UPDATES

സിനിമാ വാര്‍ത്തകള്‍

ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയ്‌ലര്‍ വ്യാപകമായി പ്രചരിപ്പിച്ച് ബിജെപി; മന്‍മോഹന്‍ സിംഗ് ആയി അനുപം ഖേര്‍; ജനുവരി 11ന് തീയറ്ററുകളില്‍

ബിജെപിയുടെ സംസ്ഥാന ഘടകങ്ങള്‍ അടക്കം പാര്‍ട്ടിയുമായി ബന്ധപ്പെട്ട എല്ലാ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളും ട്രെയ്‌ലര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

അനുപം ഖേര്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ അവതരിപ്പിക്കുന്ന ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയ്‌ലര്‍ ബിജെപി സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി താല്‍പര്യപ്രകാരമാണ് ബിജെപി അനുഭാവിയായ അനുപം ഖേര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമ ഒരുക്കിയിരിക്കുന്നത് എന്ന വിലയിരുത്തലുകള്‍ ശരിവയ്ക്കുന്ന വിധമാണ് ബിജെപി ഈ സിനിമയെ പ്രൊമോട്ട് ചെയ്യുന്നത്. ബിജെപിയുടെ സംസ്ഥാന ഘടകങ്ങള്‍ അടക്കം പാര്‍ട്ടിയുമായി ബന്ധപ്പെട്ട എല്ലാ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളും ട്രെയ്‌ലര്‍ പ്രചരിപ്പിക്കുന്നുണ്ട്.

പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിംഗി മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരു എഴുതിയ പുസ്തകത്തെ പ്രമേയമാക്കി അതേ പേരിലാണ് ചിത്രം പുറത്തു വരുന്നത്. അക്ഷയ് ഖന്നയാണ് സഞ്ജയ് ബാരുവിനെ അവതരിപ്പിക്കുന്നത്. വിജയ് രത്‌നാകര്‍ ഗുട്ടെയാണ് ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ സംവിധാനം ചെയ്യുന്നത്. ജര്‍മന്‍ നടി സൂസന്നെ ബെര്‍നെറ്റ് ചിത്രത്തില്‍ സോണിയ ഗാന്ധിയെ അവതരിപ്പിക്കുമ്പോള്‍ അര്‍ജുന്‍ മാത്തുര്‍ രാഹുല്‍ ഗാന്ധിയേയും ആഹാന കുമ്ര പ്രിയങ്ക ഗാന്ധിയേയും അവതരിപ്പിക്കുന്നു. ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായിരുന്ന അമിത് മസൂക്കറിന്റെ ന്യൂട്ടണ്‍ അടക്കം ശ്രദ്ധേയ സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ മയങ്ക് തിവാരിയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. വ്യാജരേഖകള്‍ ചമച്ച് 34 കോടി രൂപയുടെ ജി എസ് ടി തട്ടിപ്പ് നടത്തിയെന്ന കേസില്‍ വിജയ് ഗുട്ടെ ഓഗസ്റ്റില്‍ അറസ്റ്റിലായിരുന്നു. സുനില്‍ ബോഹ്‌റയും ധവാല്‍ ഗാഡയും ചേര്‍ന്നാണ് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

മോദി സര്‍ക്കാരിനേയും ബിജെപിയേയും ശക്തമായി അനുകൂലിച്ച് സോഷ്യല്‍മീഡിയയിലും പുറത്തും ഇടപെടുന്ന അനുപം ഖേറിനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനാക്കിയിരുന്നു. അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭങ്ങളുടെ നേതൃത്വം ആര്‍എസ്എസിനായിരുന്നു എന്ന് ചിത്രീകരിക്കുന്ന മധുര്‍ ഭണ്ഡാര്‍ക്കറുടെ ‘ഇന്ദു സര്‍ക്കാരി’ലും അനുപം ഖേര്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. അനുപം ഖേറിന്റെ ഭാര്യയും നടിയുമായ കിരണ്‍ ഖേര്‍ ഛണ്ഡിഗഡില്‍ നിന്നുള്ള ബിജെപി ലോക്‌സഭ എംപിയാണ്. ഇന്ത്യയില്‍ വര്‍ഗീയ അസഹിഷ്ണുത വലിയ തോതില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുന്നതായും ഈ അവസ്ഥയില്‍ ഭയവും ദേഷ്യവും തോന്നുന്നുണ്ടെന്നും പറഞ്ഞ നടന്‍ നസീറുദ്ദീന്‍ ഷായെ വിമര്‍ശിച്ചുകൊണ്ടും അനുപം ഖേര്‍ രംഗത്തെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍