UPDATES

സിനിമ

ഐരാ: അവിശ്വസനീയമായ തരത്തില്‍ ഡീഗ്ലാമറൈസ് ചെയ്ത മേക്കോവറിൽ വന്നിട്ടും നയന്‍സിന് പാളിയോന്ന് സംശയം

യമുന, ഭവാനി എന്നിങ്ങനെയുള്ള ഇരട്ടറോളുകളിലാണ് നയൻസ് ഐരായിൽ നിറഞ്ഞ് നിൽക്കുന്നത്

ശൈലന്‍

ശൈലന്‍

സൂപ്പർതാരങ്ങളെ ഒഴിവാക്കി ചെറിയ നടന്മാർക്കൊപ്പം സിനിമ ചെയ്യുന്ന നടിയാണ് നയൻതാര. സംവിധായകരുടെ കാര്യമെടുത്താലും അങ്ങനെ തന്നെ. ലബ്ധപ്രതിഷ്ഠരെ അല്ല താല്പര്യം. കഴിവുള്ള പുതുമുറക്കാരെയാണ്. അതുകൊണ്ടാണ് നയൻസിനെ അക്ഷരം തെറ്റാതെ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത്.

അറം, ഇമൈക്കനൊടികൾ, കൊലമാവ് കോകില എന്നീ പടങ്ങളെല്ലാം പ്രസ്തുത പോളിസി പ്രകാരം ഈയടുത്തകാലത്ത് വന്ന ശ്രദ്ധേയമായതും സൂപ്പര്ഹിറ്റായതുമായ നയൻസ് മൂവികളാണ്. ഇങ്ങനെ വന്നതിൽ ഡോറയാണ് അവസാനമായി പരാജയം രുചിച്ചറിഞ്ഞ സിനിമ. ഇപ്പോഴിതാ ഡോറയുടെ പേരിനോട് സാമ്യമുള്ള ഐരാ എന്ന ടൈറ്റിലുമായി വന്ന സിനിമയും നയൻസിന്റെ സെലക്ഷനിൽ പാളിച്ച പറ്റിയോ എന്ന സംശയം ജനിപ്പിക്കുന്നു.

ഡോറ പോലെ തന്നെ ഒരു ഹൊറർ സിനിമയാണ് ഐരായും. ഹൊറർ ഴോണർ ആണെങ്കിലും ഐരാ അങ്ങനെയൊരു ഹൊറർ മൂവി ഒന്നുമല്ല. സാമൂഹികപ്രക്തിയുള്ള ഒരു ഇമോഷണൽ ഡ്രാമ എന്നോ പ്രതികാരകഥ എന്നോ ഒക്കെ ഐരായെ അടയാളപ്പെടുത്താം. പക്ഷെ ഒടുവിലെത്തിയപ്പോൾ ആകെമൊത്തം പാളിയെന്നുമാത്രം.

യമുന, ഭവാനി എന്നിങ്ങനെയുള്ള ഇരട്ടറോളുകളിലാണ് നയൻസ് ഐരായിൽ നിറഞ്ഞ് നിൽക്കുന്നത്. യമുന ചെന്നൈയിൽ ചാനൽഗേൾ ആണ്. കല്യാണക്കാര്യം പറഞ്ഞ് അച്ഛനുമമ്മയുമായി തെറ്റി ചെന്നൈയിൽ നിന്ന് പാട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന പൊള്ളാച്ചിയിലേക്ക് പൊരുന്നതാണ് സിനിമയുടെ ആദ്യഭാഗത്ത് കാണുന്നത്.

കൊളപ്പുള്ളി ലീലയാണ് പൊള്ളാച്ചിയിലെ പാർവതി പാട്ടി. കണ്ണിന്ന് കാഴ്ചയില്ലാത്ത അവരുടെ വീട്ടിൽ വച്ച് യമുന ചില ഡ്യുപ്ലിക്കേറ്റ് പ്രേതവീഡിയോകൾ ക്രിയേറ്റ് ചെയ്ത് യൂടൂബിൽ അപ്ലോഡ് ചെയ്യുകയും അവ വൈറലാകുകയും ചെയ്യുന്നു. അങ്ങനെയിരിക്കെ അവൾ മനസിലാക്കുന്നു, വീഡിയോയിൽ ക്രിയേറ്റ് ചെയ്യുന്നതല്ലാത്ത ഒരു ഒറിജിനൽ ബാധ അവൾക്കൊപ്പമുണ്ട് എന്ന്. അടിസക്കേ.. ഭവാനിയും അമുദനുമായി ബന്ധപ്പെട്ട ഭൂതകാലസംഭവങ്ങൾ സ്‌ക്രീനിൽ വരുന്നത് പിന്നീടാണ്. ഭവാനിയും നയൻതാര തന്നെ. കലൈയരസൻ എന്ന യുവനടൻ ആണ് അമുതൻ.

വിശ്വസിക്കാൻ പ്രയാസമുള്ളത്രയ്ക്കും ഡീഗ്ലാമറൈസ് ചെയ്ത മേക്കോവറിൽ ആണ് നയൻസ് ഭവാനിയായി വരുന്നത്. പെര്‍ഫോമൻസും കിടു. പക്ഷെ ഭവാനി എന്തിന് യമുനയെ പിന്തുടരുന്നു എന്നതിന് കാരണം കാണിച്ചതൊന്നും വേണ്ടത്ര കലങ്ങിയിട്ടില്ല. പലയിടത്തും ഉറക്കം വരികയും ചെയ്തു.

ഷോർട്ട് ഫിലിം രംഗത്ത് ശ്രദ്ധേയനായി ഫീച്ചർ ഫിലിമിലേക്ക് കടന്ന ആളാണ് സംവിധായകൻ സർജൂൻ കെ എം. ലേഡി സൂപ്പർസ്റ്റാർ കൊടുത്ത ഡേറ്റ് മുതലാക്കാൻ ചെങ്ങായിക്ക് കഴിഞ്ഞില്ല. അടുത്ത തകബ നോക്കാം ഇനി.

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍