UPDATES

സിനിമ

രാംലീലയില്‍ സിദ്ദിഖി എന്ന മുസ്ലിം വേണ്ടെന്നു പറഞ്ഞവര്‍ താക്കറെയാകാന്‍ സിദ്ദിഖി മതിയെന്നു പറയുമ്പോള്‍

നിസ്‌കരിക്കുന്ന മുസ്ലിമിന്റെ ദൃശ്യത്തിന്റെ പശ്ചാത്തലത്തില്‍ മങ്ങിയരൂപത്തില്‍ കാണുന്ന താക്കറെ പോലും ‘ഹിന്ദി ഹൃദയ സാമ്രാട്ടി’ന് വെള്ളപൂശിയൊരു വ്യക്തിത്വത്തെ നിര്‍മിക്കലാണ്

“നവാസുദ്ദീന്‍ എന്നു പേരുള്ള ആരെയും രാംലീലയില്‍ പങ്കെടുപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. അമ്പതുവര്‍ഷത്തെ ചരിത്രത്തില്‍ ‘ദീന്‍’ എന്നു പേരില്‍ വരുന്ന ആരും തന്നെ രാംലീലയില്‍ ഒരു കഥാപാത്രവും ചെയ്തിട്ടില്ല”; 2016 ല്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ അവതരിപ്പിക്കാനിരുന്ന രാംലീല പരിപാടി നടത്തുന്നത് തടഞ്ഞുകൊണ്ട് ശിവ്‌സേന നേതാവ് മുകേഷ് ശര്‍മ നടത്തിയ ആക്രോശം ഇങ്ങനെയായിരുന്നു.

ശിവ്‌സേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാംലീല പരിപാടി ഉപേക്ഷിച്ചു. രാംലീലയില്‍ മാരീചന്റെ വേഷം ചെയ്യാനിരുന്നത് യുപി സ്വദേശി കൂടിയായ നവാസുദ്ദീന്‍ സിദ്ദിഖി ആയിരുന്നു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍ എന്നതല്ല, രാംലീലയില്‍ പങ്കാളിയാവുക എന്ന ബാല്യകാല സ്വപ്നമായിരുന്നു സിദ്ദിഖിയെ ആ പരിപാടിയുടെ ഭാഗമാക്കിയത്. ഒടുവില്‍ തികഞ്ഞ നിരാശയോടെ അയാള്‍ എഴുതി; എന്റെ ബാല്യകാല സ്വപ്‌നം യഥാര്‍ത്ഥ്യമായില്ല. പക്ഷെ അടുത്തവര്‍ഷം തീര്‍ച്ചയായും ഞാന്‍ രാംലീലയുടെ ഭാഗമാകും.

മുസഫര്‍നഗറിലുള്ള ബുധാന ടൗണില്‍ ആയിരുന്നു പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. സിദ്ദിഖിയുടെ സ്വന്തം നാടാണത്. ഗ്രീന്‍ റൂമില്‍ കഥാപാത്രത്തിനായുള്ള വേഷപ്പകര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ശിവ്‌സേനയുടെ പ്രാദേശിക പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി അവിടെയെത്തുന്നത്. പ്രശ്‌നം രൂക്ഷമാകുമെന്നു കണ്ടതോടെ സിദ്ദിഖി പെട്ടെന്നു തന്നെ അവിടെ നിന്നും പോയി; “ഞാനത് ചെയ്യുന്നില്ല, എനിക്ക് വലുത് എന്റെ ഗ്രാമത്തിന്റെ സമാധാനമാണ്”.

പക്ഷേ ഒരു വര്‍ഷത്തിനിപ്പുറം നടന്നിരിക്കുന്നത് മറ്റൊരു അത്ഭതമാണ്. ഒരു മുസ്ലിം, രാമായണ കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടെന്നു പറഞ്ഞവര്‍ തന്നെ അവരുടെ രാജാവാകാന്‍ നവാസുദ്ദീന്‍ സിദ്ദിഖിയെ ക്ഷണിച്ചിരിക്കുന്നു; അതേ, സാക്ഷാല്‍ ബാല്‍ താക്കറെയാകാന്‍.

ഡിഎന്‍എ ടെസ്റ്റ് നടത്തി, ഞാന്‍ 16.66 ശതമാനം ഹിന്ദുവാണ്: നവാസുദീന്‍ സിദ്ദിഖി

2019 ജനുവരി 23-ന് ആണ് അഭിജിത്ത് പാന്‍സെ സംവിധാനം ചെയ്യുന്ന സിനിമ റിലീസ് ചെയ്യുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നീട് അധികം മാസങ്ങളില്ല. അഭിജിത്ത് പാന്‍സെ എന്ന സംവിധായകനല്ല, ആ ചിത്രം നിര്‍മിച്ചിരിക്കുന്ന സഞ്ജയ് റാവത്ത് എന്ന ശിവ്‌സേന എംപിയുമല്ല, ആ ചിത്രത്തെ ഒരു പ്രധാന രാഷ്ട്രീയപ്രചാരണ ആയുധമാക്കുക, മറിച്ച് ആ സിനിമ പറയുന്ന ജീവിതമാണ്. അത് സാക്ഷാല്‍ ബാല്‍ കേശവ് താക്കറെയെക്കുറിച്ചാണ്.

‘താക്കറേ’ എന്ന ചിത്രം ബി ടൗണ്‍ ബ്ലോക് ബ്ലസ്റ്റര്‍ ആക്കാന്‍ വേണ്ടി ഇറക്കുന്നതാകില്ല, ഹിന്ദി ഭൂമികയില്‍ നിന്നുകൊണ്ട് കൃത്യമായൊരു രഷ്ട്രീയം പറയുന്നതായിരിക്കും. ‘അയാളുടെ കഥയാണ് മഹാരാഷ്ട്രയുടെ ചരിത്രം’ എന്ന ടാഗ്‌ലൈന്‍ സിനിമയോട് ഒപ്പം ചേരുന്നതില്‍ നിന്നു തന്നെ ആ രാഷ്ട്രീയം വ്യക്തമാകും. നിസ്‌കരിക്കുന്ന മുസ്ലിമിന്റെ ദൃശ്യത്തിന്റെ പശ്ചാത്തലത്തില്‍ മങ്ങിയരൂപത്തില്‍ കാണുന്ന താക്കറെ പോലും ‘ഹിന്ദി ഹൃദയ സാമ്രാട്ടി’ന് വെള്ളപൂശിയൊരു വ്യക്തിത്വത്തെ നിര്‍മിക്കലാണ്. മണ്ണിന്റെ മക്കള്‍വാദവും തീവ്രഹിന്ദുത്വ വാദവും ഉയര്‍ത്തി ‘കിരാതരൂപം’ പൂണ്ടു നില്‍ക്കുന്ന ബാലാ സാഹേബിനു പകരം മറ്റൊരു ബാല്‍ താക്കറേ…

മഹാരാഷ്ട്രയില്‍പോലും അടിത്തറ ഇളകന്നു, ആര്‍എസ്എസ് നേതൃത്വം തീര്‍ത്തും അവഗണിക്കുകയാണ്… പഴയ ചങ്ങാതിയാണെങ്കിലും ഇപ്പോള്‍ ഏതാണ്ട് ശത്രുവായി മാറിയിരിക്കുകയാണ് ബിജെപി. ശിവസേനയെ സംബന്ധിച്ചിടത്തോളം താക്കറെ എന്ന സിനിമയ്ക്ക് വളരെ രാഷ്ട്രീയ പ്രധാന്യം ഉണ്ടെന്ന് വ്യക്തമാകാന്‍ ഈ സാഹചര്യങ്ങള്‍ മതി. ഒന്നുകില്‍ ബിജെപിയെ തളര്‍ത്തുക, അല്ലെങ്കില്‍ ബിജെപിക്ക് അവഗണിക്കാന്‍ പറ്റാത്ത ശക്തിയായി സ്വയം തീരുക; ശിവ്‌സേനയുടെ തീരുമാനങ്ങള്‍ വ്യക്തമാണ്.

താക്കറെ എന്ന ചിത്രം ഒരുങ്ങുമ്പോള്‍ മേല്‍പ്പറഞ്ഞ രാഷ്ട്രീയ നിഗമനങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ അത്ഭുതപ്പെടുത്തുന്ന ഘടകം നവാസുദ്ദീന്‍ സിദ്ദിഖ് എന്ന നടന്‍ തന്നെയാണ്. താക്കറെയായി സിദ്ദിഖി വരുമ്പോള്‍, അതിനെ വെറും സിനിമാറ്റിക് ആയി മാത്രം കാണാന്‍ കഴിയില്ല. രൂപസാദൃശ്യമോ, സിദ്ദിഖിയുടെ അഭിനയ മികവോ ഘടങ്ങളായിരിക്കുന്നതിനേക്കാള്‍ അപ്പുറത്ത് ഈ തെരഞ്ഞെടുപ്പിലും ഒരു രാഷ്ട്രീയം കാണാം. ഈ രാഷ്ട്രീയബുദ്ധിയോട് സിദ്ദിഖി എങ്ങനെ യോജിച്ചു എന്നതാണ് അത്ഭുതവും ഒരേസമയം സംശയവും ഉയരുന്നത്.

രാംലീലയില്‍ മുസ്ലിങ്ങള്‍ വേണ്ട; ശിവ്‌സേന ഭീഷണിയില്‍ പൊലിഞ്ഞത് നവാസുദ്ദീന്‍ സിദ്ദിഖിയുടെ ബാല്യകാല സ്വപ്നം

ശിവ്‌സേന അടങ്ങുന്ന സംഘപരിവാരം ഒരിക്കല്‍ തന്റെ പേരില്‍ കളിച്ച മതം വച്ചുള്ള രാഷ്ട്രീയക്കളി മറന്നത് സിദ്ദിഖിയിലെ നടനോ അതോ സിദ്ദിഖിയിലെ മനുഷ്യനോ എന്നൊരു ചോദ്യം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. താക്കറെ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങിയ വേളയില്‍ തന്റെ ട്വിറ്ററില്‍ സിദ്ദിഖി കുറിച്ചത്; ഇന്ത്യയുടെ രാജാവായ ബാല്‍ താക്കറെ ആയി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്നായിരുന്നു. തീര്‍ച്ചയായും ഈ അഭിമാനം സിദ്ദിഖിയിലെ മനുഷ്യനാണെന്നു തന്നെയാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ശിവ്‌സേന രാഷ്ട്രീയം മാറ്റുകയാണെന്നു വിശ്വസിക്കുന്നില്ല… അവര്‍ തന്ത്രങ്ങള്‍ പലതും പയറ്റാം. പക്ഷേ സിദ്ദിഖിയെ പോലുള്ള കലാകാരന്മാര്‍ ആ തന്ത്രങ്ങള്‍ക്ക് വശംവദരാകുന്നത് കാണുമ്പോഴാണ് ഭയം.

ഒരു മുസ്ലിം രാംലീലയില്‍ പങ്കെടുത്ത ചരിത്രമില്ലെന്ന വലിയ നുണയുമായിട്ടായിരുന്നു സംഘപരിവാരം ഒരിക്കല്‍ സിദ്ദിഖിയെ ആക്രമിച്ചത്. അന്ന് മനം തകര്‍ന്ന് സ്വയം പിന്‍വാങ്ങി മടങ്ങേണ്ടി വന്ന നടന് പിന്നീടാരെങ്കിലും പറഞ്ഞു കൊടുത്തിരുന്നിരിക്കാം, വര്‍ഷങ്ങളായി രാംലീലയില്‍ അഭിനയിക്കുന്ന നിരവധി മുസ്ലിം കലാകാരന്‍മാര്‍ ഉത്തര്‍പ്രദേശില്‍ ഉണ്ടെന്ന്. സുല്‍ത്താന്‍പൂരില്‍ നൂറുവര്‍ഷങ്ങള്‍ക്കുമേലായി രാംലീല സംഘടിപ്പിക്കുന്ന ഒരു മുസ്ലിം കുടുംബമുണ്ട്. രാമന്‍, ലക്ഷ്മണന്‍, രാവണന്‍ എന്നീ കേന്ദ്ര കഥാപാത്രങ്ങളെ മുസ്ലിങ്ങള്‍ അവതരിപ്പിക്കുന്ന ഒരു രാംലീല ലക്‌നൗവില്‍ കഴിഞ്ഞ 45 വര്‍ഷമായി നടന്നുവരുന്നുണ്ട്.

ഇതെല്ലാം മറച്ചുവച്ച് തന്നിലെ കലാകാരനെയും തന്റെ സ്വത്വത്തെയും അപമാനിച്ചവര്‍ ഇപ്പോള്‍ ആരവം മുഴക്കുമ്പോള്‍ അതില്‍ അഭിമാനം കൊള്ളാന്‍ നവാസുദ്ദീന്‍ സിദ്ദിഖ് കഴിയുന്നുണ്ടെങ്കില്‍…

“കറുത്തവനാണെന്ന് ഓര്‍മ്മിപ്പിച്ചതിന് നന്ദി”: ബോളിവുഡിലെ വര്‍ണവെറിയെക്കുറിച്ച് നവാസുദീന്‍ സിദ്ദിഖി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍