UPDATES

സിനിമാ വാര്‍ത്തകള്‍

“മേ ഹൂം സിംബ, മുഫാസാ കാ ബേട്ട”: ഷാരൂഖ് ഖാന്റെ അതേ ശബ്ദവുമായി മകന്‍ ആര്യന്‍ ഖാന്‍

അച്ഛന്റേയും മകന്റേയും തിരിച്ചറിയാന്‍ പറ്റാത്ത ശബ്ദ സമാനതയില്‍ അദ്ഭുതം പ്രകടിപ്പിക്കുകയാണ് ട്വിറ്ററാറ്റികള്‍.

“മേ ഹൂം സിംബ, മുഫാസാ കാ ബേട്ട” (“ഞാന്‍ സിംബ, മുഫാസയുടെ മകന്‍”) – ദ ലയണ്‍ കിംഗ് എന്ന അനിമേഷന്‍ സിനിമയുടെ ഹിന്ദി പതിപ്പില്‍ കേന്ദ്ര കഥാപാത്രമായ സിംബയ്ക്കുള്ളത് സുപരിചിതമായ ശബ്ദമാണ്. ഷാരൂഖ് ഖാന്‍ എന്ന് പെട്ടെന്ന് ആരും പറയും. എന്നാല്‍ ശബ്ദം നല്‍കിയിരിക്കുന്നത് എസ്ആര്‍കെ അല്ല. മകന്‍ ആര്യന്‍ ഖാനാണ്.

Aryan Khan as Simba എന്ന് ടീസറില്‍ ഏഴുതിക്കാണിച്ചില്ലെങ്കില്‍ എല്ലാവരും അങ്ങനെ കരുതാനേ സാധ്യതയുള്ളൂ. അത്രയ്ക്ക് സാമ്യതയുണ്ട് ആര്യന്റെ ശബ്ദത്തിന്. സിംബയ്ക്ക് ആര്യന്‍ ശബ്ദം നല്‍കിയപ്പോള്‍ മുഫാസയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ഷാരൂഖ് തന്നെ. മേരാ സിംബ എന്ന പേരില്‍ ട്വിറ്ററില്‍ ആര്യനെ ഷാരൂഖ് അവതരിപ്പിക്കുകയും ചെയ്തു.

അച്ഛന്റേയും മകന്റേയും തിരിച്ചറിയാന്‍ പറ്റാത്ത ശബ്ദ സമാനതയില്‍ അദ്ഭുതം പ്രകടിപ്പിക്കുകയാണ് ട്വിറ്ററാറ്റികള്‍. ഷാരൂഖ് ഖാന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായ സംവിധായകന്‍ കരണ്‍ ജോഹര്‍ അടക്കമുള്ളവര്‍ പ്രതികരണങ്ങളുമായി രംഗത്തെത്തി. ആര്യന്‍ ഞങ്ങളുടെ കുടുംബത്തിലെ ആദ്യത്തെ കുട്ടിയാണ്. അവന്റെ ശബ്ദം കേള്‍ക്കുന്നത് തന്നെ എനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. പക്ഷപാതമില്ലാതെ പറയട്ടെ അവന്റെ ശബ്ദം ഗംഭീരമാണ് – കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു.

ഷാരൂഖ് മിസ്റ്റര്‍ ഇന്‍ക്രഡിബിള്‍ ആയിരുന്ന ഇന്‍ക്രഡിബിള്‍ എന്ന സിനിമയില്‍ ഡാഷ് എന്ന കഥാപാത്രത്തിന് നേരത്തെ ആര്യന്‍ ശബ്ദം നല്‍കിയിരുന്നു. സിംബയുടെ വില്ലന്‍ അമ്മാവന് ശബ്ദം നല്‍കിയിരിക്കുന്നത് ആശിഷ് വിദ്യാര്‍ത്ഥിയാണ്. സിംബയുടെ സുഹൃത്തുക്കളായ ടിമോണിനും പൂംബയ്ക്കും ശബ്ദം നല്‍കിയിരിക്കുന്നത് ശ്രേയസ് താല്‍പഡെയും സഞ്ജയ് മിശ്രയുമാണ്. ജൂലായ് 19ന് ദ ലയണ്‍ കിംഗ് തീയറ്ററുകളിലെത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍