UPDATES

സിനിമ

ആരാധകന്റെ നിപ മരണത്തിലെ അനുശോചനത്തില്‍ ഒതുക്കരുത് മോഹന്‍ലാല്‍ താങ്കളുടെ സാമൂഹ്യഇടപെടല്‍

ആരോഗ്യ വകുപ്പിന്റെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ജാഗ്രത സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന അംബാസഡറാകേണ്ട ചുമതല താരങ്ങള്‍ സ്വയം ഏറ്റെടുക്കേണ്ടതാണ്

വടക്കന്‍ കേരളത്തെ ഭയാശങ്കകളിലാഴ്ത്തി നിപ വൈറസ് ബാധ പടര്‍ന്നു പിടിക്കുകയാണ്. വൈറസ് ബാധയുണ്ടായ വീടിനെയും ഗ്രാമത്തെയും ജില്ലയെ തന്നെയും ഒറ്റപ്പെടുത്തുന്ന സാഹചര്യത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. ജനങ്ങള്‍ക്ക് ഈ വൈറസിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നതാണ് ഇതിന് പ്രധാനകാരണം. ഈ ധാരണിയില്ലായ്മ അവരെ പരിഭ്രാന്തരാക്കിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് നിപ വൈറസ് ബാധിച്ച് മരിച്ച ആരാധകന്റെ നിര്യാണത്തില്‍ മോഹന്‍ലാല്‍ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്. തന്റെ ഒരു ആരാധകന്റെ മരണം അറിഞ്ഞ് ഫേസ്ബുക്ക് പേജിലൂടെ അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധി അഭിനന്ദനീയമാണ്.

എന്നാല്‍ ഈയൊരു അനുശോചന കുറിപ്പില്‍ മോഹന്‍ലാലിന്റെയും അദ്ദേഹത്തെ പോലുള്ള ചലച്ചിത്ര മേഖലയിലെ മറ്റ് സെലിബ്രിറ്റികളുടെയും ഉത്തരവാദിത്വം അവസാനിക്കുമോ എന്നൊരു ചോദ്യം ഇവിടെ ഉയരേണ്ടിയിരിക്കുന്നു. കാരണം ചലച്ചിത്ര താരങ്ങള്‍ ഉന്നയിക്കുന്ന ഏതൊരു അഭിപ്രായവും സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. അവരെന്താണ് പറയുന്നതെന്ന് കാതോര്‍ത്തിരിക്കുന്നവരാണ് ജനസാമാന്യം. സിനിമകളില്‍ അവര്‍ പകര്‍ന്നാട്ടം നടത്തുന്ന കഥാപാത്രങ്ങള്‍ നല്‍കുന്ന സന്ദേശങ്ങളിലൂടെ സമൂഹത്തിന്റെ നന്മ കാണുന്നവരാണ് ഈ ആരാധകര്‍. നിപ വൈറസ് പടരുന്നതിനൊപ്പം തന്നെ അല്ലെങ്കില്‍ അതിനേക്കാള്‍ വേഗതയില്‍ നിപയെക്കുറിച്ചുള്ള അബദ്ധ ധാരണകളും വ്യാജ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. വ്യാജ വൈദ്യന്മാരും ജനങ്ങളുടെ ഈ ഭീതിയും അറിവില്ലായ്മയും മുതലെടുക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നു. നിപ പ്രതിരോധത്തിനെന്നു കരുതി വ്യാജ ഹോമിയോ മരുന്ന് കഴിച്ച് നിരവധി പേര്‍ക്ക് ദേഹാസ്വസ്ഥ്യമുണ്ടായ സംഭവം ഇന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അസുഖം ഭയന്ന് ഒരു വിഭാഗം സാമൂഹിക ഒറ്റപ്പെടലും അനുഭവിക്കുന്നു. എന്തിന് രോഗബാധിതരെ ചികിത്സിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തേക്ക് പോകാന്‍ പോലും പലരും ഭയക്കുന്നു. പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാരെ ബസുകളില്‍ കയറാന്‍ പോലും അനുവദിക്കുന്നില്ല. അവരുടെ കുടുംബങ്ങളെയും പനി ഭയന്ന് സമൂഹം ഒറ്റപ്പെടുത്തിയിരിക്കുന്നു.

കേരളം സമീപകാലത്ത് കണ്ടിട്ടുള്ള ഏറ്റവും വലിയ ആരോഗ്യദുരന്തമാണ് നിപ വൈറസ്. നിപ വൈറസിന്റെ വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നതായാണ് ആരോഗ്യ വിദഗ്ധര്‍ തന്നെ സംശയം പ്രകടിപ്പിക്കുന്നത്. ആരോഗ്യവകുപ്പ് അധികൃതരും മതസ്ഥാപനങ്ങളും പോലും ജനങ്ങളുടെ ആശങ്കയകറ്റാനും ശാസ്ത്രീയമായി തന്നെ ഈ വൈറസ് ബാധയെ പ്രതിരോധിക്കാനും ആഹ്വാനം ചെയ്യുമ്പോള്‍ നിങ്ങള്‍ക്കും അത്തരമൊരു ഉത്തരവാദിത്വം ഈ സമൂഹത്തോടില്ലേ? ആരോഗ്യ വകുപ്പിന്റെ സന്ദേശങ്ങള്‍ എല്ലാം തന്നെ ജനങ്ങള്‍ പൂര്‍ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നില്ലെന്നാണ് വ്യാജമരുന്നുകളെക്കുറിച്ചുള്ള ഇന്നത്തെയും വാര്‍ത്തയില്‍ നന്നും മനസിലാകുന്നത്. ഈ സാഹചര്യത്തില്‍ സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരന്മാര്‍ എന്ന നിലയ്ക്ക് മോഹന്‍ലാലും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും തങ്ങള്‍ക്ക് എന്തുചെയ്യാനാകുമെന്ന് ചിന്തിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ആളുകളുണ്ടെന്ന സാഹചര്യത്തില്‍. നിങ്ങള്‍ പണം വാങ്ങി അഭിനയിക്കുന്ന പരസ്യ ചിത്രങ്ങള്‍ ഉപഭോക്താക്കളെക്കൊണ്ട് അതാത് ഉല്‍പ്പന്നങ്ങള്‍ വാങ്ങിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണല്ലോ.

ആരോഗ്യ വകുപ്പിന്റെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അംബാസഡറാകേണ്ട ചുമതല നിങ്ങള്‍ സ്വയം ഏറ്റെടുക്കേണ്ടതാണ്. കാരണം, ഇത് നിങ്ങളുടെ ചിത്രങ്ങള്‍ ടിക്കറ്റെടുത്ത് വിജയിപ്പിക്കുന്ന ഒരു സമൂഹത്തെ ബാധിച്ചിരിക്കുന്ന ദുരന്തമാണ്. ഈ സാഹചര്യത്തില്‍ സമൂഹത്തെ ബോധവല്‍ക്കരിക്കുകയും അവര്‍ക്ക് വാക്കുകളിലൂടെയെങ്കിലും ആശ്വാസമേകാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം താരങ്ങള്‍ കാണിക്കണം. പതിവായി ഫേസ്ബുക്ക് ലൈവിലും മറ്റും എത്താറുള്ള താരങ്ങള്‍ക്ക് അതിന് യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല.

പനി ബാധ മൂലം ഏതാനും തിയറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. നിപ മറ്റ് ജില്ലകളിലേക്ക് കൂടി പടര്‍ന്നു പിടിക്കുന്ന സാഹചര്യമുണ്ടായാല്‍ കൂടുതല്‍ തിയറ്ററുകള്‍ അടച്ചിടണമെന്ന് നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെടും. അത് നിങ്ങളുടെയും നിങ്ങളെ ചുറ്റിപ്പറ്റിയുള്ള നിരവധി ആളുകളുടെയും സാമ്പത്തിക സ്രോതസിനെയും ഉപജീവനത്തെയും കൂടിയാണ് ബാധിക്കുകയെന്ന് ഓര്‍ത്താല്‍ നന്ന്. സമൂഹത്തെ ബാധിക്കുന്ന ഏതൊരു പ്രശ്‌നമുണ്ടാകുമ്പോഴും തമിഴ് ചലച്ചിത്ര താരങ്ങള്‍ ജനങ്ങളോട് ഇടപെടുന്നത് മലയാള ചലച്ചിത്ര താരങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍