UPDATES

സിനിമ

കലവൂര്‍ രവികുമാറിന്റെ നോവലിലെ ശ്രീബാല മഞ്ജു വാര്യരാണോ?

‘നക്ഷത്രങ്ങളുടെ ആല്‍ബം’ എന്ന തന്റെ നോവലിനെ കുറിച്ചുള്ള വിവാദങ്ങളോട് കലവൂര്‍ രവികുമാര്‍ പ്രതികരിക്കുന്നു/അഭിമുഖം

അനു ചന്ദ്ര

അനു ചന്ദ്ര

സിനിമയ്ക്കുള്ളിലെ ജീവിതങ്ങളെ സ്ത്രീപക്ഷത്തു നിന്ന് അടയാളപ്പെടുത്തിയ രചനകള്‍ മലയാള സാഹിത്യ ലോകത്ത് എത്രമാത്രം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നത് ഒരു ചോദ്യമാണ്. ഒരുപക്ഷേ അത്തരത്തിലൊരു പ്രമേയം ആദ്യമായി കൈകാര്യം ചെയ്യപ്പെടുന്നത് തിരക്കഥാകൃത്തും, സംവിധായകനും ആയ കലവൂര്‍ രവികുമാറിന്റെ ‘നക്ഷത്രങ്ങളുടെ ആല്‍ബം’ എന്ന നോവലിലൂടെ ആയിരുന്നിരിക്കണം. ഒരു നടനെ വിവാഹം കഴിച്ച നടി, അവര്‍ പിന്നീട് സിനിമയിലേക്ക് തിരിച്ചുവരാന്‍ നടത്തുന്ന ശ്രമങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ദിലീപ് വിഷയം ഏറെ വിവാദമായി നില്‍ക്കുന്ന സമയത്ത് മഞ്ജു വാര്യരുടെ ജീവിതത്തോട് സാദൃശ്യം തോന്നുന്ന പ്രമേയവുമായി നോവല്‍ പുറത്തിറങ്ങിയത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ ഈ വിവാദങ്ങള്‍ക്ക് അടിസ്ഥാനമുണ്ടോയെന്ന് വ്യക്തമാക്കുകയാണ് ഈ അഭിമുഖത്തില്‍ കലവൂര്‍ രവികുമാര്‍.

അനു ചന്ദ്ര; നക്ഷത്രങ്ങളുടെ ആല്‍ബം എന്ന നോവലിലൂടെ സിനിമയ്ക്കകത്തെ ജീവിതങ്ങളാണ് എഴുത്തുകാരന്‍ തുറന്നു വെക്കുന്നത്. അതിന്റെ പ്രമേയത്തെ കുറിച്ച്?

കലവൂര്‍ രവികുമാര്‍: നക്ഷത്രങ്ങളുടെ ആല്‍ബം ഒരു നടിയുടെ കഥയാണ്. ടീനേജ് നായികയായി സിനിമയില്‍ സജീവമാവുകയും വിവാഹത്തോടെ സിനിമ ഉപേക്ഷിക്കുകയും പിന്നീട് വിവാഹമോചനത്തിന്റെ ഘട്ടത്തില്‍ തിരിച്ചു വരികയും ചെയ്യുന്ന നായികയുടെ കഥ.. അതോടൊപ്പം തന്നെ മലയാളത്തില്‍ ഒരു സ്ത്രീപക്ഷ/നായികാ പ്രാധാന്യമുള്ള സിനിമ എടുക്കാന്‍ ശ്രമിക്കുന്ന ഒരു പുതിയ സംവിധായകന്റെ കഥ കൂടിയാണ്. ഇവര്‍ രണ്ടുപേരും ഒരു സിനിമയിലൂടെ ഒന്നിക്കുന്നു. അവരുടെ സിനിമയും ജീവിതവുമെല്ലാം കൂട്ടി മുട്ടുന്നതാണ് നക്ഷത്രങ്ങളുടെ ആല്‍ബം എന്ന നോവലിന്റെ പ്രമേയം.

: മഞ്ജു വാര്യര്‍-ദിലീപ് എന്നിവരുടെ ജീവിതത്തോട് കഥാപാത്രങ്ങള്‍ക്ക് വരുന്ന സാദൃശ്യം സ്വാഭാവികമായി സംഭവിച്ചതാണോ?

: ഈ സമൂഹത്തില്‍ ജീവിക്കുന്ന ആളെന്ന നിലയില്‍ നമുക്കു ചുറ്റുമുള്ള എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കുമല്ലോ. പ്രത്യേകിച്ച് ഞാന്‍ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. അപ്പോള്‍ ചില കാര്യങ്ങള്‍ സ്വാഭാവികമായും എല്ലാ മനുഷ്യരെയും എന്നപോലെ ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. ഞാന്‍ ദിലീപിന്റെയോ മഞ്ജു വാര്യരുടെയും ഒന്നും സ്വകാര്യതയിലേക്ക് ഒരിക്കലും എത്തിനോക്കിയിട്ടില്ല. അവരുടെ വിഷയമാണ്. പക്ഷേ നമ്മള്‍ കണ്ടുമുട്ടിയിട്ടുള്ളതും, പറഞ്ഞു കേട്ടിട്ടുള്ളതും വായിച്ചറിഞ്ഞിട്ടുള്ളതും ആയ അനുഭവങ്ങള്‍ ഒക്കെയാണല്ലോ ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം വിഷയമാവുക. അങ്ങനെ പലരുടെയും ജീവിതം ഇതിലുണ്ടാകും. അത് ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷേ എന്നുവച്ച് ഒരാളുടെ സ്വകാര്യതയിലേക്ക് എത്തിനോക്കിയ ഒരു സംഭവം ഇതിലില്ല. പക്ഷേ പലരുടെയും ജീവിതം ഇതിലുണ്ട്. അപ്പോള്‍ ഒരു കഥാപാത്രത്തില്‍ പലരും ഉണ്ടാകാം. ഇതില്‍ ശ്രീബാലയുടെ കഥാപാത്രമാണ് പലരും മഞ്ജുവുമായി താരതമ്യപ്പെടുത്തുന്നത്. എന്നാല്‍ ശ്രീബാല മഞ്ജുവിന്റെ പ്രതിരൂപം അല്ല, അനേകം പേരുടെ പ്രതിരൂപമാണ് എന്നാണ് ഞാന്‍ പറയുന്നത്.

"</p

: നോവലില്‍ നായക കഥാപാത്രമായ പ്രശാന്ത് ഒരെഴുത്തുകാരനാണ്. സിനിമ വ്യവസായത്തില്‍ ഒരു എഴുത്തുകാരന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ എല്ലാം പ്രശാന്തിലൂടെ താങ്കള്‍ പലപ്പോഴായി തുറന്നു പറയുന്നു. അതില്‍ അല്‍പം ആത്മാംശം തങ്ങി നില്‍ക്കുന്നില്ലേ?

: പ്രശാന്തിനും എനിക്കും സാമ്യതകളുണ്ടെന്നു പലരും പറഞ്ഞിട്ടുണ്ട്. അത് ശരിയല്ല എന്നു ഞാന്‍ പറയുന്നില്ല. ഏതൊരു കഥയെഴുതുമ്പോഴും നമ്മുടെ ഉള്ളില്‍ ഉള്ളത് കൂടി കഥയിലും കഥാപാത്രങ്ങളിലും ഉണ്ടാകുമല്ലോ. എഴുത്തുകാരനെന്ന നിലയില്‍ സിനിമയില്‍ ഒരുപാട് ശ്വാസം മുട്ടിയിട്ടുണ്ട്. എനിക്ക് ശരിയായി തോന്നിയ പലതും പല ശരികളും സിനിമയില്‍ ഉപയോഗിക്കാന്‍ പറ്റിയിട്ടില്ല. പലപ്പോഴും അതായിരിക്കില്ല സംവിധായകന്റെ ശരികള്‍. സിനിമയിലെ എന്റെ ശരികള്‍ ഞാന്‍ പലപ്പോഴും കുഴിച്ചു കൂടിയിട്ടുണ്ട്. സംവിധായകന്റെ ശരികള്‍ക്കാണ് അവിടെ പ്രസക്തി. മറ്റുള്ളവര്‍ക്കുവേണ്ടി, അവരുടെ ഇഷ്ടങ്ങള്‍ക്ക് വേണ്ടി എഴുതുമ്പോള്‍ ശ്വാസം മുട്ടും. അപ്പോള്‍ തീര്‍ച്ചയായും അസംതൃപ്തി ഉണ്ടാകും. ഇതൊക്കെ എല്ലാ എഴുത്തുകാരും അനുഭവിക്കുന്നതാണ്. നമുക്ക് നമ്മുടെ ശരികളില്‍ ഉറച്ചു നില്‍ക്കാനാവാതെ വരുക എന്നത് വലിയ മാനസിക സംഘര്‍ഷമാണ്. ഒരു ജീവനോപാധി എന്ന നിലയില്‍ നമുക്ക് ബോധ്യം ഇല്ലാത്ത കാര്യങ്ങളാണ് പലപ്പോഴും ചെയ്യേണ്ടി വരുന്നതു പോലും.

: ‘മൂലധനത്തിന്റെ രാഷ്ട്രീയം അതിന്റെ വിശ്വരൂപം കാണിക്കുന്ന ഇടമാണ് സിനിമ. മൂലധനം സിനിമയെ കൃത്യമായി പുരുഷ കേന്ദ്രീകൃതമായി തന്നെ നിര്‍ത്തുന്നു’.നോവലില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. സിനിമയിലെ പുരുഷാധിപത്യം, വനിത സംഘട എന്നിവയെ എല്ലാം എങ്ങനെയാണ് നോക്കി കാണുന്നത്?

: വനിത സംഘടന വന്നത് നല്ല കാര്യമാണ്. ഒരിക്കലും ഞാനതിനെ തള്ളി കളയുന്നില്ല. പക്ഷേ എനിക്ക് തോന്നുന്നില്ല നിലവിലുള്ള പുരുഷകേന്ദ്രീകൃതമായ സിനിമയെയോ, പുരുഷകേന്ദ്രീകൃതമായ സിനിമയെ നിലനിര്‍ത്തുന്ന മൂലധനത്തിന്റെ രാഷ്ട്രീയത്തെയോ അട്ടിമറിക്കാന്‍ വിമന്‍ കളക്റ്റിവിന് കഴിയുമെന്നു വിചാരിക്കുന്നില്ല. ഇതൊരു താത്കാലിക കൂട്ടായ്മയായാണ് എനിക്ക് തോന്നുന്നത്. പക്ഷേ ഇതൊരു പ്രതീക്ഷ തരുന്ന മൂവ്‌മെന്റാണ്. നമ്മുടെ സിനിമ മേഖലയ്ക്കുള്ളിയില്‍ ഇങ്ങനെയൊന്ന് ഉണ്ടായത് തന്നെ വലിയ കാര്യം, ഇതിന്റെ ഭാവി എന്താണെന്ന് എനിക്കറിഞ്ഞുകൂടാ. അതിലൊരു രാഷ്ട്രീയം എത്രത്തോളമുണ്ടെന്നോ, അതിലെ പ്രവര്‍ത്തകരായ റിമ, മഞ്ജു അവരൊക്കെ വലിയ കാര്യം പറയുന്നുണ്ടെങ്കിലും ഇത് എത്രത്തോളം കൊണ്ടുപോകും എന്നോ എനിക്കറിയില്ല. ഇതിലെ സ്ത്രീ പക്ഷ രാഷ്ട്രീയം എത്രത്തോളം കൊണ്ടുപോകുമെന്നും എത്രത്തോളം തുടരുമെന്നും ഇനിയുള്ള ദിവസങ്ങളിലെ പറയാന്‍ പറ്റൂ. പക്ഷേ എനിക്ക് അത്ഭുതം തോന്നിയിട്ടുള്ള കാര്യം എന്തെന്നുവെച്ചാല്‍, ഇവിടെ സിനിമയില്‍ ഇത്തരത്തിലൊരു സ്ത്രീ സംഘടന വരുമ്പോഴും സ്ത്രീപക്ഷമായി സംസാരിക്കുമ്പോഴും സ്ത്രീപക്ഷത്തു നിന്നുള്ള ഈ നോവല്‍ സ്ത്രീപക്ഷം ആയി എഴുതിയിട്ടും ലഭിച്ച പ്രതികരണങ്ങള്‍ എല്ലാം സാധാരണ സ്ത്രീകളുടെതായിരുന്നു എന്നതാണ്. സിനിമയിലെ സ്ത്രീയെ അടയാളപ്പെടുത്താനുള്ള ആദ്യ ശ്രമമാണ് ഈ നോവല്‍ എന്ന നിലയില്‍ ആ ശ്രമത്തെ ഈ മേഖലയില്‍ ഉള്ള ആരെങ്കിലും വായിക്കുകയോ, തിരിച്ചറിയുകയോ അല്ലെങ്കില്‍ എന്തെങ്കിലും പ്രതികരിക്കുകയോ ചെയ്തതായി അനുഭവമില്ല. വായിക്കണമെന്നത് നിര്‍ബന്ധമാണെന്നല്ല ഞാന്‍ പറയുന്നത്. സിനിമയിലെ സ്ത്രീയെ അടയാളപ്പെടുത്താനുള്ള ശ്രമത്തെ സിനിമക്കകത്തുള്ളവര്‍ തന്നെ കണ്ടില്ലെന്നു നടിക്കുന്നത് വിഷമകരമാണ്.

: വായനക്കാരില്‍ നിന്നുള്ള, പ്രത്യേകിച്ചും സ്ത്രീ വായനക്കാരില്‍ നിന്നുമുള്ള പ്രതികരണങ്ങള്‍ എത്തരത്തിലുള്ളതായിരുന്നു?

ക: പ്രതികരണങ്ങളെല്ലാം സ്ത്രീകളില്‍ നിന്നായിരുന്നു ഉണ്ടായത്. പരമ്പരാഗത സ്ത്രീ സങ്കല്പങ്ങളെ വെല്ലുവിളിക്കുന്ന രീതിയില്‍ ജീവിക്കുന്ന സുചിത്രയെ നോവലില്‍ അടയാളപ്പെടുത്തിയപ്പോള്‍ ഞാനേറ്റവും ഭയന്നിരുന്നു. എന്നാല്‍ വായനക്കാരുടെ പ്രതികരണം അത്ഭുതപ്പെടുത്തി. അവര്‍ സുചിത്ര എന്ന കഥാപാത്രത്തെ സ്വീകരിക്കുകയാണ് ചെയ്തത്. സുചിത്ര അവള്‍ക്ക് ഇഷ്ടപ്പെടുന്ന പുരുഷനെ, അവള്‍ക്കിഷ്ടമുള്ള ദിവസം കിടപ്പറയിലേക്ക് ക്ഷണിക്കുന്ന ഒരു അഭിനയേത്രിയാണ്. അവരുടെ അനുഭവങ്ങള്‍ അവരെ അങ്ങനെ ആക്കിയതാണ്. അത്തരത്തില്‍ sexually liberated ആയ സ്വന്തം ജീവിതത്തില്‍ വലിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ച സ്ത്രീകളെ എനിക്ക് പരിചയമുണ്ട്. അവരില്‍ നിന്നാണ് ഞാനാ കഥാപാത്രത്തെ നിര്‍മിച്ചത്. കേരളത്തിലെ പൊതുസമൂഹത്തിലെ സ്ത്രീകള്‍ സുചിത്രയെ തള്ളി പറയുമെന്ന് ഞാന്‍ ഭയന്നു. ഒരു സാമ്പ്രദായിക സദാചാര സങ്കല്‍പങ്ങളിലല്ല സുചിത്ര ജീവിക്കുന്നത്. ശ്രീബാലയോട് പൊതുസമൂഹം യോജിക്കുകയും, സുചിത്രയോട് കലഹിക്കുമെന്നാണ് ഞാന്‍ കരുതിയത് .പക്ഷെ പലരും പ്രിയപ്പെട്ടതായി പറഞ്ഞത് സുചിത്രയെ ആണ്.

അ: പുതിയ സാഹിത്യരചനകള്‍ ഏതൊക്കെയാണ്?

ക: ഏറ്റവും പുതിയ രചന ‘പച്ചജീവിതം’ എന്ന നോവല്‍ ആണ്. ഞാന്‍ നല്ല മനുഷ്യന്‍ എന്നാണ് പൊതുവില്‍ കേട്ടിട്ടുള്ളത്. എന്നാല്‍ ഞാനൊരു നല്ല മനുഷ്യനാണോ? അങ്ങനെയല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്റെ ഉള്ളിലെ ഞാന്‍ എങ്ങനെയെന്ന് എനിക്കേ അറിയൂ. എന്റെ പ്രണയം, എന്റെ കാമം, എന്റെ വൈരാഗ്യങ്ങള്‍ ഇവയൊക്കെ എനിക്കെ അറിയൂ. അപ്പോള്‍ ഞാന്‍ എന്നെ വിചാരണ ചെയ്യുന്ന നോവലാണിത്. അതില്‍ 20% മാത്രമേ ഫിക്ഷന്‍ ഒള്ളു. ബാക്കി പച്ചയായി ഞാന്‍ എന്നെ വിളിച്ചു പറയുകയാണ്.

അ: പുതിയ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍?

ക: രണ്ടു സിനിമകള്‍ക്ക് തിരക്കഥ എഴുതുന്നുണ്ട്. അതിന്റെ വര്‍ക്കുകള്‍ നടക്കുകയാണ്. സംവിധാനത്തെ കുറിച്ച് തത്കാലം ചിന്തിക്കുന്നില്ല. ഇപ്പോള്‍ എഴുത്തില്‍ ആണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അതാണ് ഞാന്‍ ആസ്വദിക്കുന്നത്.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍