UPDATES

സിനിമ

മുരളി ഗോപി/ അഭിമുഖം: ആരൊക്കെയാണ് കമ്മാരനും ലൂസിഫറും?

ചില ആള്‍ക്കാര്‍ അവര്‍ ഉദ്ദേശിക്കുന്നത് പോലെയാണ് ചരിത്രത്തെ രൂപപ്പെടുത്തിയിട്ടുളളത്. പറയേണ്ടത്‌ പലതും പറഞ്ഞിട്ടും ഉണ്ടാവില്ല

Avatar

വീണ

കമ്മാരസംഭവം, മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് ഒരുക്കുന്ന ദിലീപ് ചിത്രം. ആദ്യ തിരക്കഥയായ രസികന് ശേഷം ദിലീപിന് വേണ്ടി മുരളി ഗോപി എഴുതുന്ന രണ്ടാമത്തെ സിനിമയാണ് കമ്മാരസംഭവം. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയെങ്കിലും പ്രമേയത്തെ കുറിച്ചൊന്നും വ്യക്തമാക്കാതെ തികച്ചും സസ്‌പെന്‍സ് നിലനിര്‍ത്തുകയാണ് കമ്മാരസംഭവം. രാമലീലയുടെ വിജയത്തിന് ശേഷം തീയേറ്ററിലെത്തുന്ന ചിത്രത്തെ കുറിച്ച് ദിലീപ് ആരാധകരും വലിയ പ്രതീക്ഷയിലാണ്. വിഷു റിലീസായി തീയേറ്ററിലെത്തുന്ന ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി മനസ് തുറക്കുന്നു.

ഇതുവരെ സ്‌ക്രിപ്റ്റ് ചെയ്തതില്‍ ഏറ്റവും ബഡ്ജറ്റുള്ള സിനിമ, കമ്മാരസംഭവം ഒരു പീരീഡ് ചിത്രമാണോ? കാലഘട്ടം പിടിതരാത്ത വിധമാണല്ലോ ടീസര്‍ ?
ഇതൊരു പീരീഡ് ചിത്രം മാത്രമല്ല, ഒരുപാട് കാര്യങ്ങളുണ്ട്, ചരിത്രമുണ്ട്. സിനിമയുണ്ട്… ഒരുപാട് വീക്ഷണങ്ങളുള്ള ഒരു സിനിമയാണ്.

എന്‍ഐഎ, നേതാജി ഒക്കെ ടീസറിലുണ്ട്. സ്വാതന്ത്ര്യ സമരകാലത്തെ യഥാര്‍ത്ഥ കഥയാണോ അതോ ഒരു പക്കാ ഫിക്ഷണല്‍ ആണോ കമ്മാരന്‍?
അല്ല, അതൊക്കെ പറഞ്ഞു പോകുന്നുവെന്നേയുള്ളു. അതിന് പുറമെ മറ്റ് പലതും ഉണ്ട്. ചരിത്രം, സമൂഹം പിന്നെ ഈ കാണുന്നതെല്ലാം. പലതരം ജോണറിലുള്ള ചിത്രങ്ങളുടെ ഒരു മിക്‌സ് ആണ് കമ്മാരന്‍.

ഒറ്റവാക്കില്‍ കമ്മാരസംഭവത്തെ എങ്ങനെ വിശേഷിപ്പിക്കാം?
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഒരു EPIC SATIRE എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.

ചരിത്രവും ചതിയുമായി കണക്ട് ചെയ്യുന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍… അതിനെ കുറിച്ച് ?
വിജയിയുടെ വെപ്പാട്ടിയാണ് ചരിത്രമെന്നൊക്കെ പലതരം ക്വോട്ടുകള്‍` ഉണ്ട്.  അത് പോലെ ചരിത്രത്തില്‍ ഒരുപാട് കുഴപ്പങ്ങളുണ്ട്. ചില ആള്‍ക്കാര്‍ അവര്‍ ഉദ്ദേശിക്കുന്നത് പോലെയാണ് ചരിത്രത്തെ രൂപപ്പെടുത്തിയിട്ടുളളത്. പറയേണ്ടത്‌ പലതും പറഞ്ഞിട്ടും ഉണ്ടാവില്ല. അപ്പോള്‍ അതിന്റെയൊക്കെയൊരു എക്‌സ്‌പോളറേഷന്‍ ആകാം.

ദിലീപിന്റെ രസികന് വേണ്ടിയാണ് താങ്കളുടെ ആദ്യ തിരക്കഥ, പക്ഷെ ആ ചിത്രം വിജയമായിരുന്നില്ല. ഇന്ന് വീണ്ടും ഒരു ദിലീപ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുമ്പോള്‍ മുരളി ഗോപിയെന്ന തിരക്കഥാകൃത്തും അഭിനേതാവും ഒരുപാട് വളര്‍ന്നിട്ടുണ്ട്. അന്ന് നേടാന്‍ കഴിയാതിരുന്ന വിജയം തിരികെ പിടിക്കാനുള്ളതൊക്കെയാണോ കമ്മാരനില്‍ ഉണ്ടാവുക?
അങ്ങനെ ഒരു പ്രതീക്ഷവെച്ചല്ല ഞാന്‍ ഒന്നും ചെയ്യുന്നത്. എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ ചെയ്യുന്നു എന്ന് മാത്രം. ദിലീപ് വളരെ പ്രതിഭയുള്ള നടനാണ്. അദ്ദേഹത്തിന്റെ കോമിക് സൈഡ് മാത്രമാണ് നമ്മുടെ സിനിമകള്‍ ഉപയോഗിച്ചിട്ടുളളത്. പക്ഷെ കമ്മാരസംഭവം അദ്ദേഹത്തിലെ നടനെ ഉപയോഗപ്പെടുത്തുന്ന ചിത്രമായിരിക്കും.

മുരളി ഗോപി ചിത്രങ്ങളുടെ പ്രത്യേകതയാണ് ഗംഭീരമായ കഥാപാത്രസൃഷ്ടി. എന്നാല്‍ ഇതില്‍ പലതും മലബാര്‍ പശ്ചാത്തലമാക്കിയാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് , ടിയാന്‍, ഈ അടുത്തകാലത്ത്, ഒടുവില്‍ കമ്മാരന്‍ വരെ?
അങ്ങനെയില്ല, ഇത് ഒരു പ്രാദേശിക കഥയല്ല, ഒരു സാങ്കല്‍പിക പ്രതലത്തിലുള്ള കഥയും കഥാപാത്രവുമാണ് ചിത്രം. മാത്രമല്ല ഉദയനന്‍, കമ്മാരന്‍ എന്നൊക്കെയുള്ളതിന് ഒരു legendary image ഉണ്ട്. ആ രീതിയില്‍ അതിനെ ഉപയോഗിക്കുന്നുവെന്നെയുള്ളു.

"</p

രതീഷ് അമ്പാട്ട് എന്ന നവാഗത സംവിധായകന് വേണ്ടി ഇത്ര വലിയ ക്യാന്‍വാസില്‍ ഒരു സിനിമ?
അദ്ദേഹം നിരവധി പരസ്യ ചിത്രങ്ങളിലൂടെ കഴിവ് തെളിയിച്ച പ്രതിഭയാണ്. എന്റെ സുഹൃത്തുമാണ്. മുന്‍ നിര അസോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു. ഈ സിനിമയുടെ വലിയ ക്യാന്‍വാസിനെ ആ രീതിയില്‍ രതീഷിന് ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടെന്ന ആത്മവിശ്വാസം എനിക്ക് ഉണ്ടായിരുന്നു.

സിനിമയുടെ ഫസ്റ്റ് ലുക്കും ടീസറിലെ ഡയലോഗുമൊക്കെ രാമലീലയിലെ പോലെ ദിലീപിന്റെ ഇപ്പോഴത്തെ സാഹചര്യവുമായി പ്രേക്ഷകര്‍ കണക്ട് ചെയ്യുന്നുണ്ട്… താങ്കളും അത്തരമൊരു സാധ്യത ചിന്തിച്ചാണ് ഡയലോഗ് ഒക്കെ രൂപപ്പെടുത്തിയത്?
അല്ല, ഒരിക്കലുമല്ല. ഇത് അതിനൊക്കെ മുമ്പ് തന്നെ പൂര്‍ത്തികരിച്ച തിരക്കഥയാണ്. പിന്നെ സമകാലിക വിഷയങ്ങളുടെ പ്രതിഫലനങ്ങളുണ്ടാകുന്നത് സ്വഭാവികമാണ്. അതിന് പക്ഷെ ഇത്തരം സംഭവങ്ങളുമായി ബന്ധമില്ല.

കമ്മാരസംഭവത്തിന്റെ ചിത്രീകരണം തുടങ്ങിയ ശേഷമാണ് ദീലീപ് കേസില്‍പ്പെടുന്നതും ജയിലില്‍ ആയതും. പിന്നീട് വലിയ ഒരു ഇടവേള ഉണ്ടായി, എന്നിട്ടും ദിലീപിനെ മാറ്റി നിര്‍ത്തി ചിന്തിക്കാനാകാത്ത വിധം ദിലീപിന് വേണ്ടി എഴുതിയ തിരക്കഥയാണോ കമ്മാരന്‍
ഈ സിനിമയ്ക്ക് അതിനെ ആ രീതിയില്‍ ഉള്‍ക്കൊണ്ടു കൊണ്ട് രസമായി ചെയ്യാന്‍ കഴിയുന്ന ഒരു അഭിനേതാവ് വേണമായിരുന്നു. മാത്രമല്ല, ഇത്തരം കഥാപാത്രങ്ങള്‍ മുമ്പ് ചെയ്യാത്ത നടനും ആകണമായിരുന്നു. ആ രീതിയില്‍ ദിലീപ് എന്ന നടന്റെ സാധ്യതകളെ കൂടിയാണ് കമ്മാരന് വേണ്ടി കണ്ടെത്തിയത്. പിന്നെ ഒരു ചിത്രം തുടങ്ങി കഴിഞ്ഞാല്‍ അത് പൂര്‍ത്തികരിക്കണമല്ലോ.

ചിത്രം റിലീസാകുന്ന ഘട്ടത്തില്‍ കേസില്‍ ദിലീപിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്… പ്രേക്ഷക സ്വീകാര്യതയെ ബാധിക്കുമോയെന്ന ആശങ്കയുണ്ടോ?
അതൊക്കെ അതിന്റെ ലീഗല്‍ വശമാണ്. അതിലൊന്നും ഒരു ആശങ്കയുമില്ല. അതൊക്കെ പ്രേക്ഷകരുടെ കൈയിലാണ്. ചിത്രം നന്നാവുക എന്നത് മാത്രമാണ് നമ്മുടെ ആഗ്രഹം.

തിരക്കഥയെഴുതിയ മിക്ക ചിത്രങ്ങളിലും അഭിനയിക്കാറുണ്ട്. സ്വന്തം തിരക്കഥയില്‍ അഭിനയിക്കുന്നതിന്റെ ഗുണവും ദോഷവും?
സ്വന്തം തിരക്കഥയില്‍ അഭിനയിച്ചത് അത്രയും സംവിധായകരുടെ നിര്‍ബന്ധവും തെരഞ്ഞെടുപ്പും ആയിരുന്നു. പിന്നെ അഭിനയിക്കാന്‍ തുടങ്ങി കഴിഞ്ഞാല്‍ നമ്മളുടെ കാഴ്ചപ്പാട് എഴുത്തുകാരനില്‍ നിന്നും അഭിനേതാവിലേക്ക് മാറണം. അതൊരു പ്രോസസ് ആണ്. അത് മറ്റാരാളുടെ തിരക്കഥയില്‍ അഭിനയിക്കുന്നതിന് തുല്ല്യമാണ്.

തിരക്കഥ അഭിനയം കൂടൂതല്‍ സംതൃപ്തി നല്‍കുന്ന മേഖല?
ഞാന്‍ അപ്പോള്‍ ചെയ്യുന്നത് എന്താണോ അതിലാകും അപ്പോള്‍ ശ്രദ്ധ, അത് ആസ്വദിച്ചാണ് ചെയ്യുക. ഒരു പ്രത്യേക മേഖലയോട് ഇഷ്ടം കൂടുതല്‍ ഇല്ല.

"</p

കമ്മാരന്റെ വിജയം ലൂസിഫറിലേക്കുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുമോ?
അങ്ങനെ ഒരു പ്രതീക്ഷവെച്ചല്ല ഒന്നും ചെയ്യുന്നത്. ഓരോ ചിത്രത്തിലും വ്യത്യസ്ത വേണമെന്ന് ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളാണ്. അതിന് അപ്പുറം പ്രതീക്ഷകള്‍ വെച്ച് പുലര്‍ത്താറില്ല. കമ്മാരസംഭവം ഒരു എന്റര്‍ടെയ്‌നറാണ്. അത് പ്രേക്ഷകര്‍ ഇതുവരെ കാണാത്ത തരത്തിലുള്ള സിനിമയും ആയിരിക്കും.

മോഹന്‍ലാല്‍, പൃഥ്വിരാജ്, മുരളി ഗോപി പ്രേക്ഷകര്‍ പ്രതീക്ഷയിലാണ്…ലൂസിഫര്‍ എവിടെ എത്തി നില്‍ക്കുന്നു?
സ്‌ക്രിപ്റ്റ് കഴിഞ്ഞു. ജൂലൈയില്‍ ഷൂട്ട് ആരംഭിക്കും.

ഒറ്റവാക്കില്‍ പ്രേക്ഷകന് അറിയാന്‍ എന്താണ് ലൂസിഫര്‍?
അതൊരു മാസ് എന്റര്‍ടെയ്‌നറാണ് .

മുരളി ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ?
അത് 2019 ല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. തിരക്കഥ മനസിലുണ്ട്.

Avatar

വീണ

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍