UPDATES

സിനിമ

അരനൂറ്റാണ്ടോളം അവഗണിച്ചതിന്റെ പ്രായശ്ചിത്തമോ അര്‍ജുന സംഗീതത്തിന് ഇപ്പോള്‍ നല്‍കിയ ഈ പുരസ്‌കാരം

മലയാള ചലച്ചിത്രസംഗീത സംവിധാനത്തിലെ ഒടുവിലത്തെ’മാസ്‌റ്റെറോ’ എം. കെ. അര്‍ജുനന്‍ ആണ്

ശിവ സദ

ശിവ സദ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ എക്കാലവും വിവാദങ്ങളും കൊണ്ടുവരും. ചരിത്രമതാണ്. ഇക്കുറിയുമുണ്ടാകാം പലതും. പക്ഷേ ചലച്ചിത്രഗാന സംഗീത സംവിധായകനുള്ള ഇത്തവണത്തെ പുരസ്‌കാരം, സിനിമലോകത്തിന്റെ ഒരു പശ്ചാത്താപം ചെയ്യലായാണ് കാണേണ്ടത്. അതുല്യനായ ഒരു പ്രതിഭയെ പതിറ്റാണ്ടുകളായി അവഗണിച്ചുപോന്നതിന്റെ പശ്ചാത്താപം. എം.കെ അര്‍ജുനന്‍ എന്ന മാസ്റ്റര്‍ ക്രിയേറ്ററെ അരനൂറ്റാണ്ട് അപഹാസ്യമാം വിധം അവഗണിച്ചതിന്റെ കുടില കഥകള്‍ അറിയുന്ന ആരും അതു പറയും; ഇതൊരു പശ്ചാത്തപം ചെയ്യല്‍ തന്നെ.

1968 ല്‍ ആരംഭിച്ച സിനിമാഗാന സംഗീത സംവിധാനം ഇപ്പോഴും തുടരുന്ന വെറും സാധാരണക്കാരനായ അര്‍ജുനന്‍ മാസ്റ്റര്‍ ഒരു പക്ഷേ ഇന്നു പുഞ്ചിരിക്കുമ്പോള്‍ അതിലൊരു ചെറു പരിഹാസവും നിറയാം! 16 തവണ നാടകഗാനങ്ങള്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സംഗീതജ്ഞന്‍. ഏകദേശം ആയിരത്തോളം സിനിമാപ്പാട്ടുകള്‍ സൃഷ്ടിച്ച പ്രതിഭ. അമ്പത് വര്‍ഷത്തെ ചലച്ചിത്രഗാനസംഗീതസപര്യക്കിടയില്‍ ഇതാദ്യമായാണ് ഒരു സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്. ഒരിക്കലും അവാര്‍ഡ് കിട്ടാത്ത അദ്ദേഹം ഒരു തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയംഗമായിരുന്നുവെന്നൊരു വൈരുദ്ധ്യ തമാശ കൂടിയുണ്ട്.

ഇങ്ങനെയൊരു പുരസ്‌കാരം തന്നെ തേടിയെത്താന്‍ അര നൂറ്റാണ്ട് വൈകിയതിന്റെ പരിഭവമോ പരാതിയോ ഒന്നും മാഷിന് കാണില്ല. അവഗണനയും ഒറ്റപ്പെടുത്തലും കപട ആരോപണങ്ങളും എത്രമേല്‍ കേട്ടിരിക്കുന്നു ആ സംഗീതപ്രതിഭ. ദേവരാജന്‍ മാസ്റ്റര്‍ ചെയ്യുന്ന പാട്ടുകള്‍ ആണ് എം.കെ.അര്‍ജ്ജുന ഗാനങ്ങള്‍ എന്ന ഒരു കൊണ്ടു പിടിച്ച കുപ്രചരണം ആദ്യകാലത്ത് മാസ്റ്റര്‍ നേരിട്ടിരുന്നു. പി.ഭാസ്‌കരന്‍ മാഷിന്റെ ഗാനങ്ങള്‍ സംഗീതം ചെയ്യാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ല എന്ന നിലപാട് എടുത്ത നിര്‍മ്മാതാക്കളും സംവിധായകരും ഉണ്ടായിരുന്നു. പി ഭാസ്‌കരന്‍ മാസ്റ്ററേക്കാള്‍ ഉറച്ച നിലപാടുകള്‍ ഉള്ള ശ്രീകുമാരന്‍ തമ്പിയാണ് ശരിക്കും എം.കെ.അര്‍ജുനന്‍ എന്ന സംഗീത പ്രതിഭയെ അകമഴിഞ്ഞ് അറിഞ്ഞതും ഒപ്പം നിന്നതും. അക്കാല സിനിമാരംഗത്തെ ചില കോക്കസുകളും ‘അഭിജാത സംഘവും’ പൊളിച്ചടുക്കുന്നതില്‍ ശ്രീകുമാരന്‍ തമ്പിയെന്ന കവിയും സിനിമാക്കാരനും ചരിത്രപരമായ കടമകള്‍ നിര്‍വ്വഹിച്ചു. അതിന്റെ ഗുണഫലങ്ങള്‍ അര്‍ജുന്‍ മാസ്റ്റര്‍ക്ക് സഹായകമായി.

ശരിക്കും പറഞ്ഞാല്‍ മലയാള ചലച്ചിത്രസംഗീത സംവിധാനത്തിലെ ഒടുവിലത്തെ’മാസ്‌റ്റെറോ’ എം. കെ. അര്‍ജുനന്‍ ആണ്. അതിന് ശേഷം വന്നവര്‍ ഒന്നും മാസ്റ്റര്‍ പദവിയിലും ജനകീയാംഗീകാരമുള്ള മാസ്റ്റര്‍ ആയില്ല.

ബാല്യത്തില്‍ പഴനിയിലെ ആശ്രമത്തില്‍ ഭജനകള്‍ പാടി തന്റെ സ്വരസ്ഥാനങ്ങള്‍ ഉറപ്പിച്ച, ഫോര്‍ട്ടുകൊച്ചിയിലെ സാധു കുടുംബാംഗമായ എം.കെ.അര്‍ജുനന്‍ നേരിട്ട വെല്ലുവിളികള്‍ അതികഠിനമായവയായിരുന്നു. ദേവരാജന്‍ മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി സ്വാമി, ചിദംബരനാഥ്, എം.എസ് ബാബുരാജ്, എം.എസ് വിശ്വനാഥന്‍, പുകഴേന്തി തുടങ്ങിയ മഹാരഥന്മാരോടാണ് കേവലം ഹാര്‍മോണിസ്റ്റായി അറിയപ്പെട്ട അര്‍ജുനന്‍ താരതമ്യം ചെയ്യപ്പെട്ടത്. ദേവരാജന്‍ മാസ്റ്ററുടെ ആശിര്‍വാദവും ആര്‍ കെ ശേഖറുടെ സംരക്ഷണവും അജയ്യനായ സംഗീത സംവിധായകന്റെ ശുദ്ധ വഴികള്‍ തെളിച്ചു! നാടക സംഘമായ കാളിദാസ കലാകേന്ദ്രത്തിലെ ഹാര്‍മോണിസ്റ്റില്‍ നിന്നും സംഗീത കുലപതികള്‍ക്കൊപ്പവും മേലെയുമായി അദ്ദേഹം വളര്‍ന്നു.

1968 ലെ കറുത്ത പൗര്‍ണ്ണമി എന്ന ചിത്രത്തിലെ ആദ്യ ഗാനം ‘മാനത്തിന്‍മുറ്റത്ത് മഴവില്ലാലഴ കെട്ടും മധുമാസമനികളേ’ എന്ന ഗാനം മുതല്‍ അദ്ദേഹം സൃഷ്ടിച്ച ഗാന മാധുര്യങ്ങള്‍ മലയാളികള്‍ ഹൃദയത്തിലേറ്റിയെങ്കിലും പോയ അരനൂറ്റാണ്ടിലും ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അത് കേട്ടില്ല, അറിഞ്ഞില്ല! എം കെ .അര്‍ജ്ജുനന്‍ ഗാനങ്ങള്‍ അവര്‍ പരിഗണിച്ചില്ല. പി ഭാസ്‌ക്കരന്‍, വയലാര്‍, ഒ എന്‍ വി, ശ്രീകുമാരന്‍ തമ്പി, തിക്കുറുശ്ശി, മുല്ലനേഴി, പൂവച്ചല്‍ ഖാദര്‍, ഭരണിക്കാവ് ശിവകുമാര്‍, പാപ്പനംകോട് ലക്ഷ്മണ്‍ തുടങ്ങിയ പ്രതിഭകളുടെ ഗാനതല്ലജങ്ങള്‍ കൊണ്ട് മലയാള ചലച്ചിത്രങ്ങളില്‍ എത്രയെത്ര മധുരഗീതങ്ങള്‍ സൃഷ്ടിച്ചിട്ടും.

ആര്‍ കെ ശേഖര്‍ ആയിരുന്നു എം.കെ.അര്‍ജുനന്‍ മാസ്റ്ററുടെ ഏറ്റവും വലിയ സംഗീത സൗഹൃദം. ദിലീപ് എന്ന ബാലനായ സംഗീത പ്രതിഭ രൂപപ്പെട്ട് എ ആര്‍ റഹ്മാനായതിലും അര്‍ജുനന്‍ മാസ്റ്ററുടെ ഒരു പങ്കുണ്ട്. ആ ഗുരുത്വം റഹ്മാന്‍ ഇന്നും മാഷോട് പുലര്‍ത്തുന്നുണ്ടെന്നത് ഏറെ സന്തോഷകരം.

ആലോചിച്ചാല്‍ അതിശയവും അവിവേകം ഓര്‍ത്ത് ലജ്ജയും പരിഹാസവും പ്രതിഷേധവും തോന്നുന്നതാണ് അര്‍ജുന സംഗീതത്തോട് അവാര്‍ഡ് സമിതികള്‍ നിരന്തരം പുലര്‍ത്തിയ വിവേചനം!

അദ്ദേഹത്തിന്റെ ചില ഗാനങ്ങള്‍ മലയാളത്തിലെ ലക്ഷണമൊത്ത ഗസലുകള്‍ തന്നെയാണ്. ചെമ്പകതൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി, അനുവാദമില്ലാതെ അകത്തു വന്നു…, ഏഴു സുന്ദരരാത്രികള്‍..തുടങ്ങിയവ ഉദാഹരണങ്ങള്‍!

ഏത് നിലയ്ക്കും ഒന്നാം നിരയില്‍ നില്‍ക്കുന്ന എത്രയോ സുഭഗ സംഗീത ഗാനങ്ങള്‍ വേറെയും…

പാടാത്ത വീണയും പാടും, കുയിലിന്റെ മണിനാദം കേട്ടു… ആയിരം അജന്താശില്പങ്ങളില്‍…തളിര്‍ വലയോ താമര വളയോ…കസ്തൂരി മണക്കുന്നല്ലോ കാറ്റേ… ച ന്ദ്രക്കല മാനത്ത് ചന്ദന നദി താഴത്ത്… ചന്ദ്രരശ്മി തന്‍…നക്ഷത്ര കിന്നരന്മാര്‍ വിരുന്നു വന്നു… സ്‌നേഹ ഗായികേ നിന്‍ സ്വപ്ന വേദിയില്‍, ഹൃദയമുരുകി കരയില്ലെങ്കില്‍, പൗര്‍ണ്ണമി ചന്ദ്രിക തൊട്ടു വിളിച്ചു: അതിങ്ങനെ നീളും.

ഒരു ഇടവേളയ്ക്കു ശേഷം സംവിധായകന്‍ ജയരാജിന്റെ നവരസ പരമ്പര ചിത്രങ്ങളില്‍ വീരം’ എന്ന പടത്തിലാണ് മാസ്റ്റര്‍ വീണ്ടും സജീവമായത്. അങ്കച്ചേകവന്മാരുടെ കഥ പറഞ്ഞ സിനിമയില്‍ വടക്കന്‍പാട്ട് നാടോടി മൊഴിയായിരുന്നു സംഗീത പ്രമേയം. ആ പരമ്പരയിലെ ഒടുവിലെ ചിത്രമായ ഭായനകത്തിലൂടെ ഒടുവില്‍ മാഷെ തേടി ആ ആംഗീകരവും എത്തി. അദ്ദേഹത്തിന്റെ ചലച്ചിത്ര സംഗീതജീവിതത്തിന്റെ അമ്പതാം വര്‍ഷത്തില്‍ വഴി തെറ്റിയെന്ന പോലെ.

വിവേചനങ്ങളും അവഗണനയും പരസ്പര തഴുകലും സഹായവും പരിചിതമായ സിനിമാലോകത്തെ സംഗീത പ്രതിഭാ പ്രഭാഗോപുരം തന്നെയാണ് എം.കെ.അര്‍ജ്ജുനന്‍ മാസ്റ്റര്‍ എന്നത് ഗാനാസ്വാദകര്‍ തിരിച്ചറിഞ്ഞിരുന്നു എന്നത് തന്റെ അദ്ദേഹത്തിന്റെ മഹത്വം.

അദ്ദേഹത്തിന് അവാര്‍ഡ് നല്‍കുക വഴി ഒരു വിമലീകരണം ആവാം അവാര്‍ഡ് ചരിത്രത്തില്‍ സംഭവിച്ചത്.

അര നൂറ്റാണ്ടിന്റെ നിന്ദ്യമായ അവഗണനയുടെ കറുത്ത കഥകള്‍ നമുക്കിനിപ്പറയാതിരിക്കാം! വളരെയേറെ വൈകിയെങ്കിലും അര്‍ജുന സംഗീതത്തിലെ കസ്തൂരി മണം തിരിച്ചറിയാന്‍ ഇത്തവണത്തെ ജൂറിക്കെങ്കിലും കഴിഞ്ഞല്ലോ. അര്‍ജുനന്‍ മാസ്റ്റര്‍ ഇനിയും പാടട്ടെ; സുഭഗലയസാന്ദ്രമധുര ഗീതികള്‍…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശിവ സദ

ശിവ സദ

എഴുത്തുകാരന്‍, സാമൂഹിക-രാഷ്ട്രീയ നിരീക്ഷകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍