കാലാപാനി പോലെ പാന്‍ ഇന്ത്യന്‍ സിനിമയായിരിക്കും ഇതെന്ന് മോഹന്‍ലാല്‍
മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടിലൊരുങ്ങുന്ന കുഞ്ഞാലിമരയ്ക്കാറെ കുറിച്ചുള്ള സിനിമയുടെ ഷൂട്ടിംഗ് ഈവര്‍ഷം നവംബറില്‍ ആരംഭിക്കും. മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന് നൂറ് കോടി രൂപയുടെ നിര്‍മ്മാണ ചെലവാണ് പ്രതീക്ഷിക്കുന്നത്.
‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്നാണ് ചിത്രത്തിന്റെ പേര്. ആന്റണി പെരുമ്പാവൂര്‍, സി ജെ റോയി, സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹൈദ്രാബാദിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള നടന്മാര് ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് അറിയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടി ദാമോദരനുമൊത്തു ചേര്‍ന്നാണ് ഈ ചിത്രം ആലോചിച്ചതെന്ന് പ്രിയദര്ശന് പറഞ്ഞു. എന്നാല്‍ അന്ന് ഇത് മലയാളത്തിന്റെ കാന്‍വാസില്‍ ഒതുങ്ങുന്ന സിനിമയായിരുന്നില്ല. അതിനാലാണ് നീണ്ടുപോയത്.
കാലാപാനി പോലെ പാന്‍ ഇന്ത്യന്‍ സിനിമയായിരിക്കും ഇതെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതില്‍ സന്തോഷമുണ്ട്. ഇതിനിടെ മമ്മൂട്ടി നായകനാക്കി സന്തോഷ് ശിവനും കുഞ്ഞാലി മരയ്ക്കാറുടെ ജീവിതം സിനിമയാക്കുന്നുണ്ട്. കുഞ്ഞാലി മരയ്ക്കാര്‍ ഒരു ചരിത്രപുരുഷനാണെന്നും ആര്‍ക്ക് വേണമെങ്കിലും സിനിമ ചെയ്യാമെന്നും മോഹന്‍ലാല്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചു.
അതേസമയം കാലാപാനിയിലെ ടീം തന്നെ ഈ സിനിമയ്ക്ക് വേണമെന്ന ആഗ്രഹത്താല്‍ താന്‍ സന്തോഷ് ശിവനെ സിനിമയിലേക്ക് വിളിച്ചിട്ടുണ്ടെന്ന് പ്രിയദര്ശന് പറഞ്ഞു. ഈ വര്‍ഷം സന്തോഷ് ശിവന് കുഞ്ഞാലി മരയ്ക്കാറെക്കുറിച്ച് സിനിമ ചെയ്യുന്നില്ലെന്നാണ് തന്നോട് പറഞ്ഞതെന്നും പ്രിയന് വ്യക്തമാക്കി.