UPDATES

സിനിമ

രാമലീലയ്ക്ക് വേണ്ടി കൈകൊട്ടിയവര്‍ മൈ സ്റ്റോറിയെ കൂകി തോല്‍പ്പിക്കുമ്പോള്‍; എവിടെപ്പോയി അധ്വാനവര്‍ഗ്ഗ സിദ്ധാന്തക്കാര്‍?

ആണിനും പെണ്ണിനും മലയാള സിനിമയിലെ സ്ഥാനം ഈ രണ്ട് ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്

പഴയ ബോംബ് കഥ തന്നെയായിട്ടും രാമലീല എന്ന സിനിമ ബോക്‌സ് ഓഫിസില്‍ വന്‍ നേട്ടം ഉണ്ടാക്കിയിരുന്നു. 50 കോടിയിലേറെയാണ് ആ ചിത്രം കളക്ട് ചെയ്തതെന്ന് അണിയറക്കാര്‍ പറയുന്നു. രാമലീല തിയേറ്ററുകളിലേക്ക് വരുന്നത് എങ്ങനെയായിരുന്നുവെന്ന് എല്ലാവര്‍ക്കും ഓര്‍മ കാണും. നടി ലൈംഗികമായി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് രണ്ടു മാസത്തിനുമേല്‍ റിമാന്‍ഡില്‍ കഴിഞ്ഞ് ദിലീപ് എന്ന സൂപ്പര്‍ താരം ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം റിലീസ് ചെയ്ത അദ്ദേഹത്തിന്റെ ആദ്യ സിനിമ. ഈ സിനിമ റിലീസിന് തയ്യാറെടുക്കുമ്പോള്‍ അന്നേവരെ മലയാള സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടാകാത്തൊരു വിവാദം നടന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ രാമലീല ബഹിഷ്‌കരണ കാമ്പയിന്‍ നടന്നു. ഈ ചിത്രം ദിലീപിന്റെ (സഹപ്രവര്‍ത്തക കൂടിയായ ഒരു പെണ്‍കുട്ടിയെ ക്വട്ടേഷന്‍ നല്‍കി ലൈംഗിക പീഡനത്തിന് ഇരയാക്കിയതില്‍ പ്രതിയായതിന്റെ പേരില്‍ മാത്രം) സിനിമയായതുകൊണ്ട് തന്നെ കാണില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് നിരവധി സ്ത്രീകളും പുരുഷന്മാരും രംഗത്തു വന്നു. ചാനല്‍ ചര്‍ച്ചകള്‍ നടന്നു, സാമൂഹമാധ്യമങ്ങളില്‍ പലവിധ തര്‍ക്കങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്നു. സിനിമ ബഹിഷ്‌കരിച്ച് രംഗത്തു വരുന്നവരെ പോലെ തന്ന സിനിമയെ പിന്തുണച്ചും നിരവധി പേര്‍ വന്നു. ദിലീപ് ആരാധകര്‍ മാത്രമായിരുന്നില്ല, സിനിമയ്ക്കുള്ളില്‍ നിന്നു തന്നെ പലരും ചിത്രത്തിന് പിന്തുണ നല്‍കി. ദിലീപിന്റെ എതിര്‍ഭാഗത്ത് നില്‍ക്കുന്നുവെന്ന് പറയപ്പെടുന്ന മഞ്ജു വാര്യര്‍ പോലും രാമലീലയ്‌ക്കെതിരേയുള്ള ബഹിഷ്‌കരണാഹ്വാനങ്ങളെ പരസ്യമായി എതിര്‍ത്തു. സിനിമ എന്നാല്‍ ഒരു വ്യക്തിയല്ല എന്നും അത് നിരവധി പേരുടെ അദ്ധ്വാനത്തിന്റെ ഫലമാണെന്നും ഓരോ സിനിമയ്ക്കുവേണ്ടിയും പണം ഇറക്കുന്ന നിര്‍മാതാക്കളുണ്ട്, ഇത്തരം ബഹിഷ്‌കരണ ഭീഷണികള്‍ ഒരു വ്യവസായത്തെ തന്നെ തകര്‍ക്കുമെന്നായിരുന്നു രാമലീലയ്ക്ക് പിന്തുണ നല്‍കി കൊണ്ട് ഉയര്‍ന്നു വന്ന വാദങ്ങള്‍. എന്തായാലും സിനിമ റിലീസ് ചെയ്തു. ബഹിഷകരിക്കുമെന്നു പറഞ്ഞവര്‍ അത് ചെയ്തിരിക്കാം. പക്ഷേ, തിയേറ്ററുകളില്‍ ആളുകള്‍ നിറഞ്ഞു. പടം കാശുണ്ടാക്കി. എന്നാല്‍ ആ സിനിമ ശരാശരി നിലവാരം മാത്രമുള്ള, പറഞ്ഞു പഴകിയ പ്രമേയത്തില്‍ ഉണ്ടാക്കിയ ഒരു ദിലീപ് ചിത്രം മാത്രമായിരുന്നു. പോരാത്തതിന് തന്റെ നിക്ഷിപ്ത താത്പര്യങ്ങള്‍ ആ സിനിമയിലൂടെ പ്രകടിപ്പിക്കാനും ദിലീപിന് കഴിയുകയും ചെയ്തു. എന്നാലും ആ ചിത്രത്തിന്റെ നിര്‍മാതാവിന്റെ ആത്മവിശ്വാസത്തോടെയുള്ള പ്രതികരണം, രാമലീല തനിക്ക് വലിയ സാമ്പത്തികനേട്ടം ഉണ്ടാക്കിയെന്നാണ്.

രാമലീല ബഹിഷ്‌കരണത്തിന്, അതിനു തയ്യാറായവര്‍ക്ക് പറയാന്‍ ന്യായമായൊരു കാരണം ഉണ്ടായിരുന്നു. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ക്രൂരമായി ഇടപെട്ടെന്ന് ആരോപണമുള്ള ഒരോളോട് തികച്ചും ജനാധിപത്യപരമായി നടത്തിയ പ്രതിഷേധം മാത്രമായിരുന്നു അത്. അതിനെ സിനിമ വ്യാവസായത്തിന് ദോഷകരം, കലയോട് കാണിക്കുന്ന എതിര്‍പ്പ്, നിരവധി പേരുടെ അദ്ധ്വാനത്തെ ഒരാളുടെ പേരില്‍ തള്ളിപ്പറയുന്നു എന്നൊക്കെ വ്യാഖ്യാനിച്ചാലും അതിനെല്ലാം അപ്പുറം ഒരു ശരിയുണ്ടായിരുന്നു. മറ്റൊന്നു കൂടിയുണ്ട്, രാമലീലയ്ക്ക് വേണ്ടി രംഗത്ത് വന്നവരില്‍ നായികമാര്‍, നായകന്മാര്‍, സംവിധായകര്‍ തുടങ്ങി സിനിമയിലെ പല പ്രമുഖരും ഉണ്ടായിരുന്നു. രാമലീലയുടെ വിജയം ദിലീപിന് ജനകീയ കോടതി നല്‍കിയ നിരപരാധിത്വ സര്‍ട്ടിഫിക്കറ്റ് ആണെന്നു പോലും ചില സംവിധായകരും നടന്മാരുമൊക്കെ പറഞ്ഞുവയ്ക്കുകയും ചെയ്തു.

ഇതേ പോലെ തന്നെ തിയേറ്റര്‍ ബഹിഷ്‌കരണവും കൂകി തോല്‍പ്പിക്കല്‍ ഭീഷണിയുമൊക്കെ റിലീസിനു മുന്നേ നേരിടേണ്ടി വന്ന ചിത്രമാണ് റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത മൈ സ്‌റ്റോറി. പ്രിഥ്വിരാജ് നായകനായ ചിത്രം. ഈ ചിത്രം വെല്ലുവിളിക്കപ്പെടാന്‍ കാരണം, റോഷ്‌നിയോ പ്രിഥ്വിയോ അല്ല, അതിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാര്‍വതിയാണ്. പാര്‍വതിയുടെ മേലുള്ള കുറ്റം ഏതെങ്കിലും പീഡനക്കേസോ ക്രിമനല്‍ പ്രവര്‍ത്തികളോ അല്ല. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞു, തന്റെ നിലപാടുകളില്‍ ഉറച്ചു നിന്നു. ഈ പ്രവര്‍ത്തികള്‍ മലയാള സിനിമയിലെ താരരാജാക്കന്മാര്‍ക്ക് എതിരേയാണെന്ന കണ്ടെത്തി താരങ്ങളുടെ അനുയായി വൃന്ദങ്ങള്‍ ആണ് പാര്‍വതിക്ക് ശിക്ഷ വിധിച്ചത്. മൈ സ്റ്റോറി എന്ന ചിത്രത്തിനും മുന്നേ പാര്‍വതി ആക്രമണങ്ങള്‍ നേരിട്ടു തുടങ്ങിയിരുന്നു. അഭിനയത്തില്‍ കഴിവ് തെളിയിച്ച നടി, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച നടി, അങ്ങനെ തന്റെ അഭിനയ മികവിന് നിരവധി അംഗീകാരങ്ങളും അഭിനന്ദനങ്ങളും സ്വന്തമാക്കി ഒരു നടിയെ ആണ് ‘ഇല്ലാതാക്കാന്‍’ ഒരു വിഭാഗം ക്വട്ടേഷന്‍ എടുത്തത്.

തിയേറ്ററുകളില്‍ ഇപ്പോള്‍ ഉള്ള മൈ സ്‌റ്റോറി, ആ സിനിമയുടെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ അല്ല വിമര്‍ശിക്കപ്പെടുന്നതും ആക്ഷേപിക്കപ്പെടുന്നതുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സിനിമ ശരാശരിയോ അതിലും താഴെയോ ആയിരിക്കാം. മലയാളത്തിലെ ബഹുഭൂരിഭാഗം സിനിമകളും അതേ നിലവാരത്തില്‍ തന്നെയാണല്ലോ. മെഗാസ്റ്റാര്‍ പടമൊക്കെ എന്ത് നിലവാരം പുലര്‍ത്തുന്നതാണെന്ന് ആഴ്ചയ്ക്കാഴ്ച നാം കണ്ടറിയുന്നതുമാണ്. എന്നാല്‍ മൈ സ്റ്റോറിക്ക് ഉണ്ടാകുന്ന നെഗറ്റീവ് പ്രചാരണം, സിനിമയുടെ നിലവാരം വച്ചല്ല, അതിലെ ഒരു നടിയോട് കാണിക്കുന്ന വിദ്വേഷത്തിന്റെ പുറത്ത് മാത്രമാണ്. മൈ സ്റ്റോറി എന്ന സിനിമയുടെയും സംവിധായിക റോഷ്‌നി ദിനകറിന്റെയും ഫെയ്‌സ്ബുക്ക് പേജുകള്‍ കയറി നോക്കിയാല്‍ മാത്രം മതി. അതില്‍ വരുന്ന കമന്റുകള്‍ മുഴുവന്‍ ഏതു തരത്തിലാണെന്ന് കണ്ടാല്‍ മനസിലാകും ആരാണ് ടാര്‍ഗറ്റ് എന്ന്. ഈ വെട്ടുകിളിക്കൂട്ടങ്ങള്‍ പക്ഷേ, അവരുടെ ഉദ്യമത്തില്‍ വിജയിക്കുന്നു എന്നിടത്ത് മലയാള സിനിമയാണ് തോറ്റത്. മുന്‍പ് രാമലീലയ്‌ക്കെതിരേ ബഹിഷ്‌കരണ ഭീഷണി മുഴക്കിയവരെ നേരിടാന്‍ സിനിമ, കല, വ്യവസായം, അദ്ധ്വാന സിദ്ധാന്തം എന്നിവയൊക്കെയായി രംഗത്തിറങ്ങിയവര്‍ പോലും മൈ സ്റ്റോറിക്ക് വേണ്ടി ഒരക്ഷരം മിണ്ടുന്നില്ല. ആ സംവിധായിക താന്‍ അനുഭവിക്കുന്ന നിരാശയുമായി എത്രപേരുടെ അടുക്കല്‍ അപേക്ഷയുമായി എത്തിയെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. രാമലീലയെ പരാജയപ്പെടുത്തിയാല്‍ കഷ്ടത്തിലാകുന്ന മുളകുപാടം മുതലാളിയെ കുറിച്ച് ഗദ്ഗദപ്പെട്ടവര്‍ മൈസ്റ്റോറിക്കും ഒരു നിര്‍മാതാവ് ഉണ്ടെന്നും ആ ചിത്രത്തിനും കോടികള്‍ ചെലവാക്കിയിട്ടുണ്ടെന്നും ഓര്‍ക്കാതെ പോവുകയാണ്. ഒരു നടിയോടുള്ള എതിര്‍പ്പ് ഒരു സിനിമയെ മൊത്തത്തില്‍ തകര്‍ക്കുമ്പോള്‍ പണ്ട് രാമലീലയ്ക്ക് വേണ്ടി പറഞ്ഞ ന്യായീകരണങ്ങള്‍ എല്ലാം തന്നെ മൈ സ്റ്റോറിക്കും ഉപയോഗിക്കാമെന്നിരിക്കെയാണ് ബോധപൂര്‍വം എന്നു സംശയിക്കുന്ന ഈ മൗനം.

സിനിമയില്‍ ആണ്‍ അധികാരമോ സൂപ്പര്‍ നായകന്മാരുടെ ആധിപത്യമോ ഇല്ലെന്ന് വാര്‍ത്താസമ്മേളനം നടത്തി പലരും പറയുമ്പോഴും ആണിനെ വെല്ലുവിളിച്ച പെണ്ണിനെ എങ്ങനെയൊക്കെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് പലവിധത്തില്‍ പേടിപ്പിച്ചു കൊണ്ടിരിക്കുകയാണ് അവര്‍. ഒന്നുകില്‍ നിന്നെ ക്വട്ടേഷന്‍ കൊടുത്ത് പീഡിപ്പിക്കും അതല്ലെങ്കില്‍ നിന്നെ സിനിമകള്‍ ഇല്ലാതാക്കി ഫീല്‍ഡ് ഔട്ടാക്കും അതുമല്ലെങ്കില്‍ നിന്റെ സിനിമകള്‍ എട്ടുനിലയില്‍ പൊട്ടിക്കും; ഇത്യാദി ഭീഷണികള്‍ ആളെവച്ച് നടത്തിക്കാന്‍ മലയാള സിനിമയിലെ ആണുങ്ങള്‍ക്ക് കഴിയുമെന്നാണ് കാണിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പര്‍ നായകന്മാരുടെ ചവറ് പടങ്ങള്‍ക്കു പോലും സത്യസന്ധമായ നിരൂപണം എഴുതിയാലോ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ഇട്ടാലോ വധഭീഷണിവരെ മുഴക്കി ചാവേറുകള്‍ ചാടിയിറങ്ങും. സിനിമയെ നശിപ്പിക്കാന്‍ നോക്കുന്നൂ, ഏട്ടന്മാരോടും ഇക്കാമാരോടുമുള്ള അസൂയ കൊണ്ട് അവരുടെ സിനിമകള്‍ക്കെതിരേ മനപൂര്‍വം വിമര്‍ശനം നടത്തുന്നൂവെന്നൊക്കെയാണ് തെറി വിളിയും കൊല വിളിയും നടത്തുമ്പോള്‍ അതിനുള്ള ന്യായീകരണം പറയുന്നത്. പാര്‍വതിക്കെതിരേയും അവര്‍ അഭിനയിച്ച മൈ സ്റ്റോറി എന്ന സിനിമയ്‌ക്കെതിരേയും ഉണ്ടാകുന്ന വിമര്‍ശനങ്ങള്‍ എത്രകണ്ട് നിലവാരം കെട്ടതാണെന്ന് ഓരോ കമന്റുകള്‍ വായിച്ചാലും മനസിലാകും. അത് അസൂയ കൊണ്ടല്ല, വിഷലിപ്തമായ മാനസികാവസ്ഥ കൊണ്ടാണ്. മൈ സ്റ്റോറി പാര്‍വതിയുടെ മാത്രം ചിത്രമല്ല, അതൊരുപാടുപേരുടെ അദ്ധ്വാനത്തിന്റെ ഫലമാണ്. ഒരു സ്ത്രീയാണ് അതിന്റെ സംവിധായിക, അവരുടെ വര്‍ഷങ്ങളുടെ പരിശ്രമമാണ് ആ സിനിമ. അതൊന്നും ഒരു വിഷയമേ അല്ല ആര്‍ക്കും. തങ്ങള്‍ക്ക് വിരോധമുള്ളവരെയെല്ലാം ഇങ്ങനെ നശിപ്പിക്കുകയാണെങ്കില്‍, മലയാള സിനിമയിലെ ഫാസിസം അതിശക്തമാണെന്ന് തന്നെയാണ് അതിനര്‍ത്ഥം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍