UPDATES

സിനിമ

സജീവ് പാഴൂര്‍/അഭിമുഖം: അടുത്തത് ഇനി ഒന്നേന്ന് തുടങ്ങണം, അപ്പോഴീ അവാര്‍ഡുകളൊന്നും ബാധ്യതയാകരുത്

സംസ്ഥാന പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നു. അത് കിട്ടിയില്ലെങ്കില്‍ നഷ്ടബോധവും നിരാശയുമൊക്കെ ഉണ്ടായേനെ. ദേശീയ പുരസ്‌കാരം ആഗ്രഹിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചിരുന്നില്ല

Avatar

വീണ

ആദ്യം മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടന്നു, തൊട്ടു പിന്നാലെ രാജ്യത്തെ തന്നെ മികച്ച തിരക്കഥാകൃത്തായി തെരഞ്ഞെടുക്കപ്പെട്ട് ദേശീയ അവാര്‍ഡ് സ്വന്തമാക്കുന്നു. ഒരേ ചിത്രത്തിന് സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍; ഒട്ടും ചെറുതല്ല, സജീവ് പാഴൂരിന്റെ നേട്ടങ്ങള്‍. പുരസ്‌കാരത്തിന് അര്‍ഹമായ തൊണ്ടി മുതലും ദൃക്‌സാക്ഷിയും മികച്ച സഹനടന്‍, മികച്ച മലയാള സിനിമ എന്നീ പുരസ്‌കാരങ്ങളും കൂടി സ്വന്തമാക്കി. ദേശീയ ചലചിത്ര പുരസ്‌കാര നിര്‍ണയ ജൂറി അധ്യക്ഷന്‍ നടത്തിയ പരാമര്‍ശങ്ങള്‍ തന്നെയായിരുന്നു സജീവ് പാഴൂര്‍ രചിച്ച ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം. മികച്ച തിരക്കഥയും അഭിനയത്തിലും ട്രീറ്റ്‌മെന്റിലും തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന ചിത്രം പുലര്‍ത്തിയ നിലവാരം മലയാള സിനിമയ്ക്ക് മൊത്തത്തില്‍ അഭിമാനിക്കാനുള്ള അവസരമാണ് നല്‍കിയത്. ഇരട്ട പുരസ്‌കാര നേട്ടത്തില്‍ സജീവ് പാഴൂര്‍ സംസാരിക്കുന്നു.

ഇരട്ട പുരസ്‌കാര നേട്ടം
സംസ്ഥാന പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നു. അത് കിട്ടിയില്ലെങ്കില്‍ നഷ്ടബോധവും നിരാശയുമൊക്കെ ഉണ്ടായേനെ. അതൊരു വസ്തുതയാണ്. പക്ഷെ ദേശീയ പുരസ്‌കാരം ആഗ്രഹിക്കാമെങ്കിലും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം അങ്ങനെ ഒരു സാഹചര്യമുണ്ടായിരുന്നില്ല എന്നത് തന്നെ. സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കപ്പെടുന്ന മിക്കവാറും സിനിമകള്‍ കണ്ടിരുന്നു. അപ്പോള്‍ നമ്മുക്ക് ഒരു വിലയിരുത്തല്‍ ഉണ്ടാകും. ദേശീയ പുരസകാരം അങ്ങനെയല്ല. ഒരുപാട് നല്ല സിനിമകള്‍ ഉണ്ടായിരുന്ന വര്‍ഷമാണ്. തമിഴ്, കന്നഡ, അസം അങ്ങനെ എല്ലാ ഭാഷയിലും നല്ല സിനിമകള്‍ ഇറങ്ങിയ വര്‍ഷം. എല്ലാ സിനിമകളും കണ്ടിട്ടില്ലെങ്കിലും നമ്മുടെ സിനിമ സൗഹൃദങ്ങളില്‍ നിന്ന് അറിഞ്ഞതും അങ്ങനെയൊരു പ്രതികരണമാണ്. അതുകൊണ്ട് തന്നെ കടുത്ത മത്സരം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. മാത്രമല്ല മറാത്തി സിനിമകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി ഒട്ടും ചെറുതല്ല. ഇടക്കാലത്ത് നിലവാര തകര്‍ച്ച ഉണ്ടായിരുന്നെങ്കിലും ബംഗാളി സിനിമ തിരിച്ച് വരവ് നടത്തിയ വര്‍ഷം കൂടിയാണ്. അതുകൊണ്ട് തന്നെ ഈ പുരസ്‌കാരം നല്‍കുന്ന സന്തോഷം ഒട്ടും ചെറുതല്ല, ആ എക്‌സൈറ്റ്‌മെന്റ് സത്യത്തില്‍ ഇപ്പോഴുമുണ്ട്. 100 ശതമാനവും പ്രതീക്ഷിച്ച അവാര്‍ഡും(സംസ്ഥാന പുരസ്‌കാരം) 100 ശതമാനം പ്രതീക്ഷിക്കാത്ത ഒരു അവാര്‍ഡും (ദേശീയ പുരസ്‌കാരം), ആ വൈരുദ്ധ്യം തന്നെയാണ് ത്രില്ലടിപ്പിക്കുന്നത്.

ജൂറി അധ്യക്ഷനെ അമ്പരപ്പിച്ച തിരക്കഥയും അഭിനേതാക്കളും
തൊണ്ടിമുതലും ദൃക്‌സാക്ഷിയും അംഗീകരിക്കപ്പെടുമെന്ന്് ചിത്രീകരണ ഘട്ടത്തിലും തിരക്കഥ വേളയിലും ഒക്കെ തേന്നിയിരുന്നു, മാത്രമല്ല അതൊരു ഉറച്ച വിശ്വാസവുമായിരുന്നു. ഇപ്പോഴത്തെ കാലത്ത് സിനിമയ്ക്ക് ഗ്ലോബല്‍ ആക്‌സസ് ആണ് ഉള്ളത്. അതുകൊണ്ട് തന്നെ ഈ സ്വഭാവത്തിലോ രീതിയിലുള്ള ഉള്ള ഒരു സിനിമ എവിടെയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അത് ജൂറിക്ക് മുമ്പില്‍ എത്തിയേനെ. ഇത് പൂര്‍ണമായും മൗലീകമായ കഥയാണ്, ആശയമാണ്. അതിന്റെ ഒരു ഭംഗി ആ സിനിമയ്ക്ക ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഈ പറയുന്നത് ഒരു ആസ്വാദകന്റെ കാഴ്ചപ്പാടിലാണ്. ഒരിക്കലും ഒരു തിരക്കഥാകൃത്തെന്ന നിലയ്‌ക്കോ ആ സിനിമയുടെ ഭാഗമായ ആളെന്ന നിലയിലോ അല്ല. ഈ ചിത്രം വളരെ ചെറിയൊരു പ്രമേയമാണ്. എന്നാല്‍ സാധാരണക്കാരന്റെ ജീവിതവുമായി വളരെ അടുത്ത നില്‍ക്കുന്ന ഒന്നുമാണ്. പക്ഷെ മറ്റ് വിഷയങ്ങള്‍ നമ്മള്‍ നിലവില്‍ സംസാരിക്കേണ്ട കാര്യങ്ങള്‍ (സാമൂഹിക രാഷ്ട്രീയം) പറയാനുള്ള സാഹചര്യവും ഈ സിനിമയിലുണ്ടായി. ഈ സിനിമ വേണമെങ്കില്‍ സ്ലാപ്പ്സ്റ്റിക്കായി (ഹാസ്യ രൂപേണ, പക്കാ കോമഡി ചിത്രം) എടുക്കാമായിരുന്നു. അല്ലെങ്കില്‍ അക്കാദമിക് സ്വഭാവത്തില്‍ മാത്രം ചെയ്യാമായിരുന്നു. അതും അല്ലെങ്കില്‍ പക്കാ എന്റര്‍ടെയ്‌നറായി ഒരുക്കാമയിരുന്നു. അങ്ങനെ വന്നിരുന്നെങ്കില്‍ ചിത്രം ഒരു വാണിജ്യ വിജയം മാത്രമായി ഒതുങ്ങിയേനെ. പക്ഷെ ഇവിടെ ദിലീഷ് പോത്തന്‍ എന്ന ബ്രില്യന്റ് സംവിധായകന്‍ കൃത്യമായ ഒരു ലൈന്‍ പാലിച്ചിട്ടുണ്ട്. അതാണ് ചിത്രത്തെ ഒരു സ്വഭാവിക വിജയത്തിലേക്ക് നയിച്ചത്. അതാവാം ഒരു പക്ഷെ ജൂറിയെ സ്വാധീനിച്ച ഘടകം. മറ്റൊന്ന് ഇത് ഇന്ത്യയില്‍ എവിടെ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു കഥയാണ്. പക്ഷെ ഇതൊരു സംഭവ കഥയല്ല. ചിത്രം ഇറങ്ങിയ ശേഷം പിന്നീട് പലയിടങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ട്. അപ്പോള്‍ ഇതൊരു സയന്‍സ് ഫിക്ഷനല്ല. സാധാരണക്കാരന്റെ കഥയാണ്. ആ ലാളിത്യമാണ് ജൂറിയെ തൃപ്തിപ്പെടുത്തിയത്. തിരക്കഥ ആയാലും മെയ്ക്കിംഗ് ആയാലും മൊത്തതില്‍ ചിത്രത്തിന്റെ ഏത് സെക്ടര്‍ എടുത്താലും പോത്തന്റെ ഒരു ബ്രില്ല്യന്‍സ് കാണാം. ഫഹദ്, നിമിഷ, സൂരാജ് അങ്ങനെ എല്ലാവരെയും ജനാധിപത്യമായ ഒരു പ്ലാറ്റ് ഫോമില്‍ നിര്‍ത്തി അവരുടെ കഴിവ് പോത്തന്‍ നന്നായി ഉപയോഗിച്ചു. അതുതന്നെയാണ് ഈ ചിത്രത്തെ മികച്ചതാക്കിയതും.

"</p

കള്ളന്‍ പ്രസാദായി ആദ്യം ശ്രീജിത്ത് രവിയും പിന്നെ സൗബിനും
അല്ല, തിരക്കഥ എഴുതുന്ന വേളയില്‍ അങ്ങനെ ഒരാളെ മനസില്‍ കണ്ടിരുന്നില്ല. ആദ്യം ഞാന്‍ തന്നെ സംവിധാനം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. അപ്പോള്‍ ശ്രീജിത്ത് രവി ഒക്കെ ആയിരുന്നു മനസില്‍ ഉണ്ടായിരുന്നത്. നമ്മുക്ക് എത്തിപ്പെടാന്‍ പറ്റുന്ന അഭിനേതാക്കള്‍ എന്നതായിരുന്നു ആ തെരഞ്ഞെടുപ്പിന് പിന്നിലെ മാനദണ്ഡം. പക്ഷെ പിന്നീട് പോത്തനോട് സംസാരിച്ച ശേഷം എന്റെ കഥയുടെ പ്ലോട്ടിലും കഥാപാത്രങ്ങളുടെ പ്രായത്തിലുമൊക്കെ വ്യത്യാസം വരുത്തി. ആ റീ വര്‍ക്കിന് ശേഷമാണ് കള്ളനായ സൗബിനെ ആലോചിക്കുന്നതും സംസാരിക്കുന്നതും. എന്നാല്‍ പറവ എന്ന ചിത്രത്തിന്റെ തിരക്ക് കാരണം സൗബിന് സഹകരിക്കാന്‍ കഴിഞ്ഞില്ല. അതിന് ശേഷമാണ് സുരാജിലേക്ക് എത്തുന്നത്. അതുവരെ സുരാജ് ചെയ്ത കഥാപാത്രമായിരുന്നു ഫഹദിന് വേണ്ടി ആലോചിച്ചിരുന്നത്. ഈ ഘട്ടത്തിലാണ് പോത്തന്‍ ആ നിര്‍ണായകമായ തീരുമാനം എടുക്കുന്നത് കള്ളന്‍ പ്രസാദിനെ ഫഹദ് അവതരിപ്പിക്കും. ആ തീരുമാനം ശരിയുമായിരുന്നു.

ദിലീഷായത് കൊണ്ട് മാത്രം സ്‌ക്രിപ്റ്റ് നല്‍കി
ഈ ചിത്രം ആദ്യം ഞാന്‍ സംവിധാനം ചെയ്യാന്‍ ആലോചിച്ചിരുന്നതാണ്. അതിനായി കുറെ ശ്രമങ്ങളും നടന്നു. ഉര്‍വശി, ഇന്ദ്രന്‍സ്, ശ്രീജിത്ത് രവി എന്നിവരെയാണ് തീരുമാനിച്ചിരുന്നത്. പക്ഷെ ഷൂട്ട് തുടങ്ങുന്നതിന് ആറു ദിവസം മുമ്പ് ഒരു അസൗകര്യമുണ്ടായി. അങ്ങനെ ഷൂട്ടിംഗ് മുടങ്ങി. പിന്നീട് വലിയ രീതിയില്‍ ചെയ്യാന്‍ തീരുമാനിച്ചു. അതിന് നിര്‍മ്മാതാവിനെ കിട്ടാതെ വന്നു, ആ ഘട്ടത്തിലാണ് സന്ദീപ് സേനനെ പരിചയപ്പെടുന്നത്. പിന്നീട് ഒന്നൊന്നര വര്‍ഷം കഴിഞ്ഞാണ് സന്ദീപ് വിളിക്കുന്നത് ‘ആ സ്‌ക്രിപ്റ്റ് മാത്രമായി തരുന്നുണ്ടോ എന്ന് ചോദിച്ചു. ഇഷ്ടമുണ്ടെങ്കില്‍ മതി, ചോദിച്ചു എന്നേയുള്ളു എന്നും പറഞ്ഞു’. ആരാണ് സംവിധായകന്‍ എന്ന് ചോദിച്ചപ്പോള്‍ ദിലീഷ് പോത്തനാകും എന്ന് മറുപടിയും പറഞ്ഞു മഹേഷിന്റെ പ്രതികാരം എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ പോത്തന്റെ പ്രതിഭ മനസിലായിരുന്നു. അതുകൊണ്ട് പോത്തന്റെ കൈയില്‍ ഈ സ്‌ക്രിപ്റ്റ് സെയ്ഫ് ആയിരിക്കും എന്ന് അറിയാമായിരുന്നു. പോത്തന്‍ ആയതു കൊണ്ട് മാത്രമാണ് സ്‌ക്രിപ്റ്റ് നല്‍കിയതും. മറ്റൊരു സംവിധായകനായിരുന്നെങ്കില്‍ ഒരുപക്ഷെ സ്‌ക്രിപറ്റ് നല്‍കിയേക്കില്ല. എത്ര വൈകിയാലും സ്വന്തമായി ചെയ്യാമെന്ന തീരുമാനത്തില്‍ തന്നെ ഉറച്ച് നിന്നേനെ.

"</p

വര്‍ഷങ്ങളായി ചലച്ചിത്ര മേഖലയില്‍ ഉണ്ടെങ്കിലും പ്രേക്ഷകര്‍ അറിഞ്ഞത് തൊണ്ടിമുതലിലൂടെ
എന്റെ ആദ്യ സിനിമയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്നാണ് ഇപ്പോഴും പലരും കരുതുന്നത്. ആദ്യ ചിത്രത്തിന് തന്നെ അവാര്‍ഡ് കിട്ടിയില്ലെ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. 2003 മുതല്‍ പലരൂപത്തില്‍ ഞാന്‍ ഈ മേഖലയിലുണ്ട്.അസിസ്റ്റന്റ് ആയിട്ടും അസോസിയേറ്റ് ആയിട്ടുമൊക്കെ. 5 ഷോട്ട് ഫിലിമും 70 ഡോക്യുമെന്ററികളും ചെയ്തു. ഷാജി സാറിന്റെ (ഷാജി എന്‍ കരുണ്‍) ഒപ്പം പ്രവര്‍ത്തിക്കുമ്പോഴാണ് ഈ മേഖലയെ ഞാന്‍ കുറച്ചു കൂടി ഗൗരവത്തോടെ സമീപിച്ച് തുടങ്ങിയത്. ഷാജി സാറിന്റെ കൂടെ വലിയ ഡോക്യുമെന്ററികളൊക്കെ ചെയ്തിരുന്നു. എകെജി, സ്വപാനം. ലെനിന്‍ സാറിന്റെ (ലെനിന്‍ രാജേന്ദ്രന്‍)ഒപ്പം രാത്രിമഴയിലും കുറച്ച് ഡോക്യുമെന്ററികളിലും പ്രവര്‍ത്തിച്ചു. സ്വപാനത്തിന്റെ സമയത്ത് ഷാജി സാറാണ് ഒരു വണ്‍ ലൈന്‍ തന്നിട്ട് സ്‌ക്രിപ്റ്റ് എഴുതാന്‍ പറയുന്നത്. ചിന്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിന് വേണ്ടി മഴവില്ലിന്റെ വീട് എന്നൊരു ഡോക്യുമെന്ററിക്ക് വേണ്ടി. പിന്നീട് ഹരികൃഷ്ണനുമായി ചേര്‍ന്ന് സ്വപാനം ചെയ്തു. അതിനിടയിലാണ് സ്വന്തമായി ഒരു ചിത്രം എന്ന ആഗ്രഹമുണ്ടാകുന്നത്. അതിന് വേണ്ടി കഥയെഴുതി. പൊന്‍മുട്ടൈ, മലയാളത്തിലും തമിഴിലും ചെയ്യാനായിരുന്നു ആലോചന. ആ ചിത്രമാണ് പിന്നീട് തൊണ്ടി മുതലും ദൃക്‌സാക്ഷിയുമായി മാറിയത്.

എല്ലാം പഴയ പോലെ തന്നെ
നേട്ടത്തില്‍ സന്തോഷമുണ്ട്. പക്ഷെ ജീവിതത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ കുറെ മാധ്യമ സുഹൃത്തുക്കളുണ്ട്. അവരുടെ യൊക്കെ കൂടിയുള്ള ഒരു സന്തോഷമാണിത്. ആ രീതിയില്‍ വലിയ സംതൃപ്തിയുണ്ട്. പക്ഷെ അവാര്‍ഡ് ഒരു തരത്തിലും ബാധിക്കില്ല. ബാധ്യതയാകുന്നുമില്ല. ആ ചിത്രം കഴിഞ്ഞു. സിനിമ ഒരു വ്യവസായം ആണ്. അടുത്ത ചിത്രം വീണ്ടും ഒന്നേ എന്ന് തുടങ്ങണം അപ്പോള്‍ ഈ അവാര്‍ഡ് ബാധ്യതയാകാനോ, അവാര്‍ഡ് മുന്നില്‍ കണ്ടോ ചെയ്യാനാകില്ല. മാത്രമല്ല ഞാന്‍ ഒരു ഡയറക്ടര്‍ ഫ്രണ്ട്‌ലി സ്‌ക്രിപ്റ്റ് റൈറ്റര്‍ ആകാനാണ് ആഗ്രഹിക്കുന്നത്.

കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ സിനിമയിലേക്ക് വരും
ഇത്തവണ പുരസ്‌കാരം നേടിയ ആളൊരുക്കത്തിന്റെ സംവിധായകന്‍, കഥേതര വിഭാഗത്തിലെ ഷൈനി, ഞങ്ങളൊക്കെ മാധ്യമ പ്രവര്‍ത്തന മേഖലയില്‍ നിന്ന് പോയവരാണ്. മാധ്യമപ്രവര്‍ത്തനം പൊതുവേ സര്‍ഗാത്മകത കുറവുള്ള ഒരു മേഖലയായാണ് വിലയിരുത്തപ്പെടുന്നത് . ഞാന്‍ അതിനോട് യോജിക്കുന്നില്ല. കാരണം നമ്മള്‍ ഓരോ വിഷയവും ആഴത്തില്‍ അറിയാതെയെങ്കിലും പഠിക്കുന്നവരാണ്. ഒരു ഫീച്ചര്‍ ചെയ്യുമ്പോള്‍ അല്ലെങ്കില്‍ ഒരു വാര്‍ത്ത ചെയ്യുമ്പോള്‍ ആദ്യം നമ്മള്‍ക്ക് ബോധ്യപ്പെടണം. ആ ബോധ്യത്തില്‍ നിന്നാണ് നമ്മള്‍ ആ വര്‍ക്ക് ആരംഭിക്കുന്നതും പൂര്‍ത്തികരിക്കുന്നതും. അപ്പോള്‍ ആ തരത്തിലുണ്ടാകുന്ന ഒരു orientation വളരെ ഗുണം ചെയ്യും. പിന്നെ നമ്മുക്ക് എങ്ങനെ വേണമെങ്കിലും ഒരു സംഭവം അവതരിപ്പിക്കാം, ornamental വാക്കുകള്‍ ഉപയോഗിച്ചോ അല്ലാതെയോ ഒക്കെ. പക്ഷെ ഞാന്‍ എപ്പോഴും എങ്ങനെ ക്ലെവര്‍ ആയി അവതരിപ്പിക്കാം എന്നതിനാണ് പ്രാധാന്യം നല്‍കിയത്. ലളിതമായി എന്നാല്‍ വളരെ ഫലപ്രദമായി ചെയ്യുക അതിലാണ് ത്രില്ല് . ഇതൊക്കെ മാധ്യമപ്രവര്‍ത്തകനായതില്‍ നിന്ന് ലഭിച്ച പാഠങ്ങളാണ്. അത് വളരെ ഗുണം ചെയ്യ്തിട്ടുണ്ട്. എനിക്ക് തോന്നുന്നത് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ സിനിമയിലേക്ക് വരും എന്ന് തന്നെയാണ്.

 

Avatar

വീണ

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍