UPDATES

സിനിമ

സംഘപരിവാറിന് ഇനി ഫഹദ് വര്‍ഗീയവാദി; യഥാര്‍ത്ഥ ഹിന്ദുകള്‍ അയാളുടെ സിനിമകള്‍ കാണില്ലെന്ന്!

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ചതാണ് ഫഹദിനെതിരേയുള്ള ബിജെപി-സംഘപരിവാറിന്റെ ആക്രമണത്തിന് കാരണം

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച നടന്‍ ഫഹദ് ഫാസിലിനെതിരേ ബിജെപി-സംഘപരിവാരത്തിന്റെ സോഷ്യല്‍ മീഡിയ ആക്രമണം. ഫഹദിനെ തീവ്രവാദിയും വര്‍ഗീയവാദിയും മതമൗലികവാദിയും ബിജെപി വിരുദ്ധനുമൊക്കെയാക്കിയാണ് താരത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കമന്റുകള്‍ നിറയുന്നത്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്കെല്ലാം പുരസ്‌കാര വിതരണം രാഷ്ട്രപതി നിര്‍വഹിച്ചു പോന്നിരുന്ന കീഴ് വഴക്കം മാറ്റി, പതിനൊന്ന് പേര്‍ക്ക് രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനിയും പുരസ്‌കാരം നല്‍കുന്ന തീരുമാനം അവസാന നിമിഷം കൈക്കൊണ്ട നടപടിയില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാര വിതരണ ചടങ്ങ് ഫഹദ് അടക്കമുള്ള 66 ഓളം പേര്‍ ബഹിഷ്‌കരിച്ചത്. ചടങ്ങ് നടക്കുന്നതിനു മുമ്പായി ഫഹദ് ഡല്‍ഹിയില്‍ നിന്നും തിരിച്ചുപോരുകയും ചെയ്തിരുന്നു. ഫഹദിന്റെ നിലപാടില്‍ അയാള്‍ അഭിനന്ദിക്കപ്പെട്ടതോടെയാണ് പ്രതിരോധമാര്‍ഗം എന്ന നിലയില്‍ ദേശീയ ചലിച്ചിത്ര പുരസ്‌കാര ജേതാവ് കൂടിയായ ഒരു കലാകാരനെതിരേ കടുത്തതും അസത്യം നിറഞ്ഞും ആക്ഷേപകരവുമായ കുറ്റങ്ങളും ആരോപണങ്ങളും നിരത്തി ബിജെപി-സംഘപരിവാര്‍ സംഘങ്ങള്‍ രംഗത്ത് എത്തിയത്.

ഫഹദ് ഫാസിലിന്റെ സിനിമകള്‍ ഇനി മുതല്‍ ആര്‍എസ്എസ്- സംഘരിവാര്‍ അനുകൂലികളും ഹിന്ദുക്കളും കാണില്ലെന്ന ഭീഷണി വരെ ഇവര്‍ ഇറക്കിയിട്ടുണ്ട്. ബിജെപി മന്ത്രിമാരുടെ കൈയില്‍ നിന്നും ദേശീയ പുരസ്‌കാരം വാങ്ങില്ലെന്നാണ് തീരുമാനം എങ്കില്‍ ഇനിയൊരിക്കല്‍ പോലും ദേശീയ പുരസ്‌കാരം വാങ്ങാനുള്ള യോഗം ഫഹദിനോ മറ്റുള്ളവര്‍ക്കോ ഉണ്ടാകില്ലെന്ന വെല്ലുവിളിയും ചിലര്‍ നടത്തുന്നുണ്ട്. ദേശീയ പുരസ്‌കരം എന്ത് മാനദണ്ഡത്തിലാണ് നല്‍കുന്നതെന്ന് പോലും അറിയാത്ത ചിലരുടെ രോഷം ഇങ്ങനെയാണ്; നിന്റെയൊക്കെ തലമൂത്ത സഖാക്കന്മാര്‍ ഇവിടെ നിന്നും എഴുതി കൊടുത്ത ലിസ്റ്റ് പ്രകാരമാണ്, ആ ലിസ്റ്റില്‍ നിന്നും കൊള്ളാവുന്ന ആളകളെ തിരഞ്ഞെടുത്തത്. അല്ലാതെ നിന്റെയൊക്കെ മലയാള സിനിമയിലെ പ്രസിദ്ധി അങ്ങ് കേന്ദ്രത്തില്‍ എത്തിയിട്ട് അവര്‍ സ്വമേധയ ക്ഷണിച്ചതല്ല… ഇനി നീയൊക്കെ ബിജെപി മന്ത്രിയുടെ കൈയില്‍ നിന്നും അവാര്‍ഡ് വാങ്ങിയില്ലെങ്കില്‍ നിന്റെയൊക്കെ ജന്മത്ത് ഈ അവാര്‍ഡ് നിനക്കൊന്നും കിട്ടാന്‍ യോഗം കാണില്ല…

ഫഹദ് ഒരു മതമൗലികവാദിയാണെന്ന് തെളിയിച്ച നടപടിയാണ് അവാര്‍ഡ് ദാന ചടങ്ങ് ബഹ്ഷികരണം എന്നാണ് ചിലരുടെ കണ്ടുപിടുത്തം. നട്ടെല്ലിന്റെ ഉറപ്പല്ല, ഒരു മതക്കാരുടെ പൊതു സ്വഭാവമാണ് ഫഹദ് കാണിച്ചതെന്നും എന്തിനേയും മതത്തിന്റെ പേരില്‍ മാത്രം കാണുന്നവനാണ് ഫഹദെന്നും കുറ്റപത്രം എഴുതിയിരിക്കുന്നു.

കാലില്‍ പറ്റാത്ത ചെളി താങ്കളുടെ മനസില്‍ പറ്റിയിട്ടുണ്ട് ഗന്ധര്‍വാ…

മറ്റൊരാള്‍ക്ക് ഫഹദ് തികഞ്ഞ തീവ്രവാദിയും സുഡാപ്പിയുമൊക്കെയാണ്. വെറും രാഷ്ട്രീയമാണ് ഫഹദ് കളിച്ചതെന്നും മന്ത്രി ബിജെപിക്കാരിയാണെങ്കില്‍ രാഷ്ട്രപതി ആര്‍എസ്എസസ്സുകാരനാണെന്ന് ഓര്‍ക്കണമെന്നും ഇവര്‍ ഫഹദിനോടു പറയുന്നു.

മലയാളികളുടെ മാനം കളഞ്ഞെന്നു പറഞ്ഞാണ് ചിലര്‍ ഫഹദിനെതിരേ രോഷം കൊള്ളുന്നത്. ടാ..നാറി എന്റെ രാജ്യം നല്‍കിയ അവാര്‍ഡ് വേണ്ട എന്ന് പറയാന്‍ നീ കണ്ട് പിടിച്ച കാരണം കൊള്ളാം, അത് നല്‍കുന്ന ആളുടെ പാര്‍ട്ടി നിനക്ക് ഇഷ്ടം അല്ല അല്ലേ..വെറുതേ ഷോ കാണിച്ച് മലയാളിയുടെ മനം കളഞ്ഞു… രാജ്യം തന്ന ആദരം നിനക്ക് സ്വീകരിക്കാന്‍ പറ്റില്ലെങ്കില്‍ ഭാരതീയര്‍ നിങ്ങളുടെ സിനിമ കാണുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്നാണ് മറ്റൊരു ഭീഷണി.

പുരസ്കാരത്തെക്കാള്‍ തിളങ്ങുന്നു ഈ പ്രതിഷേധ ജ്വാല

കലാകാരന്റെ ലാളിത്യവും എന്താണെന്ന് ഫഹദ് പഠിക്കണമെന്ന ഉപദേശവും ചിലര്‍ നല്‍കുന്നുണ്ട്. ആദരം രാജ്യം നല്‍കുന്നതാണെന്നും അത് ആര് നല്‍കുന്നു എന്നതിലല്ല കാര്യമെന്നും ലാളിത്യമാണ് ഒരു കലാകാരന് വേണ്ടതെന്നും ഫഹദിനോട് പറയുന്നു. സിനിമയില്‍ അഭിനയിച്ച് പണവും പ്രശസ്തിയും അവാര്‍ഡും കിട്ടിയതുകൊണ്ട് അതിന്റെ ധാര്‍ഷ്ഠ്യം സര്‍ക്കാരിനോട് കാണിക്കേണ്ടെന്ന മുന്നറിയിപ്പും ഉപദേശത്തിനൊപ്പമുണ്ട്.

മറ്റൊരു സംഘപരിവാരുകാരന്റെ രോഷം നസ്രിയ എന്ന അഭിനേത്രിയുടെ ഭാവി കളഞ്ഞവനും എപ്പോഴും കഞ്ചാവും ഉറക്കഗുളികയും കഴിച്ചു നടക്കുന്നവനുമായ ഫഹദിനെപോലുള്ളവര്‍ക്ക് ദേശീയ പുരസ്‌കാര ദാന ചടങ്ങില്‍ നില്‍ക്കാനുള്ള യോഗ്യതപോലും ഇല്ലെന്നാണ്!

ഫഹദിന് പുരസ്‌കാരം സ്വീകരിക്കാന്‍ യോഗ്യയില്ലെന്ന് പറയാന്‍ മറ്റൊരു കാരണം കൂടി ചൂണ്ടിക്കാണിക്കുന്നു. ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്ട്രര്‍ ചെയ്ത ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയവനാണ് ഫഹദ് എന്നതാണ് ആ കാരണം. ചെയ്ത തെറ്റില്‍ ക്ഷമ ചോദിക്കുകയും നിയമപരമായി അടയ്‌ക്കേണ്ട നികുതി പണം പിന്നീട് അടയ്ക്കുകയും ചെയ്തിരുന്നല്ലോ ഫഹദ് ഫാസില്‍ എന്നു ചോദിച്ചാല്‍ കള്ളം കൈയോടെ പിടിച്ചപ്പോഴല്ലേ അത് ചെയ്‌തെന്നു തിരിച്ചു പറയുന്നു ബിജെപിക്കാര്‍. അപ്പോള്‍ ബിജെപിയുടെ രാജ്യസംഭ എംപിയായ ചലച്ചിത്രതാരം സുരേഷ് ഗോപിയും ഇതേ കുറ്റം ചെയ്തിട്ടുണ്ടല്ലോ, പക്ഷേ ഇതുവരെ പണം അടയ്ക്കാന്‍ അദ്ദേഹം തയ്യാറായിട്ടുമില്ലല്ലോ എന്നു തിരിച്ചു ചോദിക്കുമ്പോള്‍, സുരേഷ് ഗോപിക്ക് ഇത്തവണ അവാര്‍ഡ് ഒന്നും കിട്ടിയിട്ടില്ല, അദ്ദേഹം നിയമപരമായി അതിനെ നേരിടുകയാണുമെന്നുള്ള ന്യായവും ബിജെപിക്കാര്‍ക്കുണ്ട്.

ബിജെപി-സംഘപരിവാരങ്ങളുടെ ആക്രമണങ്ങള്‍ നടക്കുമ്പോഴും ഫഹദ് ഫാസില്‍ എന്ന നട്ടെല്ലുള്ള കലാകാരന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നവരുടേയും പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ച എല്ലാവര്‍ക്കും തങ്ങളുടെ പിന്തുണ അറിയിക്കുന്നവരുടേയും എണ്ണമാണ് നിമിഷം പ്രതി വര്‍ദ്ധിച്ചുവരുന്നത്.

ജാതിയും വെളുപ്പും ഇൻഡ്യാക്കാരും; എന്തുകൊണ്ട് പോപ്പുലേഷൻ ജനറ്റിക്സ് നിരോധിക്കണം?

ഏത് ഉടയതമ്പുരാനായാലും തൊഴുത്തിൽ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും-ലിജോ ജോസ് പെല്ലിശ്ശേരി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍