UPDATES

സിനിമ

മോഹന്‍ലാല്‍ വിരുദ്ധ പ്രചരണം ആരുടെ സൃഷ്ടി?

സൃഷ്ടിച്ചെടുത്ത ‘മോഹന്‍ലാല്‍ ബഹിഷ്‌കരണം’ മോഹന്‍ലാലിന് ഗുണമായതുപോലെ…

2017 സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലെ മുഖ്യാതിഥിയുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ഇത്തവണത്തെ പുരസ്‌കാര വിതരണ ചടങ്ങില്‍ ഒരു മുഖ്യാതിഥിയെ ക്ഷണിക്കാന്‍ സാംസ്‌കാരിക വകുപ്പ് തീരുമാനം എടുത്തതോടെയാണ് അതിനെതിരേ എതിര്‍പ്പുകളും വിമര്‍ശനങ്ങളുമായി ചിലര്‍ രംഗത്ത് വന്നത്. മുഖ്യതിഥിയുടെ സാന്നിധ്യം മറ്റ് പുരസ്‌കാര ജേതാക്കളുടെ മാറ്റ് കുറയ്ക്കുമെന്നും വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും മുഖ്യാതിഥികളായി പുരസ്‌കാര ജേതാക്കളെ മാത്രം ഉള്‍പ്പെടുത്തി ലളിതമായ ചടങ്ങായി മാറ്റണം പുരസ്‌കാര വിതരണം എന്നായിരുന്നു എതിര്‍പ്പുന്നയിച്ചവരുടെ ആവശ്യമെങ്കിലും, സര്‍ക്കാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി കണ്ടിരുന്നത് മോഹന്‍ലാലിനെ ആയിരുന്നതിനാല്‍ എതിര്‍പ്പും വിമര്‍ശനങ്ങളും അദ്ദേഹത്തെ ലക്ഷ്യം വച്ചുള്ളതാണെന്ന തരത്തില്‍ പ്രചാരം നേടിയതോടെയാണ് ഇതൊരു വിവാദമായത്.

കഴിഞ്ഞ ദിവസം സിനിമ-സാംസ്‌കാരിക-സാഹിത്യ-മാധ്യമ മേഖലകളില്‍ നിന്നായി നൂറ്റിയെട്ടോളം പേര്‍ ഒപ്പിട്ട ഒരു നിവേദനം മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നല്‍കുന്നതിനായി തയ്യാറാക്കപ്പെട്ടിരുന്നു. ഈ നിവേദനത്തില്‍ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത് ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥി എന്നൊരാള്‍ വേണ്ടെന്നും അങ്ങനെയൊരു കീഴ്‌വഴക്കം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്നുമായിരുന്നു. മുഖ്യാതിഥിയായി സര്‍ക്കാര്‍ നിശ്ചിയിച്ച മോഹന്‍ലാലിന്റെ പേര് പരാമര്‍ശിക്കാതെ ഒരു താരം എന്നുമാത്രമായിരുന്നു നിവേദനത്തില്‍ സൂചിപ്പിച്ചിരുന്നത്.

എന്നാല്‍ ഈ നിവേദനം, ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ടുള്ള നിവേദനമായാണ് വാര്‍ത്തയായത്. മോഹന്‍ലാലിനെതിരേ നടക്കുന്ന നീക്കമായി ഇതിനെ വ്യാഖ്യാനിച്ചും വിപുലപ്പെടുത്തിയും വാര്‍ത്തകള്‍ വന്നു. നടി ആക്രമിക്കപ്പെട്ട കേസ്, ദിലീപിനെ തിരികെ എഎംഎംഎ സംഘടനയില്‍ എടുക്കാനുള്ള തീരുമാനം എന്നിവയില്‍ താരസംഘടനയുടെ പുതിയ പ്രസിഡന്റ് എന്ന നിലയില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനായി നില്‍ക്കുന്ന മോഹന്‍ലാലിനെതിരേയുള്ള പ്രതിഷേധമാണ് അദ്ദേഹത്തെ ചടങ്ങില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യത്തിനു പിന്നിലെന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെട്ടു.

ചടങ്ങിലെ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ഉദ്ദേശിച്ചിരുന്നുവെങ്കിലും ആ കാര്യം ഔദ്യോഗികമായി അറിയിച്ച് ക്ഷണിച്ചിരുന്നില്ല. അതിനു മുന്നേയാണ് വിമര്‍ശനങ്ങളും നിവേദനവും ഉയര്‍ന്നു വന്നത്. ഇങ്ങനെയൊരു നിവേദനം പുറത്തുവന്ന വിവരം മോഹന്‍ലാല്‍ അടുത്ത വൃത്തങ്ങള്‍ വഴിയാണ് അറിയുന്നത്. സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടുപോലുമില്ലാത്ത സാഹചര്യത്തില്‍ ഇത്തരമൊരു പ്രതിഷേധം മോഹന്‍ലാലിനെതിരേ ഉണ്ടായത് മറ്റ് ചില താത്പര്യങ്ങളോടെ ആയിരിക്കുമെന്ന കണക്കൂട്ടലില്‍ അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ എത്തി. ക്ഷണിച്ചാലും ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അനുകൂലമായ ഒരു തീരുമാനം അദ്ദേഹത്തില്‍ നിന്നും ഉണ്ടാകില്ലെന്ന സൂചനയും ഇതിനിടയില്‍ പുറത്തുവന്നു. കുടൂതല്‍ പ്രസ്താവനകളോ അതുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങള്‍ക്കോ ഇടനല്‍കാതെ മോഹന്‍ലാല്‍ മൗനം പാലിച്ചെങ്കിലും, ആ നിവേദനം മോഹന്‍ലാലിനെതിരേ എന്ന നിലയില്‍ ഏറ്റെടുത്തു പ്രചരിപ്പിച്ചവര്‍ വിഷയം മറ്റൊരു തരത്തില്‍ എത്തിച്ചു.

ഇതേ തുടര്‍ന്നാണ് പ്രകാശ് രാജ്, സന്തോഷ് തുണ്ടിയില്‍ തുടങ്ങിയവര്‍ തങ്ങള്‍ മോഹന്‍ലാലിനെതിരേ നിവേദനത്തില്‍ ഒപ്പിട്ടില്ലെന്നും അദ്ദേഹത്തെ പ്രശംസിച്ചും രംഗത്തു വന്നത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ അടക്കം നിവേദനത്തിനു പിന്നിലെ കേന്ദ്രങ്ങളുടെ ലക്ഷ്യം മോഹന്‍ലാല്‍ തന്നെയായിരുന്നുവെന്നും എന്നാല്‍ അവരുടെ നീക്കം പൊളിഞ്ഞെന്നും പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് വന്നത്.

പ്രസ്തുത നിവേദനത്തില്‍ ഒപ്പിട്ടിട്ടുള്ള, ജൂറി അംഗം കൂടിയായ സംവിധായകന്‍ ഡോ. ബിജു, തങ്ങളുടെ വിയോജിപ്പ് മോഹന്‍ലാലിനെതിരേയായിരുന്നില്ലെന്നും മുഖ്യാതിഥിയെ ക്ഷണിക്കുന്നതിനെതിരെയാണെന്നും വിശദീകരിച്ചെങ്കിലും രംഗം തണുത്തില്ല. അദ്ദേഹത്തിന്റെ നിലപാട്, ആ നിവേദനത്തിലെ ഉള്ളടക്കവുമായി കൂട്ടിവായിക്കുമ്പോള്‍ ന്യായമാണെങ്കിലും മോഹന്‍ലാല്‍ വിരുദ്ധ പ്രവര്‍ത്തനം എന്ന നിലയില്‍ തന്നെയാണ് ആ നിവേദനം ഇപ്പോഴും വ്യാഖ്യാനിക്കപ്പെടുന്നത്.

തങ്ങള്‍ ആരെയും പേരെടുത്ത് പറഞ്ഞ് ബഹിഷ്‌കരാണാഹ്വാനം നടത്തിയിട്ടില്ലെന്നു പറയുമ്പോഴും ഇത്തരമൊരു നീക്കത്തിനു പിന്നില്‍ ചില സിനിമ രാഷ്ട്രീയം ഉണ്ടെന്നു തന്നെയാണ് ആ മേഖലയില്‍ നിന്നു തന്നെ കിട്ടുന്ന വിവരം. താരാധിപത്യത്തെ തകര്‍ക്കുക എന്ന പുറം പറച്ചിലിനപ്പുറം ഒരു താരത്തെ വ്യക്തിപരമായി തന്നെ എതിരിടാന്‍ കിട്ടിയിരിക്കുന്ന അനുകൂല സാഹചര്യം ചിലര്‍ മുതലെടുക്കുകയാണ് ഉണ്ടായതെന്നു പറയുന്നു. ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ഒരു സംവിധായകന്റെ നേതൃത്വത്തിലാണ് അങ്ങനെയൊരു നീക്കം നടന്നതെന്നും പറയുന്നു. എന്നാല്‍ അവര്‍ പ്രതീക്ഷിക്കാത്ത തരത്തിലേക്ക് ഇതിനെ എത്തിച്ച് മോഹന്‍ലാല്‍ അനുകൂല തരംഗം സൃഷ്ടിക്കാന്‍ മറുവിഭാഗത്തിന് കഴിഞ്ഞിരിക്കുന്നിടത്ത് ഈ നിവേദന നീക്കം തിരിഞ്ഞുകൊത്തിയിരിക്കുകയാണ്.

വിമര്‍ശനങ്ങളും ആക്ഷേപങ്ങളും നിരവധിയുണ്ടെങ്കിലും മോഹന്‍ലാലിനെ പോലൊരു നടനെ സിനിമ പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുപ്പിക്കാതെ ഒഴിവാക്കണം എന്ന ആവശ്യം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന പ്രതികരണങ്ങളുമായി സിനിമയില്‍ ഉള്ളവരും അല്ലാത്തവരുമായി നിരവദി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. പുറത്തു വന്ന നിവേദനത്തില്‍ ഒപ്പിട്ടവരുടെ കൂടെ ഉണ്ടായിരുന്ന പ്രകാശ് രാജ് മോഹന്‍ലാലിനെതിരേയുള്ള നീക്കത്തിനെതിരേ ശക്തമായി വിയോജിപ്പാണ് ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ മോഹന്‍ലാലിനെതിരേ തങ്ങള്‍ ഒപ്പിട്ടില്ലെന്നാണ് പ്രകാശ് രാജ് ആയാലും ജൂറിയംഗമായ ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയിലുമൊക്കെ പറയുന്നത്. അതേസമയം ചടങ്ങ് മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ എന്ന നിലയിലുള്ള നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ടെന്ന് സന്തോഷ് പറയുന്നുമുണ്ട്. അവിടെയാണ് മോഹന്‍ലാല്‍ അനുകൂലികള്‍ വിജയിച്ചിരിക്കുന്നതും. ഇത്തരമൊരു നിവേദനം മോഹന്‍ലാലിനെതിരേയാണ് എന്ന തരത്തിലേക്ക് മാറ്റി അവര്‍ നടത്തിയ പ്രചാരണം വിജയം കണ്ടതിന്റെ പ്രതികരണങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

എന്തായാലും തന്റെ പേരില്‍ ഉണ്ടായ പുതിയ വിവാദം തനിക്ക് ഗുണമായി എന്ന അവസ്ഥയാണ് മോഹന്‍ലാലിന് ഉണ്ടാക്കിയിരിക്കുന്നത്. മറുവിഭാഗം ഇനി ഇങ്ങനെയീ പ്രതിസന്ധി തരണം ചെയ്യുമെന്നാണ് കാണേണ്ടത്…

മോഹന്‍ലാലും ലൂക്ക ബ്രാസിയും തമ്മിലെന്ത്? കാര്യമുണ്ടെന്ന് എന്‍എസ് മാധവന്‍

മോഹന്‍ലാലിനെതിരെ ഒപ്പിട്ടില്ലെന്ന് പ്രകാശ് രാജ്; ചതിയാണെന്ന് കാമറമാൻ സന്തോഷ് തുണ്ടിയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍