UPDATES

സിനിമ

എ സര്‍ട്ടിഫിക്കറ്റും വയലന്‍സും ബാധിക്കില്ല ഈ പെണ്ണിന്റെ അതിജീവനത്തിന്റെ കഥയെ; ലില്ലിയെ കുറിച്ച് നടന്‍ ആര്യന്‍ കൃഷ്ണ/അഭിമുഖം

‘എനിക്ക് ജീവിതത്തില്‍ അഞ്ച് സിനിമ ചെയ്താല്‍ മതി. പക്ഷെ ആ അഞ്ച് എണ്ണവും ഏറ്റവും മികച്ച രീതിയില്‍ ചെയ്യണം എന്ന നിര്‍ബന്ധം ഉണ്ട്. ‘

അനു ചന്ദ്ര

അനു ചന്ദ്ര

ചലച്ചിത്ര നടന്‍, തിരക്കഥാകൃത്ത് , സംവിധായകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ആര്യന്‍ കൃഷ്ണ മേനോന്‍ അഭിനയിക്കുന്ന പുതിയ ചിത്രമാണ് ലില്ലി. ബേണ്‍ മൈ ബോഡി എന്ന ഒരൊറ്റ ഹ്രസ്വ ചിത്രത്തിലൂടെ സംവിധായകനെന്ന നിലയില്‍ ശ്രദ്ധേയനായ ആര്യന്‍ കൃഷ്ണ മേനോന്‍ തന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ അനു ചന്ദ്രയുമായി പങ്കു വെയ്‌ക്കുന്നു.


നവാഗതരുടെ കൂട്ടായ്മയില്‍ വിരിഞ്ഞ താങ്കളുടെ പുതിയ സിനിമയായ ലില്ലിയെ കുറിച്ച്?


മലയാള സിനിമയില്‍ ഒരു പുതിയ ദൃശ്യാനുഭവമാകും ലില്ലി തരാന്‍ പോകുന്നതെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത്തരമൊരു ശ്രമം ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും. വയലന്‍സ് ഉള്ള, ബോള്‍ഡ് ആയിട്ടുള്ള ഒരു സബ്ജക്ട് ആണ് ലില്ലിയുടെ പറയുന്നത്. എന്നാല്‍ വയലന്‍സിന് വേണ്ടി വയലന്‍സ് കാണിക്കുന്ന സിനിമയേ അല്ല ഇത്. ഒരു സാധാരണ പെണ്‍കുട്ടി വളരെ അസാധാരണമായ സാഹചര്യത്തില്‍ വന്നുപെടുമ്പോള്‍ അവളുടെ അതിജീവനത്തിനുവേണ്ടി ചെയ്യുന്ന ഒരു കാര്യമാണ് ഇതിലെ വയലന്‍സ് എന്ന് പറയുന്നത്. സംവിധായകന്‍ അതിനെ വളരെ ബ്രില്ല്യന്റ് ആയി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. ചിത്രത്തിന് A സര്‍ട്ടിഫിക്കറ്റ് കിട്ടിയെങ്കില്‍ കൂടിയും കുടുംബ പ്രേക്ഷകര്‍ സിനിമ കാണുമെന്നാണ് പ്രതീക്ഷ. കാരണം ഇതിലെ നായിക അങ്ങനെ ചെയ്യേണ്ടി വരുന്നത് അവരുടെ കുടുംബത്തിന് വേണ്ടിയാണ്, അവരുടെ കുഞ്ഞിന് വേണ്ടിയാണ്. സാഹചര്യങ്ങളാണ് അവളെ കൊണ്ട് അങ്ങനെ ചെയിക്കുന്നത്. തീര്‍ച്ചയായും ഒരു ബ്രില്ലിയന്റ് മൂവി തന്നെയാണ് ഇത്. ലില്ലിയുടെ, അവള്‍ക്ക് നേരിടേണ്ടി വരുന്ന സാഹചര്യങ്ങളാണ് ഈ സിനിമ.ആ സഹചര്യത്തിന്‍റെ ഭീകരത സിനിമ കണ്ട് കഴിയുമ്പോള്‍ ആണ് നമുക്ക് മനസിലാകുക. അത് ചിത്രം കണ്ടു തന്നെ പ്രേക്ഷകര്‍ മനസിലാക്കട്ടെ.

ഈ സിനിമയില്‍ താങ്കള്‍ ചെയ്യുന്ന കഥാപാത്രത്തെ കുറിച്ച്?

ഞാനിതില്‍ ലില്ലിയുടെ ഭര്‍ത്താവ് ആയിട്ടാണ് അഭിനയിക്കുന്നത്. അജിത്ത് എന്നാണ് കഥാപാത്രത്തിന്റ് പേര്. ഒരു പ്രത്യേക സാഹചര്യത്തില്‍ പെട്ടുപോകുന്ന ലില്ലിയെ സഹായിച്ച്, സ്വന്തം ജീവിതത്തിലേക്ക് അവളെ കൈപിടിച്ച് കൂട്ടുന്ന, ലില്ലിയെ കല്യാണം കഴിക്കുന്ന ഒരാള്‍. വളരെ സോഫ്റ്റ് ആന്‍ഡ് ലൗവബ്ള്‍ ആയിട്ടുള്ള ഒരു കഥാപാത്രം. ഏതൊരു പുതിയ ആക്ടറിനും ഇഷ്ടപെടുന്ന തരത്തിലുള്ള ഒരു കഥാപാത്രം.

നവാഗതരായ യുവ നിരകള്‍ ഒന്നിക്കുന്ന സിനിമ കൂടിയാണ് ലില്ലി. ആശങ്കയുണ്ടോ?

തുടക്ക സമയത്ത് എനിക്ക് ആ ആശങ്ക ഉണ്ടായിരുന്നു. സ്‌ക്രിപ്റ്റ് വായിക്കുന്നതിനും മുമ്പ്. പക്ഷെ സ്‌ക്രിപ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ ആ ആശങ്ക ഒരു 80% മാറി. ഈ സിനിമയുടെ കോമേഴ്‌സ്യല്‍ റിസള്‍ട്ട് എനിക്കറിഞ്ഞൂടാ. പക്ഷെ തീര്‍ച്ചയായും ഇത് ചര്‍ച്ച ചെയ്യുന്ന ഒരു സിനിമയാകും. ബേണ്‍ മൈ ബോഡിയിലെ പോലെ ചര്‍ച്ച ചെയ്യാനുള്ള മറ്റൊരു സാധ്യത ഇതില്‍ ഉണ്ട്. പക്ഷെ തീര്‍ച്ചയായും രണ്ടും രണ്ട് വിഷയം തന്നെയാണ്. ലില്ലി കണ്ടിറങ്ങുന്നവരുടെ മനസ്സ് തീര്‍ച്ചയായും അല്‍പ്പം ഡിസ്റ്റര്‍ബ് ആകും. ഒരു പെണ്ണിന്റെ അതിജീവനത്തിന്റെ കഥ എന്ന നിലയില്‍ എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ട സിനിമയാണ് ലില്ലി. തീര്‍ച്ചയായും ഒരു പെണ്‍കുട്ടിക്ക് സംതൃപ്തി നല്‍കുന്ന ഒരു സിനിമ തന്നെയായിരിക്കും ഇത്. അവിടെ എ സര്‍ട്ടിഫിക്കറ്റ്, വയലന്‍സ് ഒന്നും പ്രസക്തമാകും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.



ചലച്ചിത്ര നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍. സമസ്ത മേഖലകളിലും സാന്നിധ്യം അറിയിച്ചല്ലോ?

സംവിധാനത്തോടായിരുന്നു വലിയ താല്പര്യം. ഇപ്പോള്‍ ലില്ലി, വരാന്‍ പോകുന്ന കൂദാശ.. രണ്ട് സിനിമകളില്‍ അഭിനയിച്ചു, അതിലെ രണ്ടിലെയും അനുഭവങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഒരു വല്ലാത്ത ആവേശം അഭിനയത്തോടും തോന്നുന്നുണ്ട്. തീര്‍ച്ചയായും താല്‍പര്യങ്ങള്‍ എല്ലാം തുല്യമായ അളവില്‍ ആണ് നില്‍ക്കുന്നത്. പിന്നെ ഒരു സംവിധായകന്‍ എന്നു പറയുന്നത് ഒരു വേറെ mode ആണ്. പക്ഷെ എല്ലാം ഓരോ തരത്തില്‍ വേറെ വേറെ എന്‍ജോയ്മെന്റ് ആണ്. ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നുണ്ട്, സംവിധാനം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്, കൂടെ അഭിനയിക്കുന്നുമുണ്ട്. എല്ലാം ഓരോ തരത്തില്‍ രസകരമാണ്. ടൂര്‍ണമെന്റ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നെ പ്രണയം സിനിമയില്‍ അഭിനയിച്ചു.

ബേണ്‍ മൈ ബോഡിക്ക് ശേഷം എന്തുകൊണ്ട് സംവിധാന മേഖലയില്‍ നിന്നും ഇത്രയും കാലമായി വിട്ടുനിന്നു?

ശൂന്യതയില്‍ നിന്നും കഥ സൃഷ്ടിക്കുകയും, കുറെ കഥാപാത്രങ്ങളെ ഉണ്ടാക്കുകയും അതില്‍ അവരെ ജീവിപ്പിക്കുകയും, പല തരത്തിലുള്ള മാനസിക വ്യാപാരങ്ങളിലൂടെ അവരെ നടത്താന്‍ കഴിയുകയും ചെയ്യാം എന്നതൊക്കെ വളരെ രസകരമായ അവസ്ഥയാണ്. പിന്നെ ഒരു സ്റ്റോറി റ്റെലിങ് എന്റെ മനസ്സില്‍ എപ്പോഴും കിടപ്പുണ്ട്. അത്തരത്തില്‍ ഒരു സ്റ്റോറി ടെല്ലെറിന്റെ ഏറ്റവും ഉത്തമമായ മാധ്യമം ആണ് സിനിമ എന്നു തോന്നി. അങ്ങനെയാണ് സംവിധാനത്തിലേക്ക് ഒരു പാഷന്‍ വന്നത്. സിനിമ കൊണ്ട് പൈസ ഉണ്ടാക്കുക എന്നുള്ള ഒരു ഉദ്ദേശത്തില്‍ വന്ന ആളല്ല ഞാന്‍. ജീവിക്കാന്‍ വേണ്ടി സിനിമയെടുക്കുകയല്ല. സിനിമയെടുക്കുവാന്‍ വേണ്ടി ജീവിക്കുകയാണ് ഇപ്പോള്‍ ചെയുന്നത്. എനിക്ക് ജീവിതത്തില്‍ ഒരു 5 സിനിമ ചെയ്താല്‍ മതി. പക്ഷെ ആ അഞ്ച് എണ്ണവും ഏറ്റവും മികച്ച രീതിയില്‍ ചെയ്യണം എന്ന നിര്‍ബന്ധം ഉണ്ട്. അത്തരത്തില്‍ ഉള്ള കഥയും സാഹചര്യവും വരുമ്പോള്‍ സിനിമ ചെയ്താല്‍ മതി എന്നാണ് തീരുമാനം. പ്രശസ്തിക്ക് വേണ്ടിയോ പണത്തിന് വേണ്ടിയോ സിനിമ എടുക്കില്ല എന്ന തീരുമാനം കൊണ്ടാണ് ഇത്രയും ഗ്യാപ്പ് വന്നത്.

ബേണ്‍ മൈ ബോഡി

നമ്മുടെ വിധി നമ്മുടെ തീരുമാനങ്ങളാണ്; സംയുക്ത മേനോന്‍/അഭിമുഖം

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍