഹ മാധ്യമങ്ങൾ കാരണമാകുന്നുണ്ട്. നമ്മുടെ സമയം മുതൽ പലതിന്റെയും ക്രമീകരണങ്ങൾ മാറ്റാനും ഇവ കാരണമായിട്ടുണ്ട്. സിനിമയും സമൂഹ മാധ്യമങ്ങളും എന്ന വിഷയവും ഇത്തരത്തിൽ അനന്തമായ പഠന സാധ്യതകൾ തരുന്നുണ്ട്. ലോകത്താകമാനമുള്ള അത്തരമൊരു ചർച്ച കേരളത്തിലേക്ക് ചുരുക്കിയാലും സമൂഹ മാധ്യമങ്ങൾ പല നിലയ്ക്ക് സ്വാധീനിക്കുന്നുണ്ട് എന്ന് കാണാം. സിനിമ സംബന്ധിച്ച ആരോഗ്യകരവും അല്ലാത്തതുമായ സംവാദങ്ങൾ മുതൽ പുതിയ സിനിമകൾ റിലീസ് ദിവസം തന്നെ അപ്‌ലോഡ് ചെയ്യുന്ന ക്രൈമിലേക്ക് വരെ ആ സ്വാധീനം നീളുന്നത് കാണാം. സ്‌കൂൾ കോളജ് തീയറ്റർ പരിസരങ്ങളിൽ ഉണ്ടായിരുന്ന ഫാൻ ഫൈറ്റുകൾ സമൂഹ മാധ്യമങ്ങളിലേക്ക് നീണ്ടു. ആരാധകർ പരസ്പരവും അല്ലാതെയും തെറി പറഞ്ഞു൦ ഭീഷണിപ്പെടുത്തിയും ഒക്കെ ഒരിടത്ത് ഭീകരാന്തരീക്ഷം ഉണ്ടാക്കുമ്പോൾ മറുഭാഗത്ത് സിനിമയുടെ രാഷ്ട്രീയ ശരികൾ മുതൽ എല്ലാം സൂക്ഷമമായി വിലയിരുത്തപ്പെടുന്നു. ചില ഓൺലൈൻ സിനിമാസ്വാദക പ്രവർത്തക കൂട്ടായ്മകളുടെ അവാർഡുകൾ വളരെയധികം ജനകീയവും സിനിമാക്കാർക്ക് പ്രിയപ്പെട്ടതും ആകുന്നു. സിനിമാ പ്രവർത്തകർ സിനിമ റിലീസും മറ്റുമായി ബന്ധപ്പെട്ട പ്രമോഷനും ഏറ്റവുമധികം ആശ്രയിക്കുന്നത് സമൂഹ മാധ്യമങ്ങളെയാണ്. തങ്ങളെ ചുറ്റിപ്പറ്റിയുള്ള വിമർശനവും പ്രശംസകളും ഒക്കെ സിനിമാ പ്രവർത്തകർക്ക് പല നിലയ്ക്ക് നേരിട്ടറിയാം എന്നതും സമൂഹ മാധ്യമങ്ങൾ ഉണ്ടായ ശേഷം വന്ന മാറ്റമാണ്.

സമൂഹ മാധ്യമങ്ങൾ സജീവമാകുന്നതിനു തൊട്ടു മുന്നേയുള്ള കുറച്ചു കാലം മലയാള സിനിമ വിമർശനങ്ങളെ നേരിട്ട് കേട്ടിരുന്നില്ല. പത്രങ്ങളിലും ടി.വിയിലും ഉള്ള സിനിമാ നിരൂപണങ്ങളും ആസ്വാദനങ്ങളും പരസ്യത്തിന്റെ പേരിൽ പൂർണമായി നിർത്തലാക്കിയ ഒരു കാലമായിരുന്നു അത്. പല നിലയ്ക്കും ഉള്ള പ്രമോഷൻ അല്ലാതെ മറ്റൊന്നും സിനിമയെ കുറിച്ച് അടയാളപ്പെടുത്തിയിരുന്നില്ല അന്ന്. ചില പ്രസിദ്ധീകരണങ്ങളിൽ സിനിമ പുറത്തിറങ്ങി മാസങ്ങൾക്ക് ശേഷം വന്ന നിരൂപണങ്ങൾ എല്ലാ കാണികളിലേക്കും എത്തിയതും ഇല്ല. സിനിമാ പരസ്യങ്ങൾ കൊണ്ട് നിലയ്ക്ക് നിർത്തപ്പെട്ട മാധ്യമങ്ങളേക്കാൾ ശക്തിയോടെ നവ മാധ്യമങ്ങൾ സജീവമായി. ഏതാൾക്കൂട്ടത്തിനും എഡിറ്റർമാരുടെ മുതലാളിമാരുടെ ഇടപെടൽ ഇല്ലത്തെ അഭിപ്രായം പറയാനായി. ഇത് ഏറ്റവും ഉപയോഗിച്ചത് സിനിമ പ്രവർത്തകരാണ്. ഇത് ഏറ്റവും പ്രതികൂലമായി ബാധിച്ചതും അവരെ ആണെന്ന് പറയാം. പണം കൊണ്ട് മറച്ചു പിടിച്ച അഭിപ്രായങ്ങൾ തിരിച്ചു വന്നു. കാണുന്നവർക്കെല്ലാ൦ അഭിപ്രായം പറയാൻ സിനിമാ കൂട്ടായ്മകൾ ഉണ്ടായി. നിരൂപണങ്ങൾ എഴുത്തായും വീഡിയോകളായും ഒക്കെ തിരിച്ചു വന്നു. തീയറ്ററിനകത്ത് ആള് കൂടുന്നിടത്തൊക്കെ നടക്കുന്ന ചർച്ചകൾ ഓൺലൈനിൽ സജീവമായി. പോപ്പുലർ സിനിമാ പ്രവർത്തകരിൽ പലരും സിനിമയ്ക്ക് ഓൺലൈൻ പ്രമോട്ടേഴ്‌സിനെ ഇറക്കി. ഓൺലൈൻ മീഡിയ പാർട്നെഴ്സ് എന്ന ഓമനപ്പേരിൽ ടൈറ്റിൽ കാർഡിൽ നന്ദി പറയാൻ വലിയ കൂട്ടമുണ്ടാകും. സിനിമയെ ദൂരെ നിന്ന് കാണുന്ന ഒരാളെപ്പോലെ ആർക്കും പണം വാങ്ങി എഴുതുകയും പറയുകയും അങ്ങനെ ആണെന്ന് മനസിലാകാത്ത മട്ടിൽ പ്രകീർത്തിക്കുക എന്നതാണ് ഏറ്റവും ലളിതമായി ഇവർ ചെയ്യേണ്ട പണി. ഇതിനൊപ്പം സിനിമ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞോ വല്ലതും എഴുതുകയും പറയുകയും ചെയ്താൽ തെറി വിളിക്കാനും ഭീഷണിപ്പെടുത്താനും അക്കൗണ്ടുകൾ പൂട്ടിക്കാനും ഇവിടെ സംഘങ്ങൾ വളർന്നു വന്നു. സിനിമാ പ്രൊമോഷന് വേണ്ടി എന്ന പോലെ ഇത്തരം വിമർശനങ്ങളെ അതിജീവിക്കാനും പുതിയ വഴികൾ തെളിച്ചു കൊണ്ടേ ഇരിക്കുന്നു.

ഇപ്പോൾ ഇറങ്ങിയ മിഖായേൽ എന്ന സിനിമയുമായി ബന്ധപ്പെട്ട പേജ് പൂട്ടിക്കലിൽ നടന്നത് കോപ്പിറൈറ്റ് ഇൻഫ്രിഞ്ച്മെന്റ് ആക്ട് ഉപയോഗിച്ച് നടന്ന ചൂഷണമാണ്. ഫേസ്ബുക്കിന്റെ കോപ്പിറൈറ്റ് പോളിസിയുടെ കൃത്യമായ ദുരുപയോഗമാണത്. ഇത് ആദ്യമായല്ല സിനിമാ പ്രവർത്തകർ ഈ നിയമ വിരുദ്ധത പരീക്ഷിക്കുന്നത്. മുൻപ് ആമി എന്ന സിനിമക്ക് ശേഷം വന്ന അക്കൗണ്ട് പൂട്ടിക്കലുകൾ വലിയ നിലയിൽ ചർച്ചയായി. വില്ലൻ, മോഹൻലാൽ എന്നീ സിനിമകളും ഇതേ പാത പിന്തുടർന്നു. മോശം അഭിപ്രായം എഴുതുന്ന പേജുകൾ മാസ്സ് റിപ്പോർട്ട് ചെയ്തു പൂട്ടിക്കുന്നതിനു പുറകെ ചെയ്യുന്നതാണ് ഇത്. സമീപകാലത്ത് സിനിമാ പ്രവർത്തകർ ഏറ്റവും കൂടുതൽ രോഷം കൊണ്ടിട്ടുണ്ടാവുക ഓൺലൈൻ സിനിമാ ആസ്വാദനങ്ങൾ എഴുതുന്നവർക്കെതിരെയാണ്. സംവിധായകൻ ലാൽ ജോസ് ഇവരിൽ പലരെയും ക്യാപിറ്റൽ പണിഷ്‌മെന്റിനു വിധേയരാക്കണം എന്ന് പറഞ്ഞപ്പോൾ, രഞ്ജിത്ത് ഫേസ്ബുക് കുറിപ്പുകൾ ടോയ്‌ലെറ്റ് സാഹിത്യമാണ് എന്ന് പറഞ്ഞു. പുതുതലമുറ സംവിധായകരും ഇതേ അസഹിഷ്ണുത പിന്തുടർന്നു. പക്ഷെ ഇതിൽ കൗതുകരമായ കാര്യം അവരിൽ ഭൂരിഭാഗം പേരും ഓൺലൈൻ പ്രൊമോട്ടേഴ്‌സിനെ ആശ്രയിച്ച് പണം കൊടുത്തുള്ള പ്രൊഫെഷണൽ നിരൂപണങ്ങൾ എഴുതിച്ചു കൊണ്ടേ ഇരുന്നു എന്നതാണ്.

എത്രയൊക്കെ ഇല്ലെന്നു പറഞ്ഞാലും ഒട്ടും ജനാധിപത്യ ബോധം ഇല്ലാത്ത ഒരിടമാണ് സിനിമ. മൂന്നക്ക ശമ്പളത്തിന് പണിയെടുക്കുന്നവരും ലക്ഷങ്ങൾ വാങ്ങുന്നവരും രണ്ടു തരം ഭക്ഷണം കഴിച്ച് രണ്ടു തരം മുറികളിൽ ഉറങ്ങുന്നത് കൂടിയാണ് സിനിമയുടെ ചരിത്രം. അതിൽ വലിയ നവോത്ഥാനം ഒന്നും എത്രയോ ദശാബ്ദങ്ങൾക്കിപ്പുറവും നടന്നിട്ടില്ല. സമീപ ഭാവിയിൽ നടക്കുമെന്ന സൂചനകളും ഇല്ല. പക്ഷെ ഓൺലൈൻ വിമര്‍ശനങ്ങളെ നേരിടാൻ തൊഴിലാളി എന്ന വാക്ക് ആദ്യമായി സിനിമാ മുതലാളിമാർ ഉപയോഗിച്ചു. മിനിമം വേതനം കിട്ടാത്തവരെ അവരുടെ അധ്വാനത്തെ ഒക്കെ പറഞ്ഞ് സിനിമകളെ മാർക്കറ്റ് ചെയ്തു. ദിലീപ് എന്ന സൂപ്പർതാരം നടിയെ ആക്രമിച്ച കേസിൽ, അറസ്റ്റിലായ സമയത്ത് അദ്ദേഹത്തിന്റെ അപ്പോൾ പുറത്തിറങ്ങാനുള്ള രാമലീല എന്ന സിനിമയെ ഒരു വിഭാഗം കാണികൾ ബഹിഷ്കരിക്കും എന്ന് പറഞ്ഞു. അത് സംബന്ധിച്ച സംവാദങ്ങൾക്കിടയിൽ സിനിമ ഒരു കൂട്ടായ്മ ആണെന്നും സിനിമയിലെ പാവപ്പെട്ട തൊഴിലാളികളെ കൂടി ഓർക്കണം എന്നും പറഞ്ഞ് ആ സിനിമയുടെ പ്രവർത്തകർ വലിയ പ്രചാരണങ്ങൾ നടന്നു. ആ പാവപ്പെട്ട തൊഴിലാളികളുടെ സ്വാധീനം ഉണ്ടായോ എന്നറിയില്ലെങ്കിലും കൊച്ചിയിലെ വലിയ ഒരു സ്റ്റാർ ഹോട്ടലിൽ വച്ച് നടന്ന ഈ സിനിമയുടെ വിജയാഘോഷ ചടങ്ങിൽ നടന്റെ മാത്രം പ്രകീർത്തനകൾ കൊണ്ട് നിറഞ്ഞിരുന്നു.

നായക നടന്റെ പല വിധ വർണനകൾക്കപ്പുറം കസബ എന്ന സിനിമയിൽ ചിലത് തനിക്കിഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ നടി ആയിരുന്നു പാർവതി. ദേശീയ പുരസ്‌കാരങ്ങൾ വരെ ലഭിച്ച അവർക്ക് നേരെ ക്രൂരമായ സൈബർ ആക്രമണം നടന്നു. ഇത് മമ്മൂട്ടി എന്ന നടനോടുള്ള ആരാധന കൊണ്ടാണെന്നു പറയപ്പെടുന്നു. അവർ പരാതി കൊടുക്കുകയും ഒരാൾ അറസ്റ്റിൽ ആകുകയും ചെയ്തു. തന്റെ പേരിൽ നടക്കുന്ന ആക്രമണങ്ങളോട് താരം മഹാമൗനത്തിലാണ് എന്നത് കൂടാതെ, അറസ്റ്റിലായി ജാമ്യം കിട്ടിയ ആൾക്ക് വിദേശത്തു ജോലി വാഗ്ദാനം ചെയ്തു ആ സിനിമയുടെ നിർമാതാവ്. അത് വ്യക്തിപരമായ ഒരു തീരുമാനം ആണെങ്കിൽ വ്യക്തിപരത സിനിമാ മേഖലയിൽ ഏകപക്ഷീയമാണോ എന്ന് ചോദിക്കേണ്ടി വരും.

ഇപ്പോൾ ചർച്ചയായ അസഹിഷ്ണുത ഒരു തുടർച്ച തന്നെയാണ്. അത്തരം അസഹിഷ്ണുതക്ക് ചൂട്ടും കത്തിച്ചു കൂടെ പോകുന്ന ആരാധക സംഘടനകളും ഉണ്ട്. എങ്ങനെയെങ്കിലും കാലു പിടിച്ച് സിനിമയിൽ എത്താൻ നടക്കുന്ന സിനിമാ മോഹികളും ഉണ്ട്. കൂട്ട റിപ്പോർട്ടിങ്ങിലൂടെ അടച്ചു പൂട്ടുന്ന ഫേസ്ബുക് പ്രൊഫൈലുകൾ മുതൽ കോപ്പിറൈറ് പോളിസിയുടെ ദുരുപയോഗം വരെ അസഹിഷ്ണുത പല വഴിക്കു പുറത്തു വരുന്നു. അഞ്ചു വർഷത്തോളമായി സിനിമാസ്വാദനങ്ങൾ എഴുതുന്ന ഒരാൾ എന്ന നിലയ്ക്ക് നിരവധി വ്യക്ത്യനുഭവങ്ങൾ ഉണ്ട്. ഒരു സൂപ്പർ താര സിനിമയ്ക്ക് ആസ്വാദനം എഴുതിയപ്പോൾ സ്ലട് ഷെമിംഗ് നടത്തിയ ഒരാൾ ഉണ്ടായിരുന്നു. എനിക്ക് അനുകൂലമായി സംസാരിക്കുന്നവർ എല്ലാം എന്റെ രാത്രിക്കു കാത്തു നിൽക്കുന്ന ക്ലൈന്റ്‌സ് ആണെന്ന് പറഞ്ഞു നേരിട്ട അയാൾ സിനിമാ പ്രവർത്തകൻ ആയിരുന്നു. സിനിമയുടെ പബ്ലിക് റിലേഷന് പണം കൊടുക്കുന്നത് ഈ തെറി വിളികൾക്കും ചേർത്താണെന്നുള്ള ധാരണ സാധാരണക്കാർക്ക് തോന്നുന്ന അത്തരം നിരവധി അനുഭവങ്ങൾ ഉണ്ട്.

Also Read: ‘മിഖായേൽ’ സിനിമക്ക് നെഗറ്റീവ് റിവ്യൂ ; പ്രമുഖ ഫേസ്ബുക്ക് ഗ്രൂപ്പുകൾ പൂട്ടിച്ച് അണിയറ പ്രവർത്തകർ

ക്വീൻ എന്ന ഹിറ്റായ മലയാള സിനിമ കയ്യടി നേടിയത് ഏതാണ് സ്ത്രീക്ക് അസമയം എന്ന് ചോദിച്ചു കൊണ്ട് കൂടിയായിരുന്നു. പ്രത്യക്ഷമായ പിങ്ക് സിനിമയുടെ സ്വാധീനം ഉള്ള രംഗങ്ങൾ ആ സിനിമയിൽ നിരവധി ഉണ്ടായിരുന്നു. ആ സിനിമയെ വിമർശിച്ച വനിതാ നിരൂപകയോട് പക്ഷെ, സിനിമാ പ്രവർത്തകർ പറഞ്ഞത് മീൻ കറി വെക്കാൻ പോകാനായിരുന്നു. സ്ത്രീപക്ഷവും സ്ത്രീ വിരുദ്ധതയും ഒക്കെ പല നിലയ്ക്കുള്ള കച്ചവട സാധ്യതകൾ ആണല്ലോ. ഇത്തരം പരിഹാസങ്ങളുടെ, തെറി വിളികളുടെ ഒക്കെ അടുത്ത ഘട്ടമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഈ കോപ്പി റൈറ്റ് തട്ടിപ്പും. പൂട്ടിച്ച ഫേസ്ബുക് തന്നെ തെറ്റിദ്ധാരണ മാറി ആസ്വാദനകുറിപ്പ് തിരികെ കൊടുക്കുന്ന അനുഭവമാണ് ആമിയുടെ സമയത്ത് ഉണ്ടായത്.  അഭിപ്രായങ്ങളോളം ആഴത്തിൽ ഇത്തരം തെറ്റിദ്ധരിപ്പിക്കലുകൾ നിലനിൽക്കില്ല എന്ന ബോധ്യം ഈ സിനിമാ പ്രവർത്തകർക്കില്ലാത്തിടത്തോളം ഇത്തരം പ്രവണതകൾ തുടർന്ന് കൊണ്ടേ ഇരിക്കും.

സിനിമയെ കുറിച്ച് അഭിപ്രായം പറയുന്നവരെല്ലാം താൻ മുറിയെടുത്ത പഞ്ചനക്ഷത്ര ഹോട്ടലിലെ സ്വീകർത്താക്കളായ തൊഴിലാളികളെ പോലെ ഭവ്യതയിൽ അത് നിർവഹിക്കണം എന്ന ധാർഷ്ട്യം ഒക്കെ ഇവിടെ വിലപ്പോകുമോ എന്ന് സംശയമാണ്. കാരണം അവർ ചെയ്യുന്നത് അവരുടെ തൊഴിലാണ്. നിങ്ങളോട് ചാൻസ് ചോദിച്ചു നടക്കുന്നവരും ആജ്ഞാനുവർത്തികളും മാത്രം നിറഞ്ഞ ലോകത്തിനപ്പുറം സിനിമയെ കാണുകയും വിലയിരുത്തുകയും ചെയ്യുന്ന വലിയൊരു വിഭാഗമുണ്ട്. നിങ്ങൾ എന്ത് പടച്ചുണ്ടാക്കിയാലും കിടു എന്ന് പറയുന്ന ആരാധകരുടെ ഭാഷ അവർക്കുണ്ടാവില്ല. അവരുടെ ഭീഷണിയും നിങ്ങളുടെ പൂട്ടിക്കലും ഒക്കെ നിങ്ങളെ തന്നെ തോൽപ്പിക്കുകയാണ്. ഇപ്പോൾ തുടരുന്ന ഈ പൂട്ടിക്കൽ ഭീഷണിക്കാരോടടക്കം എല്ലാ അസഹിഷ്ണു സിനിമാ പ്രവർത്തകരോടും ഒന്നേ പറയാനുള്ളൂ, വരൂ ഈ തീയറ്ററിലെ ഒഴിഞ്ഞ കസേരകളും ഇറങ്ങിപ്പോക്കും കൂവലുകളും കാണൂ എന്ന്. വൻകിട തീയറ്ററിലെ നൂറു രൂപയിൽ കുറയാത്ത ടിക്കറ്റ് നിരക്ക് വച്ച് കളക്ഷൻ റിക്കോർഡ് പറഞ്ഞു ഞെട്ടിക്കുന്നതിലും റിയലിസ്റ്റിക്ക് ആയ അനുഭവമാകും അത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Also Read: മിഖായേലിന് സിനിമ പാരഡൈസോ ക്ലബില്‍ വിലക്ക്

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍